പുത്രകാമേഷ്ടി

കോളേജിൽ പഠിക്കുമ്പോഴേ ഉള്ള അടുപ്പമാണ് വിനോദിന് സുനന്ദയോട്. എപ്പോഴും ചിരിച്ച മുഖവുമായി ക്യാമ്പസിൽ പാറിനടന്ന സുന്ദരിക്കുട്ടി. അയാൾക്കവളെ ഇഷ്ടമായിരുന്നു. ഒരു വൺവേ ലൈൻ. പലവട്ടം തൻ്റെ പ്രണയാഭ്യർത്ഥന നിരസിച്ചിട്ടും വിനോദ് സുനന്ദയെ പ്രണയിച്ചു. പിന്നീട് ഡിഗ്രി കഴിഞ്ഞ് രാഷ്ട്രീയം തലക്കുപിടിച്ച് സമരവും ഇലക്ഷനും ഒക്കെയായി തല്ലും പിടിയും കൂടി നടക്കുന്ന സഖാവ് വിനോദിന് പെണ്ണുതരാൻ മനസ്സില്ലാന്ന് പറഞ്ഞ സുനന്ദയുടെ അച്ഛനെ തെറ്റു പറയാൻ കഴിയില്ലെന്നായിരുന്നു പെണ്ണുചോദിക്കാൻ പോയ അച്ഛൻ്റേയും അമ്മാവൻ്റേയും നിലപാട്.
അന്നുണ്ടായ നാണക്കേടിൽ വിഷമിച്ച അച്ഛന് അമ്മാവൻ കൊടുത്ത വാക്കായിരുന്നു വിനോദിനെ നന്നാക്കിക്കോളാമെന്ന്. അന്ന് മുതൽ ഷിപ്പായാർഡിൽ ജോലിയായിരുന്ന അമ്മാവൻ്റെ കൂടെ വിനോദ് കൊച്ചിയിൽ താമസം തുടങ്ങി…

അമ്മാവൻ അച്ഛനുകൊടുത്ത വാക്കു പാലിക്കപ്പെട്ടു… വിനോദ് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടി… നല്ലൊരു ജോലിയും. പക്ഷെ വിവാഹം മാത്രം നടക്കാതെ പോയി. സുനന്ദയുടെ കല്ല്യാണം കഴിഞ്ഞത് അയാൾ അറിഞ്ഞിരുന്നു. കാലമൊരുപാട് കഴിഞ്ഞിട്ടും മറ്റൊരു പെൺകുട്ടിയും അയാളുടെ ചിന്തയിൽ വന്നില്ല… അല്ലെങ്കിൽ അയാൾ തൻ്റെ പ്രണയ നഷ്ടത്തിൻ്റെ സുഖമുള്ള ഒഴുക്കിലായെന്നതാവും ശരി.
ചിലപ്പോഴെങ്കിലും നഷ്ടങ്ങൾ ഒരു നോവുള്ള സുഖമാണ്… നേടിയാൽ നഷ്ടമായേക്കുന്ന സുഖം!
കുറേകാലത്തിനു ശേഷം അയാളുടെ ഓഫീസിൽ സ്ഥലം മാറ്റം കിട്ടി വന്ന സുനന്ദയെ കണ്ടപ്പോൾ പഴയ പ്രണയത്തിൻ്റെ ഓർമ്മകൾക്കു സുഖം കൂടിയതായി തോന്നിയെങ്കിലും അയാൾ പുറമേ…എല്ലാം മറച്ചു….
വിവാഹം കഴിഞ്ഞ് പത്ത് പന്ത്രണ്ട് വർഷം കഴിഞ്ഞിട്ടും സുനന്ദക്കു കുട്ടികൾ ഇല്ല എന്ന് ഓഫീസിലെ ന്യൂസ് പേപ്പർ എൽദോ പറഞ്ഞാണ് വിനോദ് അറിഞ്ഞത്.

കവിൾത്തടങ്ങളിലെ കരിവാളിപ്പൊഴിച്ചാൽ അവളുടെ സൗന്ദര്യത്തിന് കാര്യമായി കോട്ടമൊന്നും സംഭവിച്ചിട്ടില്ലായിരുന്നു. വിടർന്ന കൺകോണുകളിൽ ഒരു കണ്ണീർപ്പാട് സദാ നിഴലിച്ചു കിടക്കുന്നുണ്ടെന്ന് വിനോദിന് സംശയം തോന്നി.

“കുട്ടികളുണ്ടാവാത്തതിൻ്റെ പേരിൽ അവരുടെ വീട്ടിൽ എന്നും പ്രശ്നാണ്. പാവം അവരെ ഭർത്താവ് നല്ലോണം ഉപദ്രവിക്കുംന്നാ കേട്ടത്”.
– ഒടുവിൽ എൽദോ ആ കരിവാളിപ്പിൻ്റ കാരണം കണ്ടെത്തി.
ഓഫീസിൽ ഉദ്യോഗസ്ഥരെല്ലാം റസ്റ്റ് റൂമിൽ ഒന്നിച്ചിരുന്നാണ് ഉച്ചഭക്ഷണം കഴിക്കാറ്. അങ്ങനെ സുനന്ദയെ എതിർനിരയിൽ കിട്ടുന്ന ദിവസങ്ങളിലെല്ലാം അയാളവളെ സൂക്ഷ്മമായി നിരീക്ഷിച്ചു.ഇടക്കിടക്ക് അവളുടെ മുഖത്തെ കരിവാളിപ്പു കൂടിവന്നു…. കൈയ്യിലും കഴുത്തിലും ചില നീലച്ച തിണർത്ത പാടുകളും.
അങ്ങനെയുള്ള ദിവസങ്ങളിൽ വിനോദ് ഉറങ്ങിയില്ല.
‘ആ പാട്..?’അയാളോർക്കും. അയാളുടെ നെഞ്ചു പിടയും…പിന്നെ സിരകളിൽ പടരുന്ന ലഹരിയുടെ കയത്തിലേക്കയാൾ എടുത്തുചാടും…ഇടക്കിടക്ക് നിലകിട്ടാതെ ആ കയത്തിലയാൾ മുങ്ങിപ്പോകും. പിറ്റേന്ന് നേരം വെളുക്കുമ്പോൾ ചത്ത് പൊങ്ങും!

അങ്ങനെ ചത്ത് പൊങ്ങുമ്പോഴൊക്കെ ഷവറിനു ചുവട്ടിൽ കാത്തുനിന്ന വിനോദിൻ്റെ ആത്മാവ് അയാളെ തിരികെ ഈ ലോകത്തേക്ക് കൂട്ടിക്കൊണ്ടു വന്നിരുന്നു.
അന്ന് ഓഫീസിലെ സെറൊക്സ് മെഷിനിനടുത്തു വച്ച് അപ്രതീക്ഷിതമായി കണ്ണുകൾ തമ്മിൽ കൂട്ടിമുട്ടിയപ്പോൾ വിനോദ് സുനന്ദയോട് ചോദിച്ചു-
‘നിനക്കു അയാളോട് ഡൈവോഴ്സ് വാങ്ങിക്കൂടെ?’
‘എന്നിട്ടോ?’-അവളുടെ കണ്ണിലെ ചോദ്യഭാവം അയാൾ കണ്ടു.
‘നീ മറ്റൊരു വിവാഹം കഴിച്ച് സുഖമായി കഴിയണം.’
വിനോദ് പറഞ്ഞു വരുന്നത് എന്താണെന്ന് സുനന്ദക്കു മനസ്സിലായെങ്കിലും അവൾ മറുപടിയൊന്നും പറഞ്ഞില്ല. വിനോദൊരു നഷ്ടമാണെന്ന് അവളതിനകം മനസ്സിലാക്കിയിരുന്നു.
വൈകീട്ടു വീട്ടിൽ ചെന്നു കേറിയപ്പോൾ മുതൽ മാധവിഅമ്മ അവളെ പ്രാകാൻ തുടങ്ങിയിരുന്നു
‘ൻ്റെ മോൻ്റെ ജീവിതം ഈ മച്ചീടെ കയ്യിലായല്ലോ തമ്പുരാനേ….’
ഒരു കുഞ്ഞില്ലാത്തതിൻ്റെ പേരിൽ ഗൈനക്കോളജിസ്റ്റിനെ കാണിച്ചപ്പോഴെല്ലാം തനിക്കോരു കുഴപ്പവും ഇല്ലന്ന് സുനന്ദ അറിഞ്ഞതാണ് എന്നാലും അവൾ ഒന്നും മിണ്ടിയില്ല. സഹികെട്ട് തനിക്കൊരു കുഴപ്പവുമില്ലെന്ന് മനോജിനോട് പറഞ്ഞപ്പോഴൊക്കെ ‘എന്നാ നീ പെറുവോ നോക്കാടീ…’എന്നും പറഞ്ഞ് അയാളവളെ ക്രൂരമായി പീഢിപ്പിച്ചിരുന്നു. അന്നും അതുതന്നെ ആവർത്തിച്ചു. അന്നു രാത്രി അവൾ ഉറങ്ങിയില്ല. നേരം വെളുക്കുവോളം വിനോദിൻ്റെ ചോദ്യങ്ങളിലെ ഓരോ വാക്കും അവൾ ചികഞ്ഞുകേണ്ടേയിരുന്നു…

പിറ്റേന്ന് രാവിലെ ലഹരിക്കയത്തിൽ ചത്തുപൊങ്ങി കിടക്കുകയായിരുന്ന വിനോദ് ഒരു കോളിങ് ബെൽ കേട്ട് ചെന്ന് വാതിൽ തുറന്നപ്പോൾ സുനന്ദയെ ആണു കണ്ടത്. ഒന്നും മിണ്ടാതെ പൊട്ടിക്കരഞ്ഞുകൊണ്ട് അവൾ അകത്തേക്ക് കയറി. അയാളുടെ സിരകളിൽ തൻ്റെ പ്രിയപ്പെട്ടവളോടുള്ള പ്രണയം നുരഞ്ഞു പൊങ്ങി.
വാതിൽ തുറന്ന് പുറത്തിറങ്ങിയ അവൾ കണ്ണുകൾ ഒരു നിമിഷം ഇറുക്കിയടച്ചു. തിരിഞ്ഞുപോലും നോക്കാതെ അവൾ നടന്നകലും മുമ്പേ ഇനിയൊരിക്കലും തേടിവരില്ലെന്ന് അയാളോടും പറഞ്ഞിരുന്നു.
തൊട്ടടുത്തമാസം അവളുടെ അടിവയറ്റിലെ നോവ് ഒരു ജീവൻ്റെ തുടുപ്പിന് വഴിമാറി. സുനന്ദയുടെ മുഖത്തും ദേഹത്തും കരിവാളിച്ച പാടുകൾ ഇല്ലാതായി. ഓഫീസ്സിൽ വരുന്നതും തിരിച്ചു പോകുന്നതും ഇപ്പോൾ മനോജിൻ്റെ കൂടെയാണ്. എന്നാലും അവളുടെ കണ്ണിലെ കണ്ണീർപ്പാട് മാത്രം ഒരിക്കലും മാഞ്ഞില്ല. പിന്നീടുള്ള ദിവസങ്ങളിൽ ഉച്ചഭക്ഷണ സമയത്ത് വിനോദിൻ്റെ നോട്ടം സുനന്ദയുടെ അടിവയറ്റിനു നേരെയായിരുന്നു….

ശിവകാമി അമൃത

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!