മഹാത്മാസമക്ഷം- ഡോ.രാധാകൃഷ്ണന്‍

കോരിയാലും കോരിയാലും വറ്റാത്തകടല്‍ പോലെ കൊടുക്കുംതോറും ഏറിടുന്ന വിദ്യപോലെ തൊടുക്കുമ്പോള്‍ ഒന്ന് ഒരായിരമാകുന്നഅർജുനാസ്ത്രം പോലെ അളവിലൊതുങ്ങാത്ത സാമൂഹ്യശാസ്ത്രമാണ് ഗാന്ധിസം. സൂര്യനസ്തമിക്കാത്ത സാമ്രാജ്യാധിപന്മാരെ അഹിംസായുധം കൊണ്ടടിച്ചമർത്തിയ വിശ്വപൗരന്‍ മഹാത്മാഗാന്ധിയെ ലോകം അംഗീകരിച്ചപ്പോള്‍ അദ്ദേഹത്തിന്റെ സിദ്ധാന്തങ്ങളുടെ പ്രചാരകരായി ഉയർന്നു വന്ന നൂറുകണക്കിന് ഗാന്ധിയന്മാര്‍. കൂട്ടത്തില്‍ പ്രഥമഗാന്ധിയനാണ് ഡോ.എന്‍.രാധാകൃഷ്ണന്‍. അദ്ദേഹം തികഞ്ഞ ഗാന്ധിയന്‍ദർശനങ്ങളുടെ ആഗോള പ്രചാരകനാണെന്ന് 46 പ്രമുഖര്‍ സാക്ഷ്യപ്പെടുത്തുന്ന ഈടുറ്റൊരു ഗ്രന്ഥമാണ് ഡോ.സി.പ്രതീപ് എഡിറ്റു ചെയ്തൊരുക്കിയ “എന്‍.രാധാകൃഷ്ണൻ , ഗാന്ധിയന്‍ ദർശനങ്ങളുടെ ആഗോള പ്രചാകരന്‍”.

 

സദ്ഭാവന പ്രചാരകന്‍, ആചാര്യന്‍, ഗാന്ധിയന്‍ എഴുത്തുകാരന്‍, ശാന്തി പ്രസന പരിശീലകന്‍ എന്നിങ്ങനെ നാലു ഭാഗങ്ങളായി തിരിച്ചിരിക്കുന്ന പുസ്തകം ഗാന്ധിജിക്കാണോ എന്‍.രാധാകൃഷ്ണനാണോ പ്രാധാന്യം കൊടുത്തിരിക്കുന്നതെന്നു വേർതിരിക്കാനാവാത്ത വിധം ഒന്നോടൊന്നു ചേർന്നു നില്ക്കുന്നു. വായനക്കാരന് മഹാത്മാഗാന്ധിയേയും ഡോ.എന്‍. രാധാകൃഷ്ണനേയും ഒരേസമയം മനസിലാക്കാനാവും വിധം ലേഖനങ്ങളെ അടുക്കിയൊതുക്കുന്നതില്‍ എഡിറ്റര്‍ ഇരുത്തം വന്ന കൈവഴക്കമാണ് പ്രകടിപ്പിക്കുന്നത്. ലേഖകരില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരുമുണ്ട്. സ്വദേശീയരും വിദേശീയരും രാഷ്ട്രീയക്കാരും സാമൂഹ്യപ്രവര്ത്ത കരും മാധ്യമപ്രവർത്തകരുമുണ്ട്. ഡോ.മൻ മോഹൻ സിങ് , പത്മശ്രീ പി.ഗോപിനാഥന്‍ നായര്‍, ജോ.ജി.രാമചന്ദ്രന്‍, ഡോ.ഉഷാമേത്ത, ദൈസാക്കു ഇക്കേഡ, പ്രൊഫ. ഇ.പി. മോഹന്‍, മലയിൻ കീഴ് ഗോപാലകൃഷ്ണന്‍ തുടങ്ങിയ ഗാന്ധിചിന്തകരാണ് രാധാകൃഷ്ണനെ വിലയിരുത്തികൊണ്ടെഴുതിയിരിക്കുന്നത്. ഓമനക്കുട്ടനെന്ന സാധാരണ ബാലന്‍ ഗാന്ധിയന്‍ രാധാകൃഷ്ണനായി വളർന്നു കയറിയ പരിണാമ കഥയാണ് പുസ്തകം വായനക്കാരന് കാണിച്ചുകൊടുക്കുന്നതെന്നു ചുരുക്കം.

‘എന്റെ ജീവിതമാണ് എന്റെ സന്ദേശം’ എന്ന ഗാന്ധിവചനത്തെ സ്വജീവിതത്തില്‍ പകർത്താൻ മുഖം മൂടിയില്ലാതെ ശ്രമിക്കുന്ന രാധാകൃഷ്ണനെയാണ് ഗ്രന്ഥത്തിലുടനീളം കാണുന്നത്. സ്വദേശത്തായാലും വിദേശത്തായാലും ആ ദൗത്യം പൂർത്തിയാക്കാനായുള്ള പോരാട്ടം പുതുതലമുറയ്ക്ക് പ്രചോദനം നല്കുന്ന വിധത്തില്‍ എഴുതിയിരിക്കുന്നു. തൊണ്ണൂറിലധികം ഗ്രന്ഥങ്ങള്‍ എഴുതിയ രാധാകൃഷ്ണന്‍, എടുക്കുന്ന വിഷയമേതായാലും അതിനെ ഗാന്ധിയന്‍ കണ്ണാടിയിലൂടെ മാത്രം കാണുകയാണ്. ദേശീയ പുരസ്ക്കാരം ലഭിച്ച ‘ഗാന്ധിയും സാമൂഹ്യ നീതിയും’ ‘ഗാന്ധിയന്‍ അക്രമരാഹിത്യം’ ‘ഗാന്ധിജിയുടെ വിദ്യാഭ്യാസ സങ്കൽപ്പം’ തുടങ്ങിയ പുസ്തകങ്ങളുടെ ഉള്ളടക്കം വർണ്ണനാതീതം തന്നെ. കൃഷ്ണബുദ്ധ ചരിതങ്ങളില്‍ നിന്നും ഊർജ്ജം ഉൾക്കൊണ്ട് രൂപം കൊണ്ട രാധാകൃഷ്ണന്റെ വ്യക്തിത്വം സ്നേഹാധിഷ്ഠിതമായതില്‍ അതിശയമില്ല.

ശരീരത്തിന്റെയും മനസിന്റെയും ഓരോ അംശത്തിലും ഗാന്ധിഭാവങ്ങളായ സ്നേഹവും സമാധാനവും നിറഞ്ഞു നില്ക്കുന്ന ഡോ.രാധാകൃഷ്ണനെ ആഴത്തില്‍ അപഗ്രഥനം ചെയ്യുന്നതാണ് ഈ പുസ്തകം. ലേഖനങ്ങളെയെല്ലാം വായനക്കാരുടെ അകത്തുറപ്പിക്കുന്നത് അവയില്‍ തുളുമ്പിനില്ക്കു ന്ന സമാധാനത്തിന്റെ ചിറകടിയൊച്ചയാണ്. ഗാന്ധിവധത്തോടെ അസ്ഥാനത്തു നിലച്ചുപോയ സമാധാനവാദി ഏറ്റെടുത്ത തുടക്കക്കാരനാണിദ്ദേഹം എന്ന് ഗ്രന്ഥം സാക്ഷീകരിക്കുന്നു. പ്രതിജ്ഞാബദ്ധനായ സമാധാന പ്രവർത്തകനായി ദൈസാക്കു ഇക്കേഡ രാധാകൃഷ്ണനെ ചിത്രീകരിക്കുമ്പോള്‍ അചുംബിതാശയങ്ങളുടെ ദാർശനികവക്താവെന്ന് എം.പി. വീരേന്ദ്രകുമാര്‍. ഗാന്ധിമാർഗത്തിലെ ബൗദ്ധികസാന്നിദ്ധ്യമായി ഡോ.ജോർജ്ജ് ഓണക്കൂര്‍ വിലയിരുത്തുന്നു.

ഇതിലെ ലേഖനപരമ്പരകളെ ഉള്ളടക്കാടിസ്ഥാനത്തില്‍ അടുക്കിയൊതുക്കിയാല്‍ ഡോ.എന്‍.രാധാകൃഷ്ണന്റെ ജീവചരിത്രമാകും. അത്രയധികം ഗഹനമായ പഠനങ്ങളാണ് ഓരോ രചനയിലും കാണുന്നത്. ഈ കാഴ്ചപ്പാട് ഗ്രന്ഥത്തിന്റെ മൂല്യം വർദ്ധിപ്പിക്കുന്നതോടൊപ്പം വായനാക്ഷമതയും കൂട്ടുന്നുണ്ട്.

ഡോ.രാധാകൃഷ്ണനെ ലോകനേതാക്കള്‍ വിലയിരുത്തുന്ന മൊഴിമുത്തുകളെ കോർത്തിണക്കിയ ഏറെ ഹൃദ്യമായൊരു ലേഖനം എഡിറ്റര്‍ തന്നെ തയാറാക്കി അവസാനഭാഗത്ത് ചേർത്തിട്ടുണ്ട്. അദ്ദേഹത്തിന്റെ സൗഹൃദവലയത്തിന്റെി വ്യാപ്തി വ്യക്തമാക്കുന്നതാണ് ഈ ഭാഗം. രാധാകൃഷ്ണന്റെു നിര്ണ്ണാദയക ജീവിത മുഹൂർത്തങ്ങളുടെ നേർക്കാഴ്ചകളായ എട്ട് അപൂർവ ചിത്രങ്ങളിലാണ് ഗ്രന്ധസമാപ്തി. ലേഖനങ്ങളുടെയെല്ലാം സംക്ഷിപ്തമാണ് ഈ ചിത്രങ്ങള്‍. ഡോ.എന്‍.രാധാകൃഷ്ണന്റെ മുഖചിത്രത്തോടുകൂടിയ 244 പേജുകളുള്ള ഗ്രന്ഥം മനോഹരമായി അച്ചടിച്ചൊരുക്കിയിരിക്കുന്നത് കറണ്ട് ബുക്സ്. 299 രൂപ മുഖവില. ഗാന്ധിസാഹിത്യശാഖയിലേയ്ക്ക് കാമ്പും കഴമ്പുമുള്ളൊരുഗ്രന്ഥം കൂടെ നൽകുവാൻ കഴിഞ്ഞു എന്നതില്‍ എഡിറ്റര്‍ ഡോ.സി.പ്രദീപിന് അഭിമാനിക്കാം.

 

ആര്യനാട് സത്യന്‍

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!