നാഹിദ പറയാതെ പോയത്- ഒരു വായന

” ജീവിതത്തിൻ്റെ അളവറ്റ കാരുണ്യമാണ് യാത്രയുടെ നൈരന്തര്യം .അതാവോളം സ്വന്തമാക്കാൻ ഇട വന്ന ഒരു യാത്രികൻ്റെ സ്വത്വത്തെ ഞാൻ മുറുകെ പിടിച്ചിരിക്കുന്നു.”

തീവണ്ടി മുറി ഇത്ര നേരവും മറ്റൊരു ലോകമായിരുന്നു. നാഹിദയുടെ ലോകം. അവളുടെ സഹയാത്രികർ ആലോകത്തെ സഞ്ചാരികളും.

അപരിചിതത്വത്തിൽ നിന്നും പരിചിതത്വത്തിൻ്റെ സ്വപ്നാകാശങ്ങളിൽ മഴവില്ലിൻ്റെ ചാരുത തീർത്ത് .. ഇടയ്ക്ക് മഴയായി പെയ്തിറങ്ങി തനിക്കു ചുറ്റുമുള്ളവരിൽ ഇതളനക്കങ്ങൾ തീർത്ത് കടന്നു വന്ന പെൺകുട്ടി. നിഷ്ക്കളങ്കമായി തൻ്റെ ജീവിതം പറയുമ്പോൾ ആർക്കും അവളിൽ നിന്ന് മാറിനിൽക്കാൻ കഴിയുന്നില്ല. ആദ്യമൊക്കെ അർദ്ധമനസ്സോടെ കേട്ടിരുന്ന ഹരിശങ്കറും പിന്നീട് അതിലേക്ക് അറിയാതെ ആഴ്ന്നു പോവുന്നു.

സിഗററ്റിലെ അവസാനപുകയും വലിച്ചുകൊണ്ട് നിൽക്കുമ്പോഴാണ് ഓവർ ബ്രിഡ്ജിൻ്റെ പടികളിറങ്ങി ഓടി വരുന്ന പെൺകുട്ടിയെ ഹരി കാണുന്നത്. ഇളകി തുടങ്ങിയ ട്രെയിനിൽ ,തനിക്കു നേരെ നീട്ടിയ ആ കരങ്ങളിൽ ബലമായി പിടിച്ച് അവളെ അകത്തേക്കു വലിച്ചു കയറ്റുന്നു. തൻ്റെ മകളായ അമ്മുവിനോടുള്ള അതേ വാത്സല്യമായിരുന്നു ഹരിക്ക് അവളോടപ്പോൾ തോന്നിയത്.

നാട്ടിൻ പുറത്തെ കൂട്ടുകുടുബത്തിൽ ജീവിക്കുന്ന ഹരിയുടെ ഇഷ്ടാനിഷ്ടങ്ങൾ പലപ്പോഴും ഭാര്യയായ നിത്യക്ക് അപ്പുറത്തേക്ക് പോകുന്നില്ല .അധ്യാപക ദമ്പതികളായ അച്ഛനമ്മമാർ.. വീട് ..കുടുബം .. ജോലി എന്നിവയിലൊതുങ്ങി ജീവിക്കുന്ന ഭാര്യ നിത്യ .

പ്രതീക്ഷിക്കാതെ ഒരു ദിവസം കടന്നു വന്ന ഫോൺ കോളിലൂടെ ഹരിയുടെ സിനിമയെന്ന സ്വപ്നത്തിന് മുളപൊട്ടുന്നു.വീടു പണിയലിൻ്റെ തിരക്കുകൾക്കിടയിലാണെങ്കിലും പെട്ടന്ന് തന്നെ അയാൾക്ക് കൽക്കത്തയിലേക്ക് യാത്ര പുറപ്പെടേണ്ടി വരുന്നു. സിനിമയെന്ന് കേൾക്കുമ്പോൾ നിത്യയിലുണ്ടാവുന്ന വ്രണിതഭാവം പലപ്പോഴും ഹരിയെ നിസ്സഹായനാക്കുന്നുണ്ട്. എങ്കിലും അയാൾ യാത്ര പുറപ്പെടുന്നു. അവിടെ തുടങ്ങിയ ഹരിയുടെ സഞ്ചാരം ദേശാന്തരങ്ങൾ പിന്നിട്ട് കൽക്കത്തയിൽ അവസാനിക്കുന്നില്ല .

തിരികെ മടങ്ങി എത്തിയിട്ടും നാഹിദയെ കുറിച്ചുള്ള ചിന്തകൾ ഹരിയെ അസ്വസ്ഥനാക്കുന്നു.
അതിനിടയിൽ കൊറോണ തകർത്തെറിഞ്ഞ മനസും ജീവിതവുമായി രണ്ട് വർഷങ്ങൾ.
ഒടുക്കം എല്ലാം കഴിഞ്ഞതിനു ശേഷമുള്ള വീണ്ടുമൊരു കൽക്കത്ത യാത്ര ഹരിയുടെ മനസ് ശാന്തമാക്കുന്നു.
നാഹിദ നല്ലൊരു ജീവിതത്തിലായിരിക്കുമെന്ന് മനസ്സിനോടു പറയുന്നു.

     ഒരുപാടിഷ്ടത്തോടെയാണ് നാഹിദയെ വായിച്ചു തീർത്തത്. ഓരോ താളു മറിച്ചിടുമ്പോഴും അവൾ നമ്മിലൊരാളായി മാറുകയായിരുന്നു. ദാസേട്ടനും .. ദേ ബാംശുവും .. സഞ്ജുവും .. അമ്മുവും .. നദിയുടെ മുത്തശ്ശനും നമ്മളോടൊപ്പം നടക്കുന്നു. പലതും ചെയ്യാൻ കഴിയുമായിരുന്നിട്ടും ചില സാഹചര്യങ്ങളിൽ മനുഷ്യൻ നിശ്ശബ്ദരും നിസ്സഹായരുമായിപ്പോവുന്നുണ്ട്. ഹരിശങ്കറിൻ്റെ ഉള്ളിലുള്ള വിങ്ങൽ കഥാന്ത്യം വരെ നിലനിൽക്കുന്നുണ്ട്..  കഥാപാത്രങ്ങളെ ജീവനോടെ ചേർത്തുവച്ച വരകൾ അതിന് കൂടുതൽ മിഴിവേകുന്നു. എല്ലാവർക്കും ഈ പുസ്തകം പ്രിയപ്പെട്ടതായി മാറട്ടേയെന്ന് ആശംസിക്കുന്നു ..പ്രാർത്ഥിക്കുന്നു.

            കവിത. ബി 
error: Content is protected !!