ഉൾച്ചുമരെഴുത്തുകൾ

അടുത്ത സെമസ്റ്ററു തുടങ്ങും മുൻപ് രണ്ടാഴ്ചത്തേയ്ക്കു കിട്ടിയ അവധിക്കാലം. ഉറക്കം മതിയായിട്ടും മനു ആലസ്യത്തോടെ ചുരുണ്ടുകിടന്നു. അസൈന്മെന്റുകൾ, സെമിനാറുകൾ, ടേംപേപ്പർ പ്രേസന്റ്റേഷനുകൾ തുടങ്ങി സകലമാന കൊസ്രാക്കൊള്ളികൾക്കും തൽക്കാലത്തേക്ക് വിട! അവധിക്കാലം ഉറങ്ങിയും വായിച്ചും ആറ്റിൽ കുളിച്ചും മൈതാനകളായി മാറിയ വയലിൽ കളിച്ചും ഇഷ്ടംപോലെ കഴിയാം, പുതപ്പു ഒന്നുകൂടി തലവഴി വലിച്ചുമൂടുമ്പോൾ ആ ചിന്ത തന്നെ എന്തൊരാശ്വാസമാണെന്ന് മനുവോർത്തു!

“മനൂ… നീയിതുവരെ എണീറ്റില്ലേ? ചായ കൊണ്ടുവച്ചതു തണുത്താറിക്കാണും…
ആ എണ്ണകാച്ചണ ഉരുളിയൊന്നെടുത്തു തര്വോ തട്ടുമ്പുറത്തൂന്ന്?”, അമ്മായിയാണ്.
” അവധിയാണെന്നു വച്ച് ഈ ചെക്കനിതെന്തൊരുറക്കാ, നേരം ഉച്ചയാകാറായി”.
അമ്മായിയുടെ പിറുപിറുക്കലും ഉച്ഛസ്ഥായിയിലാണ്!

“ഇഷ്ടം പോലെ ഉറങ്ങിക്കോട്ടെന്നേ…. ഇങ്ങോട്ടെണീറ്റുവന്നാൽ അവന്റെ പിറകെ നടക്കാനേ എനിക്ക് നേരം കാണൂ; പഴേ സാധനങ്ങൾ തേടിപ്പിടിക്കലും വൃത്തിയാക്കലുമായി!’
അമ്മ അമ്മായിയെ നിരുത്സാഹപ്പെടുത്തി.
“അല്ലെങ്കിലും നല്ല ജോലിയാ രാവിലെ അവനെ ഏൽപ്പിക്കുന്നത്. തട്ടുമ്പുറത്തവനെ കയറ്റിയാൽ സമയത്തു നിനക്കുരുളി കിട്ടിയത് തന്നെ! അവിടുള്ള ഓരോന്നായി താഴെയെത്തിച്ചിട്ടേ അവനുരുളിയെടുക്കൂ. പിന്നെ താഴെയെത്തിച്ചതിന്റെ ഓരോന്നിന്റെം ചരിത്രോം ഭൂമിശാസ്ത്രോം പറഞ്ഞുകൊടുക്കുന്ന ജോലി എനിക്കും”. അമ്മ പറഞ്ഞത് യാഥാർഥ്യമെന്ന് അമ്മായിക്കുമറിയാം.
“ഓ! ഇത്തവണ അതൊന്നുമില്ലെന്നേ. അവനെ ആകർഷിക്കുന്നതൊന്നും ഇനി നമ്മുടെ തട്ടുമ്പുറത്തില്ല. ഇനിയുള്ളതെല്ലാം പലകുറി പരിശോധിച്ചുപേക്ഷിച്ചതാ. അവയ്‌ക്കൊന്നിനും അത്ര പാരമ്പര്യമൊന്നും അവകാശപ്പെടാനില്ലത്രേ!” അമ്മായി ചിരിച്ചു.
“ഭാഗ്യം!” അത് അമ്മയുടെ വക.

തന്റെ ചെലവിൽ ഉയരുന്ന ചിരിയും ശ്രദ്ധിച്ചുകിടക്കുമ്പോൾ മനുവിന്റെ മനസ്സ് തട്ടുമ്പുറത്തവശേഷിക്കുന്ന വസ്തുക്കളുടെ കണക്കെടുക്കുകയായിരുന്നു. അച്ഛന്റെ ഒരു ചാരുകസേര, ഒരു കൈ ഒടിഞ്ഞുപോയിട്ടുണ്ട്; പടിയിലുമുണ്ട് സാമാന്യം വലിയൊരു പൊട്ടൽ. അതൊട്ടും ആകർഷിക്കുന്നില്ല തന്നെ. ഒരുകൈയ്യിൽ എരിയുന്ന സിഗരറ്റും മറുകൈയിൽ ഊരിപ്പിടിച്ച പേനയുമായി അച്ഛനതിലില്ലാതെ, ആ ചാരുകസേരയ്ക്കു മാത്രമായൊരസ്തിത്വം മനു അംഗീകരിച്ചുകൊടുത്തിട്ടേയില്ല. പിന്നെയുള്ളത് പല വലിപ്പത്തിലുള്ള കുറെ ഉരുളികളും ഉപ്പുമാങ്ങാഭരണികളുമാണ്. മുറ്റമൊതുക്കുന്ന നിലംതല്ലികളും കൃഷിക്കുപയോഗിച്ചിരുന്ന പണിയായുധങ്ങളുമൊക്കെ ആർക്കു വേണം? ഇതൊക്കെയല്ലാതെ ഇവിടുത്തെ തട്ടിൻപുറത്ത് വേറൊന്നുമില്ല. ഒഴിവുസമയ വിനോദങ്ങളിൽ ഏറ്റവും പ്രിയം ഈ പുരാവസ്തുക്കൾ തേടലാണ്. കിട്ടുന്ന സാധനങ്ങൾ തേച്ചുമിനുക്കിയെടുത്തു സൂക്ഷിക്കുന്നതിൽ ഒരു പ്രത്യേക മിടുക്കുതന്നെ മനുവിനുണ്ട്. ഉപയോഗയോഗ്യമെങ്കിൽ എടുത്തുപയോഗിക്കുകയും ചെയ്യും. പഴമയോടുള്ള ഭ്രമം കുറച്ചൊക്കെ അമ്മയിൽനിന്ന് കിട്ടിയതാവാം.

ഇനിയെണീറ്റുകളയാം. ഉരുളി കിട്ടിയില്ലെങ്കിൽ അമ്മായീടെ ഭാവം മാറും, രാവിലെ അവരുടെ മൂഡ് കളയണ്ട. മനു കിടക്കവിട്ടെണീറ്റു. തണുത്തുറഞ്ഞു പാടകെട്ടിയ ചായഗ്ളാസ്സുമെടുത്തു അടുക്കളഭാഗത്തേയ്ക്കു നടന്നു.

തട്ടിൻപുറത്ത് അരനിമിഷംപോലും കളയാതെ ഉരുളിയുമെടുത്ത് ഇറങ്ങിവരുന്ന മനുവിനെ കണ്ടപ്പോൾ അമ്മയ്ക്ക് സഹതാപം തോന്നി. ഇന്ന് രാവിലെ തന്നെ ചെക്കന് ബോറടി തുടങ്ങും. പഴഞ്ചനെന്തെങ്കിലും കൈയ്യിൽക്കിട്ടിയാൽ അതുമായിരുന്നുകൊള്ളുമായിരുന്നു, ഇല്ലെങ്കിൽ പിറകെ നടന്ന് അലട്ടിക്കൊണ്ടിരിക്കും. ഉച്ചത്തിടുക്കത്തിലേയ്ക്ക് വെപ്രാളപ്പെട്ടോടുമ്പോൾ അമ്മ പറഞ്ഞു,
“ടാ.. മനൂ.. നീയമ്മൂമ്മയുടെ അടുത്തേയ്ക്കു ചെല്ല്. അവിടെ മച്ചിനു മുകളിലെന്തെങ്കിലുമൊക്കെ കാണാതിരിക്കില്ല.” അമ്മയ്ക്കവിടെ നിന്നെന്തെന്കിലുമൊക്കെ അടിച്ചുമാറ്റാനുള്ള ഉദ്ദേശമുണ്ടോയെന്നു മനു സംശയിച്ചു. സംശയമസ്ഥാനത്തല്ലെന്ന് അടുത്ത വാചകം വെളിവാക്കി.
“പിന്നേ .. പണ്ട് പാക്ക് വെള്ളത്തിലിടുന്ന വലിയ മൺകലങ്ങളുണ്ടായിരുന്നു. ഞങ്ങളതിനെ മ്ടാവെന്നും പാക്കിയാടിയെന്നുമൊക്കെയാ വിളിച്ചിരുന്നത്. അതിലൊന്നെങ്കിലും കാണാതിരിക്കില്ല. കിട്ടിയാലെടുത്തിട്ടുവാ. നമുക്കതു വാർണീഷടിച്ചു വയ്ക്കാം. കാണാൻ നല്ല രസമായിരിക്കും.”
“ബെസ്റ്റ്! ചെക്കനെ കുറ്റംപറഞ്ഞിട്ട് അമ്മേടെ മനസ്സിലിരിപ്പ് കൊള്ളാം”. അമ്മായി ചിരിച്ചു.

“മ്ടാവോ! അതെന്താ സാധനം? മിഴാവെന്ന് കേട്ടിട്ടുണ്ട്. ഈ കൂത്തിനൊക്കെ ഉപയോഗിക്കുന്ന വാദ്യോപകരണം, അതാണോ?” മനു സംശയിച്ചു.

“അതെന്തോ എനിക്കത്ര നിശ്ചയം പോരാ. ചെറിയ പാക്കിയാടിയെയാണ് മ്ടാവെന്നു പറയുന്നത്. അതിനു വാവട്ടവും കൂടുതലാണ്. ചിലപ്പോ നീ പറയുന്ന സംഗീതോപകരണം തന്നെയായിരിക്കും”. അമ്മയ്ക്കറിയാവുന്നതു പറഞ്ഞു.
“നീയീ ചായ കുടിച്ചിട്ട് പോ മനൂ..”, അമ്മായി പിറകെ വിളിച്ചു.
“ചായയെടുത്തോളൂ, ഞാനിപ്പോ വരാം”. മനു അടുത്തുള്ള തറവാട് ലക്‌ഷ്യം വച്ച് നടന്നു.

അമ്മൂമ്മ വിശദമായ പല്ലുതേപ്പിനുള്ള വട്ടം കൂട്ടുകയാണ്. കുട്ടിക്കാലത്തെ കൗതുകങ്ങളിലൊന്നാണ് അമ്മൂമ്മയുടെ പല്ലുതേയ്പ്പ്! ആദ്യം മാവിലകൊണ്ട്, പിന്നെ ഉമിക്കരികൊണ്ട്, ഏറ്റവുമൊടുവിൽ ബ്രഷും പേസ്റ്റും കൊണ്ട്. രാവിലെ തുടങ്ങുന്ന യജ്ഞം ഉച്ചയോടടുക്കും അവസാനിക്കുമ്പോൾ. ഇന്നെന്തോ താമസിച്ചിട്ടാണ്. ഇത്രയ്ക്കൊക്കെ വേണോയെന്ന് പണ്ട് കളിയാക്കിയിരുന്നു. ഇത്രയുമായാലേ പല്ലു വൃത്തിയാകൂ അത്രേ! പിന്നെ എന്നുമില്ല, ഒന്നിരാടമേയുള്ളൂ എന്നൊരാശ്വാസമുണ്ട്!!
” നീയെന്താടാ രാവിലെ? ഇന്ന് കോളേജിൽപ്പോക്കൊന്നുമില്ലേ?”
“രാവിലെയാ… നേരം ഉച്ചയായി. അതുപിന്നെ ഇവിടെ രാവിലത്തെ പല്ലുതേയ്പ്പു തുടങ്ങീട്ടില്ലല്ലോ. എനിക്ക് ഇനി രണ്ടാഴ്ച അവധിയാണെന്ന് ഇന്നലേം കൂടി പറഞ്ഞതല്ലേ? മറവിയത്ര നല്ല ലക്ഷണമല്ല”.

” നീ ചായ കുടിച്ചോ? ഇല്ലെങ്കിൽ അടുക്കളേലോട്ടു ചെല്ല്”. അമ്മൂമ്മ ഇളംതിണ്ണയിൽ പലകയിട്ടിരുന്നു കഴിഞ്ഞു.
“ചായയൊന്നും വേണ്ട. ഞാനേ ഒന്ന് തട്ടുമ്പുറത്തുകയറി നോക്കിക്കോട്ടെ? എന്തെങ്കിലും പഴയ സാധനങ്ങളുണ്ടാവൂല്ലേ? അതൊക്കെ കിടന്നു നശിക്കുന്നതിലും നല്ലതല്ലേ വൃത്തിയാക്കി ഉപയോഗിക്കണത്. അമ്മൂമ്മയ്ക്കെന്തെങ്കിലും താഴേയ്‌ക്കെടുക്കാനുണ്ടാ, അതും എടുത്തുതരാം”.
“എനിക്കൊന്നും വേണ്ട. നിനക്ക് കയറിനോക്കണമെങ്കിൽ നോക്ക്. നിന്നെ മാത്രേ മച്ചിനുള്ളിൽ കയറാൻ സമ്മതിക്കൂ..വേറെയാരേം കേറ്റില്ല. അവിടെ ഒരുപാട് വിലപിടിപ്പുള്ളതൊക്കെ ഉള്ളതാ”.
മനുവിന്റെ ഭ്രമമറിയുന്ന അമ്മൂമ്മ മനസ്സില്ലാമനസ്സോടെ സമ്മതം മൂളി.അമ്മൂമ്മയുടെ മനസ്സുമാറും മുൻപ് മനുവേഗം തളത്തിന് ഒരരികിലുള്ള മരഗോവണിവഴി മച്ചിലേയ്ക്കു കയറാൻ തുടങ്ങി. തളത്തിലെ തണുപ്പും ഇരുട്ടും തന്നെയായിരുന്നു കോണിപ്പടികൾക്കും.
‘സൂക്ഷിച്ചു കയറ്. പടികളിൽ ചിലതു ഇളകീട്ടുണ്ട്. ആ ടോർച്ചുകൂടെ കൈയ്യിലെടുത്തോ”. അമ്മൂമ്മ വിളിച്ചുപറഞ്ഞു.
“അപ്പടി മാറാലയും പൊടിയുമാ.. എലിയും കാണും സൂക്ഷിക്കണേ..”
ഗോവണിക്കു താഴെ ടോർച്ചും ചൂലുമായി അമ്മൂമ്മയുടെ അടുക്കള സഹായി കുഞ്ഞുലക്ഷ്മിചേച്ചി. പകുതികയറിയ പടികൾ തിരിച്ചിറങ്ങി അവ വാങ്ങുമ്പോൾ ചേച്ചി അവരുടെ ആവശ്യം പറഞ്ഞു,
“ഒരു വെറ്റിലച്ചെല്ലം കൂടെ എടുത്തിട്ടുവരണേ. ഇപ്പോഴുള്ളതിന്റെ മൂടി ഇളകീട്ടാ”.
മച്ചിന്റെ വലിപ്പം മനുവിനെ അത്ഭുതപ്പെടുത്തി.ഇവിടെ ആദ്യമായി കയറുകയാണ്. എന്തുമാത്രം സാധനങ്ങളാണ് കൂട്ടിയിട്ടിരിക്കുന്നത്. വലിയ വാർപ്പുകളും (അവയെ ചരക്കെന്നാണ് വിളിക്കുന്നതെന്ന് അമ്മൂമ്മ പറയാറുണ്ട്), ഓട്ടുരുളികളും ചെമ്പുപാത്രങ്ങളും തണ്ടൊടിഞ്ഞതും വക്കുപൊട്ടിയതുമായ നിലവിളക്കുകളും പഴയൊരു ഗ്രാമഫോൺ സിസ്റ്റവും കോളാമ്പി സ്പീക്കറും… പിന്നെ പേരുപോലുമറിയാത്ത എത്രയെത്ര സാധനങ്ങൾ!! മനുവിന് സന്തോഷംകൊണ്ട് പൊറുതിമുട്ടി. വെറുതെയല്ല ഇതിനകത്തമ്മൂമ്മ ആരെയും കയറ്റാത്തത്. ആരുകയറിയാലും എന്തെങ്കിലുമടിച്ചുമാറ്റുമെന്നുറപ്പ്!
അരികുകളിൽ പിത്തളക്കെട്ടുള്ള ആകമാനം ഡെക്കറേഷനുകളുമായി മൂന്നു കാൽപ്പെട്ടികൾ മൂലയ്ക്കിരിക്കുന്നത് ഏറ്റവുമൊടുവിലാണ് മനുവിന്റെ കണ്ണിൽപ്പെട്ടത്. അരിക്കുരിയകളുടെയും അടച്ചൂറ്റിപ്പലകകളുടെയും മുരുടകളുടെയും ചെറുതല്ലാത്തൊരു ശേഖരം പെട്ടികൾക്കു മുകളിലായി സ്ഥാനം പിടിച്ചിരുന്നു. അവ ഒന്നോടെ നീക്കിതാഴെയിടുമ്പോൾ അടുത്തിരുന്ന വലിയൊരു ചീനഭരണി പൊട്ടി. ഒച്ചകേട്ടു ഭയന്നോടിയ എലികൾ മനുവിന്റെ കാലിൽ വന്നു തട്ടി. എലികളെ ഒഴിവാക്കാനായി മനുവും രണ്ടുമൂന്നാവർത്തി നിലത്തുനിന്ന് പൊങ്ങിച്ചാടി. പലകകൊണ്ടു തറപാകിയ മച്ചിൻ മുകളിലത് വലിയ ശബ്ദമുണ്ടാക്കി.
“നീയാ ഭരണിയൊക്കേം പൊട്ടിക്കല്ലേടാ. നിറയെ എലിയും പാമ്പുമൊക്കെ കാണും മനൂ… ശ്രദ്ധിച്ച് നടക്കേ..” അമ്മൂമ്മ ശബ്ദം കേട്ടുവന്നതാവും കോണിത്താഴത്തേയ്ക്ക്.
“കുഴപ്പമൊന്നുമില്ല, ഒന്നും പൊട്ടീട്ടില്ല. ഞാൻ ശ്രദ്ധിക്കുന്നുണ്ട്.”
കൂനിപ്പോയതുകൊണ്ടു കോണികയറിവരാനാകില്ല. ഇങ്ങനെ ഇടയ്ക്കിടയ്ക്ക് ഉറപ്പുകൊടുത്തുകൊണ്ടിരുന്നാൽ മതി,സമാധാനത്തോടെ അവിടെയിരുന്നുകൊള്ളും അമ്മൂമ്മയുടെ രീതികളൊക്കെ മനുവിന് നന്നായറിയാം.
മച്ചിലേയ്ക്ക് വെളിച്ചം കടക്കാൻ ജനാലകളൊക്കെ നന്നായി തുറന്നുവെച്ച്‌ മനു പെട്ടികൾ പരിശോധിക്കാനിരുന്നു.
പെട്ടികൾക്കു പൂട്ടൊന്നുമുണ്ടായിരുന്നില്ല. തുരുമ്പെടുത്ത വിജാഗിരികൾ തുറക്കുമ്പോൾ കരകര ശബ്ദമുണ്ടാക്കി, ചില പിത്തളക്കെട്ടുകൾ നുറുങ്ങിത്താഴെവീണു. തുരുമ്പുകവചം പൊട്ടിയ വിജാഗിരികളും ഒരുവേള അടർന്നുവീഴുമെന്ന തോന്നലുണ്ടാക്കി. ആയാസപ്പെട്ട് മൂടികൾ തുറന്നുവച്ചു. രണ്ടെണ്ണത്തിൽ നിറയെ കേസുകെട്ടുകളും പഴയ പ്രമാണങ്ങളുമാണ്. ഒട്ടുമിക്കതും ദ്രവിച്ചുതുടങ്ങിയിരിക്കുന്നു. പണ്ട് അമ്മൂമ്മ തന്റെ വലിയമ്മാവനോട് കേസ് പറഞ്ഞാണ് തനിക്കവകാശപ്പെട്ടതൊക്കെയും നേടിയെടുത്തതെന്ന് കേട്ടിട്ടുണ്ട്. അമ്മൂമ്മ തന്നെയാണ് ഒട്ടൊരഭിമാനത്തോടെ അതൊക്കെ മനുവിന് പറഞ്ഞുകൊടുത്തതും. കഥപോലെ തോന്നുന്ന ജീവിതസന്ദർഭങ്ങൾ ബാല്യത്തിൽ ഒട്ടൊന്നുമല്ല അത്ഭുതപ്പെടുത്തിയിട്ടുള്ളത്!
പ്രമാണക്കെട്ടുകൾ ഭദ്രമായി പെട്ടിയിൽ തന്നെ അടച്ചുവെച്ചു. മൂന്നാമത്തെ പെട്ടിയിൽ കുറച്ചേറെ ഡയറികളും നോട്ടുബുക്കുകളുമുണ്ടായിരുന്നു. പ്രമാണപ്പെട്ടികളിലൊന്നിന്റെ പുറത്തു ലേശം കരുതലോടെ ഇരുന്നുകൊണ്ട് മനു അവ ഓരോന്നായെടുത്തു പരിശോധിക്കാൻ തുടങ്ങി.
ആദ്യം കിട്ടിയത് അമ്മയുടെ പത്താംക്ലാസിലെ മലയാളം പാഠപുസ്തകം. പെൻസിലുകൊണ്ട് അടിവരയിട്ടിരിക്കുന്ന പാഠഭാഗങ്ങൾ ഓരോരോ കഥകളായി,കവിതയായി എത്രയോ തവണ കേട്ടിരിക്കുന്നു. പഠിച്ച കാര്യങ്ങൾ അമ്മയ്ക്കിപ്പോഴും നല്ല ഓർമ്മയാണ്. പുസ്തകം പൊടിതട്ടി മാറ്റിവച്ചു, അമ്മയ്ക്ക് കൊണ്ടുപോയിക്കൊടുക്കാം. ഭയങ്കര സന്തോഷമാകും. കവിതകളൊക്കെ ഒരിക്കൽക്കൂടി കേൾക്കേണ്ടിവരുമെന്നേയുള്ളൂ. മനു ഉള്ളിൽ ചിരിച്ചു.
പിന്നെ കണ്ടത് അച്ഛന്റെ പഴയ ചില ഡയറികളാണ്. മനോഹരമായ കൈപ്പടയിൽ എഴുതിനിറച്ചവ. കഥയും കവിതയും ലേഖനവും ചെറു നാടകങ്ങളുമായി അഞ്ചാറു പഴയ ഡയറികൾ. അച്ഛന്റെ കൈയ്യക്ഷരം കണ്ടപ്പോൾ മനുവിന്റെ കണ്ണു നിറഞ്ഞു. കരിയും മാറാലയും പുരണ്ട പുറംകൈകൊണ്ട് തൂത്തപ്പോൾ കണ്ണ് പുകഞ്ഞുനീറി. ഉടുത്തിരുന്ന മുണ്ടിന്റെ അറ്റംകൊണ്ടു കണ്ണും മുഖവും തുടച്ച്‌ അഞ്ചാറിട മനു മൂകനായിരുന്നു.
“മനൂ… മോനേ … നീയെന്തു ചെയ്യുകാ അവിടെ? എന്താ ശബ്ദമൊന്നുമില്ലാത്തത്?
“ഇവിടെ ഒരു പെട്ടീൽ കുറെ ഡയറികൾ. ഞാനത് വായിച്ചുകൊണ്ടിരിക്കുകാ”.
“നിന്റച്ഛന്റെയാ. നിന്റമ്മ വാരിക്കളഞ്ഞപ്പോ ഞാനെടുത്തുവച്ചതാ. നീയതൊക്കെ അവിടെയിട്ടിട്ടു വാ. നമുക്ക് ചായ കുടിക്കാം. വരുമ്പോ ആ പെട്ടികൾ അടച്ചുവച്ചിട്ടു വരണേ. ഇല്ലേൽ പേപ്പറുകൾ എലി കരണ്ടു നശിപ്പിക്കും”.
അമ്മൂമ്മയോടു ‘ദാ വരുന്നൂ’ എന്ന് പറഞ്ഞെങ്കിലും മനുവിന് അവിടം വിട്ടു പോരാൻ തോന്നിയില്ല. ഡയറികൾ മാറ്റിവച്ച്‌ ഏറ്റവും അടിയിലുള്ള നോട്ടു പുസ്തകങ്ങളിലേയ്ക്ക് കൈകൾ പോയി. ബുക്കുകൾ വളരെ പഴകിയവയാണ്; അക്ഷരങ്ങൾ മഷിപ്പേനയും പെൻസിലും കൊണ്ടെഴുതിയവയും. മങ്ങലേറ്റ അക്ഷരങ്ങൾ പരിചിതമല്ല. അമ്മയുടെ കൈയ്യക്ഷരത്തോടു സാമ്യം തോന്നുന്നുണ്ട്. പേജുകളിൽ വരി ലേശംപോലും വളയാതെ അടുക്കോടും ചിട്ടയോടും കൂടി എഴുതിയിരിക്കുന്നു. ഇംഗ്ലീഷ് അക്ഷരങ്ങൾ കൂട്ടിയെഴുതുമ്പോലെ മലയാള അക്ഷരങ്ങളുടെയും കൂട്ടെഴുത്ത്! കണ്ടപ്പോൾ കൗതുകം തോന്നി.
ഒട്ടുമിക്കതും ലേഖനങ്ങളാണ്. വസ്തുനിഷ്ഠമായ വിലയിരുത്തലുകൾ,അവയെ സ്ഥാപിക്കുന്ന ഉദാഹരണങ്ങൾ, കണ്ടെത്തലുകൾ. സ്വന്തമായ അഭിപ്രായപ്രകടനങ്ങൾ. എഴുത്തുകാരന്റെ നിലപാടുകളെ മനുഷ്യസ്നേഹിയും സമത്വവാദിയുമായൊരാളുടെ, കറ കളഞ്ഞൊരു സോഷ്യലിസ്റ്റ് അനുഭാവിയുടെ എഴുത്തുകളായി മനുവിന് വായിച്ചെടുക്കാനായി! വച്ചുകെട്ടില്ലാത്ത നേരായ സമീപനം ഓരോ ചിന്തയിലും പ്രകാശിപ്പിക്കുന്ന ലേഖനങ്ങൾ! ഇടയ്ക്കിടെ ഒറ്റത്താളിലൊതുങ്ങുന്ന കവിതകളും കണ്ടു. അച്ഛന്റേതുപോലെ ഭാവനാസമ്പുഷ്ടതയൊന്നും അവകാശപ്പെടാനില്ലാത്ത ആ കവിതകളിൽ പക്ഷെ സമത്വസുന്ദരമായൊരു ലോകമുണ്ടായിരുന്നു; അതിലേയ്ക്കെത്തിപ്പെടാനുള്ള മുറവിളികളുടെ മാറ്റൊലികളുണ്ടായിരുന്നു.
മറിച്ചുനോക്കിക്കൊണ്ടിരുന്ന നോട്ട്ബുക്കിൽ നിന്ന് ഒരു ഇൻലന്റ്‌ ലെറ്റർ മനുവിന്റെ മടിയിലേക്കു വഴുതിവീണു. കാലപ്പഴക്കംകൊണ്ട് മങ്ങിപ്പോയ മഷിയെഴുത്ത് വായിച്ചെടുക്കാൻ ബുദ്ധിമുട്ടായിരുന്നു. ജാലകത്തിനടുത്തേയ്ക്കു നീങ്ങിനിന്ന് മായാൻ തുടങ്ങുന്ന അക്ഷരങ്ങളെ മനു ഇങ്ങനെ വായിച്ചു:

ഡൽഹി,
ഏപ്രിൽ 12 , 1962

പ്രിയമുള്ള അമ്മയ്ക്ക്,

എനിക്ക് ഇങ്ങോട്ടുള്ള യാത്രയ്ക്കിടയിൽ പനിപിടിച്ചു. ഇവിടെത്തി രാംലീല മൈതാനത്തെ സമ്മേളനം കഴിഞ്ഞതോടെ പനികൂടി. ന്യുമോണിയയുടെ ആരംഭമായി. ഇവിടുള്ള ഒരു ഡോക്ടറെക്കണ്ടു മരുന്നുവാങ്ങി. ഏ. കെ . ജിയുടെ വീട്ടിൽ വിശ്രമത്തിലാണിപ്പോൾ. ഏ. കെ. ജി പാർലമെൻറ്റിൽ പോകാതെ രണ്ടുദിവസം എനിക്ക് കൂട്ടിരുന്നു. എന്റെ കൈയ്യിൽ പൈസയൊന്നുമില്ല. ഒരു ഷർട്ടും മുണ്ടും അത്യാവശ്യമായി വാങ്ങണം, എറണാകുളത്തെത്തിയാലും മാറ്റിയുടുക്കാനൊന്നുമില്ല. അതിനാൽ ഈ കത്തുകിട്ടിയാലുടനെ 50 രൂപ മണിയോഡർ അയച്ചുതരണം. എന്റെ പേരു വച്ച് ഏ. കെ. ജിയുടെ അഡ്രസ്സിൽ അയച്ചാൽ മതി. കത്തിനു പിറകിൽ അഡ്രസ്സ് എഴുതീട്ടുണ്ട്. അമ്മയുടെ കൈയ്യിൽ ഉണ്ടാകില്ലെന്നറിയാം. എങ്ങനെയെങ്കിലും അയക്കണം, അത്യാവശ്യമാണ്.
അമ്മയ്ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നു കരുതുന്നു. എറണാകുളത്തെത്തീട്ട് ഞാൻ വീട്ടിൽ വരാം. ശേഷം മുഖദാവിൽ.
എന്ന്,
മകൻ.
ഒപ്പ്

അക്ഷരങ്ങളൊഴിഞ്ഞപ്പോൾ മനുവിന്റെ കണ്ണുകൾ ശൂന്യതയിലേയ്ക്ക് തറഞ്ഞു. ഇരുട്ട് കട്ടകെട്ടിയ മച്ചിന്റെ മൂലകളിലെവിടെയോ വലിച്ചുകെട്ടിയ വെള്ളത്തുണിയിലെ ചലിക്കുന്ന രൂപമായി അവനാ കത്തിന്റെ പ്രേഷകനെ അറിഞ്ഞു. ഒറ്റമുണ്ടുടുത്ത, ആറടിപ്പൊക്കത്തിൽ വെളുത്തുമെലിഞ്ഞൊരിരുപതുകാരൻ! സ്വപ്രയത്നത്താലുയർന്ന, സ്കൂൾതലം മുതലേ സർവ്വസമ്മതനായ വിദ്യാർത്ഥിനേതാവ്! മീശ മുളക്കുന്ന പ്രായം മാത്രമുള്ള ബിരുദവിദ്യാർത്ഥിക്ക്, അവന്റെ ആദർശങ്ങൾ പ്രാവർത്തികമാക്കാനുള്ള പുറപ്പാടുകൾക്ക് കൂട്ടിരിക്കുന്നതോ ഇന്ത്യൻ പാർലമെന്റിലെ അന്നത്തെ ഏറ്റവുംവലിയ പ്രതിപക്ഷപാർട്ടിയുടെ അനിഷേധ്യ നേതാവ്!! വെള്ളത്തിരശ്ശീലയിൽ കണ്ട കുട്ടി നേതാവിന് പക്ഷെ ദാരിദ്ര്യമായിരുന്നു. ഭക്ഷണത്തിനു ബുദ്ധിമുട്ടുള്ള, കീറിപ്പോയ ഖദർവസ്ത്രം കഞ്ഞിപ്പശ മുക്കി മോടികൂട്ടിയുടുക്കുന്ന, കേരളത്തിലെ പാവപ്പെട്ടവരുടെ പ്രശ്നങ്ങളെ അങ്ങുതലസ്ഥാനത്തെ സമ്മേളനത്തിലവതരിപ്പിക്കാൻ തേർഡ് ക്ലാസ് തീവണ്ടി മുറിയിൽനിന്ന് മൂന്നുദിവസത്തെ യാത്രാക്ഷീണവുമായി വന്നിറങ്ങി നേരെ രാംലീലമൈതാനത്തേയ്‌ക്ക്‌ നടന്നുപോകുന്ന രാഷ്ട്രീയ നേതാവിനെക്കാണാൻ അക്ഷരങ്ങളുടെ കൂട്ട് വേണ്ടായിരുന്നു മനുവിന്.
അവന്റെയിപ്പോഴത്തെ പ്രായമായിരുന്നു ഈ കത്തെഴുതുമ്പോൾ അമ്മാവനുമെന്നു മനുവോർത്തു. ഒരു കാലഘട്ടത്തിന്റെ രാഷ്ട്രീയ ചരിത്രം ഒന്നോടെ തുറന്നു കാണാനുള്ള ആശയോടെ കൂടുതൽ കത്തുകൾക്കായി അവൻ പെട്ടിക്കുള്ളിലാകെ പരതി. നിരാശയായിരുന്നു ഫലം! ആ ഒരേയൊരെണ്ണം മാത്രം. മച്ചിലെ വിശേഷപ്പെട്ട വസ്തുക്കളൊന്നിലും പിന്നെ മനുവിന്റെ കണ്ണുടക്കിയില്ല, ഒരു വസ്തുവും അവനെ ഭ്രമിപ്പിച്ചില്ല. ആ കത്ത് ….. കത്തുമാത്രം! അതും നെഞ്ചോടടക്കിപ്പിടിച്ചു ഗോവണിയിറങ്ങുമ്പോൾ വെളിച്ചത്തിനായവൻ ടോർച്ചു തേടിയില്ല. അകമേ ആരോ തെളിയിച്ചൊരു വെളിച്ചം മച്ചിന്റെ ഇരുൾമൂലയിലെങ്ങോ തെറിച്ചുപോയ ടോർച്ചിനെ വിസ്മൃതിയിലാഴ്ത്തിയിരുന്നു.

ബിന്ദു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!