ഉറുമ്പു പുരാണം

മോന്റെ സൺ‌ഡേ ബിരിയാണിയിലേയ്ക്ക് നാരങ്ങ പിഴിയുമ്പോഴാണ് അച്ഛമ്മയുടെ ഇഷ്ടക്കാരിയും ഞങ്ങളുടെ നാട്ടിലെ അക്കാലത്തെ പ്രമുഖ വയറ്റാട്ടിയുമായ ഗൗരിയച്ചിയെ ഓർമ്മ വന്നത്. സ്വന്തം പേരുകാരികൂടി ആയതുകൊണ്ടാവാം അച്ഛമ്മയ്ക്ക് അവരെ വലിയ കാര്യമായിരുന്നു. നാരങ്ങ പിഴിയുമ്പോൾ ഗൗരിഅച്ചിയെ ഓർക്കാൻ കാരണമുണ്ട്. ജനിച്ചപ്പോഴേ അച്ഛന്റെയോ അമ്മയുടേയോ നിറമോ ഭംഗിയോ കിട്ടാത്ത എന്നെ വെളുപ്പിക്കാൻ ഗൗരിയച്ചി കണ്ടെത്തിയ സൂത്രമായിരുന്നു നാരങ്ങാനീരും തേനും സമം ചേർത്തു ശരീരത്തിലാകമാനം തേച്ചുകുളിപ്പിക്കുക എന്നത്. നാരങ്ങയുടെ ബ്ലീച്ചിങ് ഗുണമോ തേനിന്റെ കണ്ടീഷനിംഗ് എഫക്ടോ ഒന്നും അറിഞ്ഞുകൊണ്ടുള്ള പ്രയോഗമല്ലായിരുന്നു അത്. എന്തൊക്കെയോ കേട്ടറിവുകൾ! അതുവച്ചുള്ള ഒരു പറച്ചിലായിരുന്നു.

” ഇതിന്റെ മേലപ്പടി രോമമാണല്ലോ മ്പാട്ട്യേ! മഞ്ഞള് തേയ്ക്കണ കൂടാതെ ഒരു പ്രയോഗോണ്ട്. നാരങ്ങാ നീരില് തേനും കൂട്ടിയങ്ങു തേച്ചൂട്ടാൽ ഈ രോമങ്ങളങ്ങു പൊഴിഞ്ഞു പൊയ്ക്കോളും. അപ്പഴിത്തിരി നെറമൊക്കെ വന്നെന്നിരിക്കും! പെങ്കൊച്ചല്ലേ. ആരെ സ്വരൂപമാണോ കിട്ടിയിരിക്കണത്? എന്തായാലും തന്തേടേം തള്ളേടേമല്ല , അതൊറപ്പ് !”

ആ സ്വരൂപം വളർന്നപ്പോൾ അച്ഛമ്മയുടെ മുറിച്ചപാതിയായി സ്വഭാവത്തിലും ആകാരത്തിലുമെന്ന് അമ്മ ദ്വേഷിക്കുമെങ്കിലും അച്ഛമ്മയുടെ നിറമോ സൗന്ദര്യമോ എന്നിലേക്കെത്തിനോക്കിയിട്ടുംകൂടിയില്ല എന്നത് പരമാര്‍ത്ഥം! അന്നത്തെക്കാലത്ത് ആ ദേശം കണ്ടതിൽ വച്ചേറ്റവും സുന്ദരിയായിരുന്നു അച്ഛമ്മ. നല്ല പൊക്കവും വടിവൊത്ത ശരീരവും പവൻ നിറവുമായി അച്ഛമ്മയുടെ രൂപമിപ്പോഴും കണ്മുന്നിലുണ്ട്. ആ മൂക്കും നീണ്ട കണ്ണുകളും കസിൻസിസ്റ്ററിൽ കാണാനുണ്ടെങ്കിലും പ്രായത്തിന്റേതായ ചുളിവുകളേതുമില്ലാതെ, രക്തം തൊട്ടെടുക്കാമെന്നു തോന്നിക്കുന്ന മുഖം വേറെയെങ്ങും അവശേഷിപ്പിക്കാതെ അച്ഛമ്മ പോയി.

അച്ഛമ്മയെക്കുറിച്ചുള്ളതല്ല കഥ. എന്നെ വെളുപ്പിച്ചെടുക്കാൻ അച്ഛമ്മ പെട്ട പെടാപാടുകളോർത്തപ്പോൾ അച്ഛമ്മയെത്തന്നെ ഓർത്തുപോയതാണ്. ഗൗരിയച്ചി എന്നെ തേനിലും നാരങ്ങാനീരിലും മുക്കിയെടുത്തു കിടത്തിയ പനമ്പായിലാണ് കഥ കടിയനുറുമ്പിന്റെ രൂപത്തിൽ വന്നത്! പറഞ്ഞുകേട്ടുള്ള അറിവുമാത്രമായതിനാൽ അന്നനുഭവിച്ച വേദന ഇന്നശേഷം ഓർമ്മയില്ല. എന്നിട്ടും ഞാൻ വെളുക്കുന്നില്ലെന്നു തന്നെ തീരുമാനിച്ചു. കുറച്ചുകാലം കഴിഞ്ഞപ്പോൾ എന്റെ നിറത്തിന്റെ കാര്യം വീട്ടുകാരങ്ങു മറന്നു. പിന്നെ അതോർത്തു വേദനിക്കേണ്ടത് എന്റെ മാത്രം കടമയായി! എന്റെ അപകർഷതാബോധം കൂട്ടാനായി ചുമന്നു തുടുത്ത രണ്ടു സുന്ദരക്കുട്ടന്മാർക്കു കൂടി അമ്മ ജന്മം നൽകി. അവന്മാര്‍ കുട്ടിക്കാലം മുതൽക്കേ എന്റെ കറുപ്പിനെ അങ്ങേറ്റെടുത്തു. സ്ഥാനത്തും അസ്ഥാനത്തും എന്നെ അധികം കരി ഉപയോഗിക്കാതെ തന്നെ അവറ്റേങ്ങൾ കരിവാരിത്തേച്ചുകൊണ്ടിരുന്നു.

എന്റെ ചിത്രം ആങ്ങള കശ്മലന്മാർ അങ്ങനെ അനുദിനം കറുപ്പിച്ചുകൊണ്ടിരുന്ന നാളുകളിലാണ് അച്ഛന്റെ വകയിലൊരു ചേട്ടൻ പട്ടാളത്തിൽ നിന്ന് പിരിഞ്ഞുവന്നത്. തൊട്ടടുത്ത പ്ലോട്ടിൽ അവരുടെ വീടുപണി നടക്കുന്നതിനാൽ കുടുംബവും കുഞ്ഞുകുട്ടികളുമായി അദ്ദേഹവും ഞങ്ങളുടെ വീട്ടിൽ തന്നെ താമസമാക്കി. അന്നുമുതൽ എന്റെ കഷ്ടകാലവും ആരംഭിച്ചു. അവരുടെ രണ്ടു പെണ്മക്കൾ അനിയന്മാരുടെ പ്രായത്തിലുള്ള വെളുത്തു ചുമന്ന സുന്ദരികൾ. എന്റെ കറുത്ത നിറം എടുത്തുകാണിക്കാൻ വെളിയിൽ നിന്ന് ആളെടുത്തുതുടങ്ങി എന്ന് ചുരുക്കം. പെൺപിള്ളേർ വീട്ടിലെ കള്ളകൃഷ്ണന്മാരുടെ ഗോപികമാരായി. പരിഹാസത്തിന്റെ ആഴവും പരപ്പും കൂടി. തൊട്ടടുത്ത വീട്ടിലെ ഉമ്മയുടെ മക്കളും പുറംപണിക്കുവരുന്നവരുടെ മക്കളും എല്ലാംകൂടി ഒരു പടതന്നെ ഗോപികമാരായി പരിണമിച്ചു. ഇതിനിടയിൽ കളികളിലെങ്ങുമില്ലാതെ ‘മൂത്തമ്മ’യായി ഞാൻ വീട്ടിലൊതുങ്ങി. അച്ഛമ്മയുമായുള്ള കിന്നാരവും ചില്ലറ അടിപിടിഅക്രമങ്ങളും മറ്റുമായി ഞാനെന്റെ ലോകം ചുരുക്കി, ബാക്കി സമയം പുസ്തകങ്ങളുമായി കൂട്ടുകൂടി. ഒന്നുമില്ലേലും അവ കളിയാക്കുകയും ഉപദ്രവിക്കയുമില്ലല്ലോ എന്നാശ്വസിച്ചു. വായിച്ച പുസ്തകങ്ങളിലെ ലോകവും അവയിലെ ജീവിതങ്ങളും ഞാൻ എന്റേതായിക്കണ്ടു. അങ്ങനെ ഞാൻ ഒരുപാട് ജീവിതങ്ങൾക്കുടമയായി.

അച്ഛമ്മയുടെ അനിയത്തിയുടെ മകളും കോളേജുകുമാരിയുമായ മജിസ്ട്രേട്ടപ്പച്ചിയാണ് ഞങ്ങൾ കുട്ടി സംഘത്തെ മുഴുവൻ വീട്ടിൽ പഠിപ്പിക്കുന്നത്. അപ്പച്ചി തന്നെയാണ് ഞങ്ങൾക്കിടയിലെ വഴക്കുകൾക്ക് തീർപ്പുകൽപ്പിക്കുന്നതും. അനിയന്മാർ സുന്ദരക്കുട്ടപ്പന്മാരെ ശിക്ഷിക്കാനുള്ള അധികാരം അച്ഛമ്മ മജിസ്‌ട്രേറ്റിനു നൽകിയിട്ടില്ല.
” അവര് കുഞ്ഞുങ്ങളല്ലേ! തല്ലേം പിച്ചേമൊന്നും വേണ്ട, പറഞ്ഞുകൊടുത്താമതി. അവര് പഠിച്ചോളും.” അവന്മാരുടെ മയക്കിയ ചിരിയിൽ അച്ഛമ്മയും വീണിട്ടുണ്ട്! അച്ഛമ്മയുടെ പിന്തുണ വേണ്ടുവോളമുള്ളതുകൊണ്ടു അവന്മാർക്ക് മജിസ്‌ട്രേട്ടിനെ തരിമ്പും വിലയില്ല തന്നെ. ആ വിലയില്ലായ്മ ഗോപികമാരും കാണിച്ചുതുടങ്ങിയപ്പോൾ മജിസ്‌ട്രേട്ട് ഇടഞ്ഞു. എല്ലാവരുമായുള്ള കൂട്ടുവെട്ടി നല്ല സ്ട്രിക്റ്റായ അധ്യാപികയായി. സാധുവായ എന്റെമാത്രം കൂട്ടുകാരിയായി തുടർന്നു. കോളേജ് ഡേയ്ക്കും മറ്റും മജിസ്‌ട്രേട്ട് എന്നെംക്കൂട്ടിപ്പോകാനും കൃഷ്ണന്മാരും ഗോപികാവൃന്ദവും പരിധിവിട്ട് ദ്രോഹിക്കുമ്പോൾ എന്റെ വക്കാലത്തിനെത്താനും തുടങ്ങി.

മജിസ്‌ട്രേട്ടും ഞാനും കുളത്തിൽ മുങ്ങാംകുഴിയിട്ടു കളിച്ചുകൊണ്ടിരിക്കെയാണ് അച്ഛമ്മ വേറൊരമ്മൂമ്മയേം കൂട്ടി കുളത്തിൽ വന്നത്. അത് അച്ഛമ്മയുടെ അമ്മയുടെ അനിയത്തിയാണെന്നും അച്ഛമ്മയുടെ അമ്മവീട്ടിൽ അവർ മാത്രമാണിപ്പോൾ താമസമെന്നും മജിസ്‌ട്രേട്ട് പറഞ്ഞു. അതല്ല എന്നെ രസിപ്പിച്ചത്, അച്ഛമ്മ അവരെ വിളിച്ചത് ‘കൊച്ചമ്മച്ചി’ യെന്നാണ്. ആ വിളി എനിക്ക് വല്ലാതെ ഇഷ്ടമായി. അങ്ങനെ ഞാനും അവരെ കൊച്ചമ്മച്ചി എന്ന് സംബോധനചെയ്യാൻ തുടങ്ങി.വല്ലപ്പോഴുമെത്തുന്ന , തലമുടി മുഴുവൻ വെള്ളികെട്ടിയ, എപ്പോഴും തൂവെള്ള വസ്ത്രമുടുക്കുന്ന, ഐശ്വര്യമുള്ള ആ അതിഥി എന്തുകൊണ്ടോ എനിക്ക് ഏറെ പ്രിയപ്പെട്ടവരായി മാറി.

(തുടരും… )

ബിന്ദു

Leave a Reply

Your email address will not be published.

error: Content is protected !!