പ്രാര്‍ത്ഥന

പ്രാര്‍ത്ഥിക്കാം…

ചുറ്റും ഞെരുങ്ങി വെറുപ്പിലും അറപ്പിലും ശ്വാസംമുട്ടുമ്പോഴും,
തിരിച്ചു വെറുക്കാതിരിക്കുന്നവരെ ഓര്‍ത്ത്..

കഠിനപരിസരം വിദ്വേഷപൂര്‍വ്വം ഒരുങ്ങിയിട്ടും,
സ്നേഹപരിസരം സൃഷ്ടിക്കാന്‍ പാടുപെടുന്നവരെ ഓര്‍ത്ത്..

കരിയാതുറയുന്ന മുറിപ്പാടുകള്‍ക്കു മുകളില്‍,
എന്നും പൂക്കള്‍ വിരിയിക്കുന്നവരെ ഓര്‍ത്ത്..

ഇരുണ്ട അറകളിലെ ഏകാന്ത യാമങ്ങളിലും,
തെളിഞ്ഞ ആകാശം സ്വപ്നം കാണാന്‍ പാടുപെടുന്നവരെയോര്‍ത്ത്..

മനുഷ്യനായിരിക്കുക എന്ന പരമാര്‍ത്ഥം മനസ്സിലാക്കുന്നുണ്ടെങ്കിലും,
അതായിരിക്കാന്‍ പറ്റാത്ത നിസ്സഹായരെയോര്‍ത്ത്..

അമര്‍ത്തിക്കരയാന്‍ ഒരു മാറിടമില്ലാതിരിക്കെ,
ചുട്ടുപഴുത്ത മണല്‍പ്പരപ്പിന്റെ മാറില്‍ മുഖമമര്‍ത്തി കരയുന്നവരെയോര്‍ത്ത്..

ദ്രോഹം വിതച്ച വിളഭൂമിയില്‍,
ക്ഷമയെ മുളപ്പിക്കുന്നവരെ ഓര്‍ത്ത്..

വിദ്വേഷമുള്ളിടത്ത്,
സ്നേഹം വിതക്കുന്നവരെയോര്‍ത്ത്..

സ്നേഹമെന്നു നിനച്ച മാറിടങ്ങള്‍,
കപടമെന്നറിഞ്ഞിട്ടും സ്നേഹമായിത്തീരാന്‍ ശ്രമിക്കുന്നവരെയോര്‍ത്ത്..

തന്നിലേയ്ക്ക് നീണ്ട കരങ്ങളെല്ലാം അവന്റേതാകണം എന്നാഗ്രഹിച്ചിട്ടും,
അവന്റേതല്ലാത്ത കരങ്ങളില്‍ താലോലിക്കപെടേണ്ടിവന്നവരെയോര്‍ത്ത്..

ഞാന്‍ ഞാനായിരിക്കേണ്ടതിനു എന്നോടു ക്ഷമിക്കുന്ന,
എന്നിലെ എന്നെയോര്‍ത്ത്..

നിന്നില്‍ ഞാനും എന്നില്‍ നീയും പൂര്‍ണ്ണമാകേണ്ടതിനു,
ക്ഷമയോടെ നമ്മെ കാത്തിരിക്കുന്ന നമ്മിലെ സത്തയെ ഓര്‍ത്ത്..

സ്നേഹമേ.. സ്നേഹമേ.. സ്നേഹമേ..

റോബിൻ കുര്യൻ

Leave a Reply

Your email address will not be published.

error: Content is protected !!