അയ്യപ്പൻ – വായനാനുഭവം

ഈയിടെ വായിച്ച പുസ്തകങ്ങളിൽ എനിക്ക് ഏറ്റവും പ്രിയപ്പെട്ട പുസ്തകമാണിത്…എന്റെ പ്രിയപ്പെട്ട ജ്യേഷ്ഠ സഹോദരൻ വിനുചേട്ടൻ ഈ പുസ്തകം സമ്മാനിക്കുമ്പോൾ, ഇതുവരെ വായിച്ചിട്ടുള്ളതിൽ ഏറ്റവും മികച്ചൊരു വായനാനുഭവമാണ് എന്നെ കാത്തിരിക്കുന്നത് എന്ന് അറിഞ്ഞിരുന്നില്ല എന്നതാണ് സത്യം.
“അയ്യപ്പൻ” മലയാളിയുടെ സ്വന്തമാണ്.. ജാതി- മത ഭേദമന്യേ മലയാളിയുടെ മനസ്സിലും ചിന്തയിലും തെളിയുന്ന ഒരു വിശ്വാസഐക്യമാണ് ശബരിമല അയ്യപ്പൻ.. അയ്യപ്പൻ ആരായിരുന്നു എന്നും, എന്തായിരുന്നു എന്നും ഹിന്ദുവിശ്വാസധാരയിൽ പ്രതിപാദിക്കുന്നുണ്ട്… എന്നാൽ, അതിനൊക്കെയുമപ്പുറം അയ്യപ്പൻ, ശെരിക്കും ആരായിരുന്നു എന്ന ചോദ്യം പലയിടങ്ങളിൽ നിന്ന് ഉയരുന്നുമുണ്ട്… ഒരുപരിധിവരെയെങ്കിലും ഇത്തരം സംശയങ്ങൾക് ഈ പുസ്തകം മറുപടി തരുന്നുണ്ട്.

അനീഷ് തകടിയിൽ എന്ന എഴുത്തുകാരൻ വർഷങ്ങളോളം നടത്തിയ ഗവേഷണത്തിന്റെയും, വിവരശേഖരണത്തിന്റെയും ആകെ തുകയാണ് ഈ പുസ്തകം. കേട്ട കഥകളിൽ സുപരിചിതനായ അയ്യപ്പനും അപ്പുറം മറ്റൊരു മണികണ്ടൻ ഈ പുസ്തകത്തിൽ പിറന്നിരിക്കുന്നു.. “പെരുംപാറ്റയേ തുരത്താൻ പിറന്ന പൈതൽ ” എങ്ങനെ യോഗമയനായ അയ്യപ്പൻ ആയി തീർന്നു എന്നത്തിന്റെ ഉത്തരമാണീ പുസ്തകം. കൃത്യമായ ചരിത്ര രേഖകളുടെ അടിസ്ഥാനത്തിൽ എഴുതപ്പെട്ട സത്യസന്ധമായ ആഖ്യാനമാണ് ഈ പുസ്തകം എന്നാണെന്റെ അഭിപ്രായം.

അമ്പലമേട്ടിലെ കണ്ടനും കറുത്തമ്മയും, അവരുടെ ഏക സന്താനം മണികണ്ടനും, അദ്ദേഹത്തിന്റെ സുഹൃത്ത് വാവരും, പൂങ്കുടിയും, വലിയ കടുത്തയും ചെറിയ കടുത്തയും, ലീല എന്ന മഹിഷിയുമൊക്കെ യഥാർത്ഥത്തിൽ ആരായിരുന്നു എന്ന് ഈ പുസ്തകം അന്വേഷിക്കുന്നു… മാളികപ്പുറത്തമ്മയുടെ ആത്മസത്തയെന്താണെന്നും ഇവിടെ വെളിപ്പെടുന്നുണ്ട്.

ശബരിമല കാടുകളിലും പന്തളത്തിന്റെ മണ്ണിലും ഉണ്ടായ ആ പ്രാക്തന യുദ്ധത്തിന്റെ വിശദീകരണങ്ങൾ വായനക്കാരനെ ഏറെ ആകർഷിക്കുന്നതാണ്. മണ്ഡലക്കാലമെന്താണ് എന്നും, ഇരുമുടി കെട്ട് എങ്ങനെയുണ്ടായി എന്നും, അയ്യപ്പന്മാർ അയ്യപ്പ മുദ്ര അണിയുന്നതും കറുപ്പുടുക്കുന്നതും എന്ത് കൊണ്ടെന്നുമൊക്കെയുള്ള ഓരോ സൂക്ഷ്മ കാര്യങ്ങൾക്കും കൃത്യമായ വിശദീകരണം തരുന്നതിൽ രചയിതാവ് ബദ്ധശ്രദ്ധനാണ്. അതുപോലെ, ശബരിമലയുമായി ബന്ധപ്പെട്ട ഓരോ സ്ഥലനാമങ്ങളുടെ ആവിർഭാവം കൂടി കൃത്യമായി ഈ നോവലിൽ വിശദീകരിക്കുന്നുണ്ട്.

ചരിത്രപരമായ വസ്തുതകളെ മുൻനിർത്തി, കൃത്യമായ വിശദീകരണം നൽകികൊണ്ട് രചിച്ച പുസ്തകം എന്ന നിലയിലാണ് ഈ പുസ്തകം ആദ്യമായ് എന്റെ ഹൃദയത്തിൽ ഇടം നേടിയത്. ചരിത്ര പശ്ചാത്തലമുള്ള പുസ്തകങ്ങൾ വായിക്കുവാൻ എന്നും എനിക്ക് ഏറെ ഇഷ്ടമാണ്.. എന്റെ ആ അഭിരുചിയേ ഈ പുസ്തകം പൂർണമായും തൃപ്തിപ്പെടുത്തുന്നുണ്ട്. അത് പോലെ, അയ്യപ്പസ്വാമിയിൽ ഉറച്ച വിശ്വാസമുള്ള,’തത്ത്വമസി’ എന്ന ലോകൈകമന്ത്രത്തേ മനസ്സിലും ചുണ്ടിലും സദാ സൂക്ഷിക്കുന്ന എനിക്ക് ഈ വായനയ്ക്ക് ശേഷം പുതിയൊരു വെളിച്ചത്തിൽ ആ ജ്യോതിസ്വരൂപനെ മനസ്സിൽ കാണാൻ സാധിക്കുന്നുണ്ട് എന്നതും ഒരു വലിയ സന്തോഷമാണ്.

മലയാളിയുടെ മനസ്സിൽ അടിയുറച്ച ധാരണകളെ, പ്രത്യേകിച്ചും മതപരമായ വിശ്വാസത്തിന്റെ ധാരണകളെ പൊളിച്ചെഴുതാൻ ചരിത്രത്തേ കൂട്ട് പിടിക്കുക വഴി തന്റെ രചനയുടെ സത്യം വായനക്കാരന്റെ മനസ്സിൽ ആഴത്തിൽ വരച്ചിടാൻ ശ്രീ അനീഷ് തകടിയിലിനു കഴിഞ്ഞിട്ടുണ്ട്.. ഈ രചനയ്ക്ക് വേണ്ടി അദ്ദേഹം എടുത്ത കഠിന പ്രയത്നം വായനക്കാരനും അനുഭവവേദ്യമാകുന്ന ഇടത്തു രചയിതാവ് പൂർണമായും വിജയിക്കുന്നു.. നോവലിസ്റ്റ് തന്നെ പറഞ്ഞ പോലെ, ‘കാടിനെ സ്നേഹിച്ചു കാട്ടാറിൽ അലിഞ്ഞു ചേർന്ന, കാടിനുള്ളിൽ കുടിയിരിക്കുന്ന ആ ചേതന വായനക്കാരന്റെ മനസ്സിലും കൂടുതൽ തെളിമയോടെ കുടിയിരിക്കുന്നുണ്ട് ‘.. ആ ചേതന നമ്മെ നയിക്കട്ടെ.

ഇത്രയും മൂല്യവത്തായൊരു കൃതി നമുക്ക് സമ്മാനിച്ച ശ്രീ അനീഷ് തകടിയിലിനു ആശംസകൾ..ആ തൂലികയിൽ നിന്ന് ഇനിയും കൂടുതൽ രചനകൾ പ്രതീക്ഷിക്കുന്നു. അതുപോലെ, ഈ കൃതിയുടെ പുറംചട്ടയിൽ നൽകിയിരിക്കുന്ന മണികണ്ടന്റെ ചിത്രവും ഏറെ ആകർഷണീയമാണെന്ന് പറയാതെ വയ്യ. ഓരോ ഘടകങ്ങളും കൂടി ചേർന്ന് ഈ പുസ്തകത്തെ ഏറെ മനോഹരമാക്കുന്നു. ഈ പുസ്തകത്തെ ഈ രൂപത്തിൽ സമ്മാനിച്ചതിന് കാരണക്കാരായ എല്ലാവർക്കും ഹൃദയം നിറഞ്ഞ സ്നേഹാശംസകൾ…

പ്രിയ സോമശേഖര പിള്ള

error: Content is protected !!