ഉൾച്ചുമരെഴുത്തുകൾ.. ഒരു വായന

ബുക്ക് ഉൾച്ചുമരെഴുത്തുകൾ
ഇനം നോവൽ
നോവലിസ്റ്റ് ബിന്ദു ഹരികൃഷ്ണൻ
പ്രസാധകർ ബുദ്ധാ ക്രിയേഷൻസ്
വില 240
പേജ് 184
സൃഷ്ടിയിൽ ഏറ്റവും മനോഹരവും ഏറ്റവും പൊട്ടയായതുമായതേന്നെന്നു ചോദിച്ചാൽ ഉത്തരം സ്ത്രീ!! ജനനം മുതൽ അല്ലേൽ ജനിപ്പിക്കുന്നതുമുതൽ മരണം വരെ എല്ലാ ഭാരവും പേറി നടക്കുന്ന ജീവി!!! ഏറ്റവും ശക്തിയുള്ളവരും അത്രയും ബലഹീനരുമാണ് സ്ത്രീകൾ.കഴുതയെപ്പോലെ യജമാന ഭക്തിയുടെ പേരിൽ ജീവിതം മുന്നോട്ടു കൊണ്ടുപോകുന്നവർ!!! എത്ര കഠിനമായ പാതകളിലും ജയിച്ചു കയറിവരുന്ന സ്ത്രീകൾ തോറ്റുപോകുന്നതെവിടെയെന്നറിയാമോ?
സ്നേഹവും സ്നേഹപ്രകടനവും തമ്മിലുള്ള വ്യത്യാസം മനസിലാക്കാൻ കഴിയാതെപോകുമ്പോൾ.
ശ്രീമതി ബിന്ദു ഹരികൃഷ്ണൻറെ ആദ്യത്തെ നോവലാണ് ഉൾച്ചുമരെഴുത്തുകൾ.
രാജീവൻ, ശോഭി, നന്ദ, അച്ഛമ്മ, അമ്മമ്മ, സുധ, ലക്ഷ്മി, സുനിത അരുൺ ഇവരെല്ലാം നമുക്ക് സുപരിചിതരാണ്. ഒരുതരത്തിൽ അല്ലെങ്കിൽ മറ്റൊരുതരത്തിൽ നമ്മുടെ ജീവിതത്തിൽ നിത്യവും കാണുന്നവർ. അല്ലെങ്കിൽ നമ്മൾതന്നെ.
നന്ദ എന്ന 38 കാരിയുടെ ജീവിതത്തിന്റെ നേർക്കാഴ്ചകളാണ് നോവൽ.
കുഞ്ഞു നന്ദയും ശോഭി എന്ന് വിളിപ്പേരുള്ള അവളുടെ അമ്മ ശോഭയും അച്ഛൻ സർക്കാർ ജീവനക്കാരനായ രാജീവനും. നന്ദയുടെ ബാല്യ കൗമാരകാലഘട്ടവും ഒന്നാം ഭാഗത്തിലും യൗവനകാലഘട്ടത്തിലെ നന്ദയുടെ ജീവിതത്തിൽ സംഭവിക്കുന്ന സംഭവങ്ങളിലൂടെ നോവൽ രണ്ടാം ഭാഗത്തലും സഞ്ചരിക്കുന്നു.
തൻറെ ആവശ്യങ്ങൾ നിറവേറ്റാൻ വേണ്ടി മാത്രം ശോഭയെന്ന തൻറെ ഭാര്യയെ സ്നേഹിക്കുന്ന ഭർത്താവാണ് രാജീവൻ.
സാമ്പത്തികമായി നല്ലനിലയിവുള്ള കുടുംബത്തിൽ ജനിച്ച ശോഭിയെ, തൻറെ ലക്ഷ്യത്തിലേക്കുള്ള സാമ്പത്തിക സ്രോതസ്സ് മാത്രമായി കാണുന്ന രാജീവൻറെ, കപട സ്നേഹപ്രകടനങ്ങളെ അധികം വിദ്യാഭ്യാസമില്ലാത്ത, സാധുസ്ത്രീയായ ശോഭി മനസ്സിലാക്കാതെപോകുന്നു.
നാടകക്കമ്പിനി എന്ന തൻറെ സ്വപ്നം നിറവേറ്റാൻ ശോഭിയുടെ പേരിലുള്ള വസ്തുക്കൾ ആരുമറിയാതെ അവളെക്കൊണ്ട് വിൽപ്പിച്ച് , സ്വന്തം വീട്ടിൽ നാടകക്കാരെ താമസിപ്പിച്ചു.
ലക്ഷ്മി എന്ന പ്രാധാനനടിയെ വീട്ടിൽ സ്ഥിരമായി താമസിപ്പിച്ചു. ലക്ഷ്മിയുടെ പെരുമാറ്റം ശോഭിയേ ആകർഷിച്ചു. ഒരു കുടുംബാംഗങ്ങളെ പോലെയായി ലക്ഷ്മി..
എന്നാൽ താമസിയാതെ നാടകക്കമ്പിനി തകരുകയും , രാജീവന് ജോലി നഷ്ടപ്പെടുകയും, കിടപ്പാടം വിറ്റ് ശോഭിയുടെ പേരിലുള്ള ചെറിയ വീട്ടിലേക്ക് നന്ദയേയും കൂട്ടി രാജീവൻ താമസം മാറുകയും ചെയ്തു. എല്ലാം ശോഭിയുടെ പിടിപ്പുകേട് കാരണമാണെന്ന് രാജീവൻറെ ബന്ധുക്കൾ കുറ്റപ്പെടുത്തി.ഒന്നും എതിർത്തു പറയാൻ കഴിയാതെ തൻറെ വിധിയെ ഓർത്ത് ആ സാധു സ്ത്രീ കണ്ണുനീരൊഴുക്കുകമാത്രം ചെയ്തു.
ദുർനടപ്പുകാരനായ രാജീവൻറെ ഭീഷണിയും, കപട മുഖവും, മാനസികവും ശാരീരികവുമായ ഉപദ്രവം മകൾക്കു വേണ്ടി
സഹിച്ച ശോഭി, രാജിവൻ മറ്റൊരു സ്ത്രീയെ വിവാഹം കഴിക്കാൻ തീരുമാനിച്ചതോടെ മനക്കരുത്തുനേടി, അയാളെ എന്നെന്നേക്കുമായി ഉപേക്ഷിച്ചു. മകൾക്കു വേണ്ടി ജീവിക്കുക എന്ന വാശി ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ അവരെ കഠിനാധ്വാനം ചെയ്തു സാമ്പത്തികനേട്ടം കൈവരിക്കുന്ന നിലയിലേക്കെത്തി.
കൗമാരത്തിൽ കടന്ന നന്ദ അച്ഛൻറെ ദുർമാർഗത്തിന് സാക്ഷിരാകേണ്ടി വന്നപ്പോഴും, സ്വന്തം തെറ്റ് മനസ്സിലാക്കി അച്ഛൻ തിരിച്ചു വരും എന്ന പ്രതീക്ഷയിലായിരുന്നു; അവരെ വേണ്ടെന്നു വെച്ച് അയാൾ അവിടെ നിന്നും ഇറങ്ങുന്നതുവരെ. ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ ആ അമ്മയും മകളും
ജീവിതം പുനരാരംഭിച്ചു.
നോവലിൻറെ രണ്ടാം ഘട്ടത്തിൽ നന്ദയുടെ ജീവിതത്തിൽ സംഭവിക്കുന്ന അപ്രതീക്ഷിതമായി നടക്കുന്ന സംഭവങ്ങൾ നന്ദയെ പൂർണമായും ഒറ്റയാക്കുന്നു. ജീവിതത്തിൽ ചേർത്തു നിർത്തുമെന്ന് പ്രതീക്ഷിച്ച അരുൺ എന്ന ചെറുപ്പക്കാരനെയും വേണ്ടെന്നു വെച്ച് നന്ദ തിരിഞ്ഞു നടക്കുമ്പോൾ,ഏറെ ഒറ്റപ്പെട്ടുപോയ ആളുകൾക്കു വേണ്ടി ജീവിക്കാൻ നന്ദ തീരുമാനിക്കുന്നു.
തൻറെയും അമ്മയുടെയും ജീവിതം ഇല്ലാതിക്കിയ അച്ഛൻറെ രണ്ടാംഭാര്യയെ അപ്രതീക്ഷിതമായി കാണുമ്പോൾ, തൻറെ അച്ഛൻറെ തെറ്റിന് അവരോട് എന്തിന് വിരോധം എന്ന് നന്ദ ചിന്തിച്ചു. ആ സ്ത്രീയുടെ പശ്ചാത്താപവാക്കുകളിൽ നോവൽ പറഞ്ഞു നിർത്തുമ്പോൾ ആര് ആരെ പഴിക്കണം എന്നൊരു തോന്നൽ വായനക്കാർക്കു ഉണ്ടാകുംവിധം എല്ലാത്തിനും കാരണക്കാരനായ രാജീവനെ ഒഴിവാക്കി, ആ സ്ത്രീയാണ് എല്ലാത്തിനും കാരണം എന്ന് പറഞ്ഞു നിർത്തി നോവലിസ്റ്റ്.
കണ്ണു തുറന്നു പിടിച്ചാൽ ഇത്തരം രാജീവൻമാരേയും ശോഭിമാരേയും നന്ദമാരേയും നമുക്കുചുറ്റും കാണാം.
എല്ലാ പ്രശ്നങ്ങളുടെയും കാരണം ശോഭിമാരുടെ പിടിപ്പുകേടു മാത്രമാണെന്ന ചൊല്ല് എത്രയോ നമ്മൾ കേട്ടിട്ടുണ്ട്.
കണ്ടറിഞ്ഞ , കേട്ടറിഞ്ഞ സംഭവങ്ങൾ നോവലായി വായിക്കുമ്പോൾ ഇത്തിരി നൊമ്പരംമാത്രം; രാജീവൻമാരെ തിരിച്ചറിയാൻ ശോഭിമാർക്കു കഴിയട്ടെ എന്ന് ആശിക്കാം. കാലമെത്ര കഴിഞ്ഞാലും ഒരു മാറ്റവുമില്ലാതെ പുതിയ പേരുകളിൽ ഇവർ നമ്മുടെ മുന്നിലെത്തുന്നു: അത്രമാത്രം.

ജ്യോതി സന്തോഷ്

error: Content is protected !!