അമ്മമൊഴി

അര്‍ത്ഥരഹിത പദപ്രയോഗം

അര്‍ത്ഥമറിയാതെ പദങ്ങൾ പ്രയോഗിക്കുന്ന രീതിയാണിത്. ഇത് ഉദ്ദേശിക്കുന്ന ആശയം പ്രകടമാക്കുന്നില്ലെന്നു മാത്രമല്ല; വിരുദ്ധാശയങ്ങൾ ധ്വനിപ്പിക്കുകയും ചെയ്യുന്നു. ഏതാനും ഉദാഹരണങ്ങൾ ചുവടെ ചേർക്കുന്നു.

1. വേദിയിൽ ഉപവൃഷ്‌ടനായിരിക്കുന്ന പണ്ഡിതമ്മന്യനും യശശ്ശരീരനുമായ അദ്ധ്യക്ഷനവർകൾക്ക് സാദരപൂർവ്വം ഹാർദ്ദവമായി സുസ്വാഗതം രേഖപ്പെടുത്തുന്നു.
( ഈ ലേഖകൻ പങ്കെടുത്ത ഒരു പൊതുസമ്മേളനത്തിൽ സ്വാഗതപ്രസംഗകന്റെ, ഒരു മണിക്കൂർ നീണ്ട പ്രസംഗത്തിലെ ഒരു വാക്യമാണിത്.)

വാക്യത്തിലെ പിശകുകൾ ഓരോന്നായി പരിശോധിക്കാം.

a) ഉപവൃഷ്‌ടൻ : – ഇങ്ങനെ ഒരു പടമില്ല. ഉപവിഷ്ടൻ എന്ന പദം തെറ്റായി പ്രയോഗിച്ചതാവാം.        ഉപവിഷ്ടൻ എന്നാൽ ഇരിക്കുന്നവൻ എന്നര്‍ത്ഥം.

b) പണ്ഡിതമ്മന്യൻ :- പ്രയോക്താവ് ഈ വാക്കിന് പണ്ഡിതനും മാന്യനും എന്ന തെറ്റായ അര്‍ത്ഥമായിരിക്കും കല്പിച്ചിരിക്കുന്നത് . ആ വാക്കിന്റെ അര്‍ത്ഥം പണ്ഡിതനാണെന്നു വിചാരിക്കുന്നവൻ എന്നാണ്. അധ്യക്ഷനെ അവഹേളിക്കുന്നതിനു തുല്യമാണ് ഈ പദപ്രയോഗം.

c) യശശ്ശരീരൻ :- യശസ്സാകുന്ന ശരീരത്തോടുകൂടിയവൻ. മരിച്ചുപോയ കീർത്തിമാന്മാരെ വിശേഷിപ്പിക്കുന്ന പദമാണിത്. ജീവിച്ചിരിക്കുന്ന കീർത്തിമാനെ യശസ്വി എന്നാണ് പ്രയോഗിക്കുന്നത്.

d) സാദരപൂർവ്വം:- ചില ചാനലുകളിലെ അവതാരകരും ഈ പ്രയോഗം തട്ടിമൂളിക്കാറുണ്ട്. ഈ പദം പിരിച്ചു  നോക്കാം.
സ + ആദര + പൂർവ്വം
സ, പൂർവ്വം – എന്നിവയ്ക്ക്  കൂടി എന്നർത്ഥം. സ + ആദരം – സാദരം – ആദരവോടുകൂടി.

മറ്റു ചില ഉദാഹരണങ്ങൾ

സവിനയം – വിനയത്തോടുകൂടി
സസന്തോഷം – സന്തോഷത്തോടുകൂടി
സകൗതുകം – കൗതുകത്തോടുകൂടി.

ആദരപൂർവ്വം എന്ന വാക്കിന് ആദരവോടുകൂടി എന്നർത്ഥം

വിനയപൂര്‍വ്വം – വിനയത്തോടുകൂടി
സന്തോഷപൂര്‍വ്വം – സന്തോഷത്തോടുകൂടി
കൗതുകപൂർവ്വം – കൗതുകത്തോടുകൂടി

ഇനി ‘സാദരപൂർവ്വ’ ത്തിന്റെ അർത്ഥം എന്താണെന്ന് നോക്കാം – ആദരവോടു കൂടിക്കൂടി – എന്തൊരു വൈകൃതം?

e) ധാരാളം ആളുകൾ തെറ്റായി പ്രയോഗിക്കുന്ന ഒരു പദമാണ് ‘ഹാർദ്ദം’. തെറ്റാണെന്നറിഞ്ഞാലും അത്തരക്കാർ ‘ഹാർദ്ദവ’ മെന്നേ പറയൂ. ശരിരൂപം മനസ്സിൽ ഉറപ്പിക്കുക.
ഹാർദ്ദമായി – ഹൃദയപൂർവ്വം.

f) സുസ്വാഗതം – സ്വാഗതം എന്ന പദം പിരിച്ചെഴുതിയാൽ സു+ ആഗതം എന്നാണ്.
ചിലർ സ്വ+ ആഗതം എന്ന് തെറ്റായി ധരിച്ചുവച്ചിട്ടുണ്ട്. ( സു+ ആഗതം – മംഗളമായ ആഗമനം)
സുസ്വാഗതം – സു+ സു+ ആഗതം , ഒരു ‘സു’ അധികപ്പറ്റാണ്.
ഓ. എൻ. വി ഒരു കവിതയിൽ സുസ്വാഗതം പ്രയോഗിച്ചതിന്റെ മറപിടിച്ചാണ് സുസ്വാഗതം ആശംസിക്കുന്നത് . കവികൾക്ക് ഭാഷാപ്രയോഗത്തിൽ ചില സ്വാതന്ത്ര്യങ്ങൾ ഉണ്ടെന്ന് നാം തിരിച്ചറിയണം.

g) സ്വാഗതപ്രസംഗത്തിൽ, സ്വാഗതം പറയുന്നു, സ്വാഗതം ആശംസിക്കുന്നു, സ്വാഗതം ചെയ്യുന്നു എന്നൊക്കെയാകാം. സ്വാഗതം എഴുതി നല്കുന്നുവെങ്കിൽ രേഖപ്പെടുത്തുന്നു എന്നാകാം.

പ്രസ്തുത വാക്യം ശരിയായി ഇങ്ങനെ പ്രയോഗിക്കാം.

” വേദിയിൽ ഉപവിഷ്ടനായിരിക്കുന്ന, പണ്ഡിതനും, മാന്യനും, യശസ്വിയുമായ അധ്യക്ഷന് ആദരപൂർവ്വം ഹാർദ്ദമായ സ്വാഗതം ആശംസിക്കുന്നു.”

വട്ടപ്പറമ്പിൽ പീതാംബരൻ

Leave a Reply

Your email address will not be published.

error: Content is protected !!