നാഹിദാ..

സീൻ 8

വീടിനുൾവശം. പഴയരീതിയിലുള്ള ലൈബ്രറി-കം-സ്റ്റഡി. സമയം ഉച്ചയോടടുക്കുന്നു. ഇലക്ട്രിക്ക് ലൈറ്റിന് പൂർണ്ണമായി തുരത്താൻ കഴിയാതെ ഇത്തിരി ഇരുൾ പതുങ്ങിനിൽക്കുന്നുണ്ട് മുറിയിൽ. ചുവരിലെ റാക്കുകളിലും മേശമേലും തിങ്ങിനിറഞ്ഞു പുസ്തകകങ്ങൾ. മേശയ്ക്കരികിലെ കസേരയിൽ പുറംതിരിഞ്ഞിരുന്ന് എഴുതുന്ന ഹരിശങ്കർ. വാതിൽ കടന്നുവരുന്ന നിത്യ, മൊബൈൽ അയാൾക്ക്‌ നേരെ നീട്ടിക്കൊണ്ട്,
നിത്യ : ഫോൺ ഒരുപാടുതവണ അടിച്ചു ഹരിയേട്ടാ. ചാർജിലിട്ടേയ്ക്കുവാന്ന് ഞാനറിഞ്ഞില്ല.
എഴുതുന്നതുകൊണ്ട് എടുക്കാത്തതാവും ന്നാ കരുതിയത്.
കൈമാറുന്നതിനിടയ്‌ക്ക്‌ വീണ്ടും ശബ്ദിക്കുന്ന ഫോൺ നോക്കി പുരികമുയർത്തുന്ന നിത്യ. ഹരിശങ്കർ കാൾ അറ്റൻഡ് ചെയ്യുന്നു. അത് നോക്കിനിൽക്കുന്ന നിത്യ.
ഹരി: Hello! Yeah.. Yeah Harisankar here. sorry I kept it for charging. Didn’t hear the ring. Soo.. tell me what’s the news? How
you going?
മറുതലയ്ക്കലുള്ള സംഭാഷണം ശ്രദ്ധിക്കുന്നു. ആകാംക്ഷയോടെ സമീപം നിത്യ.

ഹരി : oh!.. that’s so fast Debamsu. I know your tight schedule. And I understand the situation. But for me some family
commitment erupts from nowhere and I’ m tiedup with that right now.

വീണ്ടും മറുവശത്തുനിന്നുള്ള സംഭാഷണം ശ്രദ്ധിക്കുന്നു.

ഹരി : I’ll try… indeed.. my level best. Still I don’t know how I can make it.

മറുപുറത്തെ പ്രതികരണം ശ്രദ്ധിച്ച് ചിരിക്കുന്നു.
ഹരി: Anyways… let us see.. ok. Hope so.. ok.. see you soon. Take care.. ok.. bye.
ഫോൺ സംഭാഷണം അവസാനിപ്പിച്ചു ചിന്താകുലനായി കസേരയിലേക്ക് ചാരിയിരിക്കുന്ന ഹരിശങ്കർ.

നിത്യ:  എന്താ ഹരിയേട്ടാ? ആരാ വിളിച്ചത്?

ഹരി: ദേബാംശു ചാറ്റർജി, ബംഗാളിലെ അറിയപ്പെടുന്ന ഫിലിം ഡയറക്ടറാ. ഞങ്ങൾ പഴയ
സുഹൃത്തുക്കളാണ്. ഞാൻ ഫ്രീലാൻസറായിരുന്ന കാലം പഴയൊരു അഭിമുഖം പ്രസിദ്ധീകരിച്ചിരുന്ന കാര്യം പറഞ്ഞിട്ടില്ലേ നിന്നോട്. അന്നയാളുടെ പല നിലപാടുകളും ഒരുപാട് ചർച്ചയായിരുന്നതാ. അതാ ആള്. കഴിഞ്ഞ വർഷം ഞങ്ങൾ ബോംബെയിൽ വച്ചു കണ്ടിരുന്നു.

നിത്യ: ങാ.. ഓർക്കുന്നു.. പുള്ളിയെന്താ പറയുന്നത്? നിങ്ങളൊരുമിച്ചൊരു പ്രൊജക്റ്റ് പ്ലാൻ
ചെയ്യുന്നു എന്ന് അച്ഛൻ പറഞ്ഞു. നിങ്ങള് കൽക്കട്ടയ്ക്കു പോകുവാണോ ഉടനേ?

പ്രകടമായ നീരസം ശ്രദ്ധിക്കുന്ന ഹരിശങ്കർ, തെല്ലിട മിണ്ടാതെയിരിക്കുന്നു.

ഹരി: എന്റെ പണ്ടെഴുതിയൊരു കഥ, അതന്ന് ‘മാതൃശബ്ദ’ത്തിലൊക്കെ പ്രസിദ്ധീകരിച്ചതാ,
കൊൽക്കത്തയുടെ പശ്ചാത്തലത്തിലെഴുതിയത്. അതൊരു
കോമൺ ഫ്രണ്ട് അയാളോട് സജ്ജസ്റ് ചെയ്തത്രേ സിനിമയാക്കാൻ. മുൻപ് ഒന്നുരണ്ടുതവണ
ഇതേക്കുറിച്ചു സംസാരിച്ചിരുന്നു. ഞാനതത്ര പ്രോത്സാഹിപ്പിച്ചില്ല. ഇപ്പോഴയാൾ നിർബന്ധപൂർവ്വം
പറയുന്നു, ഞാൻ തന്നെ സ്ക്രിപ്റ്റാക്കിക്കൊടുക്കണമെന്ന്. കഴിഞ്ഞ ഫെസ്റ്റിവൽ സമയത്തു
പറഞ്ഞുവച്ചുപോയതാ.
നിത്യ താല്പര്യമില്ലാതെ കേൾക്കുന്നു. ഹരിശങ്കർ തുടരുന്നു.

ഹരി: ഭാഷ വശമില്ലാതെ സ്ക്രിപ്റ്റാക്കാനൊന്നും പറ്റില്ലെന്ന് ഞാൻ പറഞ്ഞിട്ടുണ്ട്. അതല്ലെങ്കിലും മെനക്കെട്ട പണിയാ. കഥയൊന്നുകൂടി എലാബറേറ്റാക്കി അയാളുടെ ടീമിന്    പറഞ്ഞുകൊടുത്താൽമതിയെന്ന് ഒടുക്കം സമ്മതിച്ചിട്ടുണ്ട്. അതുവരെയൊന്നു പോണം, വെറും ഒരാഴ്ചത്തെ കാര്യമേയുള്ളൂ. ആ കഥയൊന്നുകൂടി പുതുക്കണം, അവർക്ക് മനസ്സിലാകുന്നവണ്ണം പറഞ്ഞു കൊടുക്കണം, തിരിച്ചുപോരണം. അതാ ഞാൻ നിന്റെ അച്ഛനോട് സൂചിപ്പിച്ചത്, ഞാനില്ലാത്തപ്പോ വീടിന്റെ പണിയൊന്നു ശ്രദ്ധിച്ചോളണെ എന്ന്.

നിത്യ: ഉടനെ പോകാനാണോ?

ഹരി: അങ്ങനെയല്ല. അങ്ങോട്ടുള്ള യാത്ര ട്രെയ്‌നിലാക്കാമെന്ന് വിചാരിക്കുന്നു. കഥയൊന്നുകൂടെ
മിനുക്കിയെടുക്കണം. വളരെപ്പണ്ട് എഴുതിയതല്ലേ, ഒരഴിച്ചുപണി വേണ്ടിവരും. അത് ട്രെയ്‌നിലിരുന്നു തീർക്കാം. അയാൾ വ്യാഴാഴ്ച തന്നെ കാണണമെന്ന് നിർബന്ധം പിടിക്കുന്നു. അതുകഴിഞ്ഞാൽ എന്തോ തിരക്കുകളുമായി ഔട്ട്-ഓഫ്- സ്റ്റേഷൻ എന്നാ പറഞ്ഞത്. ട്രെയ്‌നിലേതാണ്ട് പത്തുനാല്പതു മണിക്കൂറു കിട്ടില്ലേ? കഥ ഫൈനലാവാൻ അത്രേം സമയം മതി. തിരികെ ഫ്ലൈറ്റ് പിടിക്കാം.

നിത്യ: ങേ! അപ്പൊ നാളെ പോകാനാണോ?

ഹരി: നാളെയല്ല മറ്റന്നാൾ. ചൊവ്വാഴ്ചത്തെ ഹൗറ എക്സ്പ്രെസ്സിൽ പോകാം. നാളെ തൽക്കാലെടുക്കാൻ ഏർപ്പാടാക്കാം.

നിത്യ: തിരികെ എന്നാ?

ഹരി: തിരികെ ഫ്ലൈറ്റിലല്ലേ? അവിടെ ചെന്ന് അയാളെ കണ്ടശേഷം തീരുമാനിക്കാം. ടിക്കറ്റ്
തലേന്നെടുത്താൽ മതിയല്ലോ.

നിത്യ: എല്ലാം തീരുമാനിച്ചുകഴിഞ്ഞിട്ടാ പറയുന്നതല്ലേ? എത്രപെട്ടെന്നാണ് ട്രാവെൽപ്ലാനൊക്കെ
ഇടുന്നത്! ഇതിപ്പോൾ അച്ഛൻ പറഞ്ഞില്ലെങ്കിൽ പെട്ടിയുമെടുത്തിറങ്ങുമ്പോഴല്ലേ ഞാനറിയൂ.

ഹരിശങ്കർ അസ്വസ്ഥതയോടെ നിത്യയെ നോക്കുന്നു. തുടർന്ന് ആശ്വസിപ്പിക്കാനെന്നവണ്ണം

ഹരി: അങ്ങനല്ലെടീ.. നീ കേട്ടതല്ലേ ഞാൻ സംസാരിക്കുന്നത്. ഉടനെ പോകണമെന്നത് ഇപ്പൊമാത്രമല്ലേ അറിയുന്നത്. പോകേണ്ടിവരുമെന്ന് തോന്നിയപ്പോൾ ട്രാവലിനെക്കുറിച്ചൊരു ധാരണ വച്ചതാ. നിന്റെ അച്ഛനോടും അതുകൊണ്ടാ ഒന്ന് സൂചിപ്പിച്ചത്. അതുംപറഞ്ഞു വീടുപണി മുടങ്ങുകയൊന്നുമില്ല. അച്ഛനത് ഏറ്റിട്ടുണ്ട്.

സ്റ്റഡിയിലേക്ക് പുറത്തുനിന്നും കയറിവരുന്ന അമ്മുവിനോടായി നിത്യ,

നിത്യ: അച്ഛൻ കൽക്കട്ടയ്ക്കു പോവാണ്, സിനിമയെടുക്കാൻ. നീയുമറിഞ്ഞില്ലല്ലോ അല്ലേ?

അമ്പരന്ന മുഖത്തോടെ ഹരിശങ്കറെ നോക്കുന്ന അമ്മു.

അമ്മു: സത്യാണോ അച്ഛാ?

ഹരി: എന്തായിത് നിത്യേ? മോളെ വിഷമിപ്പിക്കാതെ.

മകളെ അണച്ചുപിടിക്കുന്ന ഹരിശങ്കർ, കുട്ടിയോടായി

ഹരി: ചുമ്മാതെയാ മോളെ. അച്ഛന്റെ ഒരു കഥ സിനിമയാകുന്നത് അമ്മൂനിഷ്ടമല്ലേ?

അമ്മു തലകുലുക്കി ചിരിക്കുന്നു.

ഹരി: അതിനായിട്ട് കൽക്കട്ടവരെ പോയി അവർക്കു കഥപറഞ്ഞുകൊടുക്കണം, തിരിച്ചുവരണം.
ഏറിയാലൊരാഴ്ചത്തെ കാര്യം. മോള് സമ്മതിക്കില്ലേ? സന്തോഷമല്ലേ അമ്മുക്കുട്ടിയ്ക്ക് അച്ഛൻ
പോയിട്ടുവരുന്നതിൽ?
അച്ഛനെ കെട്ടിപ്പിടിച്ചു ചിരിക്കുന്ന അമ്മു.

അമ്മു: ഓ… എനിക്കിഷ്ടാ അച്ഛൻ സിനിമേലൊക്കെ വരുന്നത്. അമ്മയ്ക്കസൂയയാ, അതാ അച്ഛൻ പോണ്ടാന്ന് പറയുന്നത്.

അമ്മയ്ക്ക് നേരെ കവിളു വീർപ്പിച്ചുകാട്ടുന്ന അമ്മു.
ഹരിശങ്കറും നിത്യയും ചിരിക്കുന്നു.

നിത്യ: എല്ലാം തീരുമാനിച്ച സ്ഥിതിക്ക് അങ്ങനായിക്കോട്ടെ. അച്ഛന്റെ സിനിമാപിടിത്തത്തിനു വേറെ സപ്പോർട്ടെന്തിനാ, അമ്മുക്കുട്ടിയുണ്ടല്ലോ.
മകളെ വട്ടംപിടിച്ച്‌ ചിരിച്ചുകൊണ്ട് നിത്യ,

നിത്യ: ഇനി ഞാൻ സഹായിച്ചില്ലെന്നു വേണ്ട. പാക്കിംഗ് അച്ഛനും മോളുംകൂടെ ആവില്ലല്ലോ. ബാ, നമുക്ക് ബാഗൊക്കെ തപ്പിയെടുക്കാം.
അമ്മുവിനെയും പിടിച്ച്‌ പുറത്തേയ്ക്ക് നടക്കുന്നു. നിത്യയുടെ തോളിൽ കൈയ്യിട്ട് ഹരിശങ്കറും അവരോടൊപ്പം പോകുന്നു.

ബിന്ദു ഹരികൃഷ്ണൻ

Rights reserved@BUDDHA CREATIONS

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!