നീര്‍മണിത്തുള്ളികള്‍…………

ഇത്തവണത്തെ വേനല്‍ കടുത്തുതുടങ്ങി. ഇതുവരെയും കേട്ടുകേള്‍വിയില്ലാത്തത്തതുപോലെയാണ് കാര്യങ്ങളുടെ പോക്ക്. കിണറുകളും, നദികളും വറ്റിവരണ്ടുകഴിഞ്ഞു. കുടിവെള്ളംപോലും ഇല്ലാതായിക്കഴിഞ്ഞു. ഗ്രാമത്തിലെ ആയിരക്കനക്കിനുള്ള കര്‍ഷകര്‍ ജലമുള്ള സ്ഥലം തേടി പാലായനം ചെയ്തുതുടങ്ങി. അവശരായ വൃദ്ധജനങ്ങളും, രോഗാസ്തരായ ധാരാളം ആളുകള്‍ ദിനംപ്രതി മരണപ്പെട്ടുകൊണ്ടിരിക്കുന്നു. അടഞ്ഞുകിടക്കുന്ന വീടുകളും, ഒഴിഞ്ഞകാലിതൊഴുത്തുകളും തന്റെ ഗ്രാമത്തിനു ശ്മശാനമൂകത നേടിക്കൊടുത്തുകഴിഞ്ഞു. താനും ഈ മണ്ണുമായുള്ള ബന്ധം അമ്മയുമായുള്ള പൊക്കിള്‍ക്കൊടി ബന്ധം പോലെ പരിപാവനവും, ദൃഡവുമാണ്. അതുകൊണ്ടാകണം ഈ മണ്ണുപേക്ഷിച്ചുപോകുവാന്‍ മനസ്സുവരാത്തത്. ദീനുഭായിയുടെ ചിന്തകള്‍ കാടുകയറി.

എല്ലാവരും തന്നെ ആവുന്നത്ര നിര്‍ബന്ധിച്ചതാണ്‌ കൂടെ ചെല്ലുവാന്‍. പക്ഷേ താനും തന്റെ പ്രിയപ്പെട്ട ഓമനപുത്രിയായ ”സിത” എന്ന പശുക്കിടാവും മാത്രം അവരോടൊപ്പം പോയില്ല. എത്ര നിര്‍ബന്ധിച്ചിട്ടും അവള്‍ തന്നെ വിട്ടുപോകാന്‍ കൂട്ടാക്കിയില്ല. തന്റെ മാത്രം കാര്യം ആണെങ്ങില്‍ എങ്ങനെയെങ്കിലും നിവൃത്തിവരുത്താമായിരുന്നു. സിത തന്നെക്കാള്‍ സര്‍വ്വംസഹയായ ഒരു കിടാവായതുകൊണ്ട് തന്നെ ബുദ്ധിമുട്ടിക്കാറും ഇല്ലായിരുന്നു. വൃക്ഷങ്ങളില്‍ ബാക്കിനില്‍ക്കുന്ന പഴുത്തഇലകള്‍ കൊഴിയുമ്പോള്‍ അവള്‍ വിശപ്പടക്കിയും, അങ്ങകലെയുള്ള തീവണ്ടിപാതയുടെ ഓരത്തുകൂടെ കിലോമീറ്ററുകളോളം നടന്നു താന്‍ പെറുക്കിയെടുക്കുന്ന പ്ലാസ്റ്റിക്‌കുപ്പികളില്‍ യാത്രികര്‍ ബാക്കിവയ്ക്കുന്ന ജലം ശേഖരിച്ചു വലിയ കുടത്തിലാക്കി കൊണ്ടുവരുമ്പോള്‍ കുടിച്ചുമാണ് അവളും ഞാനും ദിനങ്ങള്‍ കഴിച്ചുപോന്നിരുന്നത്.

പാദങ്ങള്‍ വിണ്ടുകീറിക്കഴിഞ്ഞിരിക്കുന്നു, തന്റെ ശരീരത്തും, സിതയുടെ മുഖത്തും തീക്കനലാട്ടത്തിന്റെ വടുക്കള്‍ പടര്‍ന്നുതുടങ്ങി. വിണ്ടുകീറിയ പാടത്തിന്റെ സൂര്യവടുക്കളെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു അതു. ദേവഗണങ്ങളെല്ലാംതന്നെ രോക്ഷാകുലരാണെന്നു തോന്നുന്നു. തങ്ങളുടെ പൊന്നോമനസഹോദരിയെ അവളില്‍നിന്നും ജന്മമെടുത്ത നരകാസുരരൂപികളായ മനുഷ്യപുത്രര്‍ തന്നെ മാറുപിളര്‍ന്നു രുധിരപാനം നടത്തുന്നത് അവര്‍ എത്രകണ്ട് സഹിച്ചിരിക്കും. അഗ്നിയും, വരുണനും , സൂര്യനുമെല്ലാം എന്തോ കല്പ്പിച്ചുറപ്പിച്ച മട്ടാണ്.

ഇതിനെല്ലാം ഉപരിയായി മാറിവരുന്ന ഭരണകൂടങ്ങളുടെ കണ്ണുകളിലെ കരടാണ് ഞങ്ങള്‍ പാവപ്പെട്ട കര്‍ഷകര്‍. പക്ഷെ അവര്‍ ഞങ്ങളെയെല്ലാം അരിയിട്ട് വാഴിക്കുന്ന ഒരു സമയം ഉണ്ടുതാനും. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മിഥ്യാവാഗ്നാനങ്ങളുടെ പെരുമഴയും പേറി ആ കറുത്തഹൃദയങ്ങള്‍ ഞങ്ങളെ തേടി വരും. അന്ന് അവര്‍ പലതട്ടുകളായി പലവിധ വര്‍ണ്ണക്കൊടികള്‍ക്ക് കീഴില്‍ അണിനിരന്നുകൊണ്ട് ദൂക്ഷിതപൂര്‍ണ്ണമായ നാവുകള്‍കൊണ്ട് ”തേന്‍” ചൊരിയുന്ന വാക്കുകളും, നഞ്ചു പുരട്ടിയ കൈകളാല്‍ പണവും, വസ്ത്രങ്ങളും ഞങ്ങള്‍ക്കു സമ്മാനിക്കും.
അവര്‍ വരുമായിരിക്കും തങ്ങളെ രക്ഷപ്പെടുത്തുവാന്‍. ദീനുഭായി ഓര്‍ത്തു.

ഒരുപക്ഷെ ഇവിടെ തെരെഞ്ഞെടുപ്പു ആയിരുന്നെങ്കില്‍ ജലത്തിന് ബുദ്ധിമുട്ടുണ്ടാകില്ലായിരുന്നു. എല്ലാവരും ഈ പാവം ഗ്രാമീണര്‍ കരിഞ്ഞുവീഴുംമുന്‍പേ ഇവിടെ എത്തിയേനെ. മാസം ഒന്നു കഴിയുന്നു, ഒരു രാഷ്ട്രീയവ്യാപാരികളും ഇങ്ങോട്ട് തിരിഞ്ഞുനോക്കിയിട്ടില്ല. പതിനായിരങ്ങള്‍ പലദിക്കുകളില്‍നിന്നും പാലായനം ചെയ്തുകഴിഞ്ഞു. നൂറുകണക്കിനു മനുഷ്യര്‍ മരണപ്പെട്ടുകഴിഞ്ഞു. ആരും തിരിഞ്ഞുനോക്കിയില്ല. ഇപ്പോള്‍ ഇതാ ഞാനും എന്റെ പ്രിയ സീതയും മാത്രം ഈ ഗ്രാമത്തിന്‍റെ മിടിപ്പുകള്‍ എണ്ണിക്കഴിയുന്നു.

അതാ, ആരാണ് കലപ്പയുമേന്തി വരുന്ന ആ ആജാനുബാഹു. അതേ അതു അദ്ദേഹംതന്നെ. ആ ദീനാനുകമ്പന്‍. ഇത്തവണ ശ്രീകൃഷ്ണ സഹോദരനായ ബലഭദ്രരാമന്‍റെ വേഷപകര്ച്ചയുമായി ആണ് വരവ്. പണ്ടൊരിക്കല്‍ ഇതുപോലുള്ള ഒരവസ്ഥയില്‍ ഗോകുലം വരണ്ടുണങ്ങിയപ്പോള്‍ തന്റെ കലപ്പകൊണ്ട് അഹങ്കാരിയായ കാളിന്ദിയേ വഴിമാറ്റി ഗോകുലം വഴി തിരിച്ചുവിട്ട ആ ബലരാമന്‍ ഇതാ തങ്ങള്‍ക്കു വേണ്ടി വീണ്ടും അവതാരം എടുത്തിരിക്കുന്നു. ഏതോ നദിയെ വഴിതിരിച്ചുകൊണ്ടുള്ള വരവായിരുന്നു അതു. സുലഭമായി ആ ജലധാര ഇതാ തന്റെ മുഖത്തുപതിക്കുന്നു, അതൊരുകുളിര്‍ മഴയായി തന്റെ ശരീരമാസകലം പടര്‍ന്നിറങ്ങുന്നു. മഹാനുഭാവാ അങ്ങ് ഞങ്ങളുടെ കണ്‍കണ്ട ദൈവമാണ്. ദീനുഭായ് കണ്ണുതുറന്നു. ങേ…ഇതൊരു സ്വപ്നം ആയിരുന്നുവോ, പക്ഷെ തന്റെ മുഖം ആകെ ജലംകൊണ്ടു നനവാര്‍ന്നിരിക്കുന്നുവല്ലോ. എവിടെ നിന്നാണതു. തന്റെ ഓരംചേര്‍ന്നു നില്‍ക്കുന്ന സിതയുടെ കണ്ണില്‍ നിന്നും ഉതിര്‍ന്ന നീര്‍മണിതുള്ളികള്‍ ആയിരുന്നു തനിക്കു ജീവജലം നല്‍കിയത്. ഹേ ഭരണവര്‍ഗ്ഗമേ നിങ്ങള്‍ ബുദ്ധികെട്ടവരെന്നു നാഴികക്ക് നാല്പതുപ്രാവശ്യം പറയുന്ന ഈ മിണ്ടാപ്രാണികള്‍ക്കുപോലും ഞങ്ങള്‍ കര്‍ഷകരുടെ സ്വപ്നങ്ങളുടെ ആഴം ദര്‍ശിക്കുവാനുള്ള കഴിവുണ്ട്. ബുദ്ധിമാന്മാരെന്നഹങ്കരിക്കുന്ന നിങ്ങള്‍ക്കു ഞങ്ങള്‍ കാലില്‍വീണുകേണുകരഞ്ഞു പറയുന്ന വാക്കുകള്‍പോലും മനസ്സിലാകുന്നില്ലയോ അതോ അങ്ങനെ നടിക്കുന്നതോ. ഒരു പിടി ചോറുവാരി വായില്‍വയ്ക്കുമ്പോളെങ്കിലും ഒന്നോര്‍ക്കുക നിങ്ങളുടെ ശരീരത്തുകൂടി ഓടുന്ന ചോരയും, നീരും ഞങ്ങളുടെ വിയര്‍പ്പിന്‍റെ ഉപ്പുരസത്താല്‍ ഉറവകൊണ്ടതാണെന്നു.

ദീനുഭായ് കൈത്തലം നെറ്റിയിന്മേല്‍ വച്ചു അങ്ങകലെ ആകാശത്തേക്ക് പ്രത്യാശയോടെ നോക്കിനിന്നു. വരുണദേവന്‍റെ വരവിനായി. അയാള്‍ക്കുകൂട്ടായി സീതയെന്ന പൈക്കിടാവ് തന്റെ പിതാവിന്റെ ശരീരത്തെ ചൂടില്‍ നിന്നു രക്ഷിക്കുവാനായി നക്കിത്തോര്‍ത്തിക്കൊണ്ട് അടുക്കലും നില്‍പ്പുണ്ടായിരുന്നു…..

 

ബിജു നാരായണന്‍

Leave a Reply

Your email address will not be published.

error: Content is protected !!