സത്യനാഥൻ പറഞ്ഞ രാമുവിന്റെ കഥ

ഉടുമുണ്ടിൽ കെട്ടിത്തൂങ്ങി നിൽക്കുന്നതായാണ് രാമുവിനെ ആദ്യമായി കാണുന്നതെന്ന് കഥപറഞ്ഞു തുടങ്ങിയല്ലോ. രാമു എങ്ങുനിന്നോ അന്നാട്ടിലേയ്ക്കു വന്ന അനാഥനായിരുന്നു; അഥവാ അനാഥനാണെന്ന് അയാൾ നാട്ടുകാരെ ധരിപ്പിച്ചു. സംസാരം കന്നഡ കലർന്ന മലയാളത്തിലായിരുന്നതിനാൽ കാസറഗോഡോ, അതുമല്ലെങ്കിൽ ദക്ഷിണ കർണ്ണാടക തന്നെയോ ആവും അയാളുടെ നാടെന്ന് ആ ഗ്രാമത്തിലെ അത്യാവശ്യം വിദ്യാഭ്യാസമുള്ളവർ വിലയിരുത്തി. വിവരവും ബോധവും ഉള്ളവരെന്നു ചമയുന്ന അവരെ ഗ്രാമവാസികളും വിശ്വസിച്ചു. അവർ അയാളോട് തങ്ങൾക്കറിയുന്ന പ്രാകൃത തമിഴിൽ സംവദിച്ചു. കന്നടത്തുകാരോടും തെലുങ്കരോടുമൊക്കെ ആശയവിനിമയം ചെയ്യേണ്ടുന്ന ഭാഷ തമിഴാണെന്ന് പരക്കെ ഒരു ധാരണയുണ്ട്. അതെങ്ങനെ വന്നു എന്നറിയില്ല; ചിലപ്പോൾ, താരതമ്യേന പ്രയാസമുള്ള മലയാളത്തേക്കാൾ തമിഴ്, ദക്ഷിണേന്ത്യക്കാർക്ക് എളുപ്പം മനസ്സിലാവുന്നതുകൊണ്ടാവാം. അതെന്തുതന്നെയായാലും രാമുവിന് അവരുടെ ഭാഷ, ഏറെക്കുറെ മനസ്സിലാകുകയും ചെയ്തു.
പെട്ടെന്നൊരുനാൾ, പ്രഭാകരപ്പണിക്കരുടെ ചായക്കടയിലെ ബെഞ്ചിൽ ഒരപരിചിതൻ ചായകുടിക്കാനിരുന്നു. നാട്ടുകാരുടെ ചോദ്യങ്ങൾക്കു മുന്നിൽ ഏറെക്കുറെ നിശ്ശബ്ദനായിരുന്ന രാമുവിനെ പൊട്ടനായിരിക്കുമോ എന്ന് ചായക്കടയിൽ അപ്പോഴുണ്ടായിരുന്നവർ സംശയിക്കാൻ തുടങ്ങിയപ്പോഴാണ് അയാൾ സ്വയം ‘രാമു’ എന്നു പരിചയപ്പെടുത്തിയത്. പോരാത്തതിന് അവിടെങ്ങാനും പണികിട്ടാൻ ചാൻസുണ്ടോ എന്നാരായുകയും ചെയ്തു. പൊട്ടനല്ല! നാട്ടുകാർക്ക് സമാധാനമായി. ഒരപരിചിതന്റെ പെട്ടെന്നുള്ള പ്രത്യക്ഷപ്പെടൽ അത്ര സ്വാഭാവികമായെടുക്കാത്ത കാലമായിരുന്നു അത്. ഊരുംപേരുമറിയാത്തവന്റെ ഉദ്ദേശശുദ്ധിയൊന്നും പ്രത്യക്ഷത്തിൽ ചോദ്യംചെയ്യപ്പെട്ടില്ലെങ്കിലും ആളുകളുടെ കണ്ണുകളിൽ ഒരത്ഭുതം തങ്ങിനിന്നു. വിശാലമായ ലോകത്ത് പോകാനെവിടെയെല്ലാം ഉണ്ട്; എന്നിട്ടും ഇത്രയും ദൂരംതാണ്ടി ഇവൻ, വേണ്ടത്ര യാത്രാസൗകര്യംപോലുമില്ലാത്ത ഈ കുഗ്രാമത്തിൽ എങ്ങനെ വന്നുപെട്ടു എന്നാലോചിക്കുകയായിരുന്നു ഭൂരിപക്ഷം പേരും! വല്ല ക്രിമിനൽക്കേസ് പ്രതിയെങ്ങാനുമായിരിക്കുമോ എന്ന് ചിന്തിച്ചവരും കുറവല്ല. ഇനിയും ചില വിരുതന്മാർ, ജില്ലവിട്ടു ദൂരദേശത്തേയ്ക്ക് ജോലിയന്വേഷിച്ചുപോയവരും ഇപ്പോഴും അവിടെ തുടരുന്നവരുമായ ആരുടെയെങ്കിലും അവിഹിത സന്തതിയായിരിക്കുമോ ഈ ചെറുപ്പക്കാരൻ എന്ന സംശയത്തിൽ ആ വിധത്തിൽ ചാൻസുള്ളവരുടെ ലിസ്റ്റെടുക്കുന്നതിലും വ്യാപൃതരായി! രാമു അതൊന്നും ശ്രദ്ധിച്ചില്ല. നാട്ടുഭാഷയിൽ ‘ഒരഞ്ചുപൈസ കുറവുള്ള’വന്റെ ചേഷ്ടകളോടെ അവൻ ബെഞ്ചിൽ കുത്തിയിരുന്നു.
ഇരുപതുകളുടെ അവസാനത്തിലെങ്ങോ വീണുകിടക്കുന്ന പ്രായവും എണ്ണമയം തീണ്ടാത്ത തലമുടിയും കുറ്റിത്താടിയുമായി മുഷിഞ്ഞ വസ്ത്രങ്ങളോടെ രാമു നാട്ടുകാരുടെ മുഖങ്ങളിൽ മാറിമാറിനോക്കി അവിടെത്തന്നെ ഇരുന്നു. രാമുവിന്റെ വരവ് ഏറെത്താമസിക്കാതെ അവിടെങ്ങും പരന്നു. വയലിനരികിലെ ‘താഴേക്കട’യിലേയ്ക്ക് കൂടുതൽ ആളുകൾ വന്നടുത്തുകൊണ്ടിരുന്നു. പ്രഭാകരപ്പണിക്കർ, വന്നുകൂടിയവരുടെ ഉറക്കെയുള്ള ചിന്തകൾക്കും അഭിപ്രായപ്രകടനങ്ങൾക്കുമൊന്നും ചെവികൊടുക്കാതെ ചായ ആവശ്യപ്പെട്ടവർക്ക് ചായയടിച്ചുകൊടുത്തുകൊണ്ടേയിരുന്നു. അയാളൊരു മാന്യനായിരുന്നു. അനന്തിരവൻ സുരേന്ദ്രൻ, ആളുകൾ രാമുവിനെ വച്ചു ചെയ്യാൻപോകുന്ന പോഴങ്കളിക്ക് കണ്ണും കാതും കൂർപ്പിച്ചു നിൽക്കുന്നത് കാണാതെയിരുന്നില്ല. ആളുകളുടെ ചോദ്യശരങ്ങൾക്കു മുന്നിൽ രാമു പതറുന്നതുകണ്ടപ്പോൾ പണിക്കർ ശബ്ദമുയർത്തി.
“നിങ്ങൾക്കൊന്നും വേറൊരു പണീമില്ലേ? അതൊരു പാവം പയ്യൻ. അവൻ പറഞ്ഞല്ലോ പണിയന്വേഷിച്ചു വന്നതാണെന്ന്. ആർക്കെങ്കിലും അവനെ പണിക്കു വേണേൽ വിളിച്ചുകൊണ്ടു പോയിൻ.”
ശേഷം പണിക്കർ തിരിഞ്ഞ് രാമുവിനോട് പറഞ്ഞു,
“പണിയൊന്നും കിട്ടിയില്ലെങ്കിൽ നീ ഇവിടെ നിന്നോടാ. ദാണ്ടെ ആ വായും തുറന്നു നിൽക്കുന്നവന്റെ കൂടെ കൂടിക്കോ. അവനെക്കൊണ്ട് എനിക്കൊരു ഗുണോമില്ല. നിനക്കും കൂടെ ചെയ്യാനുള്ള പണിയിവിടെ ഉണ്ടാവും. കടയടച്ചാൽ നിനക്ക് ആ കോലായിലെ ബെഞ്ചിൽകിടക്കാം. കുളിക്കാനും മറ്റും ആ കാണണ അമ്പലക്കുളത്തിൽ പൊയ്ക്കോ. പത്തടി കൂടുതൽവച്ചാൽ ആറുമുണ്ട്.”
പണിക്കർ പറഞ്ഞത് രാമുവിന് അക്ഷരംപ്രതി മനസ്സിലായെന്ന് അവന്റെ മുഖഭാവം പറഞ്ഞു. വരാന്തയുടെ മൂലയ്ക്കിരുന്ന രണ്ടുകുടങ്ങളുമെടുത്ത് സമീപത്തെ കിണറിനെ ലക്ഷ്യമാക്കി അവൻ നടന്നു കഴിഞ്ഞു. ഒട്ടും സമയം കളയാതെ ജോലിയിൽ പ്രവേശിച്ചു എന്ന് സാരം!
“പ്രഭാരാ, ഒന്നാലോചിച്ചിട്ടൊക്കെ മതി കേട്ടാ. ആര് ഏത് എന്നൊന്നും അറിയാത്ത സ്ഥിതിക്ക്..”
പ്രായത്തിൽ മുതിർന്ന വാസുദേവൻ പിള്ള പകുതിയിൽ നിർത്തി.
“ഓ.. ഈ നരിന്തു ചെറുക്കനെ എന്തു സൂക്ഷിക്കാനാ? അല്ലെങ്കിലും അവന് കൊള്ളയിട്ടുപോകാനുള്ള മുതലൊന്നും ഇവിടെ കെട്ടിയിരിപ്പില്ലല്ലോ. ഒരു മനുഷ്യക്കുട്ടിയല്ലേ.. ചെലപ്പോ കൂട്ടത്തിലുള്ളവരെക്കാളും എനിക്കൊരു സഹായമായെങ്കിലോ ഇവൻ!”
അത് അനന്തിരവനിട്ടുള്ള ഒരു കുത്തായിരുന്നു. പ്രഭാകരപ്പണിക്കർ കടുപ്പംകൂട്ടി ഒരു ചായയൊഴിച്ചു രാമുവിന് നീട്ടി.
പതിയെപ്പതിയെ കടയിൽക്കൂടിയവരുടെ കൗതുകമൊഴിഞ്ഞു. കടയുടെ മുറ്റത്തുകിടന്ന കൂറ്റൻ പുളിമുട്ടിയിൽ വിറകുകീറാൻ തുടങ്ങിയ രാമുവിനെ ഉഴിഞ്ഞു നോക്കി അവരോരോരുത്തരും മെല്ലെ സ്ഥലംവിട്ടു തുടങ്ങി. പണിക്കരുടെ പ്രവൃത്തിയിൽ കുറ്റം കണ്ടെത്തിയവരും അയാളെ ന്യായീകരിച്ചവരും ഒന്നുപോലെ രംഗം വിട്ടപ്പോഴാണ് രാമുവിനും ആശ്വാസമായത്. വീണുകിട്ടിയ സമാധാനത്തിൽ അവൻ കീറിക്കൂട്ടിയ വിറക് ഉണങ്ങാനായി നിരത്തിയിട്ട് കടയുടെ ഇളംതിണ്ണയിൽ വിയർപ്പാറ്റാനിരുന്നു..
( രാമുവിന്റെ കഥ തുടരും..)

ബിന്ദു ഹരികൃഷ്ണൻ

error: Content is protected !!