ആരോപിതൻ

അയാൾ എല്ലായിടവുമുണ്ടായിരുന്നു
എന്നാലൊട്ടില്ലതാനും
എവിടേലും പിടിച്ചുകെട്ടിയേപറ്റൂ എന്നൊരുകൂട്ടർ 
കെട്ടുകൾക്കതീതനാണ് താനെന്നയാളും.
ഒടുവിൽ കൂട്ടം വിധിയെഴുതി,
മുറിച്ചെടുക്കുകതന്നെ
മുറികൂടുന്ന ഇനമാണ്.
തുണ്ടത്തിൽനിന്നും മുഴുവനിലേക്ക്
വളരാൻ നിമിഷങ്ങൾ മതി
മുറിച്ച് പലകോണിൽ കൊണ്ടുപോയിടണം
എന്നിട്ട് നോക്കാം ഓരോന്നും എന്താവുമെന്ന്
ഒടുവിൽ മുറിച്ച് വീതം വച്ച്
കിട്ടിയതുമായി അവർ പിരിഞ്ഞു

പിന്നെ ബാക്കിയുണ്ടായിരുന്നത്
കുറച്ചു വെടിയുണ്ടകൾ മാത്രമായിരുന്നു.
പിന്നെ കുറെ ചീത്തപ്പേരും.
മർക്കടമുഷ്ടി , മഹാത്മാവ്,
ഏകാധിപതി, തിരുത്തൽവാദി.
തോറ്റുപോയ അച്ഛൻ, നഗ്‌നനായ ഭ്രാന്തൻ
പ്രകൃതിവിരുദ്ധൻ, ജാതിക്കോമരം
എല്ലിൻകൂടിലെ ഹുങ്ക്.

ഒക്കെകേട്ടുകഴിഞ്ഞ പിണ്ഡം പറഞ്ഞു.

തർക്കത്തിനൊന്നുമില്ല രാമാ.
മറുചെകിടുകൂടി കാണിക്കാം, നീട്ടിയടിച്ചോളൂ.
ബാക്കിവന്ന വെടിയുണ്ടകളും
ചേർത്തുപിടിച്ച് ഞാനിവിടെ കിടന്നോളാം
മിണ്ടാതിരുന്നോളാം.

 

അനീഷ്‌ തകടിയില്‍ 

Leave a Reply

Your email address will not be published.

error: Content is protected !!