അന്യരാജ്യത്തെ ഹോസ്പിറ്റലിൽ ജോലി തുടങ്ങിയകാലത്ത് എന്റെ സഹപ്രവർത്തകയായി ഒരു എത്തിയോപ്യക്കാരി ഉണ്ടായിരുന്നു, ചിനാറ. അവളും അവളുടെ ഭർത്താവും ഇവിടെയും, അവരുടെ മകൾ എത്തിയോപ്യയിലെ ഒരു ഗ്രാമത്തിൽ ചിനാറയുടെ സഹോദരിയുടെ കൂടെയുമായിരുന്നു.
ചിനാറ ഇവിടെ ഹെൽപ്പറായി ജോലി നോക്കുന്ന സമയത്ത് അവളുടെ ഭർത്താവ് കെ എഫ് സിയുടെ ഒരു ഔട്ട്ലെറ്റിൽ ഡെലിവറിബോയ് ആയി ജോലി നോക്കുകയായിരുന്നു. രണ്ടുപേർക്കും തുച്ഛമായ ശമ്പളം.
ചിനാറ നല്ല വിദ്യാഭ്യാസം നേടിയിട്ടുള്ള സ്ത്രീയാണ്, അവളുടെ ഗ്രാമത്തിൽ ഏറ്റവും കൂടുതൽ വിദ്യാഭ്യാസം നേടിയതും അവളാണെന്ന് എന്നോടവൾ അഭിമാനത്തോടെ പറയുമായിരുന്നു, പക്ഷെ പഠിച്ച മേഖലയിൽ പ്രവൃത്തിപരിചയം ഇല്ലാതിരുന്നതിനാൽ സാഹചര്യം മൂലം അവൾക്കു ഹെൽപ്പർ തസ്തികയിൽ ജോലിക്ക് കയറേണ്ടി വന്നു.
നല്ല ഭാഷയിൽ, നല്ല സ്ഫുടതയോടെ അവൾ ഇംഗ്ലീഷ് സംസാരിക്കുമായിരുന്നു. ഇംഗ്ലീഷ് ഭാഷ പഠിച്ചെടുക്കാനുള്ള മിടുക്ക് അവൾ അറബിക് പഠിക്കാനും കാണിച്ചു. അറബ് രോഗികളോടൊക്കെ അവൾ ഒട്ടും സങ്കോചമില്ലാതെ, വ്യക്തമായി അറബിയിൽ സംസാരിക്കുമായിരുന്നു.
എത്യോപ്യൻ സംസ്കാരം ഏറെക്കുറെ നമ്മുടെ നാട്ടിലെ പോലെതന്നെയാണെന്നു അവളുടെ സംസാരത്തിൽ നിന്നും എനിക്ക് മനസ്സിലാക്കാൻ സാധിച്ചിരുന്നു.
ഡ്യൂട്ടി ഇല്ലാത്ത സമയങ്ങളിൽ യൂണിഫോമിലല്ലാതെ അവളെ കാണുമ്പോൾ വളരെ മാന്യമായ വേഷമാണ് അവൾ ധരിച്ചിട്ടുണ്ടാവുക, ഹോസ്പിറ്റലിലുള്ള മറ്റു ആഫ്രിക്കൻ രാജ്യത്തുള്ള സഹപ്രവർത്തകരിൽ നിന്നും അവൾ വളരെ വ്യത്യസ്തയായിരുന്നു, എല്ലാവരോടും വളരെ കുലീനതയോടെ മാത്രമേ അവൾ സംസാരിച്ചിട്ടുള്ളു.
എത്തിയോപ്യയിൽ തന്നെ അടുത്തടുത്ത വീടുകളിൽ താമസിച്ചിരുന്ന ചിനാറയും അവളുടെ ഭർത്താവും സ്നേഹിച്ചു വിവാഹം ചെയ്തവരാണ്. ഇവിടെ തൊഴിലെടുക്കുന്ന ഏവരെയും പോലെ അന്നത്തിനുള്ള വഴിതേടി ഇവിടെ വന്ന അവളുടെ ഏറ്റവും വലിയ ആഗ്രഹം മകളെക്കൂടി ഗൾഫിൽ കൊണ്ടുവരണം എന്നതായിരുന്നു. ആ ആഗ്രഹത്തിന് അവളുടെയും ഭർത്താവിന്റെയും ശമ്പളപരിധി അനുവദിക്കാത്തതിനാൽ അവൾ ദുബൈയിൽ നല്ല ജോലിക്ക് അന്നേ ശ്രമം തുടങ്ങിയിരുന്നു, അവളുടെ കഴിവിൽ അവൾക്കത്രയ്ക്ക് വിശ്വാസമായിരുന്നു.
എപ്പോഴും ചിരിച്ച മുഖത്തോടെ, സന്തോഷത്തോടെ, ശുഭാപ്‌തിവിശ്വാസത്തോടെ മാത്രമേ ഞാൻ ചിനാറയെ കണ്ടിട്ടുള്ളു.
ഒരു ദിവസം ഡ്യൂട്ടിക്ക് ചെല്ലുമ്പോൾ ആ പതിവുള്ള പ്രസരിപ്പാർന്ന മുഖമല്ല എന്നെയെതിരേറ്റത്, കരഞ്ഞു കണ്ണുകളൊക്കെ കലങ്ങി അന്നവൾ വലിയ പ്രയാസത്തിലായിരുന്നു. ഏതൊരു പെണ്ണിനും സഹിക്കാൻ പറ്റാത്തത് തന്നെയായിരുന്നു അന്ന് അവളുടെ സങ്കടവും, അവളുടെ ഭർത്താവിന് പരസ്ത്രീബന്ധം, അവളെ വേണ്ട, ആ സ്ത്രീയെ മതിയെന്ന് അവളുടെ ഭർത്താവു പറഞ്ഞു എന്ന് പറഞ്ഞായിരുന്നു അവൾ കരഞ്ഞത്.
അവളുടെ സങ്കടം എന്റെ കൂടി സങ്കടമായിക്കണ്ട് കൂടെ പ്രയാസപ്പെടാനല്ലാതെ ചിനാറയെ ആശ്വസിപ്പിക്കാൻ എനിക്കന്നേരം വാക്കുകളൊന്നുമില്ലായിരുന്നു. നമ്മളിൽ ചിലരെങ്കിലും ഇടയ്ക്ക് ചിന്തിച്ചിട്ടുണ്ടാവും ഈ ബന്ധങ്ങൾക്കൊക്കെ വിലകൽപ്പിക്കുന്നത് നമ്മൾ ഇന്ത്യക്കാർ മാത്രമാണെന്ന്, ഇപ്പോൾ ഏറെ വ്യത്യാസമാണ് ബന്ധങ്ങളോടുള്ള നമ്മുടെ സമീപനവും, പക്ഷെ ചിനാറയുടെ സഹിക്കാനാവാത്ത സങ്കടം കണ്ടപ്പോൾ എന്റെ അങ്ങനെയുള്ള ചിന്തകളെല്ലാം എങ്ങോപോയി ഒളിച്ചു.
ഭർത്താവുമായുള്ള പ്രശ്നങ്ങൾ അത്പോലെ തന്നെ നിൽക്കേ ഒന്നോ രണ്ടോ മാസത്തിനകം നല്ലൊരുനാളെ ആഗതമാകുമെന്ന ശുഭപ്രതീക്ഷയോടെ ഇവിടെ നിന്നും യാത്ര പറഞ്ഞവൾ പോകുമ്പോൾ എനിക്കും അവളുടെ കഴിവിൽ ഉറച്ചവിശ്വാസമായിരുന്നു.
വർഷങ്ങളും ഋതുക്കളും മത്സരിച്ചോടി മറഞ്ഞു. കൊടുംചൂട് മാറി കുത്തുന്ന തണുപ്പും, ചുട്ടുപൊള്ളുന്ന കാറ്റുമാറി കുളിർമ്മയുള്ള മാരുതനും പാമ്പ് അതിന്റെ പടംപൊഴിക്കുന്നത് പോലെ മാറി മാറി വന്നു, ചിനാറയെന്റെ ഓർമ്മകളിലുമായി, ഇടയ്ക്കൊക്കെ പഴയ ഓർമ്മകൾ ചികയുന്നക്കൂട്ടത്തിൽ ചിനാറയെയും ഞാനോർത്തു, അപ്പോഴേക്കും കൊല്ലം അഞ്ച് കഴിഞ്ഞിരുന്നു.
ശിശിരകാലത്തിലെ ഒരു സായാഹ്നത്തിൽ ജോലി കഴിഞ്ഞു പലവക ചിന്തകളുമായി വീട്ടിലേക്ക് നടക്കുമ്പോൾ ഒരു തൂവെള്ള കാർ വന്നെന്റെ തൊട്ടടുത്തായി നിന്നു. അതിന്റെ ഡ്രൈവിംഗ് സീറ്റിൽ നിന്നുമിറങ്ങിയ ആളെക്കണ്ട് അത്ഭുതവും സന്തോഷവും ഒരേപോലെ എന്നിൽ നിറഞ്ഞു, ഞാൻ ആ അവസ്ഥയിൽ മതിമറന്നു എന്ന് തന്നെ പറയാം.
ചിനാറ..അവൾ വന്നെന്നെ കെട്ടിപ്പിടിച്ചു, “ലെറ്റ് മി ഗിവ് യു എ സർപ്രൈസ് മഹാ,” എന്നും പറഞ്ഞ് സൈഡ് സീറ്റിലെ വാതിൽ തുറന്നു ഒരു പെൺകുട്ടിയെ പുറത്തേയ്ക്കാനയിച്ചു, അവളുടെ മകൾ ചാരിറ്റി!
അവൾ തുടർന്നു,
“ഐ ഹാവ് ബ്രോട്ട് ഹേർ ഹിയർ ഡിയർ. ഷീ ഈസ് സ്റ്റഡിയിങ് ഇൻ ഗ്രേഡ് ത്രീ ഇൻ എ സ്കൂൾ ഇൻ ദുബായ്, നൗ ഐ ആം വർക്കിംഗ് ഇൻ എ ഗുഡ് കമ്പനി ഇൻ ദുബായ് അസ് ഫിനാൻഷ്യൽ അഡ്വൈസർ, സീ.. ഐ ടൂക് ഡ്രൈവിംഗ് ലൈസൻസ് ആൻഡ് ഐ ഹാവ് എ കാർ ഓൾസോ നൗ.”
ഇത് പറയുമ്പോൾ അവൾ ആവേശഭരിതയായിരുന്നു.
ഞാൻ അത്ഭുതത്തോടെയും അതിലുപരി സന്തോഷത്തോടെയും അഭിമാനത്തോടെയും അവളുടെ ഉയർച്ചയെ നോക്കിക്കണ്ടുകൊണ്ടിരുന്നു മതിവരാതെ. മോളെ ചേർത്തുപിടിച്ചു ഞാൻ പറഞ്ഞു, “ഐ ആം സൊ സൊ ഹാപ്പി ഫോർ യു”, എന്നിട്ട് സംശയത്തോടെ അവളുടെ ഭർത്താവിനെക്കുറിച്ചാരാഞ്ഞു.
“വീ ആർ ഡിവോഴ്‌സ്ഡ് നൗ മഹാ. ഹി ഈസ് സ്റ്റിൽ വർക്കിംഗ് ഇൻ കെ എഫ് സി ഒൺലി. യു നോ ലാസ്റ്റ് മന്ത് വീ ഹാഡ് എ പാർട്ടി ഇൻ മൈ ഓഫീസ് വിച്ച് ഐ ഗെവ് ആൻഡ് ഹി വാസ് ദി വൺ ഹു ബ്രോട്ട് ദി തിങ്ങ്സ് ആൻഡ് ഐ പെയ്ഡ് മണി വിത്ത് മൈ ഹെഡ്സ് ഹൈ.”
ഇതിനെയാണോ നമ്മൾ സ്വീറ്റ് റിവഞ്ച് എന്നൊക്കെ വിളിക്കുന്നത് എന്ന് ഞാനവളോട് ചോദിക്കുകയുണ്ടായി, പക്ഷെ അവൾ പറഞ്ഞു,
“മഹാ, ഫ്രാങ്ക്‌ലി, ഐ ഡിഡ് നോട്ട് ഫീൽ എനി സ്വീറ്റ് റിവഞ്ച്, ഐ സ്റ്റിൽ ഹാവ് ദി ഓൾഡ് ലവ് ട്ടു ഹിം ഇൻ മൈ ഹാർട്ട്, ഹി ഷുവർളി ഹാസ് എ പ്ലേസ് ഇൻ മൈ ഹാർട്ട് ഫോറെവർ, ബട്ട് നോട്ട് ഇൻ മൈ ലൈഫ് എനിമോർ, ലെറ്റ് ഗോഡ് സ്‌ട്രെങ്തേൻ ഹിം.”
ഒരിക്കലും അവളുടെ ഭർത്താവിനോട് തന്നെയുപേക്ഷിച്ചു പോകരുത് എന്നവൾ കെഞ്ചിയില്ല, സ്നേഹം പിടിച്ചു വാങ്ങാനുള്ളതല്ല എന്നവൾക്കറിയാമായിരുന്നു. അവളുടെ പ്രവൃത്തിയിൽ എനിക്ക് തെല്ലും അത്ഭുതം തോന്നിയിരുന്നില്ല, ചിനാറയെപ്പോലെ അഭിമാനമുള്ള ഏതൊരു സ്ത്രീയും അങ്ങനെയേ ചെയ്യൂ എന്നെനിക്കറിയാം.
ആ ദിവസം എന്നെ നിർബന്ധിച്ച് അടുത്തുള്ള ജ്യൂസ് ഷോപ്പിൽ കൊണ്ട്പോയി എനിക്കായി അവൾ ചിലവ് ചെയ്തു, അതവളുടെ അവകാശമാണെന്നവൾ പറഞ്ഞപ്പോൾ ആ സ്നേഹവും ആതിഥേയത്വവും ഒരുതരത്തിലും നിരസിക്കാൻ എനിക്ക് കഴിഞ്ഞില്ല. അവളുടെ സന്തോഷത്തിനൊപ്പം കുറച്ച് നേരമിരിക്കാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷം തന്നെയാണ് തോന്നിയത്, ഒപ്പം അഭിമാനവും.
ചിനാറയുടെ ഭൂതകാലവും വർത്തമാനകാലവും ആരുമില്ലാത്തവർക്ക് ദൈവമുണ്ടാവും എന്ന എന്റെ വിശ്വാസത്തെ വീണ്ടും വീണ്ടും ആണിയടിപ്പിച്ചുറപ്പിക്കുകയാണ് ചെയ്തത്. അവൾക്ക് അവളുടെ ഭർത്താവിനോട് ഒട്ടും തന്നെ ദേഷ്യമില്ലയെന്ന വസ്തുത ആത്മാർത്ഥമായി ഒരാളെ സ്നേഹിച്ചാൽ നമുക്കൊരിക്കലും അവരെ വെറുക്കാൻ കഴിയില്ലായെന്നുമുള്ള വിശ്വാസത്തെയും ഒന്നുകൂടെ ഉറപ്പാക്കി.
ചിനാറയോടും മോളോടും ഇനിയും കാണാം, തീർച്ചയായും കാണണം എന്ന് പറഞ്ഞു അവിടെ നിന്നും വീട്ടിലേക്ക് യാത്ര തുടരുമ്പോൾ അന്തരീക്ഷത്തിൽ വ്യാപിച്ചുകിടന്ന ശിശിരകാലത്തിലെ കുളിർമ്മപോലെയായിരുന്നു എന്റെ മനസ്സും.
ആ അടുത്തകാലത്തെങ്ങും ഇത്രയധികം സന്തോഷം അനുഭവിച്ചിട്ടില്ലാത്ത പോലെയായിരുന്നു എന്റെ ഹൃദയമന്ന് തുടികൊട്ടിയത്.
നമ്മളെ നമ്മളായിക്കണ്ടു സ്നേഹിച്ചൊരാൾ അയാളുടെ വളരെ പ്രയാസകരമായ ഘട്ടം കടന്നു നല്ലൊരുകാലത്തിൽ എത്തിനിൽക്കുമ്പോൾ അത് കാണുവാൻ ഭാഗ്യം ലഭിച്ച നമുക്ക് കിട്ടുന്ന അനുഭൂതി പറഞ്ഞറിയിക്കാനാവാത്തതാണ്.
മഹാലക്ഷ്‌മി മനോജ്.