നാദം നിലച്ച വയലിൻ

ഒറ്റനിമിഷം കൊണ്ട് ലോകം മുഴുവൻ പ്രകാശമാനമാകുന്ന മിന്നൽപ്പിണർ പോലെയാണ് ചില മനുഷ്യർ. തങ്ങൾക്കായി കാത്തുവച്ച ചെറിയ ജീവിതത്തെ ആകെ പ്രഭാപൂരിതമാക്കി അവർ മടങ്ങും. ഒടുവിൽ ഇരുട്ട് മാത്രം ബാക്കിയാവും. അതു വിങ്ങലായി അവശേഷിക്കും. അത്തരമൊരു വിങ്ങൽ ബാക്കിവച്ചാണ് ബാലഭാസ്കർ എന്ന വലിയ പ്രതിഭ വിടവാങ്ങിയത്. ഇവിടെ ജീവിച്ചുതീർത്ത ചെറിയ ജീവിതത്തെ വയലിൻ തന്തികൾകൊണ്ട് അദ്ദേഹം സംഗീത സാന്ദ്രമാക്കി. ആ വിരലുകളിലൂടെ പുറത്തുവന്നത് ആത്മാവിനെപ്പോലും അലിയിപ്പിക്കുന്ന രാഗവിസ്താരങ്ങളായിരുന്നു. അക്ഷരാർത്ഥത്തിൽ സംഗീതലോകത്തെ ബാലഭാസ്കരനായിരുന്നു ഈ വയലിൻ മാന്ത്രികൻ.

 

 

പൈതൃകമായി കിട്ടിയതായിരുന്നു ബാലഭാസ്കറിന് സംഗീതം. അമ്മയുടെ അച്ഛൻ ഭാസ്കരപ്പണിക്കർ ശ്രീപത്മനാഭസ്വാമിക്ഷേത്രത്തിലെ നാദസ്വര വിദ്വാനായിരുന്നു. പത്മനാഭ സന്നിധിയിൽ അദ്ദേഹത്തിന്റെ നാദസ്വരത്തിലൂടെ സ്വാതിതിരുനാൾ കൃതികൾ പെയ്തിറങ്ങി. മുത്തച്ഛനെ നേരിൽ കണ്ടിട്ടില്ലെങ്കിലും അമ്മയും അമ്മാവൻ ശശികുമാറും പറഞ്ഞ കഥകൾ ബാലഭാസ്കറിനറിയാം. അദ്ദേഹത്തിന്റെ സ്മരണാർത്ഥമാണ് ബാലഭാസ്കർ എന്ന പേര് നൽകിയതും. മുത്തച്ഛൻ, ബാലഭാസ്കറിന്റെ ഹീറോ ആയിരുന്നു. പണത്തിനും പ്രശസ്തിക്കും വേണ്ടിയുള്ള തള്ളിക്കയറ്റങ്ങളിൽ നിന്നും എക്കാലവും അകന്ന് ശുദ്ധസംഗീതത്തെ ഉപാസിക്കുന്ന ആളാണ് വയലിൻ വിദ്വാൻ കൂടിയായ അമ്മാവൻ ശശികുമാർ. മുത്തച്ഛന്റെ പാരമ്പര്യവും അമ്മാവന്റെ ഉപാസനയും ബാലഭാസ്കറിൽ പ്രതിഭയുടെ തിരയിളക്കമേകി. പഠിത്തത്തെക്കാൾ കൂടുതൽ സംഗീതത്തെ അദ്ദേഹം പ്രണയിച്ചു. കർണ്ണാടക സംഗീതത്തിൽ സ്വയമലിഞ്ഞു വളർന്നു. പന്ത്രണ്ടാം വയസിൽ ബാലഭാസ്കർ ആദ്യമായി കച്ചേരി അവതരിപ്പിച്ചു. കുന്നക്കുടി വൈദ്യനാഥനെ പ്പോലെയുള്ള അതുല്യ പ്രതിഭകൾ ബാക്കിവച്ചു പോയത് ബാലഭാസ്കർ ഏറ്റെടുത്തു. കർണ്ണാട്ടിക് വയലിന്റെ സാധ്യതകൾ തിരഞ്ഞുപോയതും ഇക്കാലയളവിലാണ്. പതിനേഴാം വയസ്സിൽ ആദ്യമായി സിനിമയിൽ സംഗീതം നല്കാൻ അവസരം ലഭിച്ചു. ഏതു വെല്ലുവിളികളെയും പുഞ്ചിരിയോടെ നേരിടുന്ന പ്രകൃതമായിരുന്നു ബാലഭാസ്കറിന്റേത്. ‘മംഗല്യപല്ലക്ക് ‘ എന്ന ആദ്യചിത്രത്തിലെ പാട്ടുകൾ ആ കൈകളിൽ ഭദ്രമായിരുന്നു. 1997 ൽ ഈ ചിത്രം പുറത്തിറങ്ങിയതോടെ മലയാളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനായി ബാലഭാസ്കർ മാറി. യേശുദാസ് പാടിയ ‘നിറതിങ്കളേ’ എന്ന ഗാനം സൂപ്പർഹിറ്റായി.

 

 

സിനിമ എന്ന ഗ്ളാമർ ലോകം ബാലഭാസ്കറിനെ ഒരിക്കലും ഭ്രമിപ്പിച്ചിരുന്നില്ല. ഓരോ നിമിഷവും വയലിനിൽ പുതിയ പരീക്ഷണങ്ങൾ നടത്താനാണ് അദ്ദേഹം ശ്രമിച്ചത്. കർണ്ണാടക സംഗീതത്തിന്റെ പാരമ്പര്യ ചട്ടക്കൂടുകളിൽ നിന്ന് വയലിനെ ബാലഭാസ്കർ മോചിപ്പിച്ചു. പാശ്ചാത്യസംഗീതോപകരണങ്ങൾക്കൊപ്പം ഇലക്ട്രിക് വയലിനിലൂടെ നടത്തിയ പരീക്ഷണങ്ങൾ വയലിൻ വിദ്യാർത്ഥികൾക്കുള്ള പാഠപുസ്തകങ്ങളാണ്.
ഫ്യൂഷനാണ് തന്റെ മേഖലയെന്നു തിരിച്ചറിഞ്ഞതും ആ കാലഘട്ടത്തിലാണ്. ഗാനമേളകളും മിമിക്രിയും കോമഡി സ്കിറ്റുകളും അരങ്ങുവാണിരുന്ന ഉത്‌സവപ്പറമ്പുകളിലേക്ക് തന്റെ ഇലക്ട്രിക് വയലിനുമായി ബാലഭാസ്കർ നടന്നുകയറി. ജനം ആർത്തിരമ്പി. പണ്ഡിത സദസ്സുകളിൽ നിന്നും വയലിൻ സാധാരണക്കാരുടെ ഇടയിൽ ലഹരിയായി മാറിയതിൽ ബാലഭാസ്കർ വഹിച്ച പങ്കു ചെറുതല്ല.

യൂണിവേഴ്‌സിറ്റി കോളേജിലെ ബിരുദ ബിരുദാനന്തര കാലം ബാലഭാസ്കറിന്റെ ജീവിതം മാറ്റിമറിച്ചു. പിൽക്കാലത്ത് ജീവിതത്തിൽ ഒപ്പം കൂട്ടിയ ലക്ഷ്മിയുമായുള്ള പ്രണയം സംഗീത പ്രേമികൾക്ക് സമ്മാനിച്ചത് ഒരുപിടി നല്ല ഗാനങ്ങളായിരുന്നു. ലക്ഷ്മിക്കായി ചിട്ടപ്പെടുത്തിയ ‘ആരു നീ എന്നോമലേ’ എന്നു തുടങ്ങുന്ന പാട്ട് പ്രതീക്ഷകളെയെല്ലാം കടത്തിവെട്ടി, ക്യാംപസുകൾ ഏറ്റെടുത്തു. അടുത്ത സുഹൃത്ത് ജോയ് തമലം എഴുതിയ വരികൾ ആലപിച്ചതും ബാലഭാസ്കർ തന്നെ.
ഇരുപത്തിരണ്ടാം വയസിൽ എം.എ . സംസ്കൃതം അവസാനവർഷ വിദ്യാർത്ഥിയിരിക്കെ ബാലഭാസ്കർ ലക്ഷ്മിയെ വിവാഹം കഴിച്ചു. ഒരുപാട് എതിർപ്പുകൾ അതിജീവിച്ചായിരുന്നു ഇവരുടെ വിവാഹം. ഈ കാലത്തുതന്നെ ‘കോൺസൺട്രേറ്റഡ് ഇന്റു ഫ്യൂഷൻ’ എന്ന ബാൻഡ് തുടങ്ങി. കൺഫ്യൂഷൻ എന്നായിരുന്നു ഇതിന്റെ ചുരുക്കപ്പേര്. പേര് സൂചിപ്പിച്ചപോലെ ബാലഭാസ്കറിന്റെ കൺഫ്യൂഷൻ ആയിരുന്നു ഈ സംരംഭം. ഒരേസമയം കർണ്ണാടക സംഗീതത്തിന്റെ പടവുകൾ കയറുകയും ഫ്യൂഷനിൽ പരീക്ഷണങ്ങൾ നടത്തുകയും ചെയുന്ന ഒരു ജീനിയസിന്റെ ആശയക്കുഴപ്പം. നിനക്കായ്, നീ അറിയാൻ തുടങ്ങിയ ആൽബങ്ങൾ കലാലയങ്ങൾ ഏറ്റുപാടി. പിന്നീട് ഈസ്റ്റ് കോസ്റ്റ് ഈ പാട്ടുകളെ ഏറ്റെടുത്തു. ഈസ്റ്റ് കോസ്റ്റുമായി സഹകരിച്ച് ധാരാളം പ്രണയഗാനങ്ങൾ ബാലഭാസ്കർ ചിട്ടപ്പെടുത്തി.

 

 

കൺഫ്യൂഷൻ ബാൻഡ് പിരിഞ്ഞശേഷം നീണ്ടനാൾ ഫ്യൂഷൻ ലോകത്തുനിന്നും ബാലഭാസ്കർ ഇടവേളയെടുത്തു . എന്നാൽ സംഗീതോപാസനയിൽ ഇടവേളകളില്ലായിരുന്നു. കിട്ടുന്ന സമയം മുഴുവൻ അമ്മാവൻ ശശികുമാറിന്റെ അടുത്തുനിന്നും വയലിൻ അഭ്യസിച്ചു. സംഗീതമെന്നാൽ ഉദാത്തമായ സംസ്കാരമാണെന്ന ഓർമ്മപ്പെടുത്തലായിരുന്നു ബാലഭാസ്കറിന്റെ ഗുരുഭക്തി. മുണ്ടും ഷർട്ടും ധരിച്ച് വേദിയിലെ പായയിൽ ചമ്രം പടിഞ്ഞിരുന്ന് ഇലക്ട്രിക് വയലിനിൽ കീർത്തനങ്ങൾ വായിക്കുന്ന ബാലഭാസ്കർ ഒരു ദക്ഷിണേന്ത്യൻ വിസ്മയമായി മാറി.

 

 

കുറച്ചു നാളുകളിലെ ഇടവേളയ്ക്കു ശേഷം ദി ബിഗ് ബാന്റ് എന്ന പുതിയ സംരംഭത്തിനു രൂപം നൽകി. മട്ടന്നൂർ ശങ്കരൻ കുട്ടി, ശിവമണി, നെയ്യാറ്റിൻകര വാസുദേവൻ, കലാമണ്ഡലം ഹൈദരാലി തുടങ്ങിയ സംഗീതലോകത്തെ പകരംവയ്ക്കാനില്ലാത്ത പ്രതിഭകളുമായി അഭിമുഖവും ഫ്യൂഷനുമായി അദ്ദേഹം നിറഞ്ഞുനിന്നു. പിന്നീട് ബാലലീല എന്ന പേരിൽ സ്വന്തം പരിപാടികളുമായി ലോകം ചുറ്റി. ഗൾഫ് നാടുകളും അമേരിക്കയും യൂറോപ്പുമൊക്കെ ബാലലീലയുടെ കളിയരങ്ങുകളായി . സ്റ്റേജിൽ നിന്നും നിറപുഞ്ചിരിയോടെ പുറത്തേക്കിറങ്ങി സദസ്യരുടെ ഇടയിലൂടെ നടന്ന് വയലിൻ വായിക്കുന്ന അദ്‌ഭുതമായി അദ്ദേഹം മാറി. ലോകമെമ്പാടും ബാലഭാസ്കറിന് ആരാധകരായി. നീണ്ട കാത്തിരിപ്പിനൊടുവിൽ മകൾ തേജസ്വിനി കൂടി ജീവിതത്തിലേക്കെത്തിയതോടെ വയലിൻ തന്തികളിലും സംഗീതത്തിലും താരാട്ടിന്റെ ഈണങ്ങൾ പിറന്നു. മോക്ഷം എന്ന സിനിമയിലെ ‘മയ്യണി കണ്ണേ ഉറങ്ങുറങ്ങ്’ എന്ന ഗാനം മലയാളത്തിലെ മികച്ച താരാട്ടുപാട്ടുകളിലൊന്നാണ്.

സംഗീതലോകത്ത് പുതിയ പരീക്ഷണങ്ങളുമായി മുന്നോട്ട് പോകുമ്പോഴാണ് ഓർക്കാപ്പുറത്ത് മരണമെന്ന രംഗബോധമില്ലാത്ത കോമാളിയെത്തുന്നത് . 2018 സെപ്റ്റംബർ 25 നു തിരുവനന്തപുരം പള്ളിപ്പുറത്തുവച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽ പെട്ടു . കുഞ്ഞ് തൽക്ഷണം മരിച്ചു. ഏറെ ദിവസം മരണത്തോട് മല്ലിട്ട് ഒക്ടോബർ 2 നു പുലർച്ചെ ഒരുമണിക്ക് ആ മാന്ത്രിക വയലിൻ നാദം എന്നെന്നേക്കുമായി നിലച്ചു.

അപകടത്തെ കുറിച്ചുള്ള ദുരൂഹതയും അന്വേഷണവുമെല്ലാം ഇപ്പോഴും തുടരുന്നു. കേരളക്കരായാകെ കണ്ണീരിലാഴ്ത്തിക്കൊണ്ടാണ് ബാലഭാസ്കർ എന്ന പ്രിയപ്പെട്ട ബാലുവിന്റെ മടക്കം. പാരമ്പര്യത്തിന്റെ അടിത്തറയിൽ ഉറച്ചുനിന്നുകൊണ്ട് വയലിനിൽ അദ്‌ഭുതങ്ങൾ വിരിയിച്ച . വയലിനിനെ ഇത്രയും ജനകീയമാക്കിയ ഒരു പ്രതിഭ ഇന്ത്യയിൽ മറ്റാരുമുണ്ടാവില്ല. ബാലഭാസ്കർ അവശേഷിപ്പിച്ച വിടവ്, ആ ശൂന്യത ഇന്നും അവശേഷിക്കുന്നു. ഓർമ്മപ്പൂക്കൾ

 

 

അനീഷ് തകടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!