ഒരു ഫേസ്ബുക്കന്‍ പുലിവാല്…

ഇത്തവണ സെൽഫിയിൽ ഒപ്പമുള്ളത് പ്രശസ്ത സാഹിത്യകാരനും സഹൃദയനും സർവ്വോപരി ജേർണലിസ്റ്റുമായ യുവസുഹൃത്താണ്. സുഹൃത്തിനെക്കുറിച്ചു ആമുഖമായി ചിലതു പറഞ്ഞോട്ടെ. എന്നാലേ സെൽഫി അതിന്റെ പൂർണ്ണമായ അര്‍ത്ഥത്തിൽ ആസ്വാദ്യമാകൂ! വളരെ വര്‍ഷങ്ങളായി ഫേസ്ബുക്കില്‍ സജീവ സാന്നിധ്യമറിയിച്ചു കൊണ്ടിരിക്കുന്ന ആളാണ് സുഹൃത്ത്. വളരെ വിസ്തൃതവും ആരോഗ്യകരവുമായ സൗഹൃദവലയത്തിനുടമ!! ഇദ്ദേഹം ‘സക് ത ‘ മായി ഇടപെടാത്ത സാമൂഹിക- രാഷ്ട്രീയ സംഭവവികാസങ്ങള്‍ അടുത്ത കാലത്തുണ്ടായിട്ടില്ല എന്ന് വേണം പറയാന്‍. അങ്ങനേ ഇടപെട്ടിടപെട്ട് ഫേസ്ബുക്ക്‌ അഡിക്ഷനിലേക്ക് പുള്ളി സ്വാഭാവികമായിത്തന്നെ വീണു. ഏതു കാര്യവും അമിതമായാൽ വെറുക്കുമല്ലോ, അധികമായാൽ അമൃതും വിഷമെന്നപോലെ! പയ്യനും അതുതന്നെ സംഭവിച്ചു. ഫേസ്ബുക്കിലെ അടിവയ്‌ക്കൽ ക്രമാതീതമായപ്പോൾ പുള്ളി അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യാൻ തീരുമാനിച്ചു. മുന്നോടിയായി സർവ്വ അക്രമങ്ങൾക്കും കൂട്ടുനിന്ന് തന്നെ ഇത്തരത്തിലാക്കാൻ തോളോട്തോള് ചേർന്ന് യക്നിച്ച സുഹൃത്തിനോട് പയ്യനൊരു ഡയലോഗ് കാച്ചി,

” ഡേയ് . എനിക്കാകപ്പാടെ മടുത്തു. ഇവിടെക്കിടന്നിങ്ങനെ വായിട്ടലച്ചിട്ടെന്തു പ്രയോജനം! ആളുകളെ മനസ്സിലാവുന്നേയില്ല, അമ്മാതിരി പണിയാണ് അത്രേം അടുത്തവരും തരുന്നത്. ഞാൻ പോയി എന്റെ എഴുത്തുകൾ ഉഷാറാക്കാൻ പോകുന്നു. എന്റെ എഫ്ബി അക്കൗണ്ട് ഡീആക്ടിവേറ്റ് ചെയ്യുവാ. ആകെവരുന്നത് നമ്മുടെ പത്രമാസികാ സംരംഭങ്ങളുടെ പേജുകളല്ലേ. അതെങ്ങനേം മാനേജ് ചെയ്യാം”.

അങ്ങനേങ്കിലങ്ങനെ ! ഇതിനോടകം എഫ്ബി മടുത്തിരുന്ന പ്രസ്തുത സുഹൃത്തും യുവന്റെ അഭിപ്രായം ശരിവച്ചു. എഴുത്തുകാരൻ എഫ്ബി വിട്ട ആശ്വാസത്തിൽ ഒരു ദീർഘനിശ്വാസവും വിട്ട്, തന്റെ എഴുത്തുലോകത്തിലേക്ക് ആണ്ടിറങ്ങി. അവിടെനിന്നും സമാധാനപരവും സർവ്വോപരി ഉന്മേഷഭരിതവുമായ വാർത്തകൾ ദിവസവും എത്തിക്കൊണ്ടിരുന്നു. എഴുത്തു പുരോഗമിക്കുന്നതിൽ കൂടെയുള്ളവരും സന്തോഷിച്ചു. പെട്ടെന്നൊരു ദിവസം ഉറക്കം ഞെട്ടിയപോലെ പയ്യന്റെ ഒരു വെളിപ്പെടുത്തൽ,

” ഡേയ്! നീയെന്നെ ഒന്ന് ഞാനുണ്ടാക്കിയ ഗ്രൂപ്പുകളിലേക്ക് ആഡ് ചെയ്യോ? എനിക്കതിലൊന്നും കയറാൻ പറ്റണില്ല! അതൊക്കെയില്ലെങ്കിൽ പത്രോം മാസികയുമൊക്കെ പിന്നെങ്ങനെ ഷെയർ ചെയ്യും?”

ആണ്ടെ കെടക്കണ്‌ !! സ്വയമുണ്ടാക്കിയ ഗ്രൂപ്പുകളിലേയ്ക്ക് ഇനി വല്ലോനും ആഡ് ചെയ്യണമെന്നായി.

“ഞാൻ വേറൊരു ഐഡീമായി വരാം. എന്നെ അതിലൊക്കെയൊന്ന് അഡ്മിനാക്കിയേര്”.

എന്തൊരു പ്രമാദമാന ഐഡിയ!! സ്വയമുണ്ടാക്കിയ ഗ്രൂപ്പുകളിലേയ്ക്ക് വേറൊരാള് പിടിച്ചുകേറ്റുന്ന അവസ്ഥ!! പിന്നെങ്ങനൊക്കെയോ, സ്വന്തം ഗ്രൂപ്പുകളിൽ അപരനായി സ്വയം അവരോധിതനായി, ഞെളിഞ്ഞിരുന്നു തനിക്കുപറ്റിയ അക്കിടിയോർത്തു ചിരിക്കുന്ന സുഹൃത്തിനോടൊപ്പമാകട്ടെ ഇന്നത്തെ സെൽഫി.

ബിന്ദു

Leave a Reply

Your email address will not be published.

error: Content is protected !!