ഒരു ഐഡിയയും ഇല്ലാത്തൊരെഴുത്തിന്റെ വഴിയിലായിരുന്നു. നീണ്ടുനീണ്ടു പോകുന്ന വാചകങ്ങളിലെ വിരസത പൊറുതിമുട്ടിച്ചിരുന്ന ഒരുച്ചയ്ക്ക്, എങ്ങുനിന്നെന്നറിയാതെ മനസ്സിലേയ്ക്ക് കയറിവന്നൊരു ചിത്രം ; കാതിൽ ഞാത്തുകമ്മലിട്ട, നെറ്റിച്ചുട്ടിയും മാട്ടിയും വച്ചൊരുങ്ങിയ, കനത്തിൽ ജെരികയുള്ള പട്ടുസാരിയുടുത്ത ഒരാൺ രൂപം. എന്തേ ഓർത്തില്ല എന്ന് ഞാൻ അത്ഭുതം കൂറി. ഓർക്കാൻ തക്കവണ്ണം അറിയുമായിരുന്നുമില്ല. ഇടയ്ക്കെപ്പോഴൊക്കെയോ, സ്വതസിദ്ധമായ വാസനയുടെ അടിസ്ഥാനത്തിൽ മാത്രം മനസ്സിലൂടെ കടന്നുപോയിരുന്ന ഒരു പേര്, കാലങ്ങൾക്ക് മുൻപേ മറഞ്ഞ, പ്രതിഭയിലൂടെ ലോകമറിഞ്ഞ ആ ഉജ്ജ്വല സിനിമാക്കാരൻ, ഋതുപർണ്ണോഘോഷ്! ഏറെ കൌതുകമാ ഉടുത്തൊരുങ്ങലിലായിരുന്നു. ഏതു മൂവി എന്നധികം അന്വേഷിക്കേണ്ടി വന്നില്ല,’ചിത്രാംഗദ!!’ ആ സൗമ്യ രൂപം ഉള്ളിലേയ്ക്ക് അങ്ങിറങ്ങി, ചില സമയം അസ്വസ്ഥതയോടെ തൂത്തെറിഞ്ഞിട്ടും പോകാതെ അവിടെയങ്ങു കൂടി.
രുദ്ര എന്റെ ദുഃഖമായി, പെയ്തൊഴിയാത്ത കണ്ണീരായി… നെഞ്ചിൽ കയറ്റി വച്ച ഭാരം എന്നോട് മന്ത്രിച്ചു കൊണ്ടേയിരുന്നു, മറന്നുപോയേക്കരുതെന്ന്!! ആണടയാളത്തിന്റെ അവസാന തിരുശേഷിപ്പുപോലെ രുദ്രയുടെ ആ ശബ്ദം, അടക്കിപ്പിടിച്ച ഉൾവ്യഥയായി ഉള്ളിലേയ്ക്ക് ആഞ്ഞിറങ്ങി. വേദന ഘനീഭവിച്ച ഒരുൾവിറയലായി എപ്പോഴൊക്കെയോ രുദ്ര എന്നിൽ പെരുത്തുകയറി. ഇറക്കിവയ്ക്കാൻ അത്താണി കാണാതെ വലയുന്ന നേരത്ത് ഞാൻ രുദ്രയെ എഴുതാനെടുത്തു.
അങ്ങനെയാണ് ഋതുപർണ്ണോഘോഷ് സിനിമകൾ തേടിയിറങ്ങിയത്. ബംഗാളി സിനിമയുടെ അഥവാ ഇന്ത്യൻ സിനിമയുടെ തന്നെ നവാഖ്യാന ശില്പി, സത്യജിത്റേയ്ക്കും മൃണാൾ സെന്നിനും ശേഷം ബംഗാളി സിനിമയ്ക്ക് ഭൂപടത്തിൽ ഇടം നേടിക്കൊടുത്തോരാൾ, അറിഞ്ഞിടത്തോളം അങ്ങനെ തോന്നി. ‘Women in Indian cinema’ എന്ന എഴുത്തുവഴിയിൽ ഇദ്ദേഹത്തെ ഓർക്കാനുള്ള കാരണം തേടി അധികം അലയേണ്ടിവന്നി ല്ല. ചില പ്രത്യക്ഷപ്പെടലുകളിൽ ഒതുക്കത്തോടെ പതിഞ്ഞിരുന്ന മനുഷ്യനെത്തേടി ഞാൻ വീണ്ടും സഞ്ചരിച്ചു. ചില ഫോട്ടോസ് ഉറക്കത്തിൽപ്പോലും വല്ലാതെ പിന്തുടർന്നു. എഴുതിത്തീർത്ത് മനസ്സിൽ നിന്നിറക്കിവിടണം. അതിന് ഋതുപർണ്ണോഘോഷ് കഥാപാത്രങ്ങളാണ് ഏറ്റവും അനുയോജ്യം. അങ്ങനെ തുടങ്ങിയ പരമ്പരയാണ് ‘ഞാൻ കണ്ട ഋതു’. 12 സിനിമകള് പിന്നിട്ടു. ഒരു ചെറിയ ഇടവേളയ്ക്കുശേഷം Āmi dēkhēchi ritu , ഒരുപിടി നല്ല സിനിമകളുടെ അവലോകനവുമായി പുനഃരാരംഭിക്കുന്നു.
ബിന്ദു ഹരികൃഷ്ണൻ