ഭ്രാന്താലയത്തിലേക്ക് എത്ര ദൂരം

കേരളം ഭ്രാന്താലയമെന്നു സ്വാമി വിവേകാനന്ദൻ വിശേഷിപ്പിച്ചു മടങ്ങിയിട്ട് നൂറ്റാണ്ട് ഒന്ന് കഴിഞ്ഞു. ആ വാക്കുകളെ തിരുത്തുക മാത്രമല്ല രാജ്യത്തിന് മുഴുവൻ വഴിവിളക്കാവുന്ന തരത്തിൽ മാറാൻ നവോത്ഥാനചിന്തകൾക്കും പ്രവൃത്തികൾക്കും കഴിഞ്ഞിരുന്നു. ശ്രീനാരായണന്റെ അരുവിപ്പുറം പ്രതിഷ്ഠയും മന്നത്തിന്റെ സവർണ്ണ ജാഥയും അയ്യാ വൈകുണ്ഠർ ഉൾപ്പെടെയുള്ള പ്രബുദ്ധരുടെ നീണ്ട നിരയും ചെറിയ തോതിലൊന്നുമല്ല നമ്മെ മുന്നോട്ട് നയിച്ചത്. അവിടെ നിന്നും ബഹുദൂരം നാം മുന്നോട്ട് പോയി. ചിന്തയിലും പ്രവൃത്തിയിലും വെളിച്ചം കടന്നു വന്നു. പ്രളയം വന്നപ്പോൾ തോളോട് തോൾ ചേർന്ന് പ്രവൃത്തിച്ചവരുടെ ജാതിയും മതവും പ്രായവും വിശ്വാസവും നമ്മുടെ വിഷയങ്ങളായിരുന്നില്ല. അവരെ പുകഴ്ത്തുന്നതിലും വാഴ്ത്തുന്നതിലും നമ്മുടെ പൊതുബോധം ഒട്ടും പിശുക്കു കാട്ടിയിരുന്നില്ല. എന്നാൽ ഒറ്റ വിധിയിലൂടെ അതുക്കെ വെറും നാട്യങ്ങളായിരുന്നു എന്നു തെളിയിക്കുന്നതിൽ നാം വിജയിച്ചു. ഒരിടത്തും പോകാതെ കുറ്റിയിൽ കെട്ടിയിട്ട പശുമാത്രമാണ് നാം എന്ന് അനുദിനം നാം തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

വിശ്വാസം, ആചാരം ഇതൊക്കെ ആർക്ക് വേണ്ടിയുള്ളതാണ് എന്നതാണ് ഒന്നാമത്തെ വിഷയം. രണ്ടാമത്തെ വിഷയം വിശ്വാസത്തെ തടയാൻ, അവകാശങ്ങളെ നിഷേധിക്കാൻ ആർക്കാണ് അധികാരം എന്നതാണ്. മൂന്നാമത്തേത് വിശ്വാസത്തെ സ്കെയിലും മുഴക്കോലും കൊണ്ട് അളക്കാൻ കഴിയുമോ എന്നുള്ളതാണ്. കൃത്യമായ ഉത്തരം തരുന്ന തലത്തിലേക്കു നാം ഉയർന്നിട്ടില്ല എന്നതാണ് വാസ്തവം. ശബരിമലയിൽ സ്ത്രീകൾക്ക് പ്രവേശിക്കാം എന്ന വിധി വന്നപ്പോൾ ആദ്യം എതിർത്തത് കേരളത്തിലെ സ്ത്രീകൾ തന്നെയാണ്. അവരെ തെരുവിലേക്ക് ഇറക്കിവിടുന്നതിൽ ഇവിടുത്തെ വലതുപക്ഷ രാഷ്ട്രീയ പാർട്ടികൾക്ക് പങ്കില്ല എന്ന് അതുകൊണ്ട് അർത്ഥമില്ല. എന്നിരുന്നാലും വ്യക്തമായ രാഷ്ട്രീയബോധമോ ചിന്തകളോ ഒന്നുമില്ലാത്ത സാധാരണക്കാരായ നിരവധിപേർ അവരുടെ വിശ്വസം സംരക്ഷിക്കാൻ പുറത്തേക്കിറങ്ങിയെന്നതാണ് സത്യം. ഇടതുപക്ഷത്തിന് ഒഴിഞ്ഞുമാറാൻ പറ്റുന്ന വിഷയമല്ലിത്.

ക്ഷേത്രപ്രവേശന വിളംബരം കേവലം ചിത്തിരതിരുനാളിന്റെ ഔദാര്യമായിരുന്നില്ല. മറിച്ച് അമ്പതുവർഷത്തെ നിലമൊരുക്കലിന്റെ ഫലം കൂടിയായിരുന്നു. മണ്ണൊരുക്കി, തടമെടുത്ത് ഉഴുതുമറിച്ച മണ്ണിലേക്കാണ് കായ്‌ഫലം ഏറെയുള്ള ആ വിത്ത് വീണത്. അതുകൊണ്ടാണ് അതിനു തഴച്ചുവളരാൻ കഴിഞ്ഞത്. ശബരിമല സ്ത്രീ പ്രവേശനവിഷയത്തിൽ ഇടതു പാർട്ടികൾ അഞ്ചുപൈസയുടെ അധ്വാനം നടത്തിയിട്ടില്ല. അതിനുവേണ്ട മുന്നൊരുക്കങ്ങൾ നടത്തിയിട്ടില്ല. പന്ത്രണ്ടുവർഷമായി കോടതിയിൽ കിടക്കുന്ന വിഷയമാണെന്നറിയാമായിരുന്നിട്ടും വോട്ട്ബാങ്ക് രാഷ്ട്രീയം ഭയന്ന് ഈ വിഷയം മിണ്ടിയിട്ടില്ല. അതായത് പൊതുബോധം വളർത്താൻ അവർക്കു കഴിഞ്ഞിട്ടില്ലെന്ന് സാരം. ആരോ കൊടുത്ത ഹർജിയിൽ കോടതി വിധി പറയുമ്പോൾ , അത് നടപ്പിലാക്കേണ്ട ഉത്തരവാദിത്തം മാത്രമേ സർക്കാരിനുള്ളൂ എന്ന് പറയുന്നതിൽ അർത്ഥമില്ല. ഓരോ തവണയും ഈ വിഷയത്തിൽ സർക്കാർ പരാജയപ്പെടുന്നതാണ് കണ്ടത്. ഒപ്പം എരിതീയിൽ എണ്ണ പകരുമ്പോലെ മന്ത്രിമാർ പറയുന്ന വിടുവായത്തങ്ങളും. കടകംപള്ളി സുരേന്ദ്രന്റെ നിലപാട് കൃത്യതയുള്ളതായിരുന്നു. എന്നാൽ അസ്ഥാനത്ത് കയറി അഭിപ്രായം പറയുന്ന ജി.സുധാകരന്റെ നിലപാട് പരിഹാസ്യവും. ഇതിനിടയിൽ പുര കത്തുന്നത് കണ്ട വാഴ വെട്ടാൻ തുനിഞ്ഞ ഹിന്ദുത്വവാദികളും. ഒപ്പം സ്വന്തം കൊടി പണയം വച്ച് പ്രക്ഷോഭത്തിനിറങ്ങിയ കോൺഗ്രസ്സുകാരും.

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാർ ആദ്യം ചെയ്യേണ്ടിയിരുന്നത് ഒരു സർവകക്ഷിയോഗം വിളിക്കുകയായിരുന്നു. ഒപ്പം ആചാര്യ ശ്രേഷ്ടന്മാരെയും അതുപോലെയുള്ള പണ്ഡിതന്മാരെയും വിളിച്ച് അഭിപ്രായ സമന്വയത്തിലെത്തണമായിരുന്നു. ഒരുമാസത്തിനകം നടപ്പിലാക്കേണ്ട ഒന്നായിരുന്നില്ല ഈ വിധി. അത് നടപ്പിലാക്കാൻ ആവശ്യമായ സമയം ചോദിക്കാമായിരുന്നു. പ്രളയം കഴിഞ്ഞതുകൊണ്ട് അതിനു അനുകൂലമായി കോടതി വിധി വരുമെന്നുറപ്പാണ്. മണ്ഡലകാലം വരെയെങ്കിലും അതിനായി കാക്കാമായിരുന്നു. വിശ്വാസികളെ കൂട്ടത്തോടെ ഹിന്ദുത്വവാദികളുടെ പാളയത്തിലേക്ക് തെളിക്കുന്നതിനേക്കാൾ എത്രയായ നല്ലതാകുമായിരുന്നു അങ്ങനൊരു തീരുമാനം. എന്നാൽ അതുണ്ടായില്ല. ഇനിയെങ്കിലും ഭരണകൂടം ഉണർന്നു പ്രവർത്തിക്കണം. വിശ്വാസികളുടെ വിശ്വാസം സംരക്ഷിക്കപ്പെടണം. ആരുടെയും നെഞ്ചത്ത് ചവിട്ടിക്കൊണ്ട് നടത്തേണ്ട ഒന്നല്ല ആക്ടിവിസം. ശബരിമല ക്ഷേത്രം ഐ.എഫ്.എഫ്.കെ നടക്കുന്ന സ്ഥലമല്ല . കുറച്ച പേർ അവരുടെ വികാരമായി കാണുന്ന, പവിത്രമായി കാണുന്ന ഒന്നാണ്. അവിടേക്കാണ് ആക്ടിവിസ്റ്റുകൾ ഇടിച്ചുകേറാൻ നോക്കിയത്. അവരെ സംരക്ഷിക്കാൻ പോലീസ് നിന്നു കൊടുക്കേണ്ട കാര്യമില്ല. എന്നാൽ വിശ്വാസത്തോടെ വരുന്ന സ്ത്രീകളെ സംരക്ഷിക്കേണ്ട കടമ പോലീസിനുണ്ട്.

ഈ നാട്ടിൽ ഇന്നും ഇടതുപക്ഷത്തിലുള്ള വിശ്വവും നഷ്ടപ്പെട്ടില്ല. അത് ഹൃദയപക്ഷമാവണം. ഹൃദയം വികാരവും വിചാരവും വിവേകവും ഉള്ളതാവണം. അതിനാൽ ഹൃദയപക്ഷത്തുനിന്നുള്ള തീരുമാനത്തിലേക്കാവണം നമ്മുടെ നോട്ടമെത്തേണ്ടത്.

അനീഷ് തകടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!