കൊവിഡ് അറിഞ്ഞതും അറിയേണ്ടതും

കൊവിഡ് വൈറസ് എങ്ങിനെ ശരീരത്തിൽ കയറുന്നു, കയറി കഴിഞ്ഞാൽ എന്ത് സംഭവിക്കുന്നു, വൈറസ് പുറത്ത് ചാടുന്നത് എങ്ങിനെ, വൈറസ് ശരീരത്തിനെ തകർക്കുന്നത് എങ്ങിനെ? വൈറസിനെ കെട്ടിയിടാൻ ഈ നാലു മാർഗങ്ങളെ തടയുന്ന നിലവിൽ മറ്റു രോഗങ്ങൾക്ക് ഉപയോഗിക്കുന്ന മരുന്നുകൾ സഹായിക്കുവാൻ കഴിയുന്നത് എങ്ങിനെ എന്നൊക്കെ ചുരുക്കി പറയുവാൻ ശ്രമിക്കുന്നു.

ആദ്യം കൊവിഡിന്റെ വൈറസിൽ നിന്ന് തുടങ്ങാം എങ്കിലേ കോശത്തിനകത്ത് വെച്ച് വൈറസ് വർദ്ധിക്കുന്നത് എങ്ങിനെ എന്ന് മനസിലാകൂ.

കൊവിഡ് എന്നത് ലോകാരോഗ്യ സംഘടന നൽകിയ രോഗാവസ്ഥയുടെ പേരാണു. ഇതിന്റെ വൈറസിനെ ശാസ്ത്ര ലോകം സാർഴ്സ്-കൊവിഡ്-2 (സാർഴ്സ്-കൊവ്-2) എന്നാണു വിളിക്കുന്നത്. ഇതിൽ 2 എന്നതിനു കാരണം ഇത് മുൻപ് ചൈനയിൽ തന്നെ വന്ന സാർഴ്സ് രോഗത്തിലെ സാർഴ്സ്-കൊവ് വൈറസിനു സാമ്യം ഉള്ള വൈറസ് ആയത് കൊണ്ടാണു.

കൊവിഡ് വൈറസിനു വളരെ ലളിതമായ ഘടനയാണുള്ളത് (ആദ്യ ചിത്രം). പ്രധാന ഭാഗം ജനിതക രഹസ്യങ്ങൾ അടങ്ങിയ ഒറ്റ ചരടുള്ള ആർ.എൻ.എ. ആണു. മറ്റുള്ളവയിൽ നിന്ന് വ്യത്യസ്തമായി ഇതിന്റെ സൈസ് 30കെ.ബി.യിൽ കൂടുതൽ ഉണ്ട്. ആർ.എൻ.എ. മാത്രമായി തുറന്നിരുന്നാൽ പെട്ടെന്ന് നശിച്ച് പോകും എന്നതിനാൽ ഇവയെ ഒരു ചട്ടക്കൂടിൽ ആക്കണം. അത് കൊണ്ട് കൊഴുപ്പ് (ലിപ്പിഡ്) കൊണ്ട് നിർമ്മിച്ച ഒരു ആവരണം ഇവയ്ക്ക് ഉണ്ട്. ഈ കവചത്തിൽ പ്രധാനമായും മൂന്ന് തരം പ്രോട്ടീനുകൾ (മാംസ്യങ്ങൾ) ഉണ്ട്. മെമ്പറേയ്ൻ പ്രോട്ടീൻ (എം), എൻ‌വലപ്പ് പ്രോട്ടീൻ (എൻ), സ്പൈക്ക് പ്രോട്ടീൻ (എസ്). ഇതിൽ സ്പൈക്ക് പ്രോട്ടീൻ ഇപ്പോൾ നമ്മൾ കേട്ട് പരിചയം ഉള്ളതായിട്ടുണ്ട്.

ഈ സ്പൈക്ക് പ്രോട്ടീനാണു വൈറസിനെ കോശങ്ങളിൽ പ്രവേശിക്കുവാൻ സഹായിക്കുന്നത്. വൈറസിനെ സ്വീകരിക്കുവാൻ കോശങ്ങളിൽ മറ്റൊരു പ്രോട്ടീൻ ആവശ്യമാണു. അതായത് കൈ കൊടുത്ത് കയറ്റുന്നത് പോലെ. വൈറസിന്റെ കൈ ആയ സ്പൈക്ക് പ്രോട്ടീനിനു നമ്മുടെ കോശത്തിൽ ഒരു കൈ ആവശ്യമാണു. കോശസ്ഥരത്തിലുള്ള ഈ കൈ ACE2 എന്ന പ്രോട്ടീനാണു. ഇത് മുൻപു വന്ന സാർഴ്സ് വൈറസിനും കൈ കൊടുക്കുന്ന കക്ഷിയാണു. കൊവിഡിന്റെ വൈറസിനു കൈ കൊടുക്കുവാൻ വവ്വാലിലെയോ ഈനാമ്പേച്ചിയിലേയോ വൈറസിലെ സ്പൈക്ക് പ്രോട്ടീനു കഴിയില്ല. അതിനു അവയിലുള്ള സ്പൈക്ക് പ്രോട്ടീനിൽ ചില മാറ്റങ്ങൾ വരണം. ഇതിനു മ്യൂട്ടേഷൻ അഥവാ മാറ്റം എന്ന് പറയുന്നത്. ഇങ്ങനെ സ്പൈക്ക് പ്രോട്ടീനിൽ സ്വാഭാവികമായ മ്യൂട്ടേഷൻ വന്ന വൈറസ് ആണു മനുഷ്യ കോശത്തിൽ പ്രവേശിച്ചത് എന്നാണു നിലവിൽ വന്ന പഠനം പറയുന്നത്.

വൈറസിലെ സ്പൈക്ക് പ്രോട്ടീൻ കൈ നമ്മുടെ കോശത്തിലെ കൈ ആയ ACE2നു നേരേ നീട്ടുമ്പോൾ നമ്മുടെ കോശം വൈറസിനെ കൈ കൊടുത്ത് കോശത്തിലേയ്ക്ക് കയറ്റുന്നു. ഇത് ഒരു രീതിയാണു, മറ്റൊരു രീതി കോശത്തിനകത്ത് കയറാതെ തന്നെ വൈറസിന്റെ ആർ.എൻ.എ. മനുഷ്യ കോശത്തിലേയ്ക്ക് കുത്തി ഇറക്കുവാൻ കഴിയും. എന്നാൽ കൈ കൊടുത്ത് അകത്തേയ്ക്ക് കയറ്റുന്ന രീതിയാണു കൊവിഡ് വൈറസിന്റെ കാര്യത്തിൽ പറയുന്നത്. കോശത്തിനു അകത്ത് കയറിയ വൈറസ് തന്റെ ലിപ്പിഡ് കവചത്തിൽ നിന്ന് ആർ.എൻ.എ.യെ കോശത്തിനകത്തേയ്ക്ക് തള്ളി വിടുന്നു (ചിത്രം 2).

 

ആർ.എൻ.എ.യിൽ പല കോഡുകളും ഉണ്ട്. ആ കോഡുകൾ പ്രധാനമായും നേരത്തെ പറഞ്ഞ എം, ഇ, എസ് തുടങ്ങിയ വിവിധ പ്രോട്ടീനുകൾ ഉണ്ടാക്കുവാനുള്ളതാണു. ആർ.എൻ.എ.യിലെ കോഡുകൾ വായിച്ച് പ്രോട്ടീനുകൾ ഉണ്ടാക്കുന്നത് റൈബോസോമുകൾ ആണു. നമ്മുടെ കോശത്തിലെ റൈബോസോമിനെ പറ്റിച്ച് അതിനെ കൊണ്ട് വൈറസ് തന്റെ ആർ.എൻ.എ.യെ പല രീതിയിൽ വിഘടിപ്പിച്ച് പല കഷണങ്ങളാക്കുന്നു. ഓരോ കഷണവും പിന്നീട് പല വൈറൽ പ്രോട്ടീനുകളെയും ഉണ്ടാക്കുന്നു (ചിത്രം 2ൽ നടുവിൽ കാണുന്നത് പോലെ). മുഴുവൻ കഷണം ആർ.എൻ.എ. പുതിയ വൈറസിന്റെ ആർ.എൻ.എ.യ്ക്ക് വേണ്ടിയും ചെറിയവ എം, എസ്, ഇ തുടങ്ങിയ പ്രോട്ടീനുകൾ ഉണ്ടാക്കി കോശത്തിന്റെ എൻഡോപ്ലാസ്മിക്ക് റെറ്റിക്കുലം (ER) എന്ന സ്ഥരത്തിൽ എത്തിക്കുന്നു. പിന്നീട് ERഉം Golgiയും ചേർന്നുള്ള സ്ഥരത്തിൽ വെച്ച് വലിയ ആർ.എൻ.എ.യെ ഉള്ളിലാക്കി കവചം പൂർണമാക്കുന്നു.

വൈറസ് പുറത്തേയ്ക്ക് പോകുവാൻ റെഡിയായി കഴിഞ്ഞു. കോശസ്ഥരവുമായി Golgi യോജിച്ച് ഒന്നാവുകയും പൂർണത വന്ന വൈറസിനെ കോശത്തിനു പുറത്തേയ്ക്ക് യാത്രയാക്കുന്നു. വൈറസ് അടുത്ത കോശങ്ങളെ ആക്രമിക്കുവാൻ തയ്യാറാകുന്നു.

ഇത് കൂടാതെ കോശത്തിനുള്ളിൽ വൈറസിനെ തിരിച്ചറിയുവാനുള്ള റിസീവറുകൾ ഉടനെ അപകട സിഗ്നൽ കൊടുക്കും. അതനുസരിച്ച് വൈറസിനെ ആക്രമിച്ച് നശിപ്പിക്കുവാൻ പടയാളി കോശങ്ങൾ ഓടി എത്തുന്നു. എന്നാൽ വൈറസ് കോശത്തിനെ പറ്റിച്ച് കോശം സിഗ്നൽ പുറപ്പെടുവിക്കുന്നതിനു താമസം വരുത്തും. പക്ഷേ താമസിച്ചാണെങ്കിലും വൈറസിനെ തിരിച്ചറിഞ്ഞ് കോശം സിഗ്നൽ കൊടുക്കും ഒപ്പം വൈറസിനെ നശിപ്പിക്കുവാൻ മറ്റു കെമിക്കലുകളും കോശങ്ങൾ തന്നെ ഉണ്ടാക്കും. ഈ കെമിക്കലുകൾ കൂടുതലാകുമ്പോൾ വൈറസിനെ കൊല്ലുന്നതിനൊപ്പം നമ്മുടെ ശരീരത്തിലെ കോശങ്ങളെയും കൊല്ലുന്നു. ഇത് കൂടുമ്പോഴാണു കാര്യങ്ങൾ ഗുരുതരമാകുന്നത് ശരീരത്തിന്റെ മറ്റ് അവയവങ്ങൾക്കും പ്രശ്നങ്ങൾ ഉണ്ടാക്കി മരണം സംഭവിക്കുന്നതും എന്ന് ചുരുക്കി പറയാം. ഈ വൈറസ് ശ്വാസകോശത്തെയാണു ബാധിക്കുക. അതിനാൽ ശ്വാസകോശത്തിലെ അറകളിൽ “വെള്ളം” നിറഞ്ഞ് ഓക്സിജൻ ലഭിക്കാതെ മറ്റ് അവയങ്ങൾക്ക് ക്ഷതം സംഭവിക്കുകയും മരണം സംഭവിക്കുകയും ചെയ്യും. എന്നാൽ വെന്റിലേറ്റർ വഴി ഓക്സിജൻ കൃത്രിമമായി നൽകിയും മറ്റു മരുന്നുകൾ നൽകിയും മരണത്തിൽ നിന്ന് രക്ഷിക്കുവാൻ കഴിയും.

 

Source: Bergmann, Silverman, Cleveland Clinic, USA

 

ഇനി വൈറസിനെ തടയുവാനുള്ള മാർഗങ്ങൾ:

വൈറസിന്റെ കൈക്ക് മാറ്റം വരുത്താം, കോശത്തിന്റെ കൈക്ക് മാറ്റം വരുത്താം, കൈ കൊടുത്ത ശേഷം കോശത്തിലേയ്ക്ക് പ്രവേശിക്കുന്നത് തടയാം. ഇതിൽ അവസാനം പറയുന്നത് തടയുവാൻ കഴിയുന്ന മരുന്നാണു (കു)പ്രസിദ്ധി നേടിയ ക്ലോറോക്വിൻ/ഹൈഡോക്സിക്ലോറോക്വിൻ. വൈറസിന്റെ കൈ തടയുവാനുള്ള മറ്റൊരു മാർഗമാണു രോഗം വന്ന് പോയ ആളുകളുടെ രക്തത്തിലുള്ള സീറത്തിൽ (പ്ലാസ്മ) നിന്ന് ലഭിക്കുന്നത്. ഇതെല്ലാം നിലവിൽ രോഗികളിൽ പരീക്ഷിക്കുന്നുണ്ട്.

അടുത്തത് വൈറസ് ആർ.എൻ.എ. വിഘടിച്ച് വർദ്ധിക്കുന്നത് തടയാം. ഇതിനായി നിലവിൽ മറ്റുള്ള വൈറസിനു ഉപയോഗിക്കുന്ന മരുന്നുകളായ remdesivir, ribavirin എന്നിവ നല്ലതാണോ എന്നും ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുന്നുണ്ട്.

കോശങ്ങളെ പറ്റിച്ച് സിഗ്നലുകൾ നൽകുന്നത് താമസിപ്പിക്കുന്നതിനാൽ ഈ സിഗ്നലുകൾ കൃത്രിമമായി നൽകുവാൻ കഴിയും. അത് കൊവിഡിലും ഫലിക്കുമോ എന്നതും പരീക്ഷിക്കുന്നുണ്ട്. അവസാനമായി കൂടുതലായി കെമിക്കൽ ഉണ്ടാകുന്നത് മറ്റ് കോശങ്ങൾ തിരിച്ചറിയാതിരിക്കുവാനുള്ള മരുന്നുകൾ നിലവിൽ ഉണ്ട്, അവയും കൊവിഡിനെതിരെ പരീക്ഷിക്കുന്നുണ്ട്.

അപ്പോൾ വാക്സിൻ എന്ന് പറയുന്നത് എന്താണു? അത് വൈറസിന്റെ സ്പൈക്ക് പ്രോട്ടീൻ ഉൾപ്പെടെയുള്ളവയുടെ ചെറിയ രൂപം ഉണ്ടാക്കി വൈറസ് ബാധിക്കാത്ത ആളുടെ ശരീരത്തിൽ കുത്തി വെച്ച് കോശങ്ങളെ കൊണ്ട് സിഗ്നൽ നൽകിച്ച് പടയാളികളെ വരുത്തി അവയിൽ ചിലതിനെ ഓർമ്മ കോശങ്ങളാക്കി സ്റ്റോക്ക് ചെയ്ത് വെയ്ക്കുന്നു, രക്തത്തിൽ ആയുധങ്ങളും ആക്കി. അപ്പോൾ പിന്നെ ശരിക്കുമുള്ള വൈറസ് വരുമ്പോൾ പടയാളികളോടൊപ്പം ഓർമ്മ കോശങ്ങൾ ഓടി എത്തി വേഗത്തിൽ വൈറസിനെ നശിപ്പിക്കുന്നു. പ്രശ്നം മുൻപ് പറഞ്ഞത് പോലെ വൈറസിനു മ്യൂട്ടേഷൻ വരുത്തുവാൻ കഴിയും. എന്തെങ്കിലും പ്രതിസന്ധി കണ്ടാൽ അതിനു അനുസരിച്ച് വൈറസ് മാറ്റങ്ങൾ വരുത്തും (സമയം എടുത്താണെങ്കിലും). അപ്പോൾ നിലവിലെ ഓർമ്മ കോശങ്ങളുടെ ആയുധങ്ങൾക്ക് ഇവയെ ആക്രമിക്കുവാൻ കഴിയാതെ വരും എന്നതിനാൽ പുതിയ വാക്സിൻ കണ്ടു പിടിക്കേണ്ടി വരും.

വാക്സിന്റെ അതേ സംഭവം തന്നെയാണു രോഗം വന്ന് രക്ഷപ്പെടുന്നവരുടെ ശരീരത്തിലും സംഭവിക്കുക. അവർക്കും ഈ ഓർമ്മ കോശങ്ങൾ സ്റ്റോക്ക് ചെയ്ത് വെച്ചിട്ടുണ്ടാകും. ആയുധങ്ങൾ രക്തത്തിലെ സീറത്തിലുള്ളത് കൊണ്ടാണു രോഗം വന്ന് മാറിയവരുടെ രക്തം പുതിയ രോഗികൾക്ക് കൊടുത്ത് രക്ഷപ്പെടുത്തുവാൻ നോക്കുന്നത്. ഓർക്കുക രോഗം വന്ന് ഈ ആയുധങ്ങൾ ഉണ്ടാക്കാൻ ദിവസങ്ങൾ വേണം. അത് പെട്ടെന്ന് രോഗിക്ക് സീറത്തിലൂടെ ലഭിച്ചാൽ പെട്ടെന്ന് രോഗം മാറും. ഇതിന്റെ പരീക്ഷണവും നടക്കുന്നുണ്ട്. ഇവിടെയും പ്രശ്നങ്ങളുണ്ട് നിലവിൽ ഈ ആയുധങ്ങൾ എത്ര നാൾ നിലനിൽക്കും എന്നോ സീറത്തിൽ എത്ര മാത്രം ആയുധങ്ങൾ ഉണ്ടെങ്കിലാണു വൈറസ് ആക്രമണത്തെ ചെറുത്ത് രോഗിയെ രക്ഷപ്പെടുത്തുവാനാകുക എന്നതൊന്നും നിലവിൽ അറിയില്ല. അതിനാണു ക്ലിനിക്കൽ പരീക്ഷണങ്ങൾ നടക്കുന്നത്.

ഈ പറഞ്ഞതിനൊക്കെ സമയം എടുക്കും. അതിനാൽ സുരക്ഷിതമായ മാർഗം വൈറസ് പിടിപെടാതിരിക്കാൻ ആദ്യമേ പറയുന്നത് പോലെ തൽക്കാലം ശുചിത്വം പാലിക്കുക. കയ്യുകൾ സോപ്പിട്ട് കഴുകുക, സാനിറ്റൈസർ ഉപയോഗിക്കുക, കൈ മുഖത്തും വായിലും വെയ്ക്കാതിരിക്കുക, തുമ്മുമ്പോൾ തുണി ഉപയോഗിക്കുകയോ കൈ മുട്ടിലേയ്ക്ക് തുമ്മുകയോ ചെയ്യുക.

ഡോ . മനോജ് വി.എം

 

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!