ഹിറർ ആംഗ്‌തി

ഹിറർ ആംഗ്‌തി

ശിർഷേന്ദു മുഖോപാധ്യായയുടെ കഥയെ ആസ്പദമാക്കി ഋതുപർണോ ഘോഷ് അണിയിച്ചൊരുക്കിയ ചിത്രമാണ് 1992- ൽ പുറത്തിറങ്ങിയ ഹിറർ ആംഗ്‌തി എന്ന ബംഗാളി സിനിമ (ഡയമണ്ട് റിങ് എന്നർത്ഥം). വെള്ളിത്തിരയിൽ ഘോഷിന്റെ അരങ്ങേറ്റ ചിത്രം! അതുപക്ഷേ, ഒരു സിനിമാക്കാരന്റെ കന്നിച്ചിത്രമായി, അതിന്റെതായ ആനുകൂല്യം നൽകി പ്രേക്ഷകന് വിലയിരുത്തേണ്ടി വന്നില്ല; അത്ര മികവോടെ, ഇരുത്തംവന്ന ഒരു സംവിധായകന്റെ സൃഷ്ടിയെന്നപോലെ മനോഹരമായി ഹിറർ ആംഗ്‌തി വെള്ളിത്തിരയിലേക്കിറങ്ങിവന്നു.
ബംഗാളി സിനിമകൾ കാണുമ്പോൾ, പ്രത്യേകിച്ചും തൊണ്ണൂറുകളിലേത്, പ്രകടമായി അനുഭവപ്പെടുന്ന രണ്ടുകാര്യങ്ങളാണ് പടത്തിലെ തെളിച്ചമില്ലായ്മയും (വെളിച്ചത്തിന്റെ അഭാവം തന്നെ) പിന്നെ കഥയിൽ വരുന്ന ഇഴച്ചിലും. രണ്ടും ഇന്ന് കുറവാണ് എന്നിരുന്നാലും പഴയ സിനിമകൾ കാണുമ്പോൾ അലോസരമുണ്ടാക്കുന്നവയാണ് ഇവ രണ്ടും. പക്ഷേ, കഥ പുരോഗമിക്കുമ്പോൾ ഇവയൊന്നും പ്രാധാന്യമില്ലാത്ത ആക്ഷേപങ്ങളാകുന്നത് പ്രേക്ഷകനെ പിടിച്ചിരുത്തുന്ന ക്രാഫ്റ്റ് സിനിമയിലുള്ളതുകൊണ്ടു തന്നെയാണ്. തുടക്കം മുതൽ അനുഭവമാകുന്ന ഇഴച്ചിൽ ഋതു സിനിമകളുടെ മുഖമുദ്രയാകുന്നതും ഈ സിനിമയിലൂടെയാണ് എന്നു പറയേണ്ടിയിരിക്കുന്നു. സിനിമ അതിന്റെ ചടുലത വീണ്ടെടുക്കുന്നത് ഏകദേശം ഘോഷിന്റെ കരിയർ മധ്യത്തോടെയാണ് എന്നാണ് വ്യക്തിപരമായി തോന്നുന്നത്.
രത്തൻലാൽ ബാബുവിന്റെ വീട്ടിൽ ദുർഗ്ഗാപൂജാ ചടങ്ങുകൾക്കിടയിൽ കടന്നുവരുന്ന അപരിചിതൻ, ഗന്ധർവ്വകുമാർ തന്റെ മാജിക് പ്രകടങ്ങളിലൂടെ കുട്ടികളെ കൈയ്യിലെടുക്കുന്നു. പക്ഷേ, അയാൾ രത്തൻലാലിന്റെ പാരമ്പര്യ സ്വത്തിൽ തനിക്കുള്ള അവകാശം സ്ഥാപിക്കാനൊരുങ്ങുമ്പോൾ അതുവരെയുള്ള ആഘോഷത്തിന്റെ അന്തരീക്ഷം കലുഷിതമാകുന്നു.അയാളുടെ അവകാശവാദത്തിൽ കഴമ്പില്ലായെന്നും പറയുന്നതൊക്കെ വ്യാജമാണെന്നും വെളിപ്പെടുന്നതുവരെയുള്ള നാടകീയ രംഗങ്ങളാണ് കഥയെ നയിക്കുന്നത്.
ഒരു തുടക്കക്കാരന്റെ പരിമിതികളെ മറികടക്കുന്ന അവതരണ രീതിയാണ് ഈ സിനിമയിൽ ഋതുപർണോ ഘോഷ് സ്വീകരിച്ചിരിക്കുന്നത്. ഏറെ പ്രേക്ഷക പ്രശംസ പിടിച്ചുപറ്റിയ സിനിമയിൽ ബസന്റ ചൗധരി, അയൻ ബാനർജി, ഗണേഷ് മുഖർജി, മൂൺമൂൺ സെൻ തുടങ്ങിയവർ പ്രധാന വേഷമിട്ടിരിക്കുന്നു.

ബിന്ദു ഹരികൃഷ്ണൻ

error: Content is protected !!