പട്ടുനൂൽ

പാതിരാത്രി വീട്ടിലെ ടെലഫോൺ മണിമുഴക്കി. ട്രിണീം…ട്രിണീം… പഴേ മോഡൽ കറക്കുന്ന ഡയലുള്ള ഫോണാണ്. ഒച്ച അപാരം. ഉറക്കത്തിന്റെ നിശബ്ദതയിൽ കൂപ്പുകുത്തിക്കിടന്ന വീടൊന്നാകെ ഉണർന്നു. കൂട്ടുകുടുംബമാണ്. ഗൃഹാന്തരീക്ഷത്തിലുണ്ടാകുന്ന ചെറിയൊരസ്വസ്ഥതയും ഒരുപാടംഗങ്ങളുടെ ഉറക്കം കളയും. ഫോണിരിക്കുന്ന മുറിയിൽ ഉറങ്ങുകയായിരുന്ന അമ്മാവൻ ഫോണെടുത്തു. തൊട്ടു ചേർന്നുള്ള മുറിയിലുണ്ടായിരുന്ന എനിക്ക് അപായ സൂചനകിട്ടി. ഇതെന്റെ ഓഫീസിൽ നിന്നുതന്നെയാകും. കൊക്കൂൺ മാർക്കറ്റിൽ വെളുപ്പിനെത്തിക്കേണ്ടുന്നതിനാൽ കർഷകരിൽ നിന്ന് സംഭരിച്ച കൊക്കൂൺ ഓഫീസിൽ സൂക്ഷിച്ചിരിക്കുകയാണ്. മേൽനോട്ടത്തിന് ടെക്നിക്കൽ അസ്സിസ്റ്റന്റുമാരും അവിടെ തങ്ങുന്നുണ്ട്.
ഫോണിന്റെ മറുതലയ്ക്കലുള്ള ആൾ നിർത്താതെ സംസാരിക്കുകയാണെന്നു തോന്നുന്നു. അമ്മാവന്റെ ഭാഗത്തുനിന്ന് ‘അതേ…. അതുകൊണ്ട് …. ശരി…’ ഇത്യാദി ഒറ്റവാക്ക് മറുപടികളേ കേൾക്കാനാകുന്നുള്ളൂ. ഇത്തരുണത്തിൽ വാതിൽക്കലെത്തിയ എന്നെ ഇരുട്ടിൽ കാണാതെ അമ്മാവൻ, സ്വതവേ ഉച്ചത്തിലുള്ള തന്റെ ശബ്ദം ഒന്നുകൂടെ കടുപ്പിച്ച്‌, എന്നെ ഉണർത്തുക എന്ന ഉദ്ദേശത്തോടെ ഒരിടിമുഴക്കം മുഴക്കി . ” നിന്റെ ഓഫീസിൽ നിന്ന് വിളിക്കുന്നെടീ … അവിടെ സൂക്ഷിച്ചിരുന്ന നിന്റെ കിളി പറന്നെന്ന് “.
ഈശ്വരാ!! വാതിലിനു പിന്നിൽ ഞാൻ മുരടനക്കി. അരക്ഷണം പോലും കഴിഞ്ഞില്ല, അമ്മൂമ്മയുടെ കൗണ്ടർ എത്തി.
“ഈ പാതിരായ്ക്കിനി പറന്ന കിളിയെ പിടിക്കാനൊന്നും നിക്കണ്ട. നേരം വെളുക്കട്ടെ, തിരികെ വരുമോന്നു നോക്കാം”.
കൂട്ടച്ചിരി പിന്നിലുയർന്നപ്പോഴാണ് വീടു മുഴുവൻ ഉണർന്നിരിക്കുന്ന വിവരം അറിയുന്നത്! ഒട്ടൊരാന്തലോടെ റിസീവർ കൈയ്യിലെടുക്കുമ്പോൾ എനിക്ക് പിന്നിലുള്ള കുട്ടിയും വലുതുമായ കൂട്ടം ഞാൻ പിറ്റേന്ന് അഭിമുഖീകരിക്കേണ്ടിവരുന്ന പ്രശ്നങ്ങളേതിന്റെയും ഗൗരവമറിയാതെ അമ്മാവൻ കൊളുത്തിവിട്ട തമാശയിൽ പൊടിപ്പും തൊങ്ങലും ചേർത്ത് പുതിയ തമാശകൾ മെനയുകയായിരുന്നു. ആർത്തു ചിരിക്കുന്നവർക്കിടയിൽ നിന്ന് അമ്മമാത്രം എന്നെ ദയനീയമായി നോക്കി. നിന്റെ ഈ മാസത്തെ ശമ്പളത്തിലും ഒന്നും ബാക്കിയുണ്ടാകില്ലല്ലോ എന്നതായിരുന്നു ആ നോട്ടത്തിന്റെ അർത്ഥമെന്നത് ഞങ്ങൾക്ക് രണ്ടാൾക്കും മാത്രമറിയുന്ന രഹസ്യം! റിസീവറിലൂടെ ഒഴുകിയെത്തിയ വിവരണം എന്റെ ഊഹം ശരി വച്ചു . ‘നാളെ മാർക്കറ്റിലെത്തിക്കേണ്ടുന്ന സിൽക്ക് കൊക്കൂൺ പൊട്ടി ശലഭം പുറത്തുവന്നു. ഇനിയത് വില്പനയ്ക്ക് യോഗ്യമല്ല. നഷ്ടം വളരെ വലുതാണ്, ശിഷ്ടം ശമ്പളം കൊണ്ട് അതു നികത്താൻ കഴിയില്ല.’ കർഷകന്റെ നഷ്ടം സ്വന്തം പോക്കറ്റിൽ നിന്ന് കൊടുക്കാനേ നിവൃത്തിയുള്ളൂ എന്ന പച്ചയായ യാഥാർഥ്യം എന്നെനോക്കി പല്ലിളിക്കുന്നു. തണുപ്പുള്ള രാത്രിയിലും വിയർത്തൊലിച്ചുകൊണ്ട് വരണ്ടുപോയ തൊണ്ടയിലേയ്ക്ക് ജഗ്ഗിലെ വെള്ളം അപ്പാടെ കമിഴ്ത്തുമ്പോൾ അമ്മയുടെ കൈത്തണ്ടയിലേയ്ക്ക് ഓട്ടക്കണ്ണിട്ടു നോക്കി; അവിടെ കാണാറുള്ള സ്വർണ്ണത്തിളക്കം ഇപ്പോഴുമവിടെത്തന്നെ ഉണ്ടോയെന്ന്! എന്റെ നോട്ടത്തിന്റെ ദിശ മനസ്സിലാക്കിയ അമ്മ കൈകളെ സാരിത്തലപ്പിലൊളിപ്പിക്കുമ്പോൾ ഈ വേവലാതികളൊന്നുമറിയാതെ, അർദ്ധരാത്രിയിൽ കിട്ടിയ തമാശയിൽ പുതിയ കഥകൾ കൂട്ടിച്ചേർത്ത് ആർത്തുല്ലസിക്കുകയായിരുന്നു കുടുംബമൊട്ടാകെ.

ബിന്ദു ഹരികൃഷ്ണൻ

error: Content is protected !!