Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു.. മെമ്മറീസ് ഇൻ മാർച്ച്

”If I have to go away ..Can I leave a bit of me with you!!!”

മാർച്ചിന്റെ ദയവില്ലായ്മയായി അവർക്കെല്ലാക്കാലത്തേയ്ക്കും കാത്തുവയ്ക്കാനൊരു ഓർമ്മ; അതുമാത്രമായിരുന്നില്ല സിദ്ധാർഥിന്റെ മരണം!! അതൊരു കാർ ആക്സിഡന്റ് ആയിരുന്നു. ആ മരണത്തിൽ ലോകം തന്നെ കീഴ്മേൽമറിഞ്ഞ രണ്ടുപേർ; അവർ ഓരോ തരത്തിൽ ദുഃഖിച്ചു. ഒന്ന് അയാളുടെ ജീവനായ മാതാവ്, രണ്ടാമത്തെയാൾ അയാളെ ജീവനായിക്കണ്ടിരുന്ന അയാളുടെ പാർട്ണർ.
സാൻജോയ് നാഗ് സിനിമ memories in March, ഋതുപർണോഘോഷ് തന്റെ അഭിനയത്തികവുകൊണ്ട് പ്രേക്ഷകനെ പലവേളകളിലും കണ്ണുതുടപ്പിച്ച ചിത്രം! ഇതൊരു സമ്പൂർണ്ണ ‘ദീപ്തി നാവൽ ചിത്രം’ കൂടിയാണ്. മൃതദേഹമായിപ്പോലും സിനിമയിലെത്തിനോക്കാത്ത, ഒരു പേരു തീർക്കുന്ന നിറസാന്നിധ്യമായി, അമ്മയോടുള്ള കൊഞ്ചൽവർത്തമാനമായിമാത്രം സിനിമയിൽ ആദ്യാവസാനം നിറഞ്ഞുനിന്ന സിദിന്റെ അമ്മ, അതായിരുന്നു ആരതി മിശ്ര എന്ന ദീപ്തിനാവൽ കഥാപാത്രം. അവരുടെ പകർന്നാട്ടത്തിനിടയിലും തന്റെ വിക്ഷോഭങ്ങളടക്കി, കൈയ്യൊതുക്കത്തോടെ റിതു തന്റെ ഒർണോബിനെ പ്രേക്ഷകന്റെ ഉള്ളിലേയ്ക്ക് കയറ്റിവിട്ടു.

ചെറുപ്രായത്തിൽതന്നെ നേട്ടങ്ങൾ കൊയ്ത, ഒരു അഡ്വൈറ്റേർസിങ് സ്ഥാപനത്തിലെ ക്രീയേറ്റീവ് ആർട്ടിസ്റ്, അയാളുടെ അപ്രതീക്ഷിത മരണം, അത് അങ്ങേയറ്റത്തെ യാഥാർഥ്യബോധത്തോടെ ഉൾക്കൊള്ളുന്ന അയാളുടെ അമ്മ, പക്ഷെ മകന്റെ മരണശേഷം മനസ്സിലാക്കുന്നു അവനൊരു ഗേ ആയിരുന്നു എന്ന്; തന്റെ സ്ഥാപനത്തിലെ ക്രീയേറ്റീവ് ഹെഡ്, ഒർണോബ് അയാളുടെ പ്രാണന്റെ ഭാഗമായിരുന്നു എന്ന്.. ഒർണോബിനു നേരെ ആരോപണങ്ങൾ അഴിച്ചുവിടുന്ന, തന്റെ മകന്റെ ‘അബ്നോർമാലിറ്റി’ ആദ്യമാദ്യം ഉൾക്കൊള്ളാനാവാത്ത ആരതിയ്ക്ക് ക്രമേണ മകന്റെ പാർട്ണറെ ഉൾക്കൊള്ളാനാകുന്നു. അയാളെ, തന്റെ മകനായിത്തന്നെ സ്വീകരിക്കാനാവുന്നു. മകന്റെ ശരീരത്തിലേയ്ക്ക് തുളച്ചുകയറിയ ഫെൻസിങ് കമ്പികൾ ഏതൊക്കെയെന്നു അത്രത്തോളം തീർച്ചയുള്ള അർണോബിൻറെ ദുഃഖം, നഷ്ടം അതെ വ്യാപ്തിയിൽ തിരിച്ചറിയുന്ന ആരതി, തന്റെ ഡിവോഴ്സ് ചെയ്ത ഭർത്താവിനോട് മകന്റെ മരണം അറിയിക്കാൻ വഴികാണാതെ, അയാളുടെ ആന്സ്വെറിംഗ്‌ മെഷീനിലേയ്ക്ക് മെസ്സേജുകളയച്ചു കാത്തിരിക്കുന്നത് ഉള്ളുലയ്ക്കുന്ന സീൻ തന്നെ. ഒടുക്കം അയാളുടെ റിപ്ലൈ വരുന്നതോ, മകന്റെ റെക്കോർഡഡ് മെസ്സേജിനുള്ള മറുപടിയായി. ഈ ലോകം വിട്ടുപോയ മകനോട് അച്ഛൻ ചോദിക്കുന്നു, “How are you Sidardh? Is your mother around?”

ജീവിതത്തിന്റെ നൈമിഷികതയിലേയ്ക്ക്, അതു ഗൗനിക്കാതെ അനാവശ്യമായ തിരക്കുകളിൽ മുഴുകിപ്പോകുന്ന മനുഷ്യരുടെ, വ്യക്തിബന്ധങ്ങളുടെ പൊള്ളത്തരങ്ങളിലേയ്ക്ക്, ഔപചാരികതയുടെ മുഖംമൂടി പൊളിച്ചെറിയുന്ന ഒരു കൊച്ചു ചിത്രം, മെമ്മറീസ് ഇൻ മാർച്ച്. ഒരു ശബ്ദമായി സിനിമയിലെങ്ങും നിറഞ്ഞുനിൽക്കുന്ന സിദ്ദിന് ആദരാഞ്ജലികളോടെ, ഒർണോബിന്റെ ഒരിറ്റു കണ്ണീർ വീഴുന്നിടത്ത് അവസാനിക്കുന്ന മാർച്ചിലെ ഓർമ്മകൾ!! എന്നെന്നേയ്ക്കുമായി ലോഗൗട്ട് ചെയ്യേണ്ട സിദിന്റെ ഫേസ്ബുക് അക്കൗണ്ടിലേയ്ക്ക് അമ്മയും അയാളുടെ പ്രിയപ്പെട്ടവനും ചേർന്ന് എഴുതിക്കിച്ചേർക്കുന്നു, ”If I have to go away ..Can I leave a bit of me with you….!!!”

Memories in March (2010)

Directed by Sanjoy Nag
Produced by Shrikant Mohta
Mahendra Soni
Starring Deepti Naval
Rituparno Ghosh
Raima Sen
Cinematography Soumik Haldar
Release dates
10 September 2010 (Pusan International Film Festival)

ബിന്ദു ഹരികൃഷ്ണൻ

ചിത്രീകരണം: സംഗീത് ബാലചന്ദ്രൻ

error: Content is protected !!