ബുക്ക്_ നാഹിദ പറയാതെ പോയത് ഇനം- നോവൽ , നോവലിസ്റ്റ്-ബിന്ദു ഹരികൃഷ്ണൻ പ്രസാധകർ_ ബുദ്ധാ ക്രിയേഷൻസ്
പേജ്__144
വില__160
മറ്റ് രചനകൾ
കഥയമമ
ചിരിയുടെ സെൽഫികൾ
ഉൾച്ചുമരെഴുത്തുകൾ
Women in Indian Cinema- the undeniable triumphs in Indian silver screen
ജീവിതം ഒരു യാത്രയാണ്. കണ്ടുമുട്ടലും കൂടിച്ചേരലും പിരിയലും സ്വപ്നങ്ങളുമെല്ലാംനിറഞ്ഞ യാത്ര.
ചിലർ ക്ഷണിച്ചിട്ടു വരുമ്പോൾ മറ്റുചിലർ ആകസ്മികമായി നമ്മുടെ ജീവിതത്തിൽ കടന്നെത്തി, അവരുടേതായ അടയാളങ്ങൾ അവശേഷിപ്പിച്ച്, ഒന്നും പറയാതെ, അപ്രതീക്ഷിതമായി ഇറങ്ങിപ്പോകും.
ചിലപ്പോൾ വളരെ വേഗം അവരെ നമ്മൾ മറക്കും. ചിലപ്പോൾ ഒരിക്കലും മറക്കില്ല.
‘നാഹിദ പറയാതെ പോയത്’ ശ്രീമതി ബിന്ദു ഹരികൃഷ്ണൻറെ രണ്ടാമത്തെ നോവലാണ്.
ഒരു ചെറിയ കുടുംബപശ്ചാത്തലത്തിൽ തുടങ്ങി, ഹരിശങ്കർ എന്ന ചെറുപ്പക്കാരൻറെ സ്വപ്നങ്ങളിലൂടെ യാത്രചെയ്ത്, ഹരിയുടെ, നിത്യയുടെ, അമ്മുക്കുട്ടിയുടെ, ബാലൻമാഷിൻറെ ദിവസങ്ങളിലൂടെ സഞ്ചരിച്ച് ഒടുവിൽ ബംഗാളിലെ അതിർത്തിയിൽ എത്തിനിൽക്കുന്നു.
യാത്രകളിൽ കണ്ടുമുട്ടുന്നവരിൽ ചിലർ എത്രവേഗമാണ് നമ്മുക്ക് പ്രിയപ്പെട്ടതാകുന്നത്. അതും ദീർഘദൂരട്രെയിൻ യാത്രയിൽ. ഹരിശങ്കർ യാത്രയിലാണ്. സിനിമയെന്ന തൻറെ ലക്ഷ്യത്തിലേക്ക്.
ആരാണ് ഹരിശങ്കറിന് നാഹിദ. എന്താവും നാഹിദ പറയാതെ പോയത്. എന്തൊക്കെ നാഹിദ പറഞ്ഞു.
ആരോട്??? മനസു തുറന്നു നമ്മെ കേൾക്കാൻ ആളുണ്ടെങ്കിൽ നമുക്ക് പറയാനുംകാണും ഏറെ കഥകൾ, നാഹിദ എന്ന നദിക്കും ഏറെ പറയാനുണ്ടായിരുന്നു.
ഒരു മനോഹരമായ തിരക്കഥ വായിക്കുന്ന ആകാംക്ഷയോടെയാണ് നാഹിദയെ വായിച്ചു തീർത്തത്. അതിഭാവുകത്വം ഇല്ലാതെ മനോഹരമായി ഒരു കഥപറച്ചിൽ. നല്ല മനുഷ്യൻറെ നിസ്സഹായതയും സഹാനുഭൂതിയും ഹരിശങ്കർ എന്ന ചെറുപ്പക്കാരനിൽ കണ്ടു. പലപ്പോഴും നമ്മളിൽ നാം കാണുന്നതുതന്നെ.
നോവൽ വായിച്ചു തീരുമ്പോൾ നാഹിദ നമുക്കും ഏറെ പ്രിയപ്പെട്ടതാകും.
ബുദ്ധാ ക്രിയേഷൻസിന്റെ മറ്റു ബുക്കുകളപ്പോലെതന്നെ നോവലിന് മാറ്റുകൂട്ടി മനോഹരമായ ചിത്രങ്ങൾ കഥാസന്ദർഭങ്ങളുടേത് ചേർത്തിട്ടുണ്ടെന്നത് പ്രത്യേകം പറയേണ്ടതാണ്.
ജ്യോതി സന്തോഷ്