ഭ്രൂണവിലാപം


ദൈവീകമായ ചിന്തകളാല്‍ മനസ്സിനേയും, ശരീരത്തെയും സമന്വയിപ്പിച്ചു ഉത്തമമായ ഒരു സൃഷ്ടി പരമ്പരയെ ലോകത്തിനു സമര്‍പ്പിക്കുവാനായിരുന്നോ?  അതോ പരമ്പര അറ്റ് പോകാതിരിക്കുവാന്‍വേണ്ടി മനസ്സില്ലാമനസ്സോടെ സൃഷ്ടി കര്‍മ്മത്തില്‍ ഏര്‍പ്പെട്ടതാണോ? അതോ നൈമിഷികമായ വികാര സംതൃപ്തിക്കുവേണ്ടി ഏര്‍പ്പെട്ട ഒരു പ്രക്രിയയില്‍ അബദ്ധ ജന്മമായി, ഗൃഹത്തിനും സമൂഹത്തിനും ഉപദ്രവകാരിയായി വര്‍ത്തിക്കുവാന്‍  വേണ്ട പരിശീലനം സിദ്ധിച്ച ഒരു ഭസ്മാസുര ജന്മത്തെയാണോ അമ്മേ നിങ്ങള്‍ എന്നിലൂടെ ആഗ്രഹിച്ചത്?

 എന്റെ പിതാവിന്റെ ഓജസ്സും, നീരും ബീജമായി മാറി അമ്മയുടെ ഗര്‍ഭപാത്രം ഏറ്റുവാങ്ങുമ്പോള്‍ ഓര്‍ക്കണമായിരുന്നു അത് രണ്ടു വ്യക്തികളുടെ കൂടിച്ചേരലല്ലായിരുന്നു, മറിച്ച് രണ്ടു സംസ്‌കാരങ്ങളുടെ ശതവര്‍ഷങ്ങള്‍ പഴക്കം ചെന്ന സ്മൃതിയും, അറിവും, സ്വപ്നങ്ങളും ചേര്‍ന്നുണ്ടായ ഉറവയില്‍നിന്നുയര്‍ന്നുവന്ന മനോഹരമായ ഒരു സൃഷ്ടികര്‍മ്മത്തിന്റെ അനന്തരഫലം ആയിരുന്നു ഞാനെന്നു. അതിനെയെല്ലാം മനഃപൂര്‍വ്വം ചവറ്റുകൊട്ടയിലേക്ക് വലിച്ചെറിഞ്ഞു നിങ്ങളില്‍ ഇന്ന് ഉറവകൊണ്ട പുത്തന്‍ അറിവുകളുടെയും, അറിവില്ലായ്മയുടെയും വിഷബീജങ്ങള്‍  എന്നിലേക്ക് പൊക്കിള്‍ ക്കൊടി വഴി കുത്തിയിറക്കുകയും ചെയ്തിട്ട് എത്ര വഴിപാടുകള്‍ നേര്‍ന്നാലും ഒരു ഈശ്വരരൂപിയും നിങ്ങള്‍ക്ക് തുണയായി വരുകില്ല എന്നോര്‍ക്കണം. നൂറ്റാണ്ടുകളുടെ പഴക്കം ചെന്ന സ്മൃതിയും പൈതൃകവും എന്നിലേക്ക് സന്നിവേശിപ്പിക്കുവാതിരിക്കുവാന്‍ സാധിക്കാതെ ഗര്‍ഭാവസ്ഥയില്‍ തന്നെ കൂമ്പടയുന്ന ഒരു ജന്മമായി ഞാന്‍ മാറിയിരിക്കും. പൂര്‍വ്വികര്‍ ചെയ്ത കര്‍മ്മദോഷത്തിന്റെ ഫലമാണോ, എന്താണെറിയില്ല സ്രവം വിറങ്ങലിച്ചുനില്‍ക്കുന്ന  ഈ ഇരുണ്ടപാത്രത്തിന്‍ ഞാന്‍ വളരുകയാണോ? തളരുകയാണോ?

അമ്മയുടെ അറിവുകളിലൂടെയും, ചിന്തകളിലൂടെയും എന്റെ ബുദ്ധിയേയും മനസ്സിനെയും, പൊക്കിള്‍കൊടിയിലൂടെ എന്റ ശരീരത്തെയും ഊര്‍ജ്ജം നല്‍കി പരിപോഷിപ്പിച്ചു എന്നെ ഞാനാക്കുവാന്‍ വെമ്പല്‍കൊള്ളുമ്പോള്‍ ഒന്നേ ഞാന്‍ ആഗ്രഹിക്കുന്നുള്ളൂ ഞാന്‍ പൂര്‍ണ്ണ വളര്‍ച്ച പ്രാപിക്കും വരെ സ്‌നേഹവും, കരുണയും, ശുഭചിന്തകളും മാത്രം നിറഞ്ഞ ഒരു മനസ്സും, ഹൃദയവും അമ്മയില്‍ അന്യംനിന്നു പോകരുതേ എന്ന്,  മറിച്ചാണെങ്കില്‍ ഞാന്‍ ഞാനല്ലാതെ ആകുകയും, ദുഷ്ടചിന്തകളുടെ കൂടാരമായി ഞാന്‍ ഭൂജാതന്‍ ആകുകയും അനന്തരം എന്റെ കര്‍മ്മം ലോകത്തിനു ഹാനികരമായി മാറുകയും ചെയ്യും.

അമ്മേ, അമ്മയുടെ ഗര്‍ഭാശയത്തിലെ നീല ഞരമ്പുകള്‍ പോലും കാണുവാന്‍ കഴിയാതെ പത്തുമാസക്കാലം ആ ശരീരത്തിന്റെ ഒരു ഭാഗമായിത്തന്നെ മറ്റൊരു ജീവനായി ഞാന്‍ കുടികൊള്ളുമ്പോള്‍ എന്റെ ലിംഗനിര്‍ണയത്തെ കുറിച്ചെന്തേ ഇത്ര വേവലാതിപ്പെടുന്നു!  നിങ്ങള്‍ പരസ്പരം കൈമാറുന്ന വാക്കുകള്‍ എന്നില്‍ ഉള്‍ക്കിടിലം പടര്‍ത്തുന്നു, നിങ്ങള്‍ അറിയുന്നില്ല  നിങ്ങളുടെ സംഭാഷണങ്ങള്‍ ഞാന്‍ അറിയുന്നുണ്ടെന്നുള്ളത്, നിങ്ങള്‍ ഏതു ലിംഗത്തില്‍ ഉള്ള ഒരു കുഞ്ഞിനെയാണോ ആഗ്രഹിക്കുന്നത് ആ ആഗ്രഹത്തിന് വിരുദ്ധമായി ഉണ്ടാകുന്ന കുഞ്ഞിനെ നിഗ്രഹിക്കുവാന്‍ തീരുമാനിക്കുമ്പോഴും ഒന്നോര്‍ക്കുക ലിംഗവ്യക്തിത്വം സിദ്ധിച്ചു വരുന്ന ഞാന്‍ മൃത്യുവിനെ ഭയന്നു പരിണാമം പ്രാപിക്കുവാന്‍ വെമ്പല്‍ കൊള്ളുകയും അതിന്‍ഫലമായി ഇരുലിംഗത്തിലും പെടാത്ത ഒരു ജന്മമായി ജനിക്കുകയും ചെയ്യുന്നു.  എത്ര ഭയാനകമാണ് നിങ്ങളുടെ ചിന്തകളുടെ ഫലം.  എന്നെ അതേപടി സ്വീകരിക്കുവാന്‍ കൂട്ടാക്കാത്ത നിങ്ങളുടെ മനസ്സ് അസ്വസ്ഥതയുടെ നെരിപ്പോടിലേക്കു എന്നെ വലിച്ചെറിയുകയും അതില്‍ഫലമായി ഞാന്‍ അമ്മയുടെ ഗര്‍ഭപാത്രത്തില്‍ നടത്തുന്ന ശൈവതാണ്ഡവത്തെ എന്റെ സന്തോഷപ്രകടനമായി തെറ്റിദ്ധരിച്ചു മാതാവും പിതാവും ആകാനുള്ള വ്യഗ്രതയില്‍ അഹങ്കരിച്ചു നില്‍ക്കുമ്പോളും  ഓര്‍ക്കുക എന്റെ വ്യക്തിത്വം നശീകരിക്കപ്പെട്ടു കഴിഞ്ഞു എന്ന്.

ഭാഗ്യാന്വേഷികളായി നിങ്ങള്‍ ഈശ്വരസന്നിധിയിലും പ്രവാചകസന്നിധികളിലും മാറി മാറി വഴിപാടുകളും, പൂജകളും ചെയ്തു നല്ല നക്ഷത്രവും, കാലവും കുറിച്ച് മൂപ്പെത്താന്‍ അനുവദിക്കാതെ എന്നെ പുറംലോകത്തെക്കു ആനയിക്കുമ്പോള്‍ ഒന്നോര്‍ക്കുക ഞാന്‍ അറിവുകളിലും ബുദ്ധിയിലും പൂര്‍ണ്ണവികാസം പ്രാപിച്ചില്ലായിരുന്നു എന്ന് എന്റെ അവസ്ഥ ഗര്‍ഭപാത്രത്തില്‍ നി്ന്ന് കിട്ടിയ അര്‍ദ്ധഅറിവുകളോടെ ഭൂജാതനായ അഭിമന്യുവിന്റെ ജന്മത്തിനോട് തുലനം പ്രാപിച്ചതായിരുന്നു എന്ന്.  അതിനാല്‍ ജീവിതമാകുന്ന പത്മവ്യൂഹത്തില്‍ അകപ്പെട്ടു തിരികെ വരാനാകാത്തവണ്ണം കിരാതന്മാരുടെ കൈയ്യില്‍ അകപ്പെട്ടു മരണത്തെ പുല്‍കുകയെ നിവര്‍ത്തിയുള്ളൂ.

ലോകത്തിനു വിനാശകാരി ആകുവാന്‍ ഉതകുന്ന ഒരു ജന്മം എന്നില്‍ അടിച്ചേല്‍പ്പിക്കരുതെ അമ്മേ, മുളയിലെ തന്നെ എന്നെ പിഴുതെറിഞ്ഞോളൂ, ഞാന്‍ ഒരിക്കലും നിങ്ങളെ ശപിക്കില്ല, കൃതാര്‍ത്ഥതയോടെ ഞാന്‍ പ്രാര്‍ത്ഥിക്കാം എനിക്ക് ശേഷം പിറക്കുവാന്‍ പോകുന്ന സഹോദരങ്ങള്‍ക്കുവേണ്ടി  പ്രത്യുത്പാദനപ്രക്രിയയില്‍ ഏര്‍പ്പെടുമ്പോള്‍  നിങ്ങളില്‍ സ്‌നേഹവും, കാരുണ്യവും, സത്ബുദ്ധിയും, സത്ചിന്തയും നിറഞ്ഞുനില്‍ക്കണം.  ഭ്രൂണാവസ്ഥയില്‍ മൃത്യു കൈവരിക്കേണ്ടിവന്ന എന്റെ പിന്‍മുറക്കാരോടൊപ്പം ഞാന്‍ ഒരു താരകരാജകുമാരനായി പിറവിയെടുത്തു ഈ അനന്തവിഹായസ്സിലേക്ക് യാത്രയാകുകയാണ്.  ഇനിയും പിറന്നിട്ടില്ലാത്ത ഞങ്ങളുടെ സഹോദരര്‍ക്കുവേണ്ടി പ്രാര്‍ത്ഥിച്ചുകൊണ്ട് മിഴികള്‍ ചിമ്മി ഞങ്ങള്‍ കാത്തിരിക്കുന്നുണ്ടാകും. ഞങ്ങളുടെ നിറമിഴികളില്‍ നിന്നും പൊടിയുന്ന ആശ്രുകണങ്ങള്‍ ഹര്‍ഷബാഷ്പങ്ങളായി ഭൂമിയില്‍ പതിയ്ക്കുമ്പോള്‍ അമ്മമാരേ നിങ്ങളോര്‍ക്കുക  ഭൂമിയില്‍ വേപഥുപൂണ്ടുകിടക്കു ബീജഗണങ്ങള്‍ക്ക്, ഞങ്ങളുടെ പിറക്കാനിരിക്കു സഹോദരര്‍ക്ക്, സമര്‍പ്പിക്കുന്ന ഞങ്ങളുടെ രക്തസാക്ഷിത്വത്തിന്റെ അശ്രുകണങ്ങളാല്‍ പൊതിഞ്ഞ അനുഗ്രഹപുഷ്പങ്ങളാണിവയെന്ന്.  ഈ ഭ്രൂണവിലാപം കേട്ടില്ല എന്ന് നടിക്കരുതേ അമ്മമാരേ…
ഒരിക്കല്‍കൂടി കണ്ണീരില്‍കുതിര്‍ യാത്രാമൊഴി. വിട.. ശാന്തി…. ശാന്തി….

 

ബിജു നാരായണന്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!