പുണർതവും പൂയവും വ്യാകുലമാതാവും

ഈ കുറിപ്പെഴുതുന്നത്  2017 ഓഗസ്റ്റ് 28, രാത്രി ഒൻപതുമണിക്കാണ്. കൃത്യം ഒരുവർഷം മുന്നേ, ഇതേ തീയതിയിൽ ഇതേസമയം ഹോസ്പിറ്റലിൽ ഞങ്ങൾ ‘അച്ഛനും അമ്മയു’മാകാൻ നിമിഷങ്ങൾ എണ്ണി കാത്തിരിക്കുകയായിരുന്നു. ഇടയ്ക്കിടെ സഹധർമ്മിണിയുടെ വയറിലെ തുള്ളിച്ചാട്ടങ്ങളിൽ ആത്മനിർവൃതി കണ്ടെത്തി ഞങ്ങൾ പരസ്പരം പുഞ്ചിരിച്ചു. നാളെ, ആഗസ്റ്റ് 29 നാണ് ഞങ്ങളുടെ ‘അതിഥി’യെത്തുന്നത്. സിസേറിയൻ വേണ്ടിവരുമെന്ന് നേരത്തെ തന്നെ ഡോക്ടർ പറഞ്ഞിരുന്നതിനാൽ മാനസികമായി ഞങ്ങൾ തയ്യാറെടുത്തുകഴിഞ്ഞിരുന്നു. ‘മോനാ’യിരിക്കുമെന്ന് അടിയുറച്ച് വിശ്വസിച്ച് അവളും തലേദിവസം മാത്രം നട്ട പിച്ചകത്തിന്റെ പൂക്കൾ ‘മോൾ’ക്കുള്ളതാണെന്നു ഞാനും തമാശപറഞ്ഞ് സമയം തള്ളിനീക്കി.

രാവിലെ മുതൽ ബന്ധുജനങ്ങളുടെ പ്രവാഹമായിരുന്നു. നാളത്തെ നക്ഷത്രമാണ് ഏവരുടെയും സംസാരവിഷയം. ‘ഉച്ചക്ക് പതിനൊന്നിനു മുന്നെയായിരുന്നേൽ പുണർതമാകുമായിരുന്നു, അതുകഴിഞ്ഞാൽ പിന്നെ പൂയമാണ്. ആ നാളു കൊള്ളില്ല. അച്ഛനുദോഷമാണ്.’ ഇതൊന്നും ഞങ്ങളെ ബാധിക്കുന്ന വിഷയമേയല്ലെന്ന മട്ടിൽ അതിനെയൊക്കെ തള്ളി. ഡോക്ടറോട് പറഞ്ഞാൽ നേരത്തെയാക്കി ‘പുണർതം പിറന്ന ഉണ്ണി’യാക്കിമാറ്റാമെന്ന നിർദ്ദേശവും വന്നു. ചോദ്യരൂപത്തിൽ എന്നെ നോക്കിയ സഖാവിനോട് ഞാൻ പറഞ്ഞു.

‘എടീ നമ്മുടെ കല്യാണം പോലും നാളുനോക്കിയായിരുന്നില്ല , പിന്നെയാണോ പ്രസവം? പൂയം കൊണ്ടുള്ള ദോഷം നമുക്കങ്ങു സഹിക്കാം.’

ആ മറുപടിയിൽ അവൾ ‘ഹാപ്പി’യായി. ഇതിനിടെ ഒരന്വേഷണത്തിൽ അറിഞ്ഞു, നാളെ നാലു സിസേറിയൻ ഉണ്ട്. രണ്ടെണ്ണം പുണർതം ‘കിട്ടാൻ’ വേണ്ടി വെളുപ്പിനാണ് തീരുമാനിച്ചിരിക്കുന്നത്. ഒരെണ്ണം നാലുമണിക്കും മറ്റേത് ആറുമണിക്കും. നമ്മുടെ സമയം പന്ത്രണ്ടിനാണ്. ഇടയ്ക്ക് ഒരെണ്ണം കൂടിയുണ്ട്. അതിന്റെ സമയം തീരുമാനമായിട്ടില്ല.

രാത്രി പത്തുമണിയായിക്കാണും വാതിലിൽ ഒരു മുട്ടൽ. തുറന്നുനോക്കുമ്പോൾ അതാ നിറവയറുമായി അടുത്തമുറിയിലെ ‘മാതാവ്’ ! അകത്തേക്ക് ക്ഷണിച്ച് ഇരിക്കാൻ കസേരയൊക്കെ കൊടുത്തിട്ടും അവളിരുന്നില്ല. ആകെ പരിഭ്രമത്തിലാണ് മേൽപറഞ്ഞ കക്ഷി.

‘എന്തുപറ്റി? ഇങ്ങനെ ടെൻഷനാവാതെയിരിക്ക്. ഇതൊക്കെ പെട്ടെന്നങ്ങുകഴിയും. സന്തോഷമായിട്ടിരിക്ക്.’ പത്തുപെറ്റ അനുഭവമുള്ളപോലെ എന്റെവക ഉപദേശം. നോ രക്ഷ!  ഒടുവിൽ വിഷയത്തിലേക്ക് വന്നു.

‘ചേട്ടാ നാളെ എനിക്ക് പറഞ്ഞിരിക്കുന്നത് ഉച്ചക്ക് ശേഷമാണ്. പലരും പറയുന്നു പൂയം നല്ല നാളല്ലെന്ന്. എനിക്ക് ആകെ പേടിയാവുന്നു. കുഞ്ഞിനെന്തെങ്കിലും കുഴപ്പം ഉണ്ടാകുമോ? നിങ്ങൾ ആരോടെങ്കിലും ഇതിനെക്കുറിച്ച് അന്വേഷിച്ചോ? നിങ്ങളുടെ സമയം പന്ത്രണ്ടിനാണെന്നറിഞ്ഞു. നിങ്ങൾക്കും ഈ പ്രശ്‌നം വരില്ലേ? കുഞ്ഞിന്റെ ഭാവിയല്ലേ വലുത്?’

ഇങ്ങനെ അവൾ സംശയങ്ങളുടെയും സന്ദേഹങ്ങളുടെയും കെട്ടുകൾ അഴിച്ചുപുറത്തിട്ടു.
ജ്യോതിഷത്തിലൊന്നും ഒരുകാര്യമില്ലെന്ന എന്റെ ഉപദേശം ഒട്ടും ഏശിയില്ലെന്നു മാത്രമല്ല, മറുഭാഗത്തിന്റെ വാദം കടുപ്പമുള്ളതുമായിരുന്നു. അതുവരെ എല്ലാം നിസാരമായിക്കണ്ട എന്റെ സഖാവിന്റെ കണ്ണിലും ആശങ്കയുടെ കരിനിഴൽ അതിവേഗം പടരുന്നുണ്ടെന്നു മനസിലായി. ഞാൻ രണ്ടും കൽപ്പിച്ച് ചോദിച്ചു.

‘ഇപ്പോൾ ഇതിനെന്താ സൊലൂഷൻ ?’

‘ചേട്ടനോട് ചോദിക്കാനാ ഡോക്ടർ പറഞ്ഞത്! നിങ്ങൾക്ക് പരാതിയൊന്നുമില്ലെങ്കിൽ എന്റെ സിസേറിയൻ നേരത്തെ നടത്തും. ചിലപ്പോൾ നിങ്ങളുടെ സമയം അൽപ്പം വൈകും.’

‘അതിനെന്താ ഞങ്ങൾക്ക് പരാതിയൊന്നുമില്ല. പുണർതം നക്ഷത്രത്തിലൂടെ നിങ്ങളുടെ കുഞ്ഞിനു ഭാഗ്യം ലഭിക്കുമെങ്കിൽ അതുനടക്കട്ടെ.’

അവളുടെ കണ്ണിൽ സന്തോഷത്തിന്റെ പൂത്തിരിത്തിളക്കം നടന്നു. ആശ്വാസത്തിന്റെ നീർഘനിശ്വാസവുമായി അവൾ റൂമിലേക്ക് മടങ്ങി.

‘എന്താ അല്ലേടീ ഓരോരോ അന്ധവിശ്വാസങ്ങൾ?’
മറുപടി സങ്കടം നിറഞ്ഞ ഒരു നോട്ടമായിരുന്നു. (അയ്യോ പണിപാളിയോ?)

‘നിങ്ങൾക്ക് കൂടി ഡോക്ടറോട് പോയിപ്പറയാൻ പാടില്ലായിരുന്നോ? നമ്മുടെ കുഞ്ഞിനും പുണർതം കിട്ടുമായിരുന്നില്ലേ ?’

ഒന്നും മിണ്ടാതെ പകച്ചു ഞാനിരുന്നു. പിന്നെയും അവൾ എന്തൊക്കെയോ പറഞ്ഞു. പരസ്പരവിരുദ്ധമായ കാര്യങ്ങളാണെന്നു മനസിലായി. അവൾക്ക് വേദന വന്നുതുടങ്ങിയെന്നർത്ഥം.
പക്ഷേ നേരത്തേ ബുക്ക് ചെയ്ത പുണർതക്കാരുടെ ഊഴം കഴിയാനായി ഞങ്ങൾ കാത്തിരുന്നു. ഇടയ്ക്കിടെ ഡോക്ടർ വന്നു സാന്ത്വനിപ്പിച്ചു. പന്ത്രണ്ടുമണിക്ക് ഞങ്ങൾ ഒരു പെൺകുഞ്ഞിന്റെ അച്ഛനും അമ്മയുമായി. ചില ബന്ധുജനങ്ങളുടെ ഭാഷയിൽ ‘പൂയക്കാരി’യുടെ അച്ഛനും അമ്മയും. ഇന്ന് ഈ കുറിപ്പെഴുതുമ്പോൾ ചിരിയാണുവരുന്നത്. ചോദിച്ചുവാങ്ങിയ നക്ഷത്രവും ഭാഗ്യവും ഭാവിയും. പഠിപ്പും വിവരവുമുള്ള തലമുറ പോലും നക്ഷത്രങ്ങൾ നിർണ്ണയിക്കുന്ന ഭാവിയിൽ വിശ്വാസം അർപ്പിക്കുമ്പോൾ ഇതിലൊന്നും താൽപര്യമില്ലാത്തവർ മാറിനടക്കുന്നതാവും നല്ലത്. എല്ലാം ഓരോ വിശ്വാസങ്ങളല്ലേ? അവർക്ക് അവരുടെ വഴി, നമുക്ക് നമ്മുടേതും. എന്തായാലും എന്റെ ‘പൂയക്കാരി’ക്ക് ഒരുവയസ്സുതികഞ്ഞു. പൂർണ്ണ ആരോഗ്യത്തോടെ സുഖമായിരിക്കുന്നു. കൂട്ടത്തിൽ പറയട്ടെ, അന്നുനട്ട പിച്ചകം ഇന്നലെ ഒരു മൊട്ടിട്ടു. നാളെ വിരിയുമായിരിക്കും.
സ്വസ്തി

അനീഷ് തകടിയിൽ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!