അണ്ണാച്ചിക്കഥ

“ലച്ചുമി നമുക്ക് ഫൈസർ എടുക്ക പോവവേണ്ടാമാ?”.

ലഞ്ച്ബ്രേക് സമയത്ത് പാത്രത്തിൽ ഇരിക്കുന്നത് സ്വസ്ഥമായി കഴിക്കാതെ രാത്രിയിലത്തേക്ക് എന്തുണ്ടാക്കുമെന്ന തനിമലയാളി ചിന്തയിൽ മുഴുകിയിരുന്ന എന്നോടാണ് തൊഴിലിടത്തിലുള്ള അണ്ണാച്ചി ചോദിച്ചത്.

അണ്ണാച്ചി, പകുതി തമിഴനും, പകുതി മലയാളിയും, മലയാളം വരുന്നത് കുറവാണ്, ഞങ്ങൾ അദ്ദേഹത്തെ വിളിക്കുന്നത് “അണ്ണാച്ചി” എന്നാണ്. എന്റെ അമ്മയുടെ നാട് തമിഴ്‌നാട്ടിലായത് കൊണ്ട് മുറി തമിഴൊക്കെ എനിക്കും വശമാണ്, അണ്ണാച്ചിയോട് സംസാരിക്കുമ്പോഴുള്ള എന്റെ പൊട്ട തമിഴ് കേട്ട് തനിതമിഴത്തിയായ വിദ്യ വാപൊത്തി ചിരിക്കാറുണ്ട്, പക്ഷെ എന്റെ തമിഴിനെ വെല്ലാനാരുമില്ല എന്ന മട്ടിൽ ഞാനും വച്ച് കാച്ചിക്കൊണ്ടിരിക്കും.

അണ്ണാച്ചി ഇവിടെ റിസപ്ഷനിലാണ് ജോലി, ഞങ്ങളെ വലിയ കാര്യം, ഞങ്ങൾക്കും. മിക്കപ്പോഴും ഞങ്ങളുടെ റൂമിൽ വന്നു സംസാരിക്കും, വിശേഷങ്ങൾ പറയും, ഞങ്ങൾ തിരിച്ചും.

അണ്ണാച്ചിയുടെ ആ ചോദ്യം കേട്ട് ഞാൻ ഞെട്ടി, വായ്ക്കകത്തിരുന്ന ഭക്ഷണം ചവയ്ക്കാതെ വിഴുങ്ങി, അങ്ങേരെ ഒന്നുഴിഞ്ഞു ഞാൻ ചോദിച്ചു, “ഉങ്കളുക്ക് ഇനിയും മതിയായില്ല അല്ലെ?”

“ലച്ചുമി, നീങ്ക അപ്പടി പേസക്കൂടാത്.”

“ആഹാ…പിന്നെ എപ്പടി പേസണം?”.

“അന്നേക്ക് പണ്ണത് തപ്പായിപോച്ചെ, എനക്ക് അത് നല്ലാ തെരിയും, ആനാ ഇനിമേ അപ്പടിയൊന്നും നാൻ പണ്ണമാട്ടേൻ, പ്ളീസ് ലച്ചുമി നീങ്ക പോവുമ്പോ നാനും ഉൻകൂടെ വരേൻ വാക്‌സിനേഷൻ എടുക്കറുതുക്ക്.”

ഞാൻ എന്ത് വേണമെന്ന ചിന്തയിലാണ്ടു, എന്റെ ചിന്ത കാട് കയറിയപ്പോൾ വീണ്ടും അണ്ണാച്ചി, “യോസിക്കറുതുക്ക് എന്നയിരുക്ക് ലച്ചുമി, നാൻ ഒന്നുമേ പണ്ണലയെ, അന്നേയ്ക്ക് ന്യായം താനേ കേട്ടെൻ.?”

“വേണ്ട അണ്ണാച്ചി നിങ്ങളത് ഓർമ്മിപ്പിക്കുമ്പോഴേ എന്റെ തലസുറ്റുത് ആ..”

അഞ്ച് മാസങ്ങൾക്ക് മുൻപെയാണ് ജോലിസ്ഥലത്തുനിന്നും “സിനോഫാം” വാക്‌സിൻ സ്റ്റാഫിന് വേണ്ടി അറേഞ്ച് ചെയ്യുന്നുണ്ട് എന്നറിഞ്ഞത്. ഞാനും വിദ്യയും പേര് കൊടുത്തു, ഒരേ ദിവസം തന്നെ രണ്ടുപേർക്കും കിട്ടിയെങ്കിലും സമയം വ്യത്യസ്തമായിരുന്നു. എനിക്ക് പിന്നെ ഈ വക കാര്യങ്ങളിലൊന്നും പേടി തീരെയില്ലാത്തത് കൊണ്ട് എന്റെ സ്ലോട്ടിൽ എനിക്കറിയുന്ന ആരെങ്കിലുമുണ്ടോയെന്നു നോക്കി, തല കറങ്ങുമ്പോൾ ആരെങ്കിലും പിടിക്കാൻ വേണമല്ലോയെന്നു ചിന്തിച്ചിട്ട്, അല്ലാതെ പേടി ലവലേശം ഉണ്ടായിട്ടല്ല. അപ്പോഴാണ് എന്റെ അതെ സ്ലോട്ടിൽ അണ്ണാച്ചിയുടെ പേര് കണ്ടത്. ഉടനെ ഫോൺ എടുത്തു വിളിച്ചു, അവധി ദിവസം വീട്ടിൽ കിടന്നുറങ്ങുകയായിരുന്ന അങ്ങേരെ കുലുക്കിയുണർത്തി പറഞ്ഞു, “അണ്ണാച്ചി നമുക്ക് ഒന്നാസേർന്തു പോകലാം?, അണ്ണാച്ചിയും ഓക്കേ പറഞ്ഞു.

വാക്‌സിനേഷൻ ദിവസം പാവം അണ്ണാച്ചി ഓഫീസ്റൂമിൽ വന്നു എന്നെ കൂട്ടിപോയി. ബസിലെ സീറ്റിൽ ഒരാളെ ഇരിക്കാൻ പാടുള്ളു എന്ന നിയമം ഉണ്ടായിരുന്ന കൊണ്ട് അണ്ണാച്ചിയുടെ മുന്നിലത്തെ സീറ്റിൽ ഞാനിരുന്നു. ഇടയ്ക്കിടയ്ക്ക് അങ്ങേരവിടെ തന്നെയുണ്ടോന്ന് മണിച്ചിത്രത്താഴിൽ മോഹൻലാൽ ശോഭന അവിടെയുണ്ടോയെന്നു നോക്കുന്ന പോലെ ഞാൻ നോക്കുന്നുണ്ടായിരുന്നു, എപ്പോഴോ തിരിഞ്ഞപ്പോൾ കണ്ടില്ല, ഞെട്ടി എഴുന്നേറ്റ് നോക്കിയപ്പോൾ താഴെ വീണ പേന എടുത്തു പൊങ്ങി വരുന്ന അങ്ങേരുടെ തല കണ്ടു വീണ്ടും സമാധാനത്തോടെ സീറ്റിൽ ഇരുന്നു.

ബസിൽ നിന്നുമിറങ്ങി നടക്കുമ്പോൾ അണ്ണാച്ചി പറഞ്ഞു, “ലച്ചുമി, നാൻ ഉങ്കിട്ടെ ഒന്ന് കേട്ട തപ്പാ എടുക്കമാട്ടിയെ?”.

ദൈവമേ എന്ത് കാര്യം?, ഇങ്ങേരുടെ മനസ്സിൽ എന്നെക്കുറിച്ചിതായിരുന്നോ വിചാരം?…ച്ച്ചേ..ഞാൻ വേണ്ടാത്തതൊക്കെ ചിന്തിച്ചു കൂട്ടി, “തപ്പാണെങ്കിൽ തപ്പെന്നു താൻ സൊല്ലുവെൻ, ഉങ്കളുക്ക് എന്നെ നല്ലാ തെരിയുമല്ലോ?, എന്താണേലും സൊല്ലി തൊല”, ഈ മനുഷ്യൻ കൈയിൽ കുത്ത് വാങ്ങുന്നതിനു മുൻപേ എനിക്ക് തലകറക്കം വരുത്തുമെന്നാണ് തോന്നുന്നത്.

“അല്ല ലച്ചുമി, ഈ വാക്‌സിനേഷൻ എടുത്തതുക്കപ്പുറം തണ്ണി അടിക്കമുടിയുമാ?”.

ആ ഇത്രേയുള്ളോ, വെറുതെ പേടിപ്പിച്ചു, “പിന്നെ നിറച്ച് തണ്ണി കുടിക്കണം, എടുക്കണതിന് മുന്നാടിയും കുടിക്കണം, നീങ്ക കുടിക്കലയാ?”.

“അന്ത തണ്ണിയല്ല ലച്ചുമി, ഇത് ലിക്യുർ, മ്മ്..”, എന്നിട്ട് ജഗദീഷ് ഏതോ സിനിമയിൽ “കൊഴപ്പായ”, എന്ന് ചോദിക്കുന്ന പോലെ എന്നെ ഒരു നോട്ടവും.

ഓഹോ ഇങ്ങേരിങ്ങനത്തെ ആളായിരുന്നോ? ഞാനറിഞ്ഞേയില്ലല്ലോ, കണ്ടാൽ പറയുമില്ല, കള്ള അണ്ണാച്ചി, “നിങ്ങള്ക്ക് ജീവൻ വേണുമാ ഇല്ല തണ്ണി മുഖ്യമാ?, ഇപ്പം സൊല്ല്.”

അണ്ണാച്ചിക്കൊന്ന് ആലോചിക്കേണ്ടി വന്നു ഉത്തരം പറയാൻ, “അത് തണ്ണി…അല്ല ഉയിർതാൻ.”

“ആ എന്നാ തണ്ണി അടിച്ചൂട കേട്ടിയാ?..നോ മോർ കൊസ്റ്റിയൻസ്, കം വിത്ത് മി.” അകത്തേക്ക് നടന്നു വരിവരിയായി ഇട്ടിരുന്ന കസേരകളിൽ ഞങ്ങൾ ഇരുന്നു, അണ്ണാച്ചി മുന്നിലും ഞാൻ പിന്നിലും.

പിന്നെയും തല പുറകോട്ടു ചരിച്ചു അണ്ണാച്ചി ചോദിച്ചു, “ലച്ചുമി, നേഴ്സിക്കിട്ട ഇന്ത വിഷയം കേട്ട അവർ ബദൽ സൊല്ലുമാ?”

“നിങ്ങക്ക് നാണമില്ലേ മനുഷ്യ?, ബദൽ മാത്രമല്ല നല്ലാ തിട്ടുവാ, ജാഗ്രതൈ.”, പിന്നെ അങ്ങേരൊന്നും മിണ്ടിയില്ല, എന്തോ കളഞ്ഞ അണ്ണാച്ചിയെ പോലെ ഇരിക്കുന്ന കണ്ടു.

അണ്ണാച്ചി ആദ്യം വാക്‌സിനേഷൻ റൂമിലേക്ക് പോയി, അഞ്ച് മിനുട്ട് കൃത്യമായപ്പോൾ റൂമിൽ നിന്നും നേരെ പുറത്തേക്ക് അങ്ങേര് ഒരു നടത്തം, ഇങ്ങേരിതെവിടെ ഇത്ര വെപ്രാളപ്പെട്ട് പോണു, “ഞാനൂടെ വരട്ടണ്ണാച്ചി നില്ലുങ്കോ”, എന്ന് പറയാൻ വായെടുത്തതും ഒരു നേഴ്സ് അകത്തു നിന്ന് വന്നു അണ്ണാച്ചിയുടെ പുറകെ വിളിച്ചു പറഞ്ഞു, “ഡോണ്ട് ട്രൈ ടു ടേക്ക് ആൽക്കഹോൾ, ഇറ്റ് വിൽ അഫ്ഫക്ട് യുവർ ബോഡി അഡ്വെർസെലി.”, എനിക്ക് മീശമാധവൻ സിനിമയും ജഗതിയുടെ വിളിച്ചു പറയാതെയുള്ള വെടിവഴിപാടും ഓർമ്മ വന്നതിൽ തെറ്റില്ല.

അത് കേട്ടതും ആ ഹാളിൽ ഉണ്ടായിരുന്നവരുടെ എല്ലാവരുടെയും തല അണ്ണാച്ചി പോയ ഭാഗത്തേക്ക് തിരിഞ്ഞു, എന്നിട്ട് എല്ലാവരും ഒരുമിച്ച് “അയ്യയ്യോ ഇവൻ ഇത്തരക്കാരനോ” എന്ന ഭാവത്തിൽ തല വെട്ടിത്തിരിക്കുന്നതും കണ്ടു, ലോകത്തിലേക്കും വെച്ച് അണ്ണാച്ചിയാണ് ആകെ കുടിക്കുന്നതെന്നു തോന്നിക്കുന്ന മാതിരിയായിരുന്നു ആ തലവെട്ടിക്കൽ.

അണ്ണാച്ചിയെ എനിക്കറിഞ്ഞേകൂടാ എന്ന മട്ടിൽ വാക്‌സിനേഷൻ റൂമിനകത്തേക്ക് ഞാൻ ചെന്നു.

വാക്‌സിനേഷൻ എടുക്കുന്ന നേഴ്സ് മലയാളിയായിരുന്നു, അവർ എന്നോട് പറഞ്ഞു, “ഓരോരുത്തരുടെ കാര്യം, ഈ അവസ്ഥയിൽ കുടിച്ചില്ലെങ്കിൽ പറ്റേ ഇല്ല, നിങ്ങൾക്കറിയുന്ന ആളാണോ?”

“ഏയ്, എനിക്കറിയേയില്ല, എന്റെകൂടെയാണ് ജോലി ചെയ്യുന്നതെന്ന് പോലും ഇപ്പോഴാണ് മനസിലായത്.” എന്റെ ഉത്തരത്തിൽ സംശയം തോന്നിയിട്ടാണോ എന്തോ അവർ എന്നെ ചുഴിഞ്ഞു നോക്കി. ഞാൻ പറഞ്ഞു, “സത്യം”.

എനിക്കുള്ള കുത്തും വാങ്ങിച്ചു, തലകറക്കം വന്നാൽ തേടിയ കൂട്ടു കൊള്ളാം, ദൈവമേ എനിക്ക് തന്നെ ഇങ്ങനത്തെനെയൊക്കെ തരുന്നല്ലോ എന്ന് പരിഭവവും പറഞ്ഞു ഞാൻ ബസിനടുത്തേക്ക് നടന്നു.

ബസിൽ ഇരിക്കുമ്പോൾ ഇടയ്ക്കിടയ്ക്ക് “ലച്ചുമി” എന്ന വിളി കേട്ടെങ്കിലും ആലുവാമണപ്പുറത്ത് വച്ചു കണ്ട പരിചയം പോലും ഞാൻ കാണിച്ചില്ല, പിന്നെ ദേഷ്യം വരൂല്ലേ?, അങ്ങേരെ തണ്ണി, മാനം പോയില്ലെന്നേയുള്ളു.

അതിനു ശേഷം കണ്ടപ്പോഴെല്ലാം ഞാൻ തലവെട്ടിത്തിരിച്ചു പോയിപ്പോന്നു, പിന്നെ ഇപ്പോഴാണ് നേരെ സംസാരിക്കുന്നത്. ബൂസ്റ്റർ വാക്‌സിനേഷൻ എടുക്കാൻ പോകണ്ടെന്നു ചോദിച്ച് കൊണ്ടു വന്നിരിക്കുന്നു. “ഞാനെന്ത് ചെയ്യട്ടു കടവുളേ?’.

“ലച്ചുമി, പ്ളീസ്..നാങ്ക ഒന്നാസെർന്ത് പോലാം, നാൻ അന്ത തപ്പു റിപ്പീറ്റ് പണ്ണമാട്ടേൻ, ഇത് സത്യം, സത്യം, സത്യം.”

അണ്ണാച്ചിയുടെ രൂപം മാറാൻ തുടങ്ങുന്ന കണ്ടു ഞാൻ പേടിച്ചു, “ങേ..ഇതാര് നാഗവല്ലനോ?”

“ആ സരി സരി, കരഞ്ഞു മൂക്കൊന്നുമൊലിപ്പിക്കണ്ട പോലാം ഒന്നാസെർന്ത്‌ തന്നെ പോലാം, സരിയാ, പക്ഷെ ഇന്നും അന്തമാതിരി ഏതാവത് ചെയ്താ സത്യമായും നിങ്ങളെ ഞാൻ ബസിൽനിന്നും തള്ളിപ്പോടും.”

എന്താവോ എന്തോ പോയിട്ട് വരാം, അല്ലെ?.

മഹാലക്ഷ്‌മി മനോജ്.

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!