യാത്ര തുടരുന്നു…

യാത്രകൾ പിന്നെയും നീണ്ടതും കുറുകിയതുമായി പലതുണ്ടായി. അടുക്കിപ്പിടിച്ചു കൊണ്ടുവരുക കഷ്ടം.
പിന്നെ ഓർമ്മയിലുള്ളത് അമ്മയുടെ കുടുംബ ക്ഷേത്രത്തിലെ ഉത്സവം കൂടാനുള്ള പോക്കാണ്. ഈ കാവ്, ക്ഷേത്രമെന്നൊക്കെ ആവർത്തിച്ചു വരുന്നതുകൊണ്ടു യാത്രാവിവരണം അമ്പലങ്ങളിൽ നിന്ന് അമ്പലങ്ങളിലേക്കുള്ള തീർഥാടനമാണെന്നു തെറ്റിദ്ധരിക്കണ്ട. ആദ്യമേ പറയട്ടെ ഞാനൊരു ഭക്തയല്ല. കുടുംബമൊന്നാകെ ദൈവങ്ങളിലോ അവരെ കുടിയിരുത്തിയിരിക്കുന്ന അമ്പലങ്ങളിലോ ക്ഷേത്രാചാരങ്ങളിലോ വിശ്വസിക്കുന്നില്ല. പിന്നെയുള്ളത് പ്രകൃതിയോടുള്ള കൂറും ആരാധനയുമാണ്. അത് ഞങ്ങളെല്ലാവരും അകമഴിഞ്ഞാസ്വദിക്കും. പ്രകൃതികൂടി അണിഞ്ഞൊരുങ്ങിവരുന്ന ഉത്സവാഘോഷങ്ങൾ മാത്രമല്ല ഏതു വിശേഷാവസരങ്ങളും മനസ്സിനങ്ങേയറ്റത്തെ ആഹ്ളാദം തരും.
അമ്മയുടെ തറവാട് വക ക്ഷേത്രം ഞങ്ങളുടെ താമസ സ്ഥലത്തുനിന്നു പത്തിരുപതു കിലോമീറ്റർ ദൂരെയായിരുന്നു. അക്കാലത്ത് അച്ഛനും മറ്റു കുടുംബാംഗളുമൊരുമിച്ചൊരു യാത്ര അപൂർവ്വമായി സംഭവിക്കുന്ന ഒന്നായിരുന്നു. മിക്കപ്പോഴും ഞങ്ങൾ കുട്ടികളും അച്ഛനും, ചിലപ്പോഴൊക്കെ അമ്മയും കൂടുന്നതാവും യാത്രകൾ. കാരണം അച്ഛന്റെ ടൂ വീലറിൽ അത്രപേർക്കേ സഞ്ചരിക്കാനാവൂ എന്നത് തന്നെ. കുടുകുടു എന്ന് ഞങ്ങൾ ഓമനപ്പേരിട്ടുവിളിക്കുന്ന വാഹനത്തിലല്ലാതെ വേറൊരു യാത്രയെക്കുറിച്ചു അച്ഛൻ ആലോചിക്കപോലുമില്ലായിരുന്നു. ഇത്തവണയെന്തോ സഹോദരങ്ങളും കസിൻസും ഒക്കെ ഉത്സവം കൂടാനിറങ്ങിയപ്പോൾ അമ്മയ്ക്കുമച്ഛനും സന്തോഷമായി. പതിവിനു വിപരീതമായി ബസ്സിലൊക്കെ കയറിയാണ് ഉത്സവം കൂടാനുള്ള പോക്ക്. ബസ്സിറങ്ങി വയലിന് നടുവിലൂടുള്ള റോഡുവഴി ഇരുപതു മിനിറ്റോളം നടക്കാനുണ്ടെന്നു അമ്മ മുന്നറിയിപ്പു തന്നിരുന്നു. അത് ഞങ്ങൾ കുട്ടികൾക്കുള്ളതായിരുന്നു. ആരും നടക്കാനാവില്ലെന്നുമാത്രം പറയേണ്ടന്നർത്ഥം!
യാത്രകളിൽ ഞങ്ങളുടെ കലപിലകളിലേയ്ക്ക് കൗതുകക്കണ്ണുമായി നിശബ്ദയായിരിക്കാറുള്ള അമ്മ പതിവിനു വിപരീതമായി ഉത്സാഹത്തോടെ കാണാൻ പോകുന്ന കാഴ്ചകളെ ബസ്സിൽ വച്ചേ വിവരിക്കാൻ തുടങ്ങി. സ്വാഭാവികമെന്നു അമ്മയുടെ ഉത്സാഹത്തെ നോക്കിയിരിക്കുന്ന അച്ഛൻ പറയാതെ പറഞ്ഞുവെച്ചു. സ്വന്തം നാടും നടന്നുപഴകിയ വഴികളും എങ്ങും കാണുന്ന പരിചിത മുഖങ്ങളും അമ്മയെ തെല്ലൊന്നുമല്ല ആഹ്ളാദിപ്പിച്ചത്. ആ സന്തോഷം കുട്ടിയായിരുന്നിട്ടുകൂടി എനിക്കാ വ്യാപ്തിയിൽ തന്നെ ഉൾക്കൊള്ളാനായി. അമ്മയ്‌ക്കൊപ്പം ഞാനും സന്തോഷിച്ചു. നടത്തായാരംഭത്തിൽ തന്നെ അച്ഛനെയും ചിറ്റപ്പന്മാരെയും നോക്കി തോളിലെടുക്കാൻ കൈപൊന്തിക്കുന്ന അനിയന്മാരെ ഗൗനിക്കാതെ നടക്കാനുത്സാഹം കാട്ടുന്ന എന്നെ അമ്മ ഇടയ്ക്ക് അണച്ചുപിടിച്ചു, ‘മോൾക്ക് ഉത്സവപ്പറമ്പീന്നു കുപ്പിവള വാങ്ങിത്തരാം, പല നിറത്തിലെ റിബ്ബൺ വാങ്ങിത്തരാം’ എന്നൊക്കെ വാഗ്ദാനം ചെയ്യുന്നുണ്ട്. ഞാനതിലൊന്നും ഒട്ടും ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. അമ്മയുടെ സന്തോഷം പകർന്നുകിട്ടിയ ഞാൻ വേഗംവേഗം നടന്നു.
എന്നിട്ടും ചുറ്റും ശ്രദ്ധിക്കാതിരിക്കാനായില്ല. എല്ലാരുമൊത്തുള്ള യാത്രയും, അതിനായി തെരഞ്ഞെടുത്ത സ്ഥലവും ഏറ്റവും മനോഹരമായ അനുഭവമായി ഇന്നും മനസ്സിലുണ്ട്. പച്ചവിരിച്ച വയലേലയ്ക്കു നടുവിലൂടെയുള്ള ചെമ്മൺ റോഡ്. റോഡിനെ ഒരിടത്തു മുറിച്ചുകൊണ്ട് കലുങ്കിനടിയിലൂടെ ഒഴുകുന്ന തോട്. തോടിനിരു വശവും പൂത്തതും പൂക്കാത്തതുമായ കൈതക്കൂട്ടം. തോടിലെ തെളിഞ്ഞവെള്ളത്തിൽ നീന്തിത്തുടിക്കുന്ന കുഞ്ഞുമീനുകൾ. ദൂരെ നിന്ന് കേൾക്കുന്ന അമ്പലത്തിലെ റെക്കോർഡ് പാട്ട്, ഉത്സവത്തിനും എഴുന്നള്ളിപ്പിനുമായി കുരുത്തോല കൊണ്ടലങ്കരിച്ച റോഡു വക്കുകൾ, വയലിനതിരിടുന്ന തെങ്ങിൻതോപ്പ്, ഉത്സവം കൂടാൻ തിരക്കിട്ടു നടക്കുന്ന കുഞ്ഞുകുട്ടികളടങ്ങുന്ന കൂട്ടം, അവരുടെ ചിരിയൊച്ചകളും കലമ്പലുകളും! . ലോകത്തിലേയ്ക്കു വച്ചേറ്റവും സുന്ദരമായ കാഴ്ച ആ വൈകുന്നേരത്തെ വയൽക്കാഴ്ചയായി എനിക്കനുഭവപ്പെട്ടു. ആ കാഴ്ച എനിക്ക് സമ്മാനിച്ച അമ്മയുടെ കൈയ്യിൽ ഞാൻ മുറുകെപ്പിടിച്ചു. മുഖം നിറഞ്ഞ ചിരിയോടെ വഴിപോക്കരോട് കുശലംപറയുന്ന അമ്മ എന്നെകൂടുതൽ ചേർത്തുപിടിച്ചു.
ഉത്സവപ്പറമ്പിലെ വർണ്ണവിസ്മയമോ ആൾക്കൂട്ടമോ ഒന്നും തന്നെ എന്നെ സ്പർശിച്ചതേയില്ല. തിരികെപോകുമ്പോൾ ഇരിട്ടിലാ വയലും തോടും എങ്ങനായിരിക്കുമെന്നറിയാനെനിക്ക് തിടുക്കമായിരുന്നു. അന്നുകണ്ട കാഴ്ചയിലെ വിസ്മയം തേടി മുതിർന്നപ്പോൾ പലവുരു അതിലെ പോയി നോക്കിയിട്ടുണ്ടെങ്കിലും അന്നത്തെ അതേ തീവ്രതയിലാ കാഴ്ചകളൊന്നും പിന്നെ എന്നെ തേടിവന്നിട്ടേയില്ല, ഒന്നൊഴിച്ച്‌. കൈതപൂവിട്ട തോട്ടുവരമ്പെന്നു വായിച്ചാൽ എന്റെ മനസ്സിലിന്നും അന്നവിടെക്കണ്ട തോടും അതിലെ മീൻ പുളയ്ക്കുന്ന തെളിനീരുമാണ്.

ബിന്ദു

Leave a Reply

Your email address will not be published.

error: Content is protected !!