മേഘമൗനങ്ങൾ സ്നേഹമഴയായെങ്കിൽ…

ഗഹന വ്യഥകളുറഞ്ഞ മനസ്സിന്റെ
മഞ്ഞുകൂടാര മൗനഗേഹങ്ങളിൽ,
ചുണ്ടുണങ്ങിയ സ്വപ്നക്കുരുന്നുകൾ
സ്നേഹവാത്സല്യമഴ കാത്തുറങ്ങവേ,
പെയ്തു തോരാത്ത വ്യാമോഹമായിരം
വെമ്പി നിൽപ്പാണ് ഹൃദയാന്തരങ്ങളിൽ.

വറുതി തീർക്കുന്ന വേനൽ സ്മൃതികളിൽ,
നീറി നെഞ്ചകം ചുട്ടുപൊള്ളുന്നിതാ.
വന്നുനിറയട്ടെ വർഷമായ് സ്നേഹത്തിൻ
അമൃത ഗീതികൾ ആത്മശൈലങ്ങളിൽ.

നഷ്ടസ്വപ്നങ്ങൾ തീക്കടൽ തിരകൾ പോൽ
കരളിൻ തീരങ്ങളിൽ വന്നലയ്ക്കവേ,
മുഗ്ദ്ധ
സ്നേഹത്തിൻ താരാട്ട ലകളിൽ,
മുങ്ങിയുണരുവാൻ ഹൃദയം തുടിക്കുന്നു.

എന്റെയുണ്മതൻ ആകാശ സാനുവിൽ
അസ്തമിക്കയാണലിവും നിലാവൊളിയും.
നീലയാകാശമാകെയിരുളായി
വന്നുനിറയുന്നതൂഷരമേഘങ്ങൾ.

ഏറെനാൾ കാത്ത താരാട്ടിൻ ശീലുകൾ,
കണ്ഠനാളത്തിലുറഞ്ഞു ജഡത്വമായ്.
അന്തരാത്മാവിലശ്രുക്കൾ നിറയ്കയാൽ,
മാഞ്ഞു ഹൃദയത്തിൻ ആകാശക്കാഴ്ചകൾ.

ഭാഗ്യദോഷത്തിൻ കാർമേഘരാജികൾ,
കാളിമ പൂണ്ടു നിറയുമാകാശത്തിൽ,
നോക്കിനിൽക്കെ മറഞ്ഞസ്തമിക്കയാ –
ണുണരുവോളം ഞാൻ കണ്ട കിനാവൊക്കെ.

ഒരു മഴക്കാലമുണ്ടെന്റെയോർമ്മയിൽ,
ഉറവ വറ്റാത്ത സ്നേഹത്തിൻ ചോലപോൽ.
അർദ്ധനിദ്ര ഞാൻ പൂകുന്ന പകലൊക്കെ
അമൃതവർഷത്തിൻ സ്വപ്‍നദ്യുതികളും.

ഒക്കെയോർക്കവേ നെഞ്ചിന്റെ ശംഖൊലി-
തീവ്രമാകുന്നു, സിരകൾ തപിക്കുന്നു.
ചുട്ടുപൊള്ളുന്ന കാലദോഷത്തിന്റെ
കറകൾ കഴുകുവാൻ പെയ്തെങ്കിൽ ഒരു മഴ!

പുല്ലുപോലും തളിർക്കാത്ത മണ്ണിനും,
നെഞ്ചിലുണ്ടായിരിക്കണം ഗുപ്തമാം,
നൂറുസ്വപ്നങ്ങൾ കണ്ണിമ ചിമ്മാതെ,
മഴയെമാത്രം കൺപാർക്കും വിത്തുപോൽ.

മോഹഭംഗങ്ങൾ കാർന്നൊരു പ്രാണനിൽ,
ഇനിയുമണയാതെയെരിയുന്ന സ്വപ്നത്തിൻ,
ചുണ്ടു നനയുവാൻ മാത്രമായെങ്കിലും,
വേണമിനിയുമൊരു മഴവിരൽ സ്പർശനം.

അമ്മതൻ സ്നേഹമൊന്നിനാൽ മാത്രം
അർത്ഥമുള്ളതായ് പൂക്കുന്ന മുകുളങ്ങൾ,
രക്തബീജങ്ങളിൽ നിദ്ര കൊൾകയാ –
ണൊന്നുണരുവാൻ, സ്നേഹമഴയേറ്റു വിടരുവാൻ….

നീതികേടിന്റെ മേഘമലകളെ,
സ്നേഹ വായ്പ്പിന്റെയശ്രുകണങ്ങളാൽ,
കാലവർഷം നനയ്ക്കുന്ന പുലരിയെ,
കാത്തുനിൽപ്പൂ ഞാൻ മൂകയായ്, തപ്തയായ്.

എന്റെ പ്രാർത്ഥനകൾ ചെന്നുനിലയ്ക്കുന്ന
സ്വർഗ്ഗവാതിൽ പടിവാതിൽ മൂടുന്ന,
മൗനമേഘങ്ങൾ ഉരുകിയൊഴുകട്ടെ,
സ്നേഹമഴയെന്റെയാത്മാവിൽ നിറയട്ടെ..

ഗീതാ ഗോപി. ജെ

error: Content is protected !!