രാമച്ചി: കരുത്തൂർന്നുപോയ ജീവിതക്കാഴ്ചകൾ

ഒരു കടവിൽ നിന്ന് മറു കടവിലേക്ക്‌ തുഴക്കാരനില്ലാത്ത വഞ്ചിയിൽ പോകുന്ന മനുഷ്യജീവിതങ്ങളെയാണ്‌ ‘രാമച്ചി’യിൽ ‘വിനോയ്‌ തോമസ്‌’ വരച്ചിടുന്നത്‌. ആകസ്മികമായ അനുഭവങ്ങളുടെ കെട്ടുകാഴ്ചകൾ കഥകളിലില്ല. ഇവിടത്തെ കഥാപരിസരങ്ങൾ നമ്മൾ അനുഭവിയ്ക്കാത്തവയാണ്‌. എന്നാൽ നമുക്ക്‌ ചുറ്റുമുള്ള ഇടങ്ങളിലെവിടെയൊക്കെയോ ഇത്തരം ജീവാത്മാക്കളെ സൂക്ഷിച്ചു മാത്രം നോക്കിയാൽ കാണാനാവും. മല്ലികയിലും വിഘ്‌നേശിലും സാംസണിലും പേപ്പച്ചനിലും ശാലിനിയിലും ഇങ്ങനെ ആത്മാവു നഷ്ടപ്പെട്ട ജീവിതങ്ങളെ കാണാൻ കഴിയും.
രാമച്ചി, മൂർഖൻപറമ്പ്‌, ഇടവേലിക്കാർ, വിശുദ്ധ മഗ്ദലനമറിയത്തിന്റെ പള്ളി, ഉടമസ്ഥൻ, മിക്കാനിയ മൈക്രാന്ത, അരി എന്നിങ്ങനെ ഏഴു കഥകളാണ്‌ രാമച്ചിയിൽ ഉള്ളത്‌.
ആൺവരമ്പുകളുടെ ആക്രോശങ്ങളില്ലാത്ത പെൺചിന്തകളാണ്‌ രാമച്ചിയിൽ പ്രകടമാകുന്നത്‌. “ഞാനെബട പെറണ്‌ന്ന് പറേണ്ട്‌ ഞാനാണ്‌” എന്ന് മല്ലികയാണ്‌ തീരുമാനമെടുക്കുന്നത്‌. കാട്ടാനകളെ തുരത്താൻ വനപാലകർ കൊണ്ടുവരുന്ന പ്രമുഖൻ എന്ന കൊമ്പുകൾ നഷ്ടപ്പെട്ട കുങ്കിയാനയുടേയും കാട്ടിൽ നിന്ന് കുടിയിറക്കപ്പെട്ട മല്ലികയുടേയും കാട്ടിലേക്കുള്ള തിരിച്ചു പോക്കാണ്‌ രാമച്ചി. ഭരണകൂടം കാട്ടിൽ നിന്ന് ഫാമുകളിലേക്ക്‌ പറിച്ചുനടുന്ന ജീവിതങ്ങളിലേക്ക്‌ എത്താൻ മഞ്ഞമുത്തി മടിയ്ക്കുകയും തന്റെ പേറ്‌ കാട്ടിൽ നടന്നാൽ മതിയെന്ന് മല്ലിക തീരുമാനിയ്ക്കുകയും ചെയ്യുന്നു. ഫാമുകളിലെ ഏക്കർ പ്ലോട്ടുകളിൽ നിന്ന് കാളൻകിഴങ്ങും നാരൻകിഴങ്ങും കൽപ്പൂവത്തിന്റെ തളിരും കഴിച്ച്‌ കാട്ടുപ്രദീപനെ ചേർത്തണച്ച്‌ മല്ലിക തന്റെ സ്വത്വം തുറന്നുവിടുന്നു.
രാമച്ചിയിൽ കാടും മനുഷ്യരും മൃഗങ്ങളും ഒത്തുചേരലിന്റെ ഇടമാകുമ്പോൾ മൂർഖൻപറമ്പിൽ മണ്ണും മരവും മനുഷ്യനുമാകുന്നു. ഈന്ത്‌ സ്തുതികൾ പാടി വിഘ്‌നേശ്‌ അതിന്റെ ചരിത്രവും പശ്ചാത്തലവും ഫേസ്ബുക്ക്‌ പോസ്റ്റിലൂടെ പ്രചരിപ്പിയ്ക്കുന്നു. മലബാറിന്റെ രാഷ്ട്രീയ ചിത്രത്തിൽ നിറഞ്ഞുനിൽക്കുന്ന ഈന്ത്‌ മരങ്ങളെ മൂർഖൻപറമ്പിലാകെ കാണാം. ഈന്തിലൂടെ തനിയ്ക്കു കിട്ടാൻ പോകുന്ന വലിയ തുക സ്വപ്നം കണ്ട ഉന്മാദി അസാധാരണ ആത്മഹത്യ ചെയ്ത്‌ പത്രവാർത്തയായി അവസാനിയ്ക്കുന്നു. ഈന്ത്‌ മരങ്ങളുടെ മുകളിലൂടെ മൂർഖൻപറമ്പിൽ നിന്നും വിമാനം പറന്നുയരുമ്പോൾ പ്രതീക്ഷകളറ്റ ഒരു ജഡം ഈന്ത്‌ മരത്തിന്റെ കൊമ്പിൽ അപ്പോഴും തൂങ്ങിയാടുന്നുണ്ടാവും. കുടിയിറക്കലിന്റെ രാഷ്ട്രീയം മൂർഖൻപറമ്പ്‌ മറച്ചുവയ്ക്കുന്നില്ല
മാണിച്ചാച്ചൻ ഇടവേലിയിലെ നായകനായിരുന്നു. ഇടവേലിക്കാരെ റമ്മികളി പഠിപ്പിച്ചു, ഒരുമിച്ചുയർന്നു നിൽക്കാൻ പഠിപ്പിച്ചു, ജയിക്കാൻ പഠിപ്പിച്ചു, ടൂർണമെന്റുകൾ നടത്തിച്ചു. ഇടവേലിക്കാർ എന്നും എല്ലാവരുടേയും മുന്നിൽ ജയിക്കേണ്ടവരാണെന്ന ബോധ്യം കൊണ്ടു വന്നു. ആ മാണിച്ചാച്ചന്റെ മുന്നിലാണ്‌ ഇഞ്ചികൃഷി നടത്താൻ കുടകിലേക്ക്‌ കുടിയേറിയ ഇടവേലിക്കാരൻ രവി സൗക്കർ ബൊപ്പണ്ണയിൽ നിന്ന് തല്ലുവാങ്ങി അപമാനിതനായി കരഞ്ഞുകൊണ്ട്‌ എത്തുന്നത്‌. രവിയ്ക്കും സൗക്കറിനും ഇടയിൽ പെട്ടുപോകുന്ന മാണിച്ചാച്ചൻ ഒരു ഹാസ്യമായി മാറുന്നു. ഒരു സമൂഹത്തെ ഇടവേലിയിൽ മാത്രമായി ഒതുക്കിനിർത്താൻ ശ്രമിച്ച മാണിച്ചാച്ചൻ അവിടെവച്ച്‌ ലോകത്തിന്റെ അതിരുകൾ നിഷേധിയ്ക്കുന്നു.
ശരീരങ്ങളുടേയും മാംസത്തിന്റേയും വ്യവഹാരങ്ങളാണ്‌ വിശുദ്ധ മഗ്ദലനമറിയത്തിന്റെ പള്ളിയിൽ. മാംസക്കച്ചവടക്കാരനായ സാംസൺ ഒരേസമയം, ഉരുക്കുശരീരവും നാൽക്കാലികളെ കൂടത്തിനടിച്ച്‌ കൊല്ലാൻ പോന്ന കരുത്തുള്ളവനും തന്റെ മുന്നിൽ കാണുന്ന നെറികേടുകൾക്കെതിരെ ശബ്ദമുയർത്താനുള്ള മനഃശക്തിയില്ലാത്തവനുമാകുന്നു. കുഞ്ഞുങ്ങളുണ്ടാവാൻ കൗൺസില്ലിംഗ്‌ നടത്തുന്ന ജോർജ്ജുസാർ തന്റെ ഭാര്യയുടെ ബ്ലൗസ്‌ അഴിച്ച്‌ മുലയിൽ സ്പർശിച്ചെന്നറിഞ്ഞിട്ടും അയാളുടെ മുന്നിൽ കാലുവിറയ്ക്കുന്നവനാണു സാംസൺ. ചെറിയാൻ ചേട്ടനെ അച്ഛന്റെ സ്ഥാനത്തു കാണുകയും തന്റെ ബലഹീനതകൾക്ക്‌ പരിഹാരമുണ്ടാക്കാൻ മരുന്നുണ്ടാക്കി നൽകുകയും ചെയ്യുമ്പോൾ സാംസണുണ്ടാകുന്ന ധൈര്യം അയാൾ പ്രയോഗിയ്ക്കുന്നത്‌ തന്റെ പ്രതിയോഗികൾക്കു നേരെയല്ല മറിച്ച്‌ ആൾക്കൂട്ട ആക്രോശങ്ങൾക്ക്‌ ഇരയാക്കപ്പെട്ട ജോത്സ്‌ന സിസ്റ്റർക്കുനേരെയാണെന്നത്‌ ഇക്കാലത്തെ സാമൂഹിക യാഥാർത്ഥ്യങ്ങൾക്കു നേരെ വിരൽ ചൂണ്ടുന്നു. അതേസമയം ജോത്സ്‌ന സിസ്റ്റർ സ്നേഹത്തിന്റേയും പ്രണയത്തിന്റേയും വ്യാപാരിയാകുന്നുണ്ട്‌ മഗ്ദലനയിൽ. അത്തറുകുഞ്ഞാമിനയെ സ്നേഹത്തോടെ ചേർത്തു പിടിയ്ക്കുമ്പോൾത്തന്നെ മെൽബണോടുള്ള പ്രണയം സിസ്റ്ററെ ധീരയാക്കുന്നു. മുറിവേറ്റ മനുഷ്യശരീരങ്ങളാണ്‌ മഗ്ദലനയിൽ ആകെ.
പാപ്പച്ചൻ തന്നിൽ നിന്നും സ്വതന്ത്രനാക്കപ്പെട്ട ആമിച്ചനാൽ കൊല്ലപ്പെടുകയും പിതാവിന്റെ മരണത്തെ മഴപോലെ ആസ്വദിയ്ക്കുന്ന പെണ്മക്കളും ‘ഉടമസ്ഥ’നിൽ കഥാപാത്രങ്ങളാവുന്നു. മാർഗരീത്തയും ജസീന്തയും ആൻസിയയും പാപ്പച്ചനു തന്റെ മുന്നിൽ നായ്‌ജീവിതങ്ങൾ തന്നെയായിരുന്നു. ഉടമയുടെ ചിന്തകൾക്കും ആഗ്രഹങ്ങൾക്കും എതിരു നിൽക്കുന്നവരെ കൂടത്തിനടിച്ചും കുരുക്കുമുറുക്കിയും തെങ്ങുകൾക്ക്‌ വളമാക്കിക്കൊണ്ടിരുന്നു. ആമിച്ചനു ശൗര്യം കൂട്ടാൻ നൽകിയ ചോരയ്ക്ക്‌ ചുംബനം നൽകി ആൻസിയയോട്‌ ആമിച്ചൻ തന്റെ പ്രണയം വെളിവാക്കുകയും അക്കാരണത്താൽ ആമിച്ചനെ ആൻസിയ കൂടുതുറന്നു സ്വതന്ത്രനാക്കി. തലനരച്ചു തുടങ്ങിയ പെണ്മക്കൾ പാപ്പച്ചനെ തെല്ലും അലോസരപ്പെടുത്തിയില്ല. അവർ പക്ഷേ ആമിച്ചനെ പ്രണയിച്ചു, റാണിയെ പ്രാപിയ്ക്കാനെത്തിയ പേരറിയാത്ത ചാവാലിയെ പ്രണയിച്ചു, ചാന്നനെ പ്രണയിച്ചു. ഓരോ പ്രണയവും പാപ്പച്ചൻ തെങ്ങിനു വളമാക്കിക്കൊണ്ടിരുന്നു. ആമിച്ചൻ പാപ്പച്ചനെ കൊല്ലുന്നത്‌ അവർ ആസ്വദിച്ചു. പിതൃഹത്യയുടെ അസാധാരണ രചനാസൗന്ദര്യം ഉടമസ്ഥനിൽ തെളിച്ചിടുന്നു.
എസ് ജെ സുജിത്
കുടിയേറ്റത്തിന്റേയും കൃഷിയുടേയും കഥപറച്ചിലാണ്‌ മിക്കാനിയ മൈക്രാന്ത. പൂലോകം മുടിച്ചി എന്ന മിക്കാനിയ മൈക്രാന്ത എന്ന് സായിപ്പിന്റെ വിളിപ്പേരുള്ള വളരെപ്പെട്ടെന്ന് പടർന്നു കയറുന്ന കാട്ടുചെടി പോലെ ജീവിതങ്ങളും ഒന്നിൽ നിന്നും മറ്റൊന്നിലേക്ക്‌ പടർന്നു കയറുന്നു. കാർഷിക പാരമ്പര്യത്തിന്റേയും സമരചരിത്രങ്ങളുടേയും കൂടി ഭാഗമാവുകയാണ്‌ മിക്കാനിയ മൈക്രാന്ത. കുടിയിറക്കലിനെതിരെ എ കെ ജിയുടെ സമരത്തേയും വടക്കനച്ചന്റെ പിന്തുണയും അതിഷ്ടപ്പെടാത്ത ഒരു വിഭാഗവുമൊക്കെ ഒരു കാലത്തെ രാഷ്ട്രീയ ചരിത്രമായി അടയാളപ്പെടുത്തുന്നു. അതേസമയം, വിവാഹപ്രായം കടന്ന ജോഷിച്ചൻ ദത്തുനിന്ന് വിവാഹിതനാവുകയും സമൂഹത്തിൽ ജോലിയില്ല എന്ന് പറയാനുള്ള പെൺവീട്ടുകാരുടെ അന്തസ്സുകുറവിനെത്തുടർന്ന് ജോഷിച്ചൻ വിദേശത്തേക്ക്‌ കയറ്റി അയയ്ക്കപ്പെടുന്നു. വിദേശത്ത്‌ നിൽക്കുന്ന മകനെ പേപ്പച്ചൻ ഫോണിന്റെ സ്ക്രീനിൽ കാണുമ്പോൾ ജോഷിച്ചനൊപ്പം ഏതോ നാട്ടിൽ തന്റെ പിതാവിന്റെ കിടപ്പുകൂടി പേപ്പച്ചൻ അനുഭവിയ്ക്കുന്നുണ്ട്‌. മലബാർ കുടിയേറ്റക്കാരുടെ കഥപറഞ്ഞ ‘വിഷകന്യക’ മിക്കാനിയ മൈക്രാന്തയ്ക്കൊപ്പം സഞ്ചരിയ്ക്കുന്നുണ്ട്‌
ഒരു ജനതയുടെ പട്ടിണിയുടേയും വിശപ്പിന്റേയും കഥയാണ്‌ ‘അരി’. അരിസൂക്ഷിപ്പുകാരനായ സതീശൻ മാഷ്‌ ഒരേസമയം ദൈന്യതയുടേയും ക്രൂരതയുടേയും ഇരട്ടഭാവങ്ങളായി മാറുന്നുണ്ട്‌. ‘ഇന്നിപ്പോ കേരളത്തിന്റെ കോളനികളില്‌ അങ്ങനെ പട്ടിണിയുണ്ടെന്നു തോന്നുന്നില്ല. ഇനിയങ്ങനെ ഒണ്ടെങ്കിത്തന്നെ അതവന്മാരുടെ കയ്യിലിരിപ്പുകൊണ്ടാ’ എന്ന ഹെഡ്മാസ്റ്റർ എം. ഒ. തോമസിന്റെ വാക്കുകൾ ജനാധിപത്യമൂല്യങ്ങൾക്കെതിരെയുള്ള ക്രൂരഭാഷണമായി നിൽക്കുന്നു. സ്കൂളിന്റെ എഴുപതുവർഷത്തെ ചരിത്രം ഡോക്ക്യുമെന്ററിയായി പകർത്തുന്ന ക്യാമറ ആദിവാസിവിഭാഗങ്ങളുടെ വിശപ്പിന്റെ ചരിത്രത്തിലേക്കാണ്‌ ആംഗിൾ തുറക്കുന്നത്‌. വിശക്കുന്നവരുടെ ശബ്ദമാണ്‌ ശാലിനികോപ്പിയിലൂടെ ഡോക്യുമെന്ററിയ്ക്ക്‌ ആമുഖമാകുന്നത്‌. ജനാധിപത്യസംവിധാനത്തിന്റെ മുഖത്തേക്ക്‌ വിശപ്പ്‌ കൊഞ്ഞനം കുത്തുന്നത്‌ അരിയിൽ കാണാം.
ഭൂമി, പ്രകൃതി, പ്രണയം, ലൈംഗികത, ഹിംസ, ഭക്ഷണം എന്നിവയുടെ ചലനാത്മകവും ഊർജ്ജസ്വലവുമായ അടുക്കിവയ്ക്കലാണ്‌ ഏഴുകഥകളോരോന്നും. രാമച്ചിയിലും മൂർഖൻപറമ്പിലും ഇടവേലിക്കാരിലും മിക്കാനിയയിലും അരിയിലും പ്രകൃതിയുടേയും ഭൂമിയുടേയും സൗന്ദര്യം കാണാം. രാമച്ചിയിൽ പ്രദീപനെ ഇക്കിളിപ്പെടുത്തി മല്ലിക പ്രണയമാഘോഷിയ്ക്കുമ്പോൾ മഗ്ദലനയിൽ ജോർജ്ജിന്റേയും സിറിലിന്റേയും ലൈംഗികാതിക്രമവും ജോത്സ്‌ന സിസ്റ്ററുടേയും മെൽബണിന്റേയും പങ്കുവയ്ക്കലിനേയും ഒപ്പം തന്നെ അടയാളപ്പെടുത്തുന്നു. ഉടമസ്ഥനിലെത്തിയാൽ പതിവു ലൈംഗികരചനാ സ്വാതന്ത്ര്യങ്ങളിൽ നിന്നും വിഭിന്നമായ മൃഗതൃഷ്ണയെ വരച്ചിടുന്നു. പാപ്പച്ചന്റെ പെൺമക്കൾ അവരുടെ രതിസങ്കൽപ്പങ്ങളെ വളർത്തുനായകളിൽ ആസ്വദിയ്ക്കുന്നു. നായകളുടെ പ്രണയിനികളായി അവർ മാറ്റപ്പെടുന്നു. ആമിച്ചൻ നൽകിയ ചുംബനം ആൻസിയ പ്രണയപൂർവ്വം സ്വീകരിയ്ക്കുന്നു. റാണിയെ ചാവാലിപ്പട്ടി പ്രാപിയ്ക്കുന്നതു കാണുന്ന ജസീന്ത കാഴ്ചയിൽ നിന്നും പിന്തിരിഞ്ഞോടാൻ തയ്യാറവുന്നില്ലെന്നും കാണാം.
ഉടമസ്ഥനിലും മഗ്ദനയിലും കാണുന്ന ഹിംസ മനുഷ്യന്റെ ജീവിതത്തോടൊപ്പം ഇഴചേർന്നതാണ്‌. അരിയിലേക്കെത്തുമ്പോൾ ഒരു സമൂഹത്തിന്റെ വിശപ്പിനു നേരെയാണ്‌ ഹിംസാത്മക സമീപനം സ്വീകരിച്ചു കാണുന്നത്‌. ഭക്ഷണത്തിന്റെ രചനാസൗന്ദര്യം രാമച്ചിയിലും മഗ്‌ദനയിലും ഇടവേലിക്കാരിലും കാണാം. കാളൻ കിഴനും നാരൻ കിഴങ്ങും കാട്ടുതേനും പ്രദീപൻ മല്ലികയ്ക്കു സമ്മാനിയ്ക്കുമ്പോൾ ഭക്ഷണത്തിലെ പ്രണയം ആസ്വദിയ്ക്കാനാവും. സൗക്കറിനെ നേരിടാനെത്തുന്ന മാണിചാച്ചനെ കാട്ടുപന്നിയിറച്ചി നൽകിയാണു രവി സൽക്കരിയ്ക്കുന്നത്‌. ചെറിയാൻ ചേട്ടൻ സാംസണു വേണ്ടി പ്രത്യേക രുചിക്കൂട്ടുകൾനൽകുന്നുണ്ട്‌ മഗ്‌ദലനയിൽ.
വായനയ്ക്ക്‌ ഫലപൂയിഷ്ടമായ മണ്ണാണ്‌ രാമച്ചിയിലേത്‌. ഇവിടെ തളിർത്തുപടരുന്നത്‌ നാട്ടുജീവിതങ്ങളാണ്‌. ചരിത്രവും രാഷ്ട്രീയവും കലർന്ന ഏഴുകഥകളും നമ്മുടെ കൂടി ജീവിതമായി മാറും.

പ്രസാധകർ: ഡി സി ബുക്സ്‌
വില: 140 രൂപ

എസ്. ജെ സുജിത്

Leave a Reply

Your email address will not be published.

error: Content is protected !!