ഊർന്നുവീഴുന്നത്..

എങ്ങോട്ടാണ് ഞാൻ ഊർന്നുവീഴുന്നത്
എങ്ങോട്ടാണ് ഞാൻ അടർന്ന് വീഴുന്നത്
ഞെട്ടറ്റ കരിയിലകണക്കല്ല
കയ്യിൽ കോരിയ ചൊരിമണൽ കണക്കും അല്ല

ചരിഞ്ഞുതൂങ്ങിയ ഒരു ജനാലവാതിൽ പോലെ
അവസാനത്തെ തുരുമ്പിനോടും വിടചൊല്ലി
വേർപെട്ട് വീഴുന്ന ഒരു ജാലകപ്പൊളി പോലെ
എങ്ങോട്ടാണ് ഞാൻ വീഴുന്നത്

പാതി തുറന്ന , പാതിയടഞ്ഞ ശബ്ദങ്ങളുടെ
പാതി തെളിഞ്ഞ , പാതിയിരുണ്ട
കാഴ്ചകളുടെ
തുറന്നുവെച്ച പ്രതീക്ഷകളുടെ
ആരും വരാത്ത കാത്തിരിപ്പിൻ്റെ
ചിറകടിക്കാത്ത ശലഭങ്ങളുടെ
പക്ഷികൾ മറന്ന വസന്തങ്ങളുടെ

ഇടറിവീണ ഒരു വെളിച്ചക്കീറിൻ്റെ
തിരിഞ്ഞുനോക്കാത്ത പോക്കുവെയിലിൻ്റെ

വാതിലടയുന്ന ഞരക്കങ്ങളുടെ
ഓടാമ്പൽ വീണ ഏങ്ങലുകളുടെ

നിറഞ്ഞ രാവുകളുടെ
ഒഴിഞ്ഞ പകലുകളുടെ
പതിഞ്ഞ അന്തിമങ്ങൂഴങ്ങളുടെ
എല്ലാം…എല്ലാം..
കലമ്പിയ ഓർമ്മകളും മറവികളും

എങ്ങോട്ടാണ്
അവസാനത്തെ തുരുമ്പിനോടും വിടചൊല്ലി
ഊർന്നുവീഴുന്നത് ,
ഒടിഞ്ഞ് ഇളകിത്തൂങ്ങിയഈ ജനൽപ്പാളിയ്ക്കൊപ്പം!

ശ്രീകുമാർ കക്കാട്.

2 thoughts on “ഊർന്നുവീഴുന്നത്..

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!