കരയാത്ത ഗൗരി, തളരാത്ത ഗൗരി

കാലം കാത്തുവച്ച ചില കണ്ണികളുണ്ട്. അവ ഭൂത വർത്തമാന ഭാവി കാലങ്ങളെത്തമ്മിൽ കോർത്തിണക്കുന്ന കൊളുത്തുകളായി നിലകൊള്ളും. അവയെ നാം പരിഗണിച്ചില്ലെങ്കിലും അവഗണിക്കാനാവില്ല. കാരണം നാം കടന്നുപോയതും ഇപ്പോൾ പോകുന്നതും ഈ കൊളുത്തുകൾ ഘടിപ്പിച്ച ബോഗികളിലൂടെയാണ്. 2017 ലെ ഓണക്കാലത്ത് ആലപ്പുഴയിൽ ട്രെയിനിറങ്ങി ഓട്ടോ സ്റ്റാന്റിലേക്ക് നടക്കുമ്പോൾ മനസു നിറയെ ആശങ്കയായിരുന്നു. കാണാൻ പോകുന്നത് ആരെയാണെന്നും എന്താവും പ്രതികരണമെന്നും ഓർത്തു.
‘ഗൗരിയമ്മയുടെ വീട്’ എന്ന് ഓട്ടോ ഡ്രൈവറോട് പറയുമ്പോൾ അയാളുടെ മുഖത്ത് അഭിമാനം കലർന്ന പുഞ്ചിരി.

“കുഞ്ഞമ്മയുടെ വീട്ടിൽ വല്ല വിശേഷവും?” എന്ന ചോദ്യം.

“ഒന്നുമില്ല ഒന്ന് കാണാൻ.”

“കഴിഞ്ഞ മാസമായിരുന്നു പിറന്നാൾ . ഞങ്ങൾ പോയിരുന്നു.” അയാൾ പറഞ്ഞു.

വീട്ടിലെത്തിയപ്പോൾ ഗൺമാൻ പറഞ്ഞു

“താങ്കൾ വരുമെന്ന് പറഞ്ഞിരുന്നു. ഇപ്പോൾ റെഡിയായി വരും.”

കുറച്ചു കഴിഞ്ഞപ്പോൾ ഗൗരിയമ്മ എത്തി. മുഖത്ത് ഗൗരവം.

“താനെന്താ ഇത്ര നേരത്തെ വന്നത്. തനിക്ക് വേറെ പണിയൊന്നുമില്ലേ? ങാ! ഇരിക്ക്. എന്താ വേണ്ടത്?”

ഒരു അഭിമുഖത്തിനാണെന്നു പറഞ്ഞപ്പോൾ കുറച്ചു നേരത്തേക്ക് ഗൗരവം കലർന്ന മൗനം.

“ങാ! ചോദിക്ക്. അറിയാവുന്നതാണേൽ പറയാം.”

മുഖത്ത് കുസൃതിയൊളിപ്പിച്ച ഗൗരവം.

നമുക്ക് ഓണത്തിൽ നിന്നും തുടങ്ങാം. കുട്ടിക്കാലത്തെ ഓണവിശേഷങ്ങൾ എന്തൊക്കെയായിരുന്നു?

എന്റെ അച്ഛൻ തിരുമല ദേവസ്വത്തിന്റെ കുടിയാനായിരുന്നു. ദേവസ്വത്തിന്റെ രണ്ടായിരം ഏക്കർ സ്ഥലം അച്ഛൻ നോക്കി നടത്തി. അതിൽ നൂറേക്കർ തെങ്ങു കൃഷിയും ബാക്കി നെൽപ്പാടവുമായിരുന്നു. ധാരാളം ജോലിക്കാരുണ്ടായിരുന്നു. അവരോടൊപ്പമായിരുന്നു ഞങ്ങളുടെ ഓണം. ഓണമെന്നു പറഞ്ഞാൽ എനിക്ക് കളിയായിരുന്നു. കൈകൊട്ടിക്കളിയും പുലികളിയുമൊക്കെ. പുരുഷന്മാർക്ക് വള്ളം കളിയും പന്തുകളിയും. ആ സമയം ക്ഷേത്ര പ്രവേശന സമരങ്ങളുടെ കാലം കൂടിയായിരുന്നു. അച്ഛൻ ചേർത്തല താലൂക്കിലെ
എസ്.എൻ.ഡി.പി യോഗത്തിന്റെ പ്രസിഡന്റ് കൂടിയായിരുന്നു. ആഹാരത്തിനു വലിയ ബുദ്ധിമുട്ടൊന്നുമുണ്ടായിരുന്നില്ല. ജോലിക്കാർക്കു മുഴുവൻ ആഹാരം വച്ച് കൊടുക്കുമായിരുന്നു. രാവിലെ മരച്ചീനിയും കള്ളും വാങ്ങിക്കൊടുക്കും. ഉച്ചയ്ക്ക് കഞ്ഞിയും കപ്പ പുഴുങ്ങിയതും. സന്ധ്യക്ക് ജോലി മതിയാക്കി, കുളിച്ച് അവരെല്ലാം വീട്ടിലേക്കു വരും. പിന്നെ ഇലയിട്ട് ഊണുകൊടുക്കും. അതിന്റെ ഇടയിൽ പോയി ഇരുന്ന് ഞാനും ഉണ്ണും. വലിപ്പച്ചെറുപ്പമൊന്നും ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല. ജോലിക്കാരോട് അച്ഛന് വലിയ സ്നേഹമായിരുന്നു. അവരോട് നല്ല പെരുമാറ്റമായിരുന്നു. ആ അച്ഛനാണ് എപ്പോഴും എനിക്ക് വഴികാട്ടിയായത്. ഞാൻ ‘അച്ഛൻ മോളാ’യിരുന്നു.

( ഇത് പറയുമ്പോൾ ഗൗരിയമ്മയുടെ കണ്ണുകൾ തിളങ്ങി. ‘അച്ഛൻ മോളു’ടെ അഭിമാനത്തിളക്കം!)

രാജഭരണകലത്തിൽ നിന്നും ജനാധിപത്യത്തിലേക്കുള്ള മാറ്റത്തിനു സാക്ഷിയായ ആളാണല്ലോ. ആ സാമൂഹ്യമാറ്റം പെട്ടെന്നുണ്ടായതല്ലല്ലോ. ഒരുപാട് സംഘർഷങ്ങളുടെയും പ്രക്ഷോഭങ്ങളുടെയും കാലം കൂടിയായിരുന്നില്ലേ?

അതെ. ശരിയാണ്. ആ കാലമാകുമ്പോഴേക്കും ഞാൻ വക്കീലായി. കണക്കിന് എനിക്ക് നല്ല മാർക്കുണ്ടായിരുന്നു. ഞാൻ പഠിക്കാൻ മിടുക്കിയായിരുന്നെടോ
(എന്റെ മുഖത്തെ ചിരികണ്ടു അവരും ചിരിച്ചു ).
ഞാൻ ഗോൾഡ് മെഡൽ വിന്നർ ആയിരുന്നു. അന്നത്തെ എന്തോ പ്രശ്നം കാരണം ഗോൾഡ് മെഡൽ കിട്ടിയില്ല. അതിന്റെ സർട്ടിഫിക്കറ്റ് തന്നു. ഗോൾഡ് മെഡൽ തന്നിരുന്നെങ്കിൽ അതൊക്കെ വിറ്റു തീർത്തേനെ. കടലാസ് വിൽക്കാൻ പറ്റാത്തതിനാൽ അത് ഇവിടെ ഇരിപ്പുണ്ട്.

ചങ്ങമ്പുഴയുടെ സഹപാഠിയായിരുന്നെന്ന് കേട്ടിട്ടുണ്ട്. ആ അനുഭവങ്ങളെ എങ്ങനെ ഓർക്കുന്നു?

എറണാകുളത്ത് പഠിക്കുമ്പോഴാണത്. അയാൾ രമണൻ എഴുതിയ കാലമായിരുന്നു അത്. ഞങ്ങളെല്ലാവരും രമണന്റെ വരികളൊക്കെ പാടി നടക്കും. പക്ഷെ അതെഴുതിയത് ഞങ്ങളുടെ ക്ലാസ്‌മേറ്റ് ആണെന്നറിയില്ലായിരുന്നു. ഒരു ദിവസം ക്‌ളാസിലിരിക്കുമ്പോൾ കുറ്റിപ്പുഴ കൃഷ്ണപിള്ള- അന്നദ്ദേഹം മലയാളം അധ്യാപകനാണ്- പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോൾ രമണന്റെ കാര്യവും അതിൽ കടന്നുവന്നു. എന്നിട്ടദ്ദേഹം പറഞ്ഞു.
‘രമണൻ എഴുതിയ ചങ്ങമ്പുഴയെ നിങ്ങൾ കണ്ടിട്ടുണ്ടോ?’
ഞങ്ങൾ ‘കാണണം സാർ’ എന്ന് വിളിച്ചുപറഞ്ഞു.
അപ്പോഴേക്കും’ എടോ കൃഷ്ണപിള്ളേ, താനൊന്നെഴുനേറ്റു നിന്നേ’ എന്നുപറഞ്ഞു. ഞങ്ങളെല്ലാവരും അമ്പരന്നു. ഞങ്ങളുടെയിടയിലുണ്ടായിരുന്ന കൃഷ്‌ണപിള്ളയാണ് സാക്ഷാൽ ചങ്ങമ്പുഴ എന്ന് അപ്പോഴാണ് മനസിലായത്. പിന്നെ കോളേജിലെ മറ്റു കുട്ടികളെ ‘ചങ്ങമ്പുഴയെ കാണിക്കലാ’യിരുന്നു ഞങ്ങളുടെ പ്രധാന പരിപാടി. എല്ലാ ക്‌ളാസിലെയും പെൺകുട്ടികളുടെ ഹീറോ ആയിരുന്നു.

സംഭാഷണമധ്യേ ഞാൻ ഒരു ഫോട്ടോ എടുത്തു. ‘കാണട്ടെ’യെന്നു പറഞ്ഞു. തൃപ്തി വന്നില്ല. പിന്നെയും എടുത്തപ്പോൾ ചിരിച്ചു. ‘നിന്റെ ക്യാമറയിൽ വെളിച്ചമില്ലേ? ഫ്ലാഷ്! അതിട്ട് ഇടുക്ക്. ആ ക്യാമറയിങ്ങുതാ ഞാൻ പഠിപ്പിച്ചുതരാം ഫോട്ടോയെടുക്കാൻ.’ വീണ്ടും ചിരി

പുന്നപ്ര വയലാർ സമരകാലത്തെക്കുറിച്ച് ?

ഞാൻ ആ സമരത്തിൽ പങ്കെടുത്തിട്ടില്ല. ആളുകൾ എന്നെ ‘വയലാർ റാണി’യെന്നൊക്കെ വിളിക്കുന്നത് കേട്ടിട്ടുണ്ട്. ഞാനന്ന് പാർട്ടിയിലില്ല. എന്റെ അണ്ണൻ സുകുമാരൻ സമരത്തിൽ പങ്കെടുത്തിട്ടുണ്ട്. അണ്ണൻ കുളിച്ചുകൊണ്ടു നിൽക്കുമ്പോഴായിരുന്നു വെടിവയ്പ്പ്. എങ്ങനെയോ രക്ഷപ്പെട്ടു. ഇതുകഴിഞ്ഞു കുറെ നാൾ കഴിഞ്ഞാണ് ഞാൻ പാർട്ടിയിലേക്കുവന്നത്. പാർട്ടിയോടും ആദർശത്തോടും സ്റ്റാലിനോടും ഒക്കെ ഇഷ്ടമായിരുന്നു. അച്ഛനൊക്കെ തീണ്ടലും തൊടീലുമൊക്കെ അനുഭവിച്ചിരുന്നു. അതിന്റെ പ്രതിഷേധം ഉള്ളിൽ പുകഞ്ഞിട്ടുണ്ടാവും. അതാവും സ്റ്റാലിനോട് ഇഷ്ടം കൂടാൻ കാരണം. സോവിയറ്റ് വിപ്ലവത്തോട് അനുകമ്പയുണ്ടായിരുന്നു. ഞാനൊക്കെ ജനിക്കുന്നതിനു മുമ്പേ വീട്ടിൽ ലെനിന്റെ പടമുണ്ട് . 1917 ലെ ഒക്ടോബർ വിപ്ലവം അച്ഛനൊക്കെ വലിയ ആവേശമായിരുന്നു. ഡോ .പൽപ്പു, ശ്രീ നാരായണഗുരു, കുമാരനാശാൻ ഇവരുടെയൊക്കെ പടത്തോടൊപ്പം ലെനിന്റെ പടം വീട്ടിൽ കണ്ടാണ് ഞാൻ വളർന്നത്. അടിമത്തത്തിനെതിരെ പോരാടിയ ആളായിരുന്നു ലെനിൻ. അച്ഛൻ അടിമത്തമെന്താണെന്നു അനുഭവിച്ച ആളും. അച്ഛനൊക്കെ പഠിക്കാൻ പോകാൻ പറ്റിയിട്ടില്ല. വീട്ടിലിരുന്നാണ് പഠിച്ചത്. ആ വ്യവസ്ഥിതിയോട് അച്ഛന് ശക്തമായ പ്രതിഷേധമുണ്ടയിരുന്നു. അത് എന്നെയും സ്വാധീനിച്ചുകാണും. എനിക്ക് പാർട്ടി മെമ്പർഷിപ്പ് തന്നത് പി.കൃഷ്ണപിള്ളയാണ്. പക്ഷെ അതിനുമുമ്പേ ഞാൻ പാർട്ടി അനുഭാവിയായിരുന്നു. വെടിവയ്പ്പിൽ രക്ഷപ്പെട്ട ശേഷം നാടുവിട്ട അണ്ണനെ ഞാൻ അന്വേഷിച്ചിരുന്നു. വക്കീലായി പ്രാക്ടീസ് ചെയുമ്പോൾ ഞാൻ താമസിച്ചിരുന്ന വീടിന്റെ അടുത്തായിരുന്നു മജിസ്‌ട്രേറ്റ് താമസിച്ചത്. അദ്ദേഹത്തോട് ഞാൻ അണ്ണനെ കുറിച്ച് തിരക്കുമായിരുന്നു. ഞാൻ താമസിക്കുന്ന സ്ഥലത്ത് സഖാക്കൾ ഒളിച്ചു താമസിച്ചിട്ടുണ്ട്. പിന്നീട് എന്നെ അറസ്റ്റ് ചെയ്തു. ഞാൻ ജയിലിൽ കിടക്കുമ്പോഴാണ് പി. കൃഷ്ണപിള്ളയെ പാമ്പ് കടിച്ചതും അദ്ദേഹം മരിച്ചതും. കർക്കിടകമാസത്തിലായിരുന്നു എന്ന് തോന്നുന്നു.

ജയിലിൽ വച്ച് കൊടിയ മർദ്ദനത്തിനിരയായെയെന്നു കേട്ടിട്ടുണ്ട്.

1946 ൽ. പാർടിയെ നിയമവിരുദ്ധമായി പ്രഖ്യാപിച്ചല്ലോ. അപ്പോൾ ഞാൻ ജയിലിലാണ്. അച്ഛനോട് പോലീസുകാർക്കൊക്കെ വലിയ കാര്യമായിരുന്നു. ചേർത്തലയിലെ വീട്ടിൽ വന്ന് അവർ താമസിച്ചിട്ടുണ്ട്. ആ പരിഗണന എനിക്ക് കിട്ടി. അതിനാൽ എന്നോട് ആരും അപമര്യാദയായി പെരുമാറിയില്ല. എനിക്ക് അടി കിട്ടിയത് സെൻട്രൽ ജയിലിൽ നിന്നാണ്. ഏഴാം വാർഡിൽ കിടന്നവർ മുദ്രാവാക്യം വിളിക്കുകയും കൊടി ഉയർത്തുകയും ചെയ്തു. പോലീസുകാർ അവരെ വളഞ്ഞിട്ടു തല്ലി. ബഹളം കേട്ട് ഞാൻ അവിടേക്കോടി. അവർ എന്നെ തടഞ്ഞു. എന്റെ സാരി ഒരാൾ വലിച്ചുകീറി. ഞാനയാളെ അടിച്ചു. പിന്നെ എന്നെ ബോധം കെടുന്നവരെ അവർ അടിച്ചു. വലിച്ചിഴച്ചുകൊണ്ടുപോയി. പിന്നെ ഞാൻ നിരാഹാരം കിടന്നു.

(പോലീസിന്റെ മർദ്ദനത്തെക്കുറിച്ച് പറയുമ്പോൾ ഗൗരിയമ്മയുടെ മുഷ്ടി ചുരുണ്ടു. ശരീരം വിറച്ചു. കണ്ണിൽ ആ പഴയ ഗൗരി ആളിക്കത്തി. ഉള്ളിലെ തീയ്ക്ക് ഒട്ടും കുറവില്ല. എന്നാൽ ജീവിതപാഠങ്ങളുടെ തിരിച്ചറിവുകൾ കൊണ്ടാവാം, അതിവേഗം സമാധാനത്തിലേക്കു മടങ്ങി. വീണ്ടും കുറുമ്പൊളിപ്പിച്ച ഗൗരവം.)

ഞാൻ മന്ത്രിയായിരുന്നപ്പോൾ എന്നെ മർദ്ദിച്ചവരെയൊക്കെ കണ്ടു. അവരെയൊന്നും ശിക്ഷിക്കാനൊന്നും ഞാൻ പോയില്ല. ഇത്രയൊക്കെ പറയാനുള്ളൂ. പൊക്കോ.

(ഞാൻ വിടാൻ കൂട്ടാക്കിയില്ല.)

ഭൂപരിഷകരണ നിയമത്തിനു ശേഷം വന്ന സാമൂഹ്യമാറ്റത്തെക്കുറിച്ച് പറയാമോ?

ഭൂപരിഷ്കരണ നിയമം എന്റേതല്ല. അത് കർഷക സംഘത്തിന്റേതായിരുന്നു. ഞാനും അതിൽ അംഗമായിരുന്നു. ഞാൻ നല്ല സാമാജികയായിരുന്നു. കേരളം മുഴുവൻ യാത്രചെയ്ത് ഈ വിഷയം പഠിക്കാൻ ശ്രമിച്ചു. കേരളത്തിലുണ്ടായിരുന്ന എഴുപതു ശതമാനത്തോളം പേരും കുടികിടപ്പുകാരായിരുന്നു. അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം ഞങ്ങൾക്കുണ്ടായിരുന്നു. കേരളത്തിലെ ഭൂമി മുഴുവൻ ദേവസ്വങ്ങളുടെയും ബ്രഹ്മസ്വങ്ങളുടെയും, കിഴക്കൻ മലയിൽ കൃസ്ത്യൻ ലോബികളുടെയും കയ്യിലായിരുന്നു. കാർഷിക പരിഷ്കരണം അത്യാവശ്യമായിരുന്നു. ഓരോ ദേവസ്വത്തിനും പ്രത്യേക നിയമം തന്നെ കൊണ്ടുവന്നു. നിയമനിർമ്മാണം കഴിഞ്ഞശേഷം പൊതുജനാഭിപ്രായത്തിനു വിട്ടു. ജനങ്ങൾ മുഴുവൻ അനുകൂലമായിരുന്നു. അതുണ്ടാക്കിയ മാറ്റം വളരെ വലുതായിരുന്നു.

പാർട്ടിയുമായുള്ള അഭിപ്രായവ്യത്യാസം , പുറത്താക്കൽ, വീണ്ടും തിരികെ മടക്കം. ഗൗരിയമ്മ വലിയൊരു ശരിയായി മാറുകയാണോ?

ഇപ്പോൾ അവർ പറയുന്നു ഞങ്ങൾക്ക് തെറ്റുപറ്റിയെന്ന്. ഇരുപതുകൊല്ലം കഴിഞ്ഞിട്ടാണെന്നോർക്കണം. ഒരു രാഷ്ട്രീയ നേതാവിനെസംബന്ധിച്ചിടത്തോളം ഇരുപതുകൊല്ലം വളരെ വലിയ കാലമല്ലേ? പണ്ടെടുത്ത നടപടി തെറ്റായിപ്പോയെന്ന് ഇനി പറഞ്ഞിട്ടെന്തുകാര്യം? എന്നെ പുറത്താക്കിയപ്പോൾ ഈ കടപ്പുറത്ത് ഒരു പ്രതിഷേധയോഗം നടന്നു. അതുപോലൊരു ജനക്കൂട്ടം പിന്നീട് ഇവിടെയുണ്ടായിട്ടില്ല. ഞാൻ മുഖ്യമന്ത്രിയാവാതിരിക്കാൻ പാർട്ടിയിലെ ഒരുപാട് പേര് ശ്രമിച്ചിട്ടുണ്ട്. ഇനി അതിനെക്കുറിച്ചൊന്നും കൂടുതൽ പറയുന്നില്ല. ജാതി വിവേചനം അന്നുമുണ്ടായിരുന്നു . ജെ.എസ്.എസ്. രുപീകരിച്ച ശേഷം കുറെ പ്രവർത്തിച്ചു. പിന്നീടത് ‘ഗൗരിയമ്മ പാർട്ടി’ എന്നറിയപ്പെടാൻ തുടങ്ങി. അത് വലിയ ബലഹീനതയാണ്. എല്ലാ രാഷ്ട്രീയ പാർട്ടികളിലും നല്ല ആളുകളുണ്ട്. അല്ലാത്തവരുമുണ്ട്. അഹന്ത ഒട്ടും നല്ലതല്ല. രാഷ്ട്രീയ നേതാക്കൾ ജനകീയരാവണം. ആദർശത്തിന് വേണ്ടിയാവണം നിലകൊള്ളേണ്ടത്. ആലപ്പുഴയിൽ തന്നെയുള്ള പലരുടെയും പെരുമാറ്റം എനിക്ക് അത്ര പിടിച്ചിട്ടില്ല.
(മുഖത്ത് വീണ്ടും പലവിധ ഭാവങ്ങൾ മിന്നിമറഞ്ഞു)

കെ. ആർ ഗൗരിയമ്മ ഇപ്പോഴും ബാലചന്ദ്രൻ ചുള്ളിക്കാടിന്റെ ഗൗരിയാണെന്നു തോന്നും. ഇന്നും ജനങ്ങൾക്കിടയിൽ ആ ഗൗരി കത്തി നിൽക്കുന്നുണ്ട്.

എന്നെ പാർട്ടിയിൽ നിന്നും പുറത്താക്കുമ്പോഴാണ് അയാളത് എഴുതിയത്. ങാ! താൻ പറഞ്ഞത് വരവ് വച്ചിരിക്കുന്നു. വേണമെങ്കിൽ പഴയ ഗൗരിയാവാനും മടിയില്ല.

(മുറിക്കുള്ളിൽ എവിടെയോ ഒരു പൂച്ചയുടെ കരച്ചിൽ).

‘അയ്യോ! ഞാനവനിത്തിരി പാലെടുത്തു കൊടുക്കട്ടെ’ എന്ന് പറഞ്ഞെഴുന്നേറ്റു. പിന്നെ പൂച്ചയെ അന്വേഷിച്ചു നടന്നു. അതിനുള്ള പാലെടുത്തു പാത്രത്തിൽ ഒഴിച്ച് വച്ചു.

‘ഒരു മഴക്കാലത്ത് എനിക്ക് കൂട്ടുകിടക്കാൻ കയറിവന്നതാണവൻ. പോകാൻ പറഞ്ഞിട്ട് പോയില്ല. ഇപ്പൊ ഇവിടത്തെ ഒരംഗമായി.’

പലതവണ ചോദിക്കണമെന്ന് വിചാരിച്ചിട്ടും ഒരു ചോദ്യം ഞാൻ വിഴുങ്ങി. ടി.വി. തോമസുമായുള്ള വൈവാഹിക ജീവിതത്തെക്കുറിച്ചും ആ ഓർമ്മകളെക്കുറിച്ചും. എന്തുകൊണ്ടോ ഈ അമ്മയോട് ചോദിയ്ക്കാൻ തോന്നിയില്ല.ഒരു കുഞ്ഞുവാക്കു കൊണ്ടുപോലും നൊമ്പരപ്പെടുത്താനും തോന്നിയില്ല. പക്ഷെ അവിടെയും ഗൗരിയമ്മ എന്നെ അദ്‌ഭുതപ്പെടുത്തി.

‘എടോ ആ മൂലയിലൊരുപടമുണ്ട്. അതിങ്ങെടുത്തേ. എന്നിട്ട് എന്റെ അടുത്ത് വയ്ക്ക്.’

ടി വി തോമസും ഗൗരിയമ്മയും ചേർന്നുള്ള ഒരു പെയിന്റിങ്ങാണത് . ആ ചിത്രത്തെ ഞാൻ അവരുടെ അടുത്ത് വച്ചുകൊടുത്തു.

‘ഇതൊരു കൊച്ചുകുട്ടി വരച്ച പടമാണ്. ടി.വിയും ഞാനും!’

അന്ന് സുന്ദരിയായിരുന്നു അല്ലെ?

എന്താടോ ഇപ്പൊ സൗന്ദര്യത്തിനു വല്ല കുറവുമുണ്ടോ? ആരോഗ്യത്തോടെ ജീവിച്ചിരിക്കുന്നുണ്ടല്ലോ? (വീണ്ടും പൊട്ടിച്ചിരി) ഞാനും ടി.വിയും ബദ്ധവരികളാണെന്നൊക്കെ കുറെ പേര് എഴുതിപ്പിടിപ്പിച്ചിട്ടുണ്ട്. സിനിമ വരെ ഇറക്കി. താനിങ്ങു വാ! കൂടെ ആ വിളക്കുകൂടിയെടുത്തോ.

എന്റെ കൈയും പിടിച്ച് അവർ മുന്നിൽ നടന്നു. കിടക്കുന്ന മുറിയുടെ ചുവരു നിറയെ ടി.വി യോടൊപ്പമുള്ള ചിത്രങ്ങൾ. ആ ബെഡ് റൂമിൽ കയറി ഏറ്റവും സ്വകാര്യമായി സൂക്ഷിക്കുന്ന ചിത്രങ്ങൾ പകർത്താൻ അനുവദിക്കുമെന്ന് സ്വപ്നത്തിൽ പോലും ഞാൻ കരുതിയില്ല. കുറെ ചിത്രങ്ങളെടുത്തു.

‘എന്നും ഞാൻ ഈ ചിത്രങ്ങൾ കണ്ടാണ് ഉണരാറുള്ളത്, പിന്നെങ്ങനെയാടോ ടി.വി എന്റെ ശത്രുവാകുന്നത്.

(എനിക്ക് അതിനുത്തരമുണ്ടായിരുന്നില്ല)

ഞാൻ കയ്യിൽ കരുതിയ ഓണക്കോടി കൊടുത്തു.

തന്നോടാരാ ഇതൊക്കെ വാങ്ങിവരാൻ പറഞ്ഞത്? ഇപ്പൊ തന്നെ കുറെ കിട്ടി. (ഇടയ്ക്ക് ഗൺമാനോട്)

‘എടോ തന്റെ ഷർട്ടിന്റെയും പാന്റിന്റെയും സൈസ് എഴുതിത്താ. അവസാനം വാങ്ങിക്കൊണ്ടുവന്നിട്ട് അളവ് ശരിയായില്ലെങ്കിലോ. (എന്നോട്) ഓണമല്ലെടോ എല്ലാവർക്കും ഓണക്കോടി വാങ്ങിക്കൊടുക്കണം. താൻ ആ മൂലയിലിരിക്കുന്ന കൃഷ്ണവിഗ്രഹം കണ്ടോ? കെ.പി.സി.സി പണ്ട് തന്ന സമ്മാനമാണ്. കൃഷ്ണവിഗ്രഹത്തോട് എനിക്ക് പണ്ടേ ഭയങ്കര ഇഷ്ടമാണ്. ഇപ്പോൾ ഈ വലിയ വീട്ടിൽ ഈ കൃഷ്ണനും ആ പൂച്ചയുമാണ് എന്റെ കൂട്ട് . കൃഷ്ണൻ ഇടയ്ക്കിടെ എന്നെ നോക്കി ചിരിക്കുന്നതുപോലെ തോന്നും. എന്നെ കളിയാക്കി ചിരിക്കുന്നതാവും. തനിക്ക് വിശക്കുന്നില്ലെടോ? ഊണ് വരുത്തട്ടെ?

“വേണ്ടമ്മേ മറ്റൊരിക്കലാവട്ടെ.”

പോവാൻ നേരം തലയിൽ സ്നേഹത്തോടെ കൈവച്ചു.

“എന്റെയൊക്കെ പ്രായമാകുമ്പോൾ താനൊക്കെ ഇരുന്നു നിരങ്ങും!”

വീണ്ടും ചിരി.

വാതിൽ വരെ കൂടിവന്നു.

“ഇനിയെന്ന് വരും?”

“വരാം അമ്മേ”

ആ കണ്ണുകൾ നിറയുന്നത് കണ്ടു. സ്നേഹത്തിന്റെ, വാത്സല്യത്തിന്റെ തിളക്കം.
ഈ അമ്മയെ അളക്കാനുള്ള അളവുകോലുകൾ നാമിനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
ചുള്ളിക്കാടിന്റെ വരികൾ ഇപ്പോഴും അലയടിക്കുന്നു.

കരയാത്ത ഗൗരി തളരാത്ത ഗൗരി
കലികൊണ്ടു നിന്നാൽ അവൾ ഭദ്രകാളി
ഇതുകേട്ടുകൊണ്ടേ ചെറുബാല്യമെല്ലാം
പതിവായി ഞങ്ങൾ ഭയമാറ്റിവന്നു.

അനീഷ് തകടിയിൽ

(2017 സെപ്റ്റംബറിൽ തയാറാക്കിയത്.9

പ്രിയപ്പെട്ട ഗൗരിയമ്മയ്ക്ക് അടയാളം ടീമിന്റെ ആദരാഞ്ജലികൾ

Leave a Reply

Your email address will not be published.

error: Content is protected !!