അടയാളപ്പെടുത്തലുകളിലൂടെ

പ്രിയരേ

‘അടയാളം ഓൺലൈൻ’ വായനക്കാർക്കിടയിലേക്കു വന്നിട്ട് അഞ്ചു വര്‍ഷം പിന്നിടുന്നു. നാളിതുവരെ കിട്ടിയ എല്ലാ സഹകരണങ്ങൾക്കും ആദ്യമേ നന്ദി പറയുന്നു. ദുഷിച്ചുതുടങ്ങിയ ഈ സമൂഹത്തിൽ കാര്യമായ ചലനം സൃഷ്ടിക്കാൻ കഴിഞ്ഞെന്നുള്ള അവകാശവാദമൊന്നും ഞങ്ങൾക്കില്ല. എങ്കിലും കാലത്തിന്റെ അടയാളമായി, നേർസാക്ഷിയായി അടയാളപ്പെടുത്താൻ കഴിഞ്ഞുവെന്നാണ് വിശ്വാസം. ഒട്ടേറെപുതിയ പ്രതിഭകളെ പരിചയപ്പെടാനും അവരുടെ സൃഷ്ടികളെ വെളിച്ചത്തു കൊണ്ടുവരാനും കഴിഞ്ഞുവെന്ന് അഭിമാനത്തോടെതന്നെ പറയട്ടെ.

ഒരു മഹാമാരി പടർന്നുപിടിക്കുന്ന കാലമാണിത്. ഒരു വശത്ത് വാക്സിൻ നൽകുന്ന പ്രതീക്ഷയും മറുവശത്ത് ജനിതക വ്യതിയാനം വന്നു പുതിയ പോർമുഖം തീർക്കുന്ന ശത്രുവും. ഇതുതന്നെയല്ലേ നമ്മുടെ സമൂഹത്തിന്റെ അവസ്ഥയും. അത്യന്തം കലുഷിതമായ കാലത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജ്ഞാനബുദ്ധന്മാരുടെ തലയരിയുന്ന പ്രവണത നാൾക്കുനാൾ വർദ്ധിച്ചുവരുന്നു. മതം മുമ്പെങ്ങുമില്ലാത്തവിധം നമ്മുടെ ജീവിതത്തിനിടയിലേക്ക് കടന്നുവരുന്നു. ജാതി കേന്ദ്രീകൃതമായ കൊലപാതകങ്ങളും അതിന്റെ പരകോടിയിലെത്തിക്കഴിഞ്ഞു. നാം എന്ത് ചിന്തിക്കണം, ഏത് വസ്ത്രം ധരിക്കണം? എന്തു കഴിക്കണമെന്നുപോലും തീരുമാനിക്കുന്നത് മറ്റുപലരും ആകുമ്പോൾ നമ്മൾ നിശ്ശബ്ദരാകണോ? പല്ലും നഖവും മാത്രമല്ല ചിന്തയും വാക്കും പ്രവർത്തിയും അടയാളപ്പെടുത്തലുകളാവണ്ടേ?

‘അടയാളം’ നിങ്ങളുടെ മുന്നിലെത്തിയതും അതേ ഉദ്ദേശത്തോടെയാണ്. വന്മരമായി പടർന്നു പന്തലിക്കാനല്ല, പുൽക്കൊടിയായെങ്കിലും പടരാൻ. പക്ഷെ ഞങ്ങൾക്ക് ലഭിച്ചത് അമ്പരപ്പിക്കുന്ന പ്രതികരണമായിരുന്നു.
ഈ യാത്രയിൽ കൂടെ വന്നവരേയും ഇവിടെ അടയാളപ്പെടുത്തിയവരെയും പ്രത്യേകം ഓർക്കുന്നു. ഇവിടെ അടയാളപ്പെടുത്താൻ ആഗ്രഹിക്കുന്നവരെ ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നു. തുടർന്നും ഏവരുടെയും സഹകരണം പ്രതീക്ഷിക്കുന്നു.

 

അനീഷ് തകടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!