ശാന്തം.. ദീപ്തം

“വരുന്നോ? വെളിയിലിറങ്ങി അല്പം കാറ്റുകൊള്ളാം”
ചോദ്യവും നിർദ്ദേശവും സുഹൃത്തിന്റെയാണ്. തിരക്കിട്ടു എന്തോ ജോലിതീർക്കാൻ പോകുന്ന ബദ്ധപ്പാടിലാണ് അയാൾ. സിറ്റി ലിമിറ്റ് കഴിഞ്ഞുപോകേണ്ടൊരിടത്തേയ്ക്കു തനിയെ പോകുന്നതിനേക്കാളും ഒരുകൂട്ടു കൂടി ഉണ്ടെങ്കിൽ കൊള്ളാമല്ലോ എന്നതായിരുന്നു അയാളുടെ ചിന്ത. അല്ലാതെ എന്റെ ബോറടിയെന്നത് ഒരുവിഷയമായതുകൊണ്ടല്ലെന്നു സ്പഷ്ടം. യാത്രയെന്ന് എഴുതിക്കാണിക്കുമ്പോഴേ ഇറങ്ങിപ്പുറപ്പെടുന്ന എനിക്ക് ആ ചോദ്യം തന്നെ ധാരാളമായിരുന്നു.
“നീ തിരക്കിട്ടു പോണതല്ലേ. അതാ ഞാനൊഴിഞ്ഞേ” എന്ന ഭംഗിവാക്കോടെ ഞാനയാളുടെ മോട്ടോർസൈക്കിളിന്റെ പുറകിൽ ഇതിനോടകം സ്ഥാനംപിടിച്ചു കഴിഞ്ഞിരുന്നു. തിരക്കുള്ള സമയത്തെ അയാളുടെ മാനസികനില തെല്ലും കണക്കിലെടുക്കാതെ ഞാനെന്റെ യാത്രയുടെ അടുത്തപടിയിലേയ്ക്ക് കടന്നിരുന്നു. നിർത്താതെയുള്ള വാചകമടി! ഒന്നുതൊട്ടൊന്നുതൊട്ട് വിഷയങ്ങളിങ്ങനെ കിടക്കുകയല്ലേ…! സുഹൃത്തും ഒട്ടും കുറയ്ക്കാറില്ല, എന്റെ സംസാരത്തെ തള്ളെന്ന വകുപ്പിൽ തള്ളിയിട്ട് യഥാർഥ തള്ളല് അയാള് തുടങ്ങും. അത്തരം സന്ദർഭങ്ങളിൽ ഞാൻ നല്ലൊരു ശ്രോതാവെന്ന വ്യാജേന മിണ്ടാതിരിക്കും, യുദ്ധംചെയ്താൽ തോറ്റുപോകെയുള്ളെന്നു മനസ്സിലാക്കുന്ന സാധാരണ ഭടന്റെ മാനസികനിലയോടെ!
അന്നും സ്ഥിതി വ്യത്യസ്തമായില്ല. വിഷയ ദാരിദ്ര്യമില്ലാതെ അയാൾ അലച്ചുകൊണ്ടിരിക്കുന്നു, അന്യമനസ്കയായി ഞാൻ കാറ്റുകൊള്ളുന്നു. ബൈക്ക് ഇപ്പോൾ സഞ്ചരിക്കുന്നത് ഒരുപാടു വർഷങ്ങൾക്കു മുൻപ് സിറ്റിയിൽ ആദ്യമുണ്ടായ റെസിഡൻഷ്യൽ കോളനിയിലൂടെയാണ്. മുൻ മുഖ്യന്റെ പേരുമായി ഇന്നും പ്രൗഢിയോടെ നിൽക്കുന്ന ഈ കോളനിയിലാണ് പണ്ട് പ്രശസ്തരും പ്രമുഖരുമായിട്ടുള്ളവരെല്ലാം താമസിച്ചിരുന്നത്. സിറ്റിക്കുള്ളിൽ ഹരിതാഭയോടെ പ്രകൃതിയോടിണങ്ങി നിൽക്കുന്ന ഇടം എന്നും ഇഷ്ടമായിരുന്നു. മെയിൻ റോഡും ഇടറോഡുകളുമായി വ്യാപിച്ചുകിടക്കുന്ന കോളനിയിലൂടെ വൈകുന്നേരത്തെ തണുത്ത കാറ്റുമേറ്റ് യാത്രചെയ്യുകയാണ് ഞങ്ങൾ. ഇതിനോടകം സുഹൃത്ത് ശ്വാസമെടുക്കാൻ എടുത്ത ചെറിയൊരു വിടവിലൂടെ ഇടിച്ചുകയറി കാറ്റിന്റെ ഒച്ചയെ അതിജീവിക്കുന്ന ശബ്ദത്തിൽ ഞാനൊരു വിഷയം തുടങ്ങിയിട്ടു.
പെട്ടെന്ന് എന്തോവന്നു തൊണ്ടയിൽ തടഞ്ഞപോലെ… ശബ്ദം വിലങ്ങി. ബൈക്കിന്റെ ഒച്ചമാത്രം കേൾക്കാം; അതിനെ അതിജീവിച്ചിരുന്ന എന്റെ ശബ്ദമെപ്പോഴാണ് നഷ്ടമായതെന്ന് നിശ്ചയമില്ല. വണ്ടിയിപ്പോൾ സ്പീഡ് കുറഞ്ഞു നിരങ്ങിയാണ് നീങ്ങുന്നതെന്നറിയാം. എന്റെ നോട്ടത്തിന്റെ ദിശ തന്നെയാണ് സുഹൃത്തിൻറെയും എന്നറിഞ്ഞു. അവിടെ ആ വീട്! മെയിൻ റോഡിനരുകിൽ ഒരുവളവ് തിരിഞ്ഞുവരുന്നിടത്തു പരിസരം കാടുമൂടി ആൾതാമസമില്ലാതെ ഒറ്റപ്പെട്ടു നിൽക്കുന്ന വലിയൊരു വീട്. ആ സ്ഥലയാകെ നിറഞ്ഞു നിൽക്കുന്നൊരു നെഗറ്റീവ് വൈബ്! ഒരിലയനക്കം പോലുമില്ലാതെ കാറ്റും മന്ദിച്ചുനിൽക്കുന്നു. സ്വർണ്ണമുരുക്കിയൊഴിക്കുന്ന പോക്കുവെയിലിന്റെ ഭംഗി അപ്പാടെ ഇരുട്ടുകൊണ്ടുപോയപോലെ. കാണുന്നവരുടെ മനസ്സും ഇരുൾമൂടിപ്പോകുന്ന ഒരനുഭവം! റോഡിലിപ്പോൾ അധികം വാഹനങ്ങളില്ലെന്നതും ഞങ്ങൾ ഏറ്റവും സ്പീഡുകുറഞ്ഞാണ് സഞ്ചരിക്കുന്നതെന്നും മറ്റും ഞാനറിയുന്നുണ്ട്; സംസാരിക്കാൻ മാത്രമാകുന്നില്ല. ശബ്ദം മാത്രമല്ല വാക്കുകളും ഞങ്ങളെ ഒഴിഞ്ഞുപോയിരുന്നു. നിശ്ശബ്ദതവീണ റോഡും വളവിലെ ആ വീടും പിന്നിലാക്കി ഞങ്ങളൊരുപാട് ദൂരം പിന്നിട്ടിരുന്നു.
വളരെനേരം കഴിഞ്ഞാണ് സുഹൃത്തിനു ശബ്ദം വച്ചത്.
അയാൾ ചോദിച്ചു,
“എന്തെ നീയൊന്നും പറയാത്തത്? അസാധാരണമായി എന്തെങ്കിലും തോന്നിയോ”?
“ഉം.. ആ വീട്”.
ഞാൻ പൂർവ്വസ്ഥിതിയെലെത്താൻ വീണ്ടും സമയമെടുത്തു.
“അതേ. വിശദീകരിക്കാൻ പറ്റാത്ത എന്തോ ഒന്ന് എനിക്കും തോന്നീട്ടുണ്ട്. ഇപ്പോൾ മാത്രമല്ല, മുൻപ് ഒന്നുരണ്ടു പ്രാവശ്യം ഇതിലെപോയപ്പോഴൊക്കെ ഒരു നെഗറ്റീവ് എനർജി അനുഭവപ്പെട്ടിട്ടുണ്ട്”.
അയാൾ തുടർന്നുകൊണ്ടിരുന്നു, പക്ഷെ എന്റെ മനസ്സ് അവിടെയൊന്നുമായിരുന്നില്ല. എനിക്കാ സ്ഥലമറിയാം. കൃത്യമായല്ലെങ്കിലും അവിടെ നിറഞ്ഞിരിക്കുന്ന നെഗറ്റീവ് എനർജിയുടെ ഉറവിടം അറിയാം. എല്ലാം ഉള്ളിലാണ്, വാക്കുകളാക്കാനാവുന്നില്ല. പക്ഷേ അറിയാം, ആ വീട്ടിലെ അന്തേവാസികളെ, കുറഞ്ഞത് ഒരാളെയെങ്കിലും ഞാനിപ്പോഴും കാണുന്നു. എന്റെ ചിന്തകളിൽ, ഓർമ്മകളിൽ അവരിപ്പോഴും ചിരിയുതിർക്കാതെ പരിഭവിച്ച മുഖവുമായി നിൽക്കുന്നു.
തിരികെ വരുമ്പോൾ ഞങ്ങളാ സ്ഥലം ഒഴിവാക്കി വേറെ റൂട്ടെടുത്തു. ഒരു ദിവസത്തിന്റെ സമാധാനപ്പാടെ ആ വീട് എന്നിൽനിന്നും പറിച്ചെടുത്തിരുന്നു. പിന്നെയും രണ്ടുമൂന്നു നാൾ കൂടി ആ വീട് അസ്വസ്ഥതയായിനിന്നെങ്കിലും മറവിയുടെ മാറാലപിടിച്ച ഇരുട്ടിലേക്ക് അതിനെ തള്ളി, നഷ്ടപ്പെട്ട സ്വസ്ഥത വീണ്ടെടുത്ത് ഞാനെന്റെ പ്രാരാബ്ധങ്ങളെയും ചേർത്തുപിടിച്ചു ജീവിച്ചേ വന്നു.
കഥയ്ക്കൊരു രണ്ടാംഭാഗം ഉണ്ടാകുമെന്നു സ്വപ്‌നേപി നിരൂപിച്ചില്ല. അതിനു വഴിവച്ചത് സഹോദരൻ ഒരാഴ്ച അവധിയ്ക്ക് നാട്ടിൽ വന്നതാണ്. ഒരാഴ്ച ലീവിൽ പതിവു കറക്കം സാധ്യമാവാത്തതിനാൽ ഒരു ദിവസത്തെ നാടുകാണൽ മാത്രമാക്കാമെന്നു തീരുമാനിച്ചു. കുടുംബവും സുഹൃത്തുക്കളുമായി ‘നമ്മുടെ നാട്ടിലും ഇത്രയും കാഴ്ചക്കുള്ളതൊക്കെ ഉണ്ടല്ലേ’ യെന്ന അതിശയവുമായി തിരികെ വീട്ടിലേക്കു വരുന്ന നേരം, സന്ധ്യമയങ്ങി വരുമ്പോൾ തന്നെ ആ പഴയ സ്ഥലത്തെത്തി. സുഹൃത്ത് മനഃപൂർവ്വം ആ വഴി തെരഞ്ഞെടുത്തതാണെന്നതിൽ സംശയമില്ല. കോളനിയിലേക്കുള്ള റോഡിൽ വണ്ടികയറുമ്പോൾ തന്നെ നെഞ്ചു പടപടാ ഇടിക്കാൻ തുടങ്ങി. വിറയലടക്കി മൗനംപാലിച്ചു. ദുരൂഹതയ്‌ക്കൊരു സമാധാനമുണ്ടായാലോ, ഇടയ്ക്കിടയ്ക്ക് സ്വപ്നത്തിൽ വരുന്ന അസ്വസ്ഥതകളകന്നുപോകുമല്ലോ. അതുമൊരു കണക്കിന് നല്ലതുതന്നെ.
വീടിനു മുന്നിലെ വഴിയരികിൽ വണ്ടിയൊതുക്കി സുഹൃത്ത് സഹോദരനോടാരാഞ്ഞു,
“അണ്ണാ.. ആ വീട് കണ്ടോ? അതാരുടേതെന്നറിയ്യോ? ഒരുപാടുകാലമായി ഇതുവഴിപോകുമ്പോൾ വല്ലാത്തൊരു ഫീൽ. അന്വേഷിച്ചിട്ടും ആർക്കുമറിയില്ല”.
“അതറിയില്ലേ? കുറച്ചുവർഷങ്ങൾക്കു മുൻപേ മരണമടഞ്ഞ ഒരു പെൺകുട്ടി. യൗവ്വനാരംഭത്തിൽ തന്നെ മരിച്ചുപോയ ആ കുട്ടിയുടെ അനുസ്മരണക്കുറിപ്പ് അടുത്തകാലം വരെ പത്രത്തിൽ മുടങ്ങാതെ വരുമായിരുന്നല്ലോ. അവളുടെ ഓമനത്വമുള്ള മുഖം അത്രപെട്ടെന്ന് മറക്കാനാവില്ല. ആ കുട്ടിയും കുടുംബവും താമസിച്ചിരുന്നതിവിടാ. അവളുടെ വേർപാടിനുശേഷം കുടുംബം ഇവിടം വിട്ടുപോയി. അന്നെന്തൊക്കെയോ കേട്ടിരുന്നു, കുട്ടിയെ വീണ്ടുമീ പരിസരത്തൊക്കെ കാണുന്നു എന്നോ മറ്റോ. ആർക്കറിയാം സാമൂഹ്യവിരുദ്ധന്മാരുണ്ടാക്കുന്ന കള്ളക്കഥകളാവും”.
എന്റെ ജിജ്ഞാസയടങ്ങി. അതവളാണ്! ഭംഗിയുള്ള കണ്ണുകളും ഉരുണ്ട കവിളും പാറുന്ന കുറുനിരകളും ഇപ്പോഴൊരു രൂപം പ്രാപിച്ചു! അതെ ആ കവിളുകളിലും ചുണ്ടിലും പരിഭവം തന്നെയാണ്, എന്നെ നിങ്ങൾക്കു തിരിച്ചറിയാനായില്ലല്ലോ എന്ന പരിഭവം!! ഇപ്പോഴെന്റെ പേടിയകന്നു. നേർത്തതെങ്കിലും അവിടെത്തന്നെ ഉണ്ടായിരുന്ന കാരണമറിയാത്ത വേദനയുമകന്നു. ആഴമുള്ള അവളുടെ കണ്ണുകളിൽ നോക്കി ഞാൻ പറഞ്ഞു,
“വരൂ.. എന്റൊപ്പം പോന്നോളൂ. ആരും പറയാതെ നിന്റെ സാന്നിധ്യമറിഞ്ഞവളല്ലേ ഞാൻ.”

ബിന്ദു

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!