ഉറുമ്പുപുരാണം (തുടരുന്നു)

നീണ്ടൊരു ഇടവേളയ്ക്കു ശേഷം കൊച്ചമ്മച്ചിയെത്തിയൊരു ദിവസമായിരുന്നു അന്ന്. ആങ്ങള സുന്ദരക്കുട്ടപ്പന്മാരും പട്ടാളക്കാരന്റെ സുന്ദരിമാരും കൂടി എന്നിൽ അപകർഷത വളർത്തി ഒരു പൊട്ടിത്തെറിയുടെ വക്കിലെത്തി നിൽക്കുന്ന നേരത്താണ് എന്റെ രക്ഷകയായി കൊച്ചമ്മച്ചി വന്നുകയറിയത്. അവധി ദിവസമായിട്ടും മജിസ്‌ട്രേറ്റ് എന്നെ കൂട്ടാതെ എങ്ങോ പോയിരുന്നു. ഇയ്യിടെയായി മജിസ്‌ട്രേറ്റിന് യാത്രകൾ കുറച്ചധികമാണ്. അതത്ര വെടിപ്പായി തോന്നുന്നില്ല, എന്നാലും ഒന്നും പറയാനാകില്ല, ആകെയുള്ള ഒരേയൊരു കൂട്ടാണ്. അതും കൂടെ ഇല്ലാതായാൽ…..
രണ്ടും കല്പിച്ചു സുന്ദരന്മാരോടൊപ്പം കൂടാൻപോയി. സുന്ദരികളിൽ മൂത്തവള് എല്ലാവരോടും എന്തോ അടക്കം പറയുന്നുണ്ട്. അതെന്താണെന്നറിയാൻ ആഗ്രഹമുണ്ടെങ്കിലും ചോദിക്കാനൊന്നും പോയില്ല. ചോദിക്കാതെതന്നെ രഹസ്യം പരസ്യമായി. എന്നെ ‘തവിടു കൊടുത്തു മേടിച്ചതാ’ ത്രേ. അതുകൊണ്ടാ വിട്ടിലാരുടെയും പോലെയല്ലാതെ കറുത്തിരിക്കുന്നത്.
കേൾക്കാനിരുന്നപോലെ ചെക്കന്മാരതങ്ങു ഏറ്റുപിടിച്ചു കൂവിയാർക്കാനും തുടങ്ങി. വീട്ടിൽ ആദ്യമായി ജനിക്കുന്നതൊരു പെൺകുട്ടിതന്നെയാവണമെന്ന് അവറ്റേങ്ങളുടെ മാത്രം അച്ഛനായ രവിയച്ഛന് ഭയങ്കര നിർബന്ധമായിരുന്നത്രേ. ജനിക്കുന്നത് പെൺകുട്ടി തന്നെയാവുമോയെന്നു ഉറപ്പില്ലാത്തതിനാൽ ഒരു പെൺകുട്ടിയെ തവിടുകൊടുത്തു വാങ്ങാമെന്നുറച്ചു. ഗൗരിയച്ചിയാണത്രെ എന്നെ കൊണ്ടുകൊടുത്തത്! അതാണ് ഗൗരിയച്ചിയോടു അച്ഛമ്മയ്ക്കൊക്കെ ഇത്രേം സ്നേഹം!!
നാണക്കേടും സങ്കടവുമായി കളിയവസാനിപ്പിച്ചു ചാരുപടിയിൽ വന്നു കിടന്നു. തൊട്ടപ്പുറത്തെ ഇളംതിണ്ണയിൽ അച്ഛമ്മയും കൊച്ചമ്മച്ചിയും വിശേഷങ്ങൾ പങ്കു വയ്ക്കുന്നുണ്ട്. അവരോടൊപ്പം കൂടാനൊന്നും മനസ്സുവന്നില്ല. മനസ്സിലൊരു സ്ഫോടനം നടക്കുകയായിരുന്നു. തവിടു കൊടുത്താലൊക്കെ കിട്ടുന്നവർ ആർക്കും വേണ്ടാത്തവരായിരിക്കും. ഇവിടുള്ളവരൊക്കെ അപ്പോഴെന്റെ ആരുമല്ല! ഭീകരം തന്നെ ആ അവസ്ഥ. തിണ്ണയിലെ പഞ്ചായത്തിൽ കൂടാൻ അപ്പുറത്തെ ഉമ്മയും വന്നു. ഉമ്മ എന്നെ എന്തൊക്കെയോ പറഞ്ഞു ലാളിച്ചു. വേണ്ട! എന്നെയാരും സ്നേഹിക്കണ്ട! എനിക്കാരോടുമൊന്നും പറയാനുമില്ല. ഗൗരിയച്ചി…പയ്യാരവുമായി അവരിന്നിയിങ്ങു വരട്ടെ . ആട്ടിയോടിക്കും ഞാൻ. ആരുമില്ലാത്തവളായ എന്നെ ഇങ്ങനെ അപരിചിതരുടെ അടുത്തുകൊണ്ടുക്കൊടുക്കാൻ അവർക്കെങ്ങനെ മനസ്സു വന്നു. ഞാൻ തനിയെയങ്ങു ജീവിക്കുമായിരുന്നില്ലേ! ഇവരുടെ പരിഹാസം കേൾക്കേണ്ടിവരുമായിരുന്നോ. ഏറ്റവും അസഹ്യം ആ സുന്ദരികളുടെ കളിയാക്കലുകളാണ്. എനിക്കസൂയയെന്നാണ് അവറ്റേങ്ങളുടെ പറച്ചിൽ. കരച്ചിലടക്കാനാവാതെ ഞാനാ ചാരുപടിയിൽ കിടന്നു വിങ്ങിപ്പൊട്ടി.
“ഗൗര്യേ…. ഒന്നിങ്ങുവന്നു നോക്യേ.. കൊച്ചിവിടെ വെറുതെ കിടക്കുവല്ല. കിടന്നു കരയുവാ”.
കൊച്ചമ്മച്ചി എന്റെ മുഖത്തിനു നേരെ കുനിഞ്ഞു നിൽക്കുന്നു.
“എന്താ മക്കളേ? ആരാ എന്റെ കൊച്ചിനെ കരയിപ്പിച്ചത്? അമ്മൂമ്മയോടു പറ. ആരായാലും അമ്മൂമ്മയവരെ ഒരു പാഠം പഠിപ്പിക്കണുണ്ട് “.
കരുണ വഴിയുന്ന ആ കണ്ണുകൾ കണ്ടപ്പോൾ എന്റെ സങ്കടം അണപൊട്ടിയൊഴുകി. നിലവിളിക്കുന്ന എന്നെയും കൂട്ടി കൊച്ചമ്മച്ചി പറമ്പിലേക്കിറങ്ങി. കുളത്തിനു മുകളിൽ കെട്ടിയ കരിങ്കൽ കെട്ടിൽ താഴേയ്ക്ക് കാലും നീട്ടി ഞങ്ങളിരുന്നു. അപ്പോഴേയ്ക്കും എന്റെ കരച്ചിലടങ്ങിയിരുന്നു. കൊച്ചമ്മച്ചിയുടെ ശാന്തമായ മുഖവും അതിലും ശാന്തമായ സംസാരവും എന്റെ സങ്കടങ്ങളെല്ലാം ഇതിനോടകം മാറ്റിയിരുന്നു. തിരുമ്പി തൂവെള്ളയാക്കിയ മുണ്ടിന്റെ കോന്തലയിലെ കെട്ടഴിച്ചു കൊച്ചമ്മച്ചി എനിക്കൊരു സാധനം തന്നു. രണ്ടു കപ്പലണ്ടി മുട്ടായി!
“ഇതാണല്ലേ ഈ കെട്ടിവച്ചേക്കണത്. മുൻപേ എനിക്ക് തരാത്തതെന്താ?”
“ഇത് എപ്പോഴുമില്ല, ഇന്നെന്റെ മക്കൾക്ക് തരാനായി വാങ്ങിച്ചതല്ലേ. മുണ്ടിന്റെ തുമ്പിൽ കെട്ടിവച്ചേയ്ക്കണത് അമ്മൂമ്മേടെ വീടിന്റെ താക്കോലല്ലേ. ഇനി അമ്മൂമ്മ വരുമ്പോഴൊക്കെ മക്കള്ക്ക് മുട്ടായി കൊണ്ടു തരാം കേട്ടാ”.
“ഇനി വരുമ്പോ നാരങ്ങാ മുട്ടായി മതി. മഞ്ഞയും ഓറഞ്ചും കളറുള്ളത്”.
തവിടിന്റെ കാര്യമൊക്കെ ഞാനെപ്പൊഴേ മറന്നിരുന്നു; ഗൗരിയച്ചിയെ ഓടിക്കുന്ന കാര്യവും..

(തുടരും..)

ബിന്ദു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!