ഇന്ന് മകൾ അവളുടെ പുസ്തകം എഴുതി തീർത്തു. എപ്പോഴുമെന്നപോലെ ഞാൻ അവളറിയാതെ അതിന്റെ അവസാന അധ്യായവും വായിച്ചു. അവളുടെ കാഴ്ചപ്പുറത്തല്ല എന്റെ ലോകമിന്ന്. എന്നാലും അവളെന്റെ കണ്ണിലൂടെയും ചിലതു നോക്കിക്കണ്ടെന്ന് ആ അക്ഷരങ്ങൾ വിളിച്ചുപറയുന്നു. സന്തോഷം..
എന്നാലുമത് പൂർണ്ണമായും ശരിയുമല്ല. അച്ഛന്റെ മനസ്സറിയുന്നു എന്ന് പറയുമ്പോഴും മകളെ, നീ അച്ഛനെ വെറും തൊലിപ്പുറത്തെ തൊട്ടു പോകുന്നുള്ളൂ. അതിന്റെ പരിഭവം എന്റെ ഉള്ളിൽ എന്നുമുണ്ടാകും. എന്നാലും ഞാനതു കണ്ടില്ലെന്നു വയ്ക്കും, കാരണം നീ എന്റെ കുഞ്ഞല്ലേ..എന്റെ എന്നുമുള്ള ഏറ്റവുമടുത്ത കൂട്ടല്ലേ?
അന്നുകളെ, ആ കാലത്തിന്റെ സങ്കീർണ്ണതയെ നിനക്കെങ്ങനെ ഉൾക്കൊണ്ടു പകർത്താനായെന്നു ഞാൻ ചിലപ്പോഴൊക്കെ അത്ഭുതപ്പെട്ടു. പലതും മനസ്സിലാക്കാനുള്ള പ്രായവും പക്വതയും നിനക്കായിട്ടില്ലായിരുന്നു അപ്പോഴെന്നു ഞാൻ തെറ്റിദ്ധരിച്ചു. ഇന്നാ ധാരണ ഞാൻ തിരുത്തുന്നു. കാലം പതിഞ്ഞു നീങ്ങിയിരുന്നു ഒരുവേള എനിക്കും. നിന്റെ എഴുത്തിൽ ആ വലിവ് ചിലപ്പോഴൊക്കെ കാണുന്നു. എഴുത്തിൽ അതു പാടില്ലെന്ന് അറിഞ്ഞു തന്നെ നീ നിന്റെ കഥാപാത്രങ്ങളെ വലിച്ചിഴയ്ക്കുന്നുണ്ട്. തിരുത്താൻ ആവുന്നില്ലെന്നത് എന്റെ ദുഃഖം. എന്റെ പേനത്തുമ്പിൽ പേപ്പറിലേയ്ക്ക് വീഴാൻ അറച്ചു നിന്ന അക്ഷരങ്ങളും നിനക്ക് എന്ത് അനായസമായി വഴങ്ങിത്തന്നു എന്നോർത്ത് ഒരു കുറി സന്തോഷം തോന്നി. പിന്നെ പേടിയായി. എത്ര പെട്ടെന്നാണ് നീ ഓരോന്നും പിടിച്ചെടുത്തു കൊണ്ടിരുന്നത്!
പണ്ടൊരു ഡയറിത്താളിൽ നീ കുറിച്ചിട്ട, കഥയോ കവിതയോ എന്ന് വേർതിരിച്ചറിയാൻ ആവാത്ത എന്തോ ഒന്ന് ഇന്നത്തെപ്പോലെ നീ ഉറങ്ങിയ ശേഷം ഒളിച്ചിരുന്നു വായിച്ച ഞാനും നിന്റെ അമ്മയും ഒന്നു തീർച്ചപ്പെടുത്തിയിരുന്നു, എന്തായാലും എഴുത്തു വഴിയിൽ നീ എത്തിപ്പെടില്ലെന്ന്. നിന്റെ അമ്മയ്ക്കത് തെല്ലൊന്നുമല്ല ആശ്വാസം ഉണ്ടാക്കിയത്. അച്ഛന്റെ എഴുത്തുകളിലെ കഴമ്പില്ലായ്മകളിൽ വ്യാകുലപ്പെട്ടിരുന്ന ആ പാവത്തിന് മകൾ ആ വഴിയേ പോകില്ലെന്നറിഞ്ഞതിന്റെ ആശ്വാസം!! കാലം കാത്തുവച്ച അത്ഭുതമായി ഇന്ന് നിന്റെ എഴുത്തുകൾ; അവയിൽ നീ പറയാൻ ശ്രമിക്കുന്ന, എന്നൊക്കെയോ ഞാൻ പറയാൻ ശ്രമിച്ച എഴുതാനാവാതെ പോയ കഥകൾ! ഭാഷ നീ തിരിച്ചും മറിച്ചും പ്രയോഗിച്ച് വികലമാക്കുന്നുണ്ട്. പറയാനുള്ളത് നേരെ പറയാതെ വളഞ്ഞു മൂക്കിൽതൊടുന്ന ഒരു രീതി. അതെങ്ങനെ നിന്നിലെത്തിയെന്നു നിശ്ചയമില്ല. പക്ഷെ, പ്ലോട്ടിങ് കൊള്ളാം.. കഥ പറയുന്ന രീതി മെച്ചമാണ്. ഭാഷയിൽ വരുന്ന വളച്ചുകെട്ട്, പറയുന്ന കാര്യത്തിലെ മനോഹാരിത പലപ്പോഴും നഷ്ടമാക്കുന്നു. അതൊന്നു ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. പല കാലങ്ങളിൽ ജീവിച്ചവരെ നീ നോവലിൽ ചേർത്തിണക്കിയ രീതി കൊള്ളാം. അവിടെ അതിന്റേതായ ക്രാഫ്റ്റ് കൊണ്ടുവന്നപ്പോഴും കണ്ടിന്യൂയിറ്റി ഇല്ലാത്ത ഒരിടം ഞാൻ കണ്ടു. നീ പറഞ്ഞവസാനിപ്പിക്കാതെ പോയ നിന്റെ ഒരു കഥാപാത്രത്തിന്റെ കഥയാണത്. നിന്റെ അച്ഛന്റെ. അതെന്തേ നീ മുഴുമിപ്പിച്ചില്ല?
അച്ഛന്റെ ചാരുകസേരയും പാർക്കർ പെന്നും ഏറെ ഇഷ്ടപ്പെട്ടിരുന്ന ‘പനാമ’ മണവും നിന്റെ കൂടെ ഇന്നില്ലെന്ന് അറിയുന്നു എന്ന് ഒരിക്കൽ നീ എഴുതിയത് കണ്ടു. അരികിൽ നീ ഉണ്ടായിരുന്നത് അറിയേണ്ടുന്ന കാലത്തു ഞാനും അറിഞ്ഞിരുന്നില്ല. കുറ്റബോധം ഇല്ല. ഒരിക്കലും ക്ഷമ ചോദിക്കുകയുമില്ല. ഒരു കാര്യത്തിൽ വിഷമമുണ്ട്. നീ ഈ ആളുകളുടെ പിറകെ നടന്നാവശ്യപ്പെടുന്ന അവതാരിക, നിന്റെ പുസ്തകത്തിന് ഒരു മുൻകുറിപ്പ് എഴുതി തരാൻ ആവാത്തതിൽ. ഇത് ഞാനെന്റെ ഹൃദയത്തിൽ നിനക്കായി സൂക്ഷിച്ചിരുന്ന അക്ഷരങ്ങളായി ഇവിടെ കോറിയിടുന്നു.. സന്തോഷത്തോടെ..
പ്രിന്റു ചെയ്ത പ്രെസ്സിൽ നിന്നെടുത്തുകൊണ്ടു വന്ന പുസ്തകക്കെട്ടു പൊട്ടിച്ചു ഒരു പുസ്തകമെടുത്തു മണത്തുനോക്കിയ ശേഷം സാവധാനം പേജുകൾ മറിക്കാ ൻ തുടങ്ങുകയായിരുന്നു ഞാൻ. പുതിയ പുസ്തകം കൈയ്യിൽക്കിട്ടിയാലുടനെ അതിന്റെ മണം ഉള്ളിലേയ്‌ക്കെടുത്തു ഒന്ന് രണ്ടു നിമിഷമിരുന്നാലേ തൃപ്തിയാവൂ.. ഇതിപ്പോൾ സ്വന്തം പുസ്തകം കൂടിയാവുമ്പോൾ പറയേണ്ടല്ലോ. പറ്റാവുന്ന നാടകീയതയൊക്കെ സൃഷ്‌ടിച്ച ശേഷമാണ് പുസ്തകം തുറക്കാൻ തുടങ്ങിയത്. ആദ്യപേജുകണ്ടപ്പോൾ സാധാരണ ഉള്ള സന്തോഷം തോന്നിയില്ല.. എന്തോ ഒരസ്വസ്ഥത. പിന്നെയും നോക്കി, സ്വന്തം പുസ്തകം തന്നെയാണോ..ഇനിയെങ്ങാനും കെട്ടു മാറിപ്പോയതാണോ? അല്ല, അതൊന്നുമല്ല. പേരും ഊരും പബ്ളിക്കേഷനും ഒക്കെ ശരിതന്നെ. ശരിയല്ലാത്തതു കണ്ടത് കൺടെന്റ് ചാപ്‌റ്റർ തുടങ്ങുന്നതിനു തൊട്ടു മുൻപാണ്; ഒരു അവതാരിക!!അങ്ങനെയൊന്ന് ഞാൻ എന്റെ പുസ്തകത്തിൽ കൊടുത്തിരുന്നില്ല. അങ്ങനൊന്ന് ആരിൽ നിന്നും എഴുതി വാങ്ങിയിട്ടുമില്ല. ഉറഞ്ഞുകൂടുന്ന അസ്വസ്ഥതയോടെ വായിച്ചു നോക്കി.. അവസാനം പേരു വയ്ക്കാതെ ഒരു കുറിപ്പ്.
വായന കഴിഞ്ഞപ്പോൾ കണ്ണുകാണാനാവാതെ വന്നു. ഉറവ പൊട്ടിയതുപോലെ നിരന്തരം ഒഴുകിയ കണ്ണുനീർ നിയന്ത്രിക്കാൻ കുറച്ചു സമയമെടുത്തു. വീണ്ടും വീണ്ടും നിറഞ്ഞു വരുന്ന കണ്ണുനീർ കാഴ്ച മറച്ചതുകൊണ്ട് വളരെ നേരം കഴിഞ്ഞേ പുസ്തകം വീണ്ടും കൈയ്യിലെടുക്കാൻ കഴിഞ്ഞുള്ളൂ. ആദ്യമുണ്ടായ അമ്പരപ്പ് പേടിക്കു വഴിമാറിയിരുന്നു.
കൈയിലിരിക്കുന്ന പുസ്തകത്തിനെ ഞാൻ അതുവരെ കണ്ടിട്ടില്ലാത്ത ഒരു വിചിത്ര വസ്തു എന്ന കണക്കെ നോക്കി. പുറംചട്ടയിലെ ചിത്രം മങ്ങുന്നുവോ..? ധൈര്യം സംഭരിച്ചു വീണ്ടും പുസ്തകം തുറന്നു. എവിടെ അവതാരിക.. അല്ല, ആ കുറിപ്പ്?? അങ്ങനെ ഒന്നേ അതിൽ കാണാനുണ്ടായിരുന്നില്ല. ഞാൻ അലൈൻ ചെയ്തുകൊടുത്ത അതേ ഓർഡറിൽ എന്റെ പുസ്തകം. തൊട്ടു മുൻപേ കണ്ട ആ അഡിഷണൽ പേജ് തിരഞ്ഞു പുസ്തകം ഓരോ പേജായി മറിച്ചു. അതിലൊന്നും ഒരസ്വാഭാവികതയും പിന്നീടെനിക്ക് കണ്ടെത്താനായില്ല; വായിക്കാനായില്ല.
അതേ, ചില സ്വപ്‌നങ്ങൾ.. ആഗ്രഹങ്ങൾ അങ്ങനെയൊക്കെയാണ്. മായക്കാഴ്ചകൾ കാട്ടിത്തന്ന് നമ്മളെ ഉന്മാദപ്പടി കയറ്റും. ഇല്ലാത്ത പലതും കാണിക്കും.. കാണാത്ത പലതും കണ്ടെന്നു തോന്നിക്കും.. ഒരു നിശ്വാസത്തോടെ ഞാനിതിനെയും സ്വീകരിച്ചു. എന്നാലും ഒരിക്കൽക്കൂടി ആ അക്ഷരങ്ങളെ വായിക്കാൻ തോന്നുന്നു..
ബിന്ദു ഹരികൃഷ്ണൻ