തളരാത്ത വിപ്ലവവീര്യം

വിജയം വരിച്ച പോരാട്ടസമരങ്ങൾക്ക് പിന്നിട്ട വഴികളെക്കുറിച്ച്‌ പറയാനേറെയുണ്ടാകും; സഹനത്തിന്റെ,അടിച്ചമർത്തലിന്റെ, ജീവിതനഷ്ടങ്ങളുടെ , വിട്ടുകളയലുകളുടെ അങ്ങനെ നീളുന്നൊരു പട്ടിക തന്നെ. വിപ്ലവഴിയിലെ പോരാട്ടങ്ങളാകുമ്പോൾ പിന്തള്ളിക്കളഞ്ഞു മുന്നേറുന്നവയ്ക്ക് പിന്നെയും തീവ്രതയേറും. കഥകളെ വെല്ലുന്ന അത്തരമൊരു ജീവിത രാഷ്ട്രീയം പറയാൻ , ഇന്നു ജീവിച്ചിരിക്കുന്നവരിൽ ശക്തരായ ഒരാൾ – കെ. ആർ. ഗൗരിയമ്മ.

ജനാധിപത്യ സംരക്ഷണ സമിതി (ജെ എസ് എസ് ) യുടെ അമരക്കാരിയിൽ നിന്ന് എറണാകുളം മഹാരാജാസ് കോളേജിന്റെയും തുടർന്ന് ലോ കോളേജിന്റെയും ക്ലാസ്സുമുറികളിലെ പഴയ ഗൗരിയിലേയ്ക്ക് തിരിഞ്ഞു നോക്കാനാഗ്രഹിക്കുന്ന , ആ ഓർമ്മകൾ ഒട്ടും ചോരാതെ എന്നും സജീവമാക്കി നിർത്താനിഷ്ടപ്പെട്ട ഗൗരിയമ്മ.

മറവിയുമുണ്ട് എന്ന് വ്യാകുലപ്പെടുമ്പോഴും വിമോചന സമരവും മറ്റു കർഷക മുന്നേറ്റങ്ങളും നടന്ന വർഷങ്ങൾ തീയതിയോടെ നിരത്തി ഒരിക്കൽ കൂടി ഓർമ്മശക്തിക്കൊരു കുറവും വന്നിട്ടില്ലെന്ന് തെളിയിക്കുന്നു. 1919 ജൂലൈ 14 നു ആലപ്പുഴ ജില്ലയിലെ പട്ടണക്കാട് വില്ലേജിൽ കെ. എ . രാമന്റെയും പാർവ്വതിയമ്മയുടെയും ഏഴാമത്തെ പുത്രിയായി ജനിച്ച ഗൗരിയമ്മയ്ക്ക് , ജാതിചിന്തയിൽ നിന്ന് പുറത്തുവരാനും എല്ലാ മനുഷ്യരെയും സമാനരായിക്കാണാനും ചെറുപ്പം മുതലേ പഠിപ്പിച്ച അച്ഛനായിരുന്നു ആദ്യരാഷ്ട്രീയ ഗുരു. ദേവസ്വത്തിന്റെ കുടിയാനായിരുന്ന, 2000 ഏക്കർ കൈവശമുണ്ടായിരുന്ന, ആ അച്ഛന്റെ മകളാണ് ഭൂപരിഷ്കരണ ബില്ലും കുടികിടപ്പവകാശവുമൊക്കെ സംസ്ഥാനത്ത് നടപ്പാക്കി സാധാരണക്കാരന്റെ അവകാശ സംരക്ഷണത്തിനിറങ്ങി തിരിച്ചത്. മൂത്ത സഹോദരൻ സഖാവ് സുകുമാരന്റെ കൈപിടിച്ച് സജീവ രാഷ്ട്രീയത്തിലിറങ്ങുമ്പോൾ ബിരുദം കൂടാതെ ഒരു നിയമബിരുദം കൂടി നേടിയിരുന്നു. 1957 ലാണ് ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിൽ രൂപംകൊണ്ട ആദ്യ കമ്മ്യൂണിസ്റ് മന്ത്രിസഭയിൽ ഗൗരിയമ്മ റെവന്യൂ മന്ത്രിയാകുന്നത്.

1957 ഏപ്രിൽ മുതൽ 1959 ജൂലൈ വരെ നീണ്ട ആ കാലഘട്ടത്തിലാണ്, ഏറെ വിപ്ലവകരമായ മാറ്റം സൃക്ഷ്ടിച്ചുകൊണ്ട് ഭൂപരിഷ്കരണ ബില്ല് കൊണ്ടുവരാനുള്ള ഇടതുപക്ഷ സർക്കാരിന്റെ തീരുമാനത്തിന് ചുക്കാൻ പിടിച്ചത് അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന ഗൗരിയമ്മയായിരുന്നു. അതിന്റെ ഭാഗമായുള്ള ഗവണ്മെന്റ് ഓർഡിനൻസ് പ്രകാരം കുടികിടപ്പുകാരെ ഒഴിപ്പിക്കാനുള്ള അധികാരം ജന്മിമാർക്കില്ലാതായി. ആ ബില്ലു എഴുതിയുണ്ടാക്കിയതും അതിന്റെ അടുത്തപടിയായി കുടികിടപ്പുകാരായ കർഷകർക്ക് അവർ കൈവശം വച്ച് കൃഷിചെയ്തുവരുന്ന ഭൂമിയുടെ തീറവകാശം പതിച്ചു കൊടുക്കുന്നതിനും തീരുമാനമാക്കിയതും ഗൗരിയമ്മയല്ലാതെ മറ്റാരുമല്ല. അതുപോലെതന്നെ ഓരോ ഭൂപ്രഭുക്കന്മാർക്കും കൈവശം വയ്ക്കാവുന്ന ഭൂമിയിൽ നിയന്ത്രണമേർപ്പെടുത്തി പരിധിയിൽ കൂടുതലുള്ള കൃഷിയിടം മിച്ചഭൂമിയായി കണക്കാക്കി അത് ഭൂരഹിതരായ പാവങ്ങൾക്ക് പതിച്ചുകൊടുക്കാനുള്ള തീരുമാനവും ഇതേ ബില്ലിൽ വ്യവസ്ഥ ചെയ്തു. ബില്ല് അസ്സംബ്ലിയിൽ പാസ്സാക്കാനായെങ്കിലും പ്രസിഡന്റിന്റെ വിശ്വാസം നേടാനാകാതെ അത് നടപ്പാക്കാൻ പിന്നെയും കാത്തിരിക്കേണ്ടി വന്നു.

തുടർന്ന് വന്ന ഗവണ്മെന്റ് നിരവധി സൗജന്യങ്ങളോടെ ഭൂപ്രഭുക്കൾക്ക് അനുകൂലമായി നിലപാടെടുത്തപ്പോൾ ഗൗരിയമ്മയ്ക്കും കേരളത്തിലെ ഭൂരഹിതരായ കർഷകർക്കും പിന്നെയുമൊരു പത്തുവർഷം കാത്തിരിക്കേണ്ടി വന്നു ലക്ഷ്യത്തിലെത്താൻ. 1967 -ൽ ഇ.എം.എസ് നമ്പൂതിരിപ്പാടിന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ അധികാരമേറ്റപ്പോൾ ഗൗരിയമ്മ, റവന്യൂ – സെയിൽസ് ടാക്സ് -പൊതു വിതരണ- സാമൂഹികക്ഷേമ വകുപ്പുകൾ കൈകാര്യം ചെയ്യുന്ന മന്ത്രിയായി. ഭൂപരിഷ്കരണ നിയമത്തിലെ അപാകതകൾ പരിഹരിച്ച്‌ , ജന്മിത്വവ്യവസ്ഥയ്ക്ക് വിരാമമിട്ട് 3.5 മില്യൺ പാട്ടക്കാരും 5,00,000 ലക്ഷത്തോളം കുടികിടപ്പുകാരും താന്താങ്ങളുടെ അവകാശങ്ങൾ നേടിയെടുക്കാൻ പ്രാപ്തരായി. കൂടാതെ ഒരു ലക്ഷം ഏക്കറോളം മിച്ചഭൂമിയും കണ്ടെത്താനായി സർക്കാരിന്. അപ്പോഴും ഗൗരിയമ്മ പറയുന്നു, ഭൂപരിഷ്കരണ- കുടിയേറ്റ നിയമങ്ങളൊക്കെ കർഷകസംഘത്തിന്റെ നേട്ടമെന്ന്, പിന്നിലെ ഇശ്ചാശക്തിയും മുഴുവൻ സമയ പ്രേരക സാന്നിധ്യം ആയിട്ടുകൂടി ഒരു ക്രെഡിറ്റും അവകാശപ്പെടാതെ.

1980 ലെയും 87 ലേയും വ്യവസായവകുപ്പുമന്ത്രിയായിരുന്ന ഗൌരിഅമ്മയെ , 87 ലെ ഇലക്ഷനിൽ മുഖ്യമന്ത്രി സ്ഥാനാർഥിയായും ഉയർത്തിക്കാട്ടിയിരുന്നു . രാഷ്ട്രീയ അഭിപ്രായ വ്യത്യാസത്തിന്റെ പേരിൽ ടി. വി . തോമസുമൊത്തുള്ള വ്യക്തി ജീവിതം തന്നെ വേണ്ടെന്നു വച്ചു. ശേഷം 1994 -ൽ കമ്മ്യൂണിസ്റ്റ് (മാർക്സിസ്റ്റ്) പാർട്ടി വിട്ട് പുറത്തുപോകേണ്ടി വന്നപ്പോൾ ജനാധിപത്യ സംരക്ഷണ സമിതി (ജെ എസ് എസ്) യുമായി ശക്തമായൊരു നിലനിൽപ്പുതന്നെ ഉണ്ടാക്കിയിരുന്നു ഗൗരിയമ്മ. പിന്നീട് വലതുപക്ഷ കൂട്ടുമുന്നണിയുമായി ചേർന്ന് കൃഷിമന്ത്രിയായിരുന്നപ്പോഴും തന്റെ വിശ്വാസങ്ങളെ ഒരിക്കലും തീറെഴുതാൻ തയ്യാറായിരുന്നില്ല എന്നതിന് തെളിവാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയിലേക്കുള്ള ഗൗരിയമ്മയുടെ തിരിച്ചുവരവ്.

1952 ലും 1954 ലും ട്രാവൻകൂർ- കൊച്ചിൻ ലെജിസ്ലേറ്റീവ് അസ്സംബ്ലി തൊട്ടിങ്ങോട്ട് കേരളാ ലെജിസ്ലേറ്റീവ് അസ്സംബ്ലിയിൽ 1960, ’67 , ’70 , ’82 , ’87 , ’91 , 2001 വരെ നിരന്തരമായ സാന്നിധ്യമായി ഗൗരിയമ്മ ഉണ്ടായിരുന്നു. ഒട്ടനവധി സാമൂഹിക മേഖലകളിലും കർഷക മുന്നേറ്റ സംരംഭങ്ങളിലും ഇന്നും ഊർജ്വസ്വലമായി ഇടപെട്ടുകൊണ്ട് പഴയ കർഷസംഘം പ്രസിഡന്റ് ശ്രീമതി. കെ ആർ ഗൗരിയമ്മ ഇവിടെത്തന്നെയുണ്ട്, 2011 ലെ കേരള സാഹിത്യ അക്കാഡമി പുരസ്കാരം നേടിയ ‘ ആത്മകഥ ‘ യുമായി.

വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെയും ജനസേവന രംഗത്തേക്ക് ഇറങ്ങിയ കെആര്‍ ഗൗരിയമ്മയെ മാറ്റിനിര്‍ത്തിയാൽ അപൂര്‍ണ്ണമാണ് കേരള രാഷ്ട്രീയ ചരിത്രം. അൻപതുകളുടെ അവസാനം തുടങ്ങി പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തിൽ ജ്വലിച്ച് നിന്ന വിപ്ലവ നക്ഷത്രമായിരുന്നു കെആര്‍ ഗൗരി. പോരാളിയെന്ന വിളിപ്പേരിനെ അക്ഷരാര്‍ത്ഥത്തിൽ അന്വര്‍ത്ഥമാക്കിയ ജീവിതം. സ്ത്രീകൾക്ക് പ്രാമുഖ്യമില്ലാതിരുന്ന കാലത്താണ് ട്രേഡ് യൂണിയൻ പ്രവര്‍ത്തനങ്ങളിലൂടെയും കര്‍ഷക പ്രസ്ഥാനങ്ങളിലൂടെയും കെആര്‍ ഗൗരിയമ്മ കേരള രാഷ്ട്രീയത്തിൽ ഇടം ഉറപ്പിക്കുന്നത്. ഗൗരിയമ്മയോടെുള്ള അവഗണനയിൽ മുപ്പളമ തർക്കവും,പുരുഷാധിപത്യവും, ജാതിവേർതിരിവൊക്കെ ആരോപിക്കപ്പെട്ടത് ചരിത്രം. കെ കരുണാകരന്‍റെയും എം വി രാഘവന്‍റെയും കെണിയിൽ ഗൗരിയമ്മ വീണു എന്നായിരുന്നു സിപിഎമ്മിന്‍റെ രാഷ്ട്രീയ പ്രതിരോധം. യുഡിഎഫ് ഒപ്പം കൂട്ടിയെങ്കിലും ഗൗരിയമ്മയുണ്ടാക്കിയ പ്രതിസന്ധിയും സിപിഎം മറികടന്നു.കാലം മുറിവുകൾ ഉണക്കിയപ്പോൾ വിപ്ലവനായികയെ സിപിഎമ്മിൽ എത്തിക്കാൻ പിണറായി യുഗത്തിൽ പാർട്ടി നേതാക്കൾ മുന്നിട്ടിറങ്ങി. പാർട്ടിയിലേക്ക് തിരികെ വന്നില്ലെങ്കിലും എൽഡിഎഫിലേക്ക് ഒടുവിൽ ഗൗരിയമ്മ മടങ്ങിയെത്തി. ക്രൂരമായ പൊലീസ് മർദ്ദനമേറ്റ് പാർട്ടിയെ വളർത്തിയിട്ടും, 1957ൽ ഇഎംഎസ് മന്ത്രിസഭയിൽ അംഗമായിട്ടും, ദാമ്പത്യം പോലും പിളർത്തിയ കമ്മ്യൂണിസ്റ്റ് വേർപിരിയലിൽ സിപിഎമ്മിനൊപ്പം അടിയുറച്ചു നിന്നിട്ടും, ആർജവമുള്ള ഭരണാധികാരിയെന്ന പേരെടുത്തിട്ടും എത്തേണ്ട സ്ഥാനത്ത് ഗൗരിയമ്മ എത്തിയോ എന്ന ചോദ്യം ഈ വിയോഗത്തിലും കേരള രാഷ്ട്രീയത്തെ അലോസരപ്പെടുത്തുന്നു.

ബിന്ദു 

Leave a Reply

Your email address will not be published.

error: Content is protected !!