ട്രീസ് ഓഫ് പീസ് (Trees of Peace)

Trees of peace എന്ന വ്യത്യസ്തമായ ഒരു സിനിമ പല ജീവിത സാഹചര്യത്തിൽനിന്നും വന്ന നാല് സ്ത്രീകളുടെ അതിജീവനത്തിന്റെയും , ആത്മ വിശ്വാസത്തിന്റെയും സമന്വയത്തിൻെറയും മഹത്തായ അനുഭവ കഥപറയുന്നതാണ് . ഒരു ഇരുണ്ട കാലത്തിന്റെ, ഇരുട്ടുനിറഞ്ഞ ഈ സിനിമയുടെ അവസാനത്തിൽ അനിയന്ത്രിതമായ ഒരു പ്രകാശം നമ്മളുടെ തലച്ചോറിൽ ചലനം ഉണ്ടാകാൻ പ്രാപ്‌തമാകുന്നു എന്നതാണ് ഈ സൃഷ്ടിയുടെ സൂക്ഷ്മമായ ഫിലോസഫി.

1994 ഇൽ Rwandan വംശഹത്യയുടെ ഭീകരതയുടെ കാലത്ത് നടന്ന ഒരു സംഭവമാണ് സിനിമയുടെ ആധാരം. പത്ത് ലക്ഷത്തോളം വരുന്ന മനുഷ്യരെ 90 ദിവസത്തിനുള്ളിൽ കൊലചെയ്യപ്പെട്ട ലോകചരിത്രത്തിലെ മറ്റൊരു വംശഹത്യ കൂടിയാണിത് . അനേക ലക്ഷത്തോളം വരുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന Tutsi കമ്മ്യൂണിറ്റിയെ കൊന്നു തള്ളിയ Hutu വംശരുടെ ക്രൂരത നിറഞ്ഞ പശ്ചാത്തലത്തിലാണ് സിനിമ തുടങ്ങുന്നത് .

അടുക്കളയുടെ അടിയിൽ ഭൂമിയ്ക്കടിയിലായി 2 മീറ്ററിൽ താഴെ നീളവും വീതിയുമുള്ള സമചതുരമായ ഒരു സ്റ്റോർ റൂമിൽ ഒളിച്ചു ജീവിക്കേണ്ടി വരുന്ന നാല് സ്ത്രീകൾ മാത്രം കഥാപാത്രമാകുന്നു എന്നതാണ് ഈ സിനിമയുടെ മറ്റൊരു പ്രത്യേകത. 99 % ഈ കുടുസ്സുമുറിയിലുള്ള സിനിമ എത്ര ദുർഘടം പിടിച്ച Making ആണ് എന്ന് ഊഹിയ്ക്കാമല്ലോ!

Jeannette എന്ന കന്ന്യാസ്ത്രീയും ,Annick എന്ന Hutu മോഡറേറ്റ് വനിതയും , Mutesi ,Tutsi വനിതയും
സമാധാനധനത്തിന്റെ സന്ദശവുമായി Rwanda യിൽ എത്തിയ അമേരിക്കകാരിയായ Peyton ഉം അടങ്ങുന്ന 4 സ്ത്രീകൾ 81 ദിവസ്സം നരകതുല്ല്യമായി അനുഭവിച്ചയാതനയാണ് ഈ സിനിമ . സംവിധായക അല്ലാന ബ്രൗണും ഒരു സ്ത്രീ കൂടിയാകുമ്പോൾ ബൃഹത്തായ ഒരു സൃഷ്ടിയായി ഈ സിനിമ ചർച്ചയാകുന്നു. എവിടെ കലാപങ്ങൾ ഉണ്ടാകുന്നുവോ അവിടെ ദുരിതം കൂടുതൽ അനുഭവിയ്ക്കേണ്ടി വരുന്നതും കൊലചെയ്യപെടുന്നതും ശരീരികമായി പിച്ചിച്ചീന്തപ്പെടുന്നതും സ്ത്രീകളാകുമല്ലോ!
ഇന്നും ഏറെ പ്രസക്തമായ വിഷയമാണിത്, പ്രത്യേകിച്ച് നാം ജീവിയ്ക്കുന്ന ഏഷ്യയിൽ ഈ സിനിമ കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതുണ്ട് . വല്ലപ്പോഴും വന്നുപോകുന്ന annick ന്റെ ഭർത്താവാണ് (കൈകൾ മാത്രമാണ് കൂടുതലും സിനിമയിൽ പ്രത്യക്ഷമായിരുന്നത്), ഭക്ഷണം വെള്ളവും നൽകിയിരുന്നത്.
സംവിധായിക ഒരു ജീനിയസ് ആണ് എന്ന് തെളിയിച്ചു അതിസമർത്ഥമായ ദൃശ്യാവിഷ്കാരങ്ങൾ പ്രശംസിയ്ക്കേണ്ടതാണ്. അപാരമായ സിനിമ കൗതുകം നിറഞ്ഞ ഇത്രയും മനോഹരമായ അവതരിപ്പിച്ച കഥാപാത്രങ്ങൾ നമുക്കിടയിൽ കണ്ടുമുട്ടുന്ന സ്ത്രീകളുടെ മുഖങ്ങൾ കൂടിയാണ്, സ്ത്രീകൾ ദുർബലരാണ്, നിസ്സാഹയരാണ് എന്ന് തുടരെ തുടരെ പറയുന്നവർക്ക് ഒരു ഒന്നുകൂടി വാക്കുകൾ മാറ്റി പ്രയോഗിയ്ക്കാൻ സമയമായി എന്ന് ഓർമ്മിപ്പിയ്ക്കുന്ന കരുത്തുള്ള ആർജ്ജവമുള്ള വ്യക്തിത്വങ്ങളായി മാറുന്നതാണു നാം കാണുന്നത്.
ആ കൊച്ചു മുറിയിലെ വളരെ ചെറിയ ഒരു ജനൽ വഴിയിൽ എത്ര ഭീകരമായാണ് ബാഹ്യലോകത്തെ കണ്ടു നാം വിറച്ച്‌ നിന്നത്. സിനിമ തുടങ്ങിയാൽ ആ മുറിയുടെ മരം കൊണ്ടുള്ള മുകൾ ഭാഗത്തെ ചെറിയ പാളി അടഞ്ഞാൽ അകത്ത് ബന്ധിയ്ക്കപെടുന്നത് കഥാപാത്രങ്ങളായ ആ സ്ത്രീകൾ മാത്രമല്ല നമ്മളും കൂടിയാണ്. വീർപ്പുമുട്ടി ആ മുകൾഭാഗം തുറക്കുന്ന ഭർത്താവിന്റെ കൈകൾ കാണാൻ ഓരോ നിമിഷവും നമ്മളും കൂടി കാത്തിരിക്കുന്നു.

നിങ്ങളുടെ ചിന്തകളുടെ
നിലപാടുകളുടെ
സങ്കുചിതമായ
പ്രത്യയശാസ്ത്രങ്ങളുടെ
മുൻവിധിയിലും
വിധിയിലും
വിശ്വസിയ്ക്കുന്നവരെ ഒരു നിമിഷമെങ്കിലും മറിച്ച് ചിന്തിയ്ക്കാൻ പ്രാപ്തനാക്കും എന്ന് തോന്നുന്നു
ഏതാണ് ശരി ഏതാണ് തെറ്റ്?
എന്റെ വിശ്വാസം
എന്റെ മതം
എന്റെ വർഗ്ഗം
എന്റെ രാഷ്ട്രം
എന്റെ രാഷ്ട്രീയ പ്രസ്ഥാനം മാത്രമാണ് ശരിയെന്നു വിശ്വസിയ്ക്കുക മാത്രമല്ല മറ്റുള്ളവരെ ആകാരണമായി വെറുക്കാനും ശത്രുക്കളായി മാത്രം കാണുന്ന ഗോത്ര ലഹരിയിലാണ് നാമെപ്പോഴും ഇപ്പോഴും അഭിരമിയ്ക്കുന്നത്.

ഈ സിനിമ ഇന്ന് ലോകത്ത് നിലനിൽക്കുന്ന എല്ലാ വിഭാഗീയതയുടെയും കാതലായ സാരാംശം തുറന്നു കാണിയ്ക്കുന്ന ഒരു മൂന്നാം കണ്ണ് തുറപ്പിക്കുന്നു . അല്ലെങ്കിൽ ലഹരിയിൽ അന്തമായവരുടെ കണ്ണുകൾക്കി പുതിയൊരു കാഴ്ച തരുമെന്ന് ഉറപ്പാണ് . അതു അവനന്റെ ആത്മ പരിശോധനയിൽ കാഴ്ച മങ്ങാനും കൂടുതൽ തെളിയാനും നമ്മുടെ ഹൃദയവാതായനങ്ങൾ ആണ് കാരണമാകേണ്ടത് . ലോകത്തിന്റെ എല്ലാ അതിരുകളിലും നമ്മുടെ അയൽ സൗഹൃദരാജ്യങ്ങളെ ശത്രു രാജ്യങ്ങളെന്നു ആക്രോശിച്ചു ജീവിയ്ക്കുന്നവരും സ്വന്തം രാജ്യത്തെ ജനങ്ങളിൽ തന്നെ മതവിഭാഗീയത കൊണ്ട് രണ്ടാം പൗരത്വമായി തരം താഴ്ത്താനും അവരെ തുടച്ചു നീക്കാനും ശ്രമിയ്ക്കുന്ന ഇന്ത്യയെ പോലുള്ള രാജ്യങ്ങളിൽ മാത്രമല്ല , വിഭാഗീയത നിലനിൽക്കുന്ന ലോകത്തിന്റെ എല്ലാകോണിലും പ്രസക്തമായ വിഷയമാണിത്.
വിഭാഗീയതതയുടെ സങ്കുചിതമായ ചിന്തകളിൽ നിന്നും ഇനിയും self realistaion നടന്നിട്ടില്ലാത്തവർക്കു ഒരു മാറ്റം ഇത് കൊണ്ടു നേടുമോ എന്നറിയില്ല എങ്കിലും ആത്മാവിൽ ഒരു ചെറിയ നോവെങ്കിലും തീർത്തു ഒരുനിമിഷമെങ്കിലും നാം എല്ലാവരും മനുഷ്യരാണെന്നും അവരെല്ലാവരിലും വ്യത്യസ്ഥ അഭിപ്രായങ്ങ ളുണ്ടെന്നും അത് സന്തോഷത്തോടെ സ്വാഗതം ചെയ്യാനും വെറുപ്പില്ലാതെ വിയോജിയ്ക്കാനും അവകാശമുണ്ടെന്നുള്ള യാഥാർഥ്യത്തിൽ എത്തിച്ചേരാൻ കഴിഞ്ഞെങ്കിലോ .

‘എങ്ങനെയാണ് ഒരു വിധിയിൽ വിശ്വസിച്ച് കർത്താവിന്റെ മണവാട്ടിയായി നീ ഈലോകത്തിൽ ജീവിയ്ക്കുന്നതെ’ന്നു Peyton വേദനയോടെ Jeaanette നോട് ചോദിയ്ക്കുന്നതു
നമ്മുടെ കാതുകളിൽ വീണ്ടും ആ ചോദ്യം ആവർത്തിയ്ക്കപ്പെട്ടുകൊണ്ടിരിയ്ക്കുന്നു

തന്റെ ചർച്ചിൽ മനോഹരമായി പ്രാർത്ഥന പാടുന്നവൻ തന്നെ തെരുവിൽ അയൽവാസിയായ ഒരു സ്ത്രീയയെ കൂട്ടമായി ബലാത്സംഗം ചെയ്തതിനു ശേഷം തലയ്ക്കടിച്ചു കൊല്ലുന്നതിന്റെ ഓരോ ഭീകരതയും ആ ഇരുണ്ട മുറിയിലിരുന്ന് ഒന്നുറക്കെ കരയാൻ കഴിയാതെ മൂകസാക്ഷിയാകുന്ന സ്ത്രീകൾ..
വംശീയത, അല്ലെങ്കിൽ സങ്കുചിത ചിന്തകളുടെ ലഹരിയിൽ ലോകത്ത് നടന്നുള്ള എല്ലാ വംശഹത്യകളിലും പരസ്പരം കൊന്നുകളഞ്ഞിരുന്നത് സ്വന്തം അയൽവാസികളെയും ഒരുമിച്ച് കളിച്ചു വളർന്നിരുന്ന സുഹൃത്തുക്കളെയുമാണ് എന്നതാണ് ഇത്തരം വിഭാഗീയത നമ്മളിൽ വളർത്തുന്ന വിഷത്തിന്റെ വിപത്ത്. .
തൻറെ ശിരോവസ്ത്രത്തിൽ കൊലപാതകിളുടെ മൂത്രം തെറിച്ചു വീഴുമ്പോൾ ഓർക്കപ്പെടുന്നത് ദൈവ സ്നാനമാണ്. മരണത്തെ മുന്നിൽ കാണുമ്പോഴാണ് ഒന്നുകിൽ നാം എല്ലാ വിഭാഗീയതയും മറന്നു ഒന്നാണ് എന്ന് ചിന്തിയ്ക്കുക അല്ലെങ്കിൽ ഈ വിഭാഗീയത തന്നെയാകും നമ്മുടെ മരണത്തിനു കാരണമാവുകയും ചെയ്യുന്നത്.
അങ്ങനെ 81 ദിവസ്സങ്ങൾ ഇടയ്ക്ക് കൊണ്ട് വരുന്നു വെള്ളവും കുറച്ചു ഭക്ഷണവും പങ്കിട്ടു കൊടുത്തും , കഥകളും അനുഭങ്ങളും , വേദനകളും , കൊച്ചു കൊച്ചു സന്തോഷങ്ങളും, അറിവും , ദേഷ്യവും അവർക്കിടയിൽ കൊടുത്തും വാങ്ങിയും എല്ലാ വിഭാഗീയതയും പതുക്കെ മറന്നു പോകുന്നു. അവരുടെ ജീവിതാനുഭങ്ങളുടെ വലിയ പുസ്തകത്തിലെ ഓരോ പേജിലും അവർ ആത്മിത്രങ്ങളുടെ അടയാളമായി മാറുന്നു . വലിയ ദേഷ്യക്കാരിയായവൾ ഏറ്റവും സമന്വയത്തോടെ നമ്മൾ ഒന്നാണ് നമ്മൾ ഒരേ ആത്മാവാണ് എന്ന് കവിളിൽ കണ്ണീർ ചാലുകളായി കൈകൾ കോർത്ത് ചേർത്ത് നിർത്തുന്നു.
വേദനയോടെ ജീവിതം തള്ളിനീക്കുന്ന വെളുത്ത നിറമുള്ള പരിഷ്‌കൃതയായ അമേരിക്കക്കാരിയും ,
ദൈവത്തിന്റെ മാലാഖയായ കന്യാസ്ത്രീയും പുറത്തു വെട്ടി മരിയ്ക്കുന്ന രണ്ടു വർഗ്ഗങ്ങളുടെയും ഓരോ പ്രതീകങ്ങളായി ലോകത്തെ മുഴുവൻ വംശീയതയുടെയും ഇരു പക്ഷത്തിന്റയും മുഖമായി തെളിയുന്നു .
അവർ അകപ്പെട്ടു ജീവിച്ച കുടുസ്സു മുറി ഭൂമിയുടെ അതിവിശാലതയിലേയ്ക്കുള്ള ആത്മ പരിശോധനയായി പുരോഗമിയ്‌ക്കുന്നു .
ഇടയ്ക്കു വെള്ളവും അല്പം ഭക്ഷണവുമായി വരുന്ന കൈ, ദൈവത്തിന്റെ കൈയായി മാറുന്നു .
പ്രാർത്ഥിയ്ക്കുക വിശ്വസിയ്ക്കുക എന്ന് തുടക്കത്തിൽ പറഞ്ഞ കന്യാസ്ത്രീയുടെ വാക്കുകളുടെ പ്രതീക്ഷയും വിശ്വാസവും അവളിൽ തന്നെ പതിയെ മങ്ങുന്നു. മാറ്റങ്ങൾ പലർക്കും പലതരത്തിലാണ്.

രക്തം ഒഴുകുന്ന തെരുവിൽ മൃഗീയമായി വെട്ടിക്കഷ്ണങ്ങളായി കിടക്കുന്ന കുഞ്ഞുങ്ങളുടെ ചലനമറ്റ ശവശരീരങ്ങൾക്കിടയിൽ നിന്ന് ഏതു ദൈവത്തെയാണ് ഞങ്ങൾ പ്രാർത്ഥിയ്ക്കേണ്ടതെന്ന്
Peyton ചോദിയ്ക്കുന്നുണ്ട്. ദൈവവസ്ത്രംമണിഞ്ഞ കന്യാസ്ത്രീ വിശപ്പ്‌ കൊണ്ടി ആപ്പിൾ മോഷ്ടിയ്ക്കുന്നു.. വിലക്കപ്പെട്ട കനി. തന്റെ വയറ്ററിൽ വളരുന്ന ജീവന്റെ തുടിപ്പിനെ ഒരുപുതിയ മനുഷ്യനായി മനുഷ്യ കുലത്തിന്റെ മുഴുവൻ ഭാഗമായി വളർത്താൻ ഒരു വിശ്വ പൗരനായി കാത്തിരിയ്ക്കുന്ന Annick .

ദൈവമുണ്ടോ ഇല്ലയോ എന്ന സന്ദേഹവും സംശവും ഒരു പ്രതീക്ഷയ്ക്ക് വേണ്ടി മാത്രം ആ പേരു നാം ആശ്രയിയ്ക്കാം എന്ന് മൗനം അർത്ഥമാക്കുമ്പോഴും, ഒടുവിൽ കലാപങ്ങൾ അണഞ്ഞു 81 ദിവസം ജീവച്ഛവമായി നാല് സ്ത്രീകൾ അവസാനം ലോക്ക് പൊളിച്ച് പുറത്തുകടക്കുമ്പോൾ ഒരു പുതുവെളിച്ചം കിട്ടിയ ആശ്വാസത്തിൽ നാം ഒരു ദീർഘമായ ഒരു ശ്വാസം വലിച്ചിറക്കി ദൈവ കൃപകൊണ്ടാണ് എന്ന് സ്വയം വിശ്വസിയ്ക്കുമ്പോഴും ഒരു ചോദ്യം ബാക്കിയാവുന്നുണ്ട്; എല്ലാ വംശഹത്യയിലും
നിസ്സഹയരായ ലക്ഷക്കണക്കിനു മനുഷ്യരെ മൃഗീയമായി കൊന്നതിൽ എല്ലായിടത്തും ഉണ്ടെന്ന് കരുതുകയും എല്ലാം കാണുകയും കേൾക്കുകയുംചെയ്യുന്ന ദൈവത്തിന്റെ പങ്കെന്താണ് ?

ഷാജി എൻ പുഷ്‌പാംഗതൻ

error: Content is protected !!