പ്രകൃതി മുത്തച്ഛന്‍

”താങ്കള്‍ ആരാണ്”?
സുന്ദരമായൊരു ശബ്ദം, ആ മധുരശബ്ദത്തിന്റെ ഉടമയെ ആ വൃദ്ധന്‍ തലയുയര്‍ത്തി നോക്കി. ബാല്യം വിട്ടുപോകാന്‍ മടി കാട്ടുന്ന മുഖലാളിത്യം കനിഞ്ഞനുഗ്രഹിച്ച കൌമാരക്കാരിയായ ഒരു പെണ്‍കിടാവ്.
”രൂപവും, ഭാവവും, ഗന്ധവും ഇല്ലാത്ത എന്നെ നീ എങ്ങനെ കണ്ടറിഞ്ഞു കുഞ്ഞേ?”
തന്‍റെ ചോദ്യത്തിനു മറുപടി തരാതെ മറുചോദ്യം ഉന്നയിക്കുന്നതില്‍ എന്തു പ്രസക്തി എന്ന മട്ടിലുള്ള അവളുടെ കണ്ണുകളുടെ ഭാക്ഷ അയാളില്‍ കൌതുകം ഉണര്‍ത്തി.
”മകളേ ഞാനാണ് ”പ്രകൃതി ”, നിന്റെ മുതുമുത്തച്ഛന്‍മാര്‍ക്ക് എന്നെ നന്നായി അറിയാം, കാലം ഉള്ളിടത്തോളം ഞാന്‍ കാണും. നിങ്ങളുടെ ഇടയില്‍, നിങ്ങളായി തന്നെ. നിങ്ങളെന്നെ അറിയില്ലെങ്കിലും, അറിയാന്‍ ശ്രമിച്ചില്ലെങ്കിലും ഞാന്‍ നിങ്ങളുടെ ജീവസ്പന്ദമായി നിങ്ങളില്‍ ഉറഞ്ഞിരിക്കുന്നു. അകക്കണ്ണ് തുറക്കുന്ന വേളയില്‍ മാത്രമേ നിങ്ങള്‍ക്ക് എന്നെ ദര്‍ശിക്കാനാകൂ, നഗ്നനേത്രങ്ങള്‍ക്ക് ഞാന്‍ ഗോചരമല്ല ”.
”അപ്പോള്‍ മുത്തശ്ശന്‍ ആണോ ഈ കാണുന്ന പുഴകളും , കാടുകളും , വൃക്ഷലതാദികളും, പാടങ്ങളും എല്ലാം കൂടിക്കലര്‍ന്നത്‌ ?”
ആ ചോദ്യം അദ്ദേഹത്തില്‍ സഹതാപം ഉണര്‍ത്തി.
”കുഞ്ഞേ നിങ്ങളുടെ അറിവില്‍ ഞാന്‍ അതു മാത്രമായി ചുരുങ്ങിയിരിക്കുന്നു, നിങ്ങളുടെ ഉയര്‍ന്ന വിദ്യാഭാസ സമ്പ്രദായത്തിന്റെ അപചയം ഇത് വെളിവാക്കുന്നു. മകളേ, തലമുറകളായി നിങ്ങള്‍ക്കു പകര്‍ന്നു കിട്ടേണ്ട അറിവുകളുടെ കടക്കല്‍ കത്തിവയ്ച്ചു നേടിയെടുക്കുന്ന വിദ്യകള്‍ ജീവിതയാത്രയില്‍ നിങ്ങള്‍ക്കു തുണയായി വരില്ല”
അദ്ദേഹത്തില്‍ നിന്നും ഒരു നെടുവീര്‍പ്പുയര്‍ന്നു.
” പ്രകൃതി മുത്തശ്ശാ ഞങ്ങള്‍ താരാട്ടുപാട്ടുകള്‍ കേട്ടുറങ്ങിയിട്ടില്ല, അമ്മിഞ്ഞപ്പാലിന്റെ മാധുര്യം മതിയാവോളം നുകരാന്‍ പറ്റിയിട്ടില്ല, മുത്തശ്ശി കഥകളുടെ പരിമളം ഞങ്ങളില്‍ വന്നു നിറഞ്ഞിരുന്നില്ല പിന്നെ എങ്ങനെ ഞങ്ങള്‍ക്ക് താങ്കളെ തിരിച്ചറിയാനാകും”.
”അതേ.. കുഞ്ഞേ നിങ്ങള്‍ ഓരോ നിമിഷവും തെറ്റിധരിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്നു, ഞാന്‍ നിങ്ങളില്‍ നിന്നും വേറിട്ട്‌ നില്‍ക്കുന്നില്ല, നിങ്ങളുടെ പൂര്‍വികരും ഞാന്‍ കളിക്കൂട്ടുകാരായിരുന്നു, അവരുടെ സുകൃതം ചെയ്ത മനസ്സുകള്‍ക്ക് ഞാന്‍ എന്നും താങ്ങായിരുന്നു. അവരുടെ ഓരോ ചിന്തയിലും നന്മയുടെ അതിപ്രസരം ഞാന്‍ ദര്‍ശിച്ചിരുന്നു”.
അദ്ദേഹത്തിന്‍റെ കൈവിരലുകള്‍ അവളുടെ നീരണിഞ്ഞ കണ്ണുകളില്‍ പ്രകാശിച്ച മുത്തുകളെ താഴെപതിക്കാതെ ഒപ്പിയെടുത്തു. അതവളില്‍ സ്വാന്തനത്തിന്റെ തൂവല്‍സ്പര്‍ശമായി മാറി.
”മുറിഞ്ഞ താരാട്ടുപാടുകളും, കേള്‍ക്കാത്തമുത്തശ്ശികഥകളും, കേട്ടറിഞ്ഞ മുലപ്പാലിന്‍ മാധുര്യവും ചിന്തകളില്‍ പേറി നടക്കുന്ന ഞങ്ങള്‍ സുകൃതക്ഷയം അല്ലാതെ മറ്റെന്തു പ്രതീക്ഷിക്കാന്‍. ഞങ്ങളുടെ മുതുമുത്തച്ഛന്‍മാരും അങ്ങും ജീവിതം നയിച്ച വഴിയിലൂടെ സഞ്ചരിക്കുവാന്‍ കൊതിയാകുന്നു”.
ദയനീയത പടര്‍ന്ന മുഖഭാവത്തോടെ അവള്‍ അദ്ദേഹത്തെ തല ചരിച്ചു നോക്കി.
”മകളേ അവരുടെ നന്മ നിറഞ്ഞ ചിന്തകളെ പ്രവൃത്തിപഥത്തില്‍ കൊണ്ടുവരാനും അതിനെ അനുഭവ സമ്പത്തില്‍ മുതല്‍കൂട്ടാനും ആയിരുന്നു എന്റെ കര്‍മ്മ ലക്ഷ്യം. അവരുടെ പ്രകൃതവും, പ്രകൃതിയും എന്നിലൂടെ രൂപാന്തരം പ്രാപിച്ചതായിരുന്നു. തങ്ങളുടെ പൈതൃകത്തെ അത്രത്തോളം നെഞ്ചേറ്റിയിരുന്നു അവര്‍”.
അത്ഭുതംകൂറിയ അവളുടെ മുഖഭാവം അദ്ദേഹത്തില്‍ ഒരു നറും പുഞ്ചിരി പടര്‍ത്തി. ഇനിയും നിറുത്തിയതെന്താണെന്ന ഒരു ചോദ്യചിഹ്നം അവളുടെ പുരികക്കൊടികളിലൂടെ അവള്‍ രചിച്ചു. ഇതദ്ദേഹത്തിനു അവളിലേക്ക് കൂടുതല്‍ അറിവ് പകര്‍ന്നു നല്‍കാന്‍ പ്രേരിപ്പിച്ചു.
”അവരുടെ ആവശ്യങ്ങള്‍ നിറവേറ്റിയിരുന്നത്പോലെയാണ് ഞാന്‍ നിങ്ങളുടെ ആവശ്യങ്ങളും നിറവേറ്റുന്നത്. എന്റെ കര്‍മ്മം അതാണ്, അവര്‍ മഴയെ, കാറ്റിനെ, വെയിലിനെ, പ്രഭാതത്തെ, സന്ധ്യയെ, രാത്രിയെ, നിലാവിനെ ഒക്കെ പ്രണയിച്ചിരുന്നു. അതിനെയെല്ലാം നിങ്ങളിന്നു ഭീതിയോടും, വിദ്വേഷത്തോടുംകൂടിയാണ് സമീപിക്കുന്നത്. അതിനാല്‍ നിങ്ങളില്‍ ബാല്യം ഇല്ല, കൌമാരം ഇല്ല, യൌവ്വനവും ഇല്ല. ഇതെല്ലാം ആവോളം ആസ്വദിച്ചു കാലം ചെയ്ത പുണ്യാത്മാക്കളായിരുന്നു നിങ്ങളുടെ പിതാമഹന്മാര്‍. അവരോടൊപ്പം ഞാന്‍ ചിലവഴിച്ച നാളുകള്‍ സമൃദ്ധിയുടെതായിരുന്നു, ഇന്നോ നിങ്ങളുടെ മനസ്സുപോലെ ഞാനും പങ്കിലമാക്കപ്പെട്ടു കഴിഞ്ഞു, അതിന്റെ ജരാനരകളെല്ലാം എന്നെ വന്നു ഗ്രസിച്ചുകഴിഞ്ഞിരിക്കുന്നു. അതിനാല്‍ നിങ്ങള്‍ വെറുക്കുന്ന ഋതുക്കളെ, കാലങ്ങളെ, കാലാവസ്ഥകളെ നിങ്ങളില്‍ നിന്നകറ്റാന്‍ ഞാന്‍ ബാദ്ധ്യസ്ഥനാണ് . ഞാന്‍ പറഞ്ഞല്ലോ, നിങ്ങളുടെ മനോവ്യാപാരം പോലെ പ്രവര്‍ത്തിക്കുക എന്നതാണ് എന്റെ കര്‍മ്മം.”
” ഞങ്ങളില്‍ അന്യം നിന്നു പോയ ഈ തിരിച്ചറിവുകളെ ഞങ്ങള്‍ക്ക് പകര്‍ന്നു നല്‍കാന്‍ അങ്ങേയ്ക്കാകുമോ? ഞങ്ങള്‍ ചെയ്യുന്ന തെറ്റുകള്‍ ഇനിയുമുണ്ടോ മുത്തശ്ശാ? ”
ദൈന്യതയോടെ അവള്‍ ചോദിച്ചു?
”കുഞ്ഞേ, നിങ്ങള്‍ ഏറ്റവും വലിയ ശത്രുവായികാണുന്നത് നിങ്ങളുടെ ശരീരത്തെതന്നെയാണ്, മദ്യവും, മയക്കമരുന്നും നല്‍കി അതിന്‍റെ ആക്കം കൂട്ടുന്നു, നിങ്ങളുടെ പരിഷ്കാരികളായ മാതാപിതാക്കള്‍ അമിതാഹാരവും, വിരുധാഹാരവും ആവോളം പകര്‍ന്നുനല്‍കി സ്നേഹം പ്രകടിപ്പിക്കുകയും ചെയ്യുമ്പോള്‍ രോഗാതുരമായ ഒരു ജീവിതം നിങ്ങള്‍ക്കു ലഭിക്കുകയും ചെയ്യുന്നു. ധനം നിങ്ങളുടെ ജീവിതസൌകര്യങ്ങളെ ഉയര്‍ത്തിയപ്പോള്‍ സ്വശരീരാവയവങ്ങള്‍ ചെയ്യേണ്ട കര്‍മ്മങ്ങള്‍ മറ്റു യന്ത്രങ്ങള്‍ക്ക് വഴിമാറിയപ്പോള്‍, നിങ്ങളുടെ ഉപയോഗശൂന്യമായ അവയവങ്ങളിലെ രക്തധമനികളെ ഞാന്‍ നിങ്ങള്‍ക്കുവേണ്ടി പ്രവര്‍ത്തനരഹിതമാക്കുകയും അതിന്‍ ഫലമായി നിങ്ങളുടെ ഓരോ അവയവങ്ങള്‍ മുറിച്ചുമാറ്റപ്പെടുകയും, പൊയ്ക്കാലുകളും കൃത്രിമ അവയവങ്ങളും ശരീരത്തില്‍ പേറി ദുരഭിമാനത്തിന്‍ മേനിനടിച്ചു യന്ത്രസമാനമായി ജീവിക്കുവാന്‍ ഞാന്‍ നിങ്ങള്‍ക്കു കൂടപ്പിറപ്പായി ജീവിക്കുന്നു ”.
തെല്ലൊരു അന്ധാളിപ്പോടെ കണ്ണുകള്‍ മിഴിച്ചുനോക്കിനിന്ന ആ കൌമാരക്കാരിയെ ചേര്‍ത്തണച്ചുപിടിച്ചു തലമുടിയില്‍ വിരലോടിച്ചുകൊണ്ട് അദ്ദേഹം ആശ്വസിപ്പിച്ചു.
”ഇപ്പോള്‍ ഈ പ്രകൃതിമുത്തശ്ശന്‍ ആരാണെന്നു മനസ്സിലായല്ലോ മകളേ നിനക്ക്, ഇനിയും സമയം ഉണ്ട് ഒരു തിരിച്ചു വരവിനു, എന്റെ പൊന്നു മകളേ…. എന്നെ അറിയണം എന്നുള്ള നിന്റെ അദമ്യമായ ആഗ്രഹമാണ് എന്നെ നേരില്‍ കാണാന്‍ നിന്റെ അകകണ്ണുകള്‍ക്ക് കാഴ്ച നല്‍കിയത്, അന്ധതയില്‍ പെട്ടുഴലുന്ന നിന്റെ കൂട്ടര്‍ക്ക് ഈ സന്ദേശം കൈമാറണം നീ. അല്ലെങ്കില്‍ വരാനിരിക്കുന്ന വലിയൊരു വിപത്തിനെ അഭിമുഖീകരിക്കുവാന്‍ നിങ്ങള്‍ക്കാവില്ല. പൂര്‍ണ്ണതയോടെ ജനിച്ചു, പൂര്‍ണ്ണതയോടെ വളര്‍ന്നു, പൂര്‍ണ്ണതയോടെ മരിക്കുവാന്‍ പ്രാപ്തരാക്കൂ നിന്റെ കൂട്ടരെ, അങ്ങനെയെങ്കില്‍ ഈ മുത്തശ്ശന്‍ നിങ്ങള്‍ക്കു തുണയായി ഉണ്ടാകും”.
ഒരു ദിവാസ്വപ്നത്തില്‍ നിന്നും ഞെട്ടിഉണര്‍ന്നപോലെ അവള്‍ ചുറ്റിലും കണ്ണോടിച്ചു. അവിടെയെങ്ങും ആരും ഉണ്ടായിരുന്നില്ല, തൊടിയിലെ പനിനീര്‍ചമ്പകത്തിന്റെ ഗന്ധം ഏറ്റുവാങ്ങി മന്ദമാരുതന്‍ അവളുടെ മുടിയിഴകളെ തഴുകി കടന്നുപോയി. ആ സ്നേഹന്തിന്റെ പരിമളം അപ്പോള്‍ ആവിടെയാകെ പരന്നിരുന്നു.
ബിജു നാരായണന്‍ 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!