യാത്ര

ജീവശ്വാസം പോലെ മറ്റൊന്ന്, അതാണ് ചെറുപ്പം മുതലേ യാത്രകൾ. മറ്റൊന്നിനും കഴിയാത്ത വിധം സദാ പ്രലോഭിപ്പിക്കുന്ന ഒന്ന്! ഒന്നുകഴിഞ്ഞു മറ്റൊന്നിലേക്കു യാത്രയാവാൻ എപ്പോഴും വെമ്പിനിൽക്കുന്ന മനസ്സ് കൈമുതലായുണ്ട്. എന്ന് തുടങ്ങിയതാണ് ഈ ഭ്രമം എന്നോർമ്മയില്ല,എന്നെങ്കിലും അതവസാനിക്കുമോ എന്നും നിശ്ചയമില്ല. നിരന്തരം യാത്രകളിൽ കുരുങ്ങിക്കിടക്കുന്ന മനസ്സ് ഓർമിപ്പിക്കുന്ന ഒന്നുണ്ട്, എന്റെ ശരീരം യാത്രയ്ക്കായി കണ്ടീഷൻ ചെയ്തിരിക്കുന്നു എന്ന്! മനസ്സിലെപ്പോഴോക്കെയോ പതിഞ്ഞുപോയ ചെറുയാത്രകളെ, ഇവിടെ കുറിച്ചുവയ്ക്കുന്നു.
ഓർമ്മയിലുള്ള ആദ്യയാത്ര അച്ഛനോടൊപ്പമായിരുന്നു. അച്ഛന്റെ എൻഫീൽഡ് ബുള്ളറ്റിന്റെ പുറകിലത്തെ സീറ്റിലേക്കുള്ള പ്രൊമോഷൻ കൂടെയായിരുന്നു അതെന്നത് കൃത്യമായോർക്കുന്നു; അതിന്റെ ആഹ്‌ളാദവും ഒട്ടും കുറയാതെ ഇന്നും മനസ്സിലുണ്ട്. എന്തൊക്കെയോ നേടിയെടുത്തെന്ന അഭിമാനം കലർന്ന സന്തോഷത്തിൽ, ഞാൻ വലുതായെന്ന വിളംബരം കൂടിയുണ്ടായിരുന്നു. അതൊരു ഓണക്കാലമായിരുന്നു. അച്ഛമ്മ ജനിച്ചുവളർന്ന തറവാട്ടിലേക്ക്, അച്ഛന്റെ ബന്ധുക്കൾ താമസിക്കുന്നിടത്തേയ്ക്കായിരുന്നു ആ യാത്ര. വലിയ ദൂരത്തല്ലെങ്കിലും കേട്ടറിവുകളിൽ മാത്രം ഒതുങ്ങിയിരുന്ന സ്ഥലം, അതും ഓണക്കാലത്തിന്റെ നിറവിലും ഭംഗിയിലും ആറാടിനിൽക്കുന്ന സമയം, അവിടേക്കാണ് യാത്ര എന്നറിഞ്ഞതുമുതൽ മനസ്സ് തുള്ളിച്ചാടാൻ തുടങ്ങി. പാടവും തോടും പാടത്തിനു നടുവിലൂടുള്ള റോഡും അതിനതിരിടുന്നിടത്തെ കാവും കാവിലെ മരങ്ങളിൽ പകൽസമയത്തു കുടതൂക്കിയിട്ടപോലെ ഞാന്നുകിടക്കുന്ന വവ്വാലുകളും.. കേട്ടറിവുകളെ കൂട്ടിവച്ചു ഞാനൊരു സങ്കല്പലോകം തീർത്തിരുന്നു. എന്റെ സങ്കൽപ്പങ്ങളൊക്കെയും എപ്പോഴും യാഥാർത്ഥ്യത്തിൽ നിന്നും ഒരുപാടകലെയായിയിരിക്കും, എന്നാലും ഞാനീ മനസ്സിൽ കാണുന്നത് ഒഴിവാക്കേറിയില്ല.
പോകുന്നത് പത്തുമുപ്പതു കിലോമീറ്ററുകൾക്കുള്ളിലുള്ള ദൂരമേയുള്ളൂ എങ്കിലും ഒരു വമ്പൻ യാത്ര തരപ്പെട്ട ഉത്സാഹത്തിലായിരുന്നു. ഓണക്കോടിയായിരുന്ന പച്ചപ്പട്ടുപാവാടയുടെ ഞൊറികളൊതുക്കി അച്ഛന്റെ പിന്നിൽ കഷ്ടപ്പെട്ട് വലിഞ്ഞുകയറുമ്പോൾ അച്ഛൻ അമ്മയെ കുറ്റപ്പെടുത്തിയിരുന്നു, പതിവിനു വിപരീതമായി പാവാടയൊക്കെ ഉടുപ്പിച്ചെന്നെ ഒരുക്കിയതിൽ. പാവം അമ്മ.എന്റെ തോന്ന്യാസങ്ങൾക്കു പലപ്പോഴും വഴക്കുകേൾക്കേണ്ടിവരുമെങ്കിലും ഇഷ്ടങ്ങൾക്കെതിരുപറയാതെ നിശബ്ദമായി തെറ്റേറ്റുപറഞ്ഞു നിൽക്കും. എനിക്കോ, യാത്രയുടെ ഉത്സാഹത്തിനിടയ്ക്ക് ഒന്നുമൊരു ബുദ്ധിമുട്ടേയല്ല!
നീണ്ടു സമൃദ്ധമായിരുന്നു മുടി രണ്ടുവശവും പിന്നിയിട്ടായിരുന്നു അമ്മയെന്നെ യാത്രയാക്കിയത്. മുഖത്തു തണുത്ത കാറ്റടിക്കാൻ തുടങ്ങിയപ്പോൾ ഞാനെന്റെ മുടിപ്പിന്നലുകളെ കെട്ടഴിച്ചു സ്വാതന്ത്രമാക്കിവിട്ടു. വയറ്റത്ത് ചുറ്റിപ്പിടിച്ചിരുന്ന കൈകളിൽ ഒന്നയഞ്ഞപ്പോൾ അച്ഛനൊന്നു മൂളി. ‘ങ്ങൂഹും’ എന്ന് തിരിച്ചുമൂളി ഞാനൊറ്റക്കൈകൊണ്ടു പിന്നലുകൾ പിന്നെയും വേർപെടുത്തിക്കൊണ്ടിരുന്നു. കാറ്റിൽ അലങ്കോലമായ മുടിയിഴകൾ മുഖത്തിക്കിളിയിട്ടപ്പോൾ ഞാനച്ഛനോടു വണ്ടിയുടെ സ്പീഡ് കൂട്ടാൻ ആവശ്യപ്പെട്ടുകൊണ്ടിരുന്നു.
മെയിൻ റോഡിൽനിന്നും ഗ്രാമത്തിലേക്കുള്ള ഇടറോഡിലേയ്ക്ക് തിരിഞ്ഞപ്പോൾ തന്നെ ഭൂപ്രകൃതിയിലുണ്ടായ മാറ്റം ശ്രദ്ധിച്ചിരുന്നു. അതുവരെ കണ്ടത്തിൽവച്ച്‌ വ്യത്യസ്തവും ആകർഷകവുമായ ഒരു നാട്ടിൻപുറം. തിരക്കൊട്ടുമില്ലാതെ വല്ലപ്പോഴും വരുന്ന വാഹനങ്ങൾമാത്രമുള്ള റോഡും റോഡിനിരുപുറവും തിങ്ങിനിൽക്കുന്ന മരങ്ങളും അങ്ങിങ്ങുമാത്രം കാണുന്ന വീടുകളും വീട്ടുവളപ്പിലെ കൃഷിവിളകളും വഴിയരികിൽ പുല്ലുമേഞ്ഞുനടക്കുന്ന കാലികളും എന്ന് വേണ്ട അന്ന് മനസ്സിലുടക്കിയതെല്ലാം എനിക്ക് കൗതുകങ്ങളായിരുന്നു. പിൽക്കാലത്ത് കൈമോശംവന്നുപോയ അത്തരം കൗതുകക്കാഴ്ചകളെ നഷ്ടബോധത്തോടെ ഓർക്കുമ്പോഴും അന്നനുഭവിച്ച കുതൂഹലങ്ങൾ അതെ തീവ്രതയോടെ ഇന്നോർത്തെടുക്കാനാവുന്നത് മഹാഭാഗ്യമെന്നു തോന്നീട്ടുണ്ട്.
ഇടറോഡുകളും വിട്ട് വൈകാതെ ഞങ്ങൾ ചെമ്മൺ പാതയിലേക്ക് പ്രവേശിച്ചു. അതിരു നിശ്ചയിക്കാനാവാത്ത വിധം പരന്നുകിടക്കുന്ന പാടശേഖരം, അതിനു നടുവിലൂടെയുള്ള വീതിയേറിയ ചെമ്മൺപാത. അതിലൂടെ ബസ്സൊക്കെവരുമെന്ന് അച്ഛൻ പറഞ്ഞു. ഞാനപ്പോൾ പാടത്തിന്റെ വർണ്ണവിസ്മയത്തിൽ മനസ്സുടക്കി നിൽക്കുകയായിരുന്നു. ചില വയലുകളിൽ ഞാറു മുളച്ചുതുടങ്ങുന്നതേയുള്ളൂ, ചിലവയിൽ പച്ചപ്പരവതാനിപോലെ അവ വളർന്നുപൊങ്ങി നിൽക്കുന്നു. ചിലയിടത്താകട്ടെ ഇനിയും കൊയ്തൊഴിഞ്ഞിട്ടേയില്ല. സ്വർണ്ണവർണ്ണത്തിൽ കതിരുകൾ തലകുത്തിക്കിടക്കുന്നു. ഇനിയും ചിലവ കൊയ്ത്തുകഴിഞ്ഞു കറ്റ കൊയ്തെടുത്ത കുറ്റിയവശേഷിപ്പിച്ചു ഓണത്തിനെ വരവേൽക്കാനായി നിൽക്കുന്നു. കാലം തെറ്റിയുള്ള മഴയും കാലാവസ്ഥയിലെ മാറ്റങ്ങളുമില്ലായിരുന്നെങ്കിൽ പാടമെല്ലാം ഒരുപോലെ, ഒരൊറ്റ നിറത്തിലാകുമായിരുന്നു എന്നച്ഛൻ പറഞ്ഞു. ഇളംപച്ചയും നിറമഞ്ഞയും ഇരുണ്ടതവിട്ടുനിറവുമൊക്കെ ഇടകലർന്നുള്ള കാഴ്ച അച്ഛൻ പറഞ്ഞ ഒറ്റ നിറത്തേക്കാളും എനിക്കാനന്ദമുണ്ടാക്കി. ‘ഇതും കൊള്ളാം’, എന്റെ മനസ്സറിഞ്ഞിട്ടെന്നപോലെ അച്ഛൻ ചിരിച്ചു.
കുറച്ചുദൂരം പോയിക്കഴിഞ്ഞു ചെമ്മൺപാതയിൽ നിന്നും വണ്ടി വീതിയേറിയ വയൽ വരമ്പിലേയ്ക്ക് പ്രവേശിച്ചു. കഷ്ടിച്ചൊരു വാഹനത്തിനുമാത്രം പോകാൻ കഴിയുന്ന പാത എന്നെ കുറച്ചൊന്നു പേടിപ്പെടുത്തി. ചെറിയൊരു വെട്ടിക്കൽ മതി ഞങ്ങൾ രണ്ടാളും വയലിൽ കിടക്കാൻ. ഞാനച്ഛന്റെ വയറിലെ പിടിമുറുക്കി. അവസാനം വണ്ടിചെന്നു നിന്നത് പാടത്തിനതിർവരമ്പത്തെ ഒരു പുൽത്തകിടിയിലാണ്. കരഭാഗത്തിന്റെ തുടക്കമായിരിക്കുമെന്നു ഞാൻ കണക്കുകൂട്ടി. വിശാലമായ പുൽത്തകിടി ഒരമ്പലത്തിന്റെ മുറ്റമായിരുന്നു. വളരെ ചെറുതായ ഒരമ്പലം. അതിന്റെ പുരാതനമായ മുഖപ്പും നോക്കിനിൽക്കുമ്പോൾ അച്ഛൻ പറഞ്ഞു. “ഇതാണ് അച്ഛമ്മയുടെ കുടുംബ പരദേവതയുടെ അമ്പലം, അടുത്തുതന്നെ കാവുമുണ്ട്.”
അമ്പലത്തിനു തൊട്ടു ചേർന്നുള്ള കാവ്, അതാണ് അച്ഛനെനിക്കായി കാത്തുവച്ചിരുന്ന അത്ഭുതം! ഒരു മായാജാലക്കാരനെപ്പോലെ ജീവിതത്തിലെ പല ഘട്ടങ്ങളിലും അച്ഛനെനിക്കായി കരുതിവച്ചിരുന്ന നല്ലതും ചീത്തയുമായ അത്ഭുതങ്ങളിൽ എനിക്കേറ്റവും പ്രിയപ്പെട്ടത് ആ കാവായിരുന്നു, അതിനുള്ളിലെ തണുപ്പിലേക്ക് അച്ഛന്റെ കൈപിടിച്ചിറങ്ങിയ സ്വപ്നതുല്യമായ ആ നിമിഷങ്ങളായിരുന്നു. മനസ്സിന്റെ ഉള്ളറകളിൽ കാലത്തിന് നിഴൽവീഴ്ത്താനാവാതെ കിടക്കുന്ന ആ യാത്രയെക്കുറിച്ചുള്ള ഓർമ്മകളായിരുന്നു!
സർപ്പപ്രതിഷ്ഠയുള്ള ചെറിയൊരു കെട്ടും അതിനെച്ചുറ്റിയുള്ള ഒരു ഇടക്കെട്ടുമല്ലാതെ മനുഷ്യനിർമ്മിതമായ ഒന്നുമില്ലാത്ത ഒരിടം, അതായിരുന്നു കാവിനുൾവശം. പ്രകൃതി തീർത്ത അത്ഭുതങ്ങളായിരുന്നു ചുറ്റിലും. ഇടതിങ്ങി വളരുന്ന വൻമരങ്ങൾ ഇരുൾവീഴ്ത്തിയ കാവ് പേരറിയാത്ത ജൈവവൈവിധ്യത്താൽ സമ്പന്നമായിരുന്നു. മുൻപൊരിക്കലും കേട്ടുപരിചയമില്ലാത്തതും ഒന്നിനോടൊന്ന് വേർതിരിച്ചറിയാനാകാത്തവിധം ഇഴുകിച്ചേർന്നതുമായ ശബ്ദകോലാഹലങ്ങളിലും സംഗീതമുണ്ടെന്നു തോന്നിയതന്നാണ്, പ്രകൃതി തീർക്കുന്ന സംഗീതം. വവ്വാലുകൾ തൂങ്ങിക്കിടക്കുന്നതു കണ്ടാൽ കറുത്ത പഴമാണെന്നു തോന്നുമെന്ന്‌ പറഞ്ഞപ്പോൾ ‘നിന്റെ ഭാവന കൊള്ളാമല്ലോ’ യെന്നു പറഞ്ഞു അച്ഛൻ ചിരിച്ചു. സർപ്പ പ്രതിക്ഷ്ഠയിൽ നിവേദ്യബാക്കിയായി ഉണങ്ങിയ തെച്ചിപ്പൂക്കൾ മാത്രം കണ്ടു. വവ്വാലും മറ്റു പക്ഷികളും കടിച്ചുതുപ്പിയ ഫലവർഗ്ഗങ്ങൾ കാവിലെമ്പാടും ചിതറിക്കിടന്നിരുന്നു. മരങ്ങളിൽ നിന്നും വളർന്നിറങ്ങിയ ഊഞ്ഞാൽവള്ളികളിലൊന്നിലേക്ക് അച്ഛനെന്നെ എടുത്തുയർത്തി. ചെറുതായൊന്നാടി പിന്തിരിഞ്ഞത് വള്ളിയെങ്ങാനും പൊട്ടുമെന്ന എന്റെ ഭീരുത്വം കൊണ്ടുമാത്രം. അച്ഛന്റെ ഒരുറപ്പിനും പിന്നെയൊരു ഊഞ്ഞാലാട്ടത്തിലേയ്ക്ക് എന്നെ എത്തിക്കാനായില്ല. തണുപ്പരിച്ചിറങ്ങുന്ന കാവിനകത്തു ഞാനും അച്ഛനും ചീവീടുകളുടെയും കിളികളുടെയും പാട്ടും കേട്ട് വളരെ നേരം നിന്നു.
കാവും അമ്പലവും ചുറ്റി പിന്നെയും കുറേനേരം ചെലവഴിച്ചു ഞങ്ങൾ മടങ്ങി. ബന്ധുവീട്ടിലെ ഓണാഘോഷമൊന്നും ആ കാവിൽ ചെലവഴിച്ച നിമിഷങ്ങളെക്കാലും എന്നെ സന്തോഷിപ്പിച്ചേയില്ല! ഇന്ന് കാവെന്നു കേട്ടാൽ ആദ്യം മനസ്സിൽവരുന്നത് കുട്ടിക്കാലത്തു അച്ഛന്റെ കൈപിടിച്ച് ഞാൻ നടന്നുകണ്ട അതേ ഇടമാണ്. പിന്നീടൊരിക്കലും പോകാനാവാത്ത, പോകാനുള്ള വഴിപോലും വിസ്മൃതിയിലായിപ്പോയ ആ പ്രിയപ്പെട്ട ഇടം. അവിടെയിന്നതൊക്കെ ഉണ്ടാകുമോ എന്ന് ചിലപ്പോഴെങ്കിലും മനസ്സ് വേവലാതിപ്പെടാറുണ്ട്..

ബിന്ദു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!