Āmi dēkhēchi ritu..ഞാന്‍ കണ്ട ഋതു..

ബരിവാലി (The Landlady)

ഋതുപർണ്ണോഘോഷ് സിനിമകളിൽ മിക്കതും സ്ത്രീമനസ്സുകളുടെ ശക്തമായ അവതരണം തന്നെയെന്നത് യാഥാർഥ്യം. എപ്പോഴുമവ സ്ത്രീപക്ഷം വാദിക്കുന്നു എന്ന് ആരോപിക്കുന്നതിൽ കഴമ്പുണ്ടെന്നും തോന്നുന്നില്ല. ആഴമുള്ള വ്യക്തിത്വങ്ങളായി പുരുഷ കഥാപാത്രങ്ങൾ വന്ന എത്രയോ സിനിമകൾ! അബൊഹോമാൻ തന്നെ ഉദാഹരണം.

ബരിവാലി ഒന്നുറപ്പിക്കുന്നു, ഘോഷിന് സ്ത്രീയെ മനസ്സിലാവുമായിരുന്നു; അവളുടെ പ്രശ്നങ്ങളെ മറ്റേതൊരു ചലച്ചിത്രകാരനെക്കാളും പൂർണ്ണമായി ഉൾക്കൊള്ളാനാകുമായിരുന്നു. മധ്യവയസ്കയായ സ്ത്രീയുടെ ഒറ്റപ്പെടലും വേദനയും മനോഹരമായി ഒപ്പിയെടുത്തതായിരുന്നു ഘോഷിന്റെ രചനയിലും സംവിധാനത്തിലും പിറന്ന, അനുപംഖേർ നിർമ്മിച്ച ബരിവാലി എന്ന 2000- ൽ പുറത്തിറങ്ങിയ ബംഗാളി ചിത്രം.

രാജകൊട്ടാരം പോലെ വിശാലമായ അവരുടെ പഴയ വീട്ടിൽ ഒറ്റപ്പെട്ടുപോയ ബനലത (കിരൺ ഖേർ), അതിന്റേതായ മാനസിക നില സൂക്ഷിക്കുന്ന വ്യക്തിയാവുന്നതു സ്വാഭാവികം. അവരുടെ ശാഠ്യങ്ങളും ശാഠ്യരങ്ങളും വീട്ടിലെ വേലക്കാർക്കുപോലും വിലയില്ലാത്തതും സ്വാഭാവികം! കല്യാണത്തലേന്ന് മരിച്ചുപോയ പ്രതിശ്രുത വരന്റെ ഓർമ്മയിൽ ബാക്കി ജീവിതം തള്ളി നീക്കുന്ന മധ്യവയസ്കയിൽ മറ്റെന്തു പ്രതീക്ഷിക്കാനാണ്! അവരുടെ തനിച്ചാവലിന്റെ ആഴവും പരപ്പും ആദ്യ സീനുകളിൽ ഒപ്പിയെടുത്ത് വിരസമായ ആ ജീവിതത്തെ കാട്ടിക്കൊണ്ടു തുടങ്ങുന്ന സിനിമ. അതിലൊരു മാറ്റം കൊണ്ടുവരുന്നത് ഒരു സിനിമാക്കാരനാണ്. ടാഗോറിന്റെ പ്രശക്തമായ ‘ചോക്കർ വാലി’ എന്ന കൃതിയെ അതെ പേരിൽ സിനിമയാക്കാൻ ദീപാങ്കറിന് ബനലതയുടെ വീട് വേണമായിരുന്നു. ഷൂട്ടിങ്ങിനു വീട് വിട്ടുകൊടുക്കാൻ ആദ്യമൊക്കെ വിസമ്മതിച്ചു എങ്കിലും, ബനലതയ്ക്കു ഒടുവിൽ വഴങ്ങിക്കൊടുക്കേണ്ടി വന്നു. അതിൽ പ്രധാനം, പ്രതിഫലമായി അവർ വാഗ്ദാനം ചെയ്ത തുകതന്നെ; രണ്ടാമത് തന്നെ വിട്ടുപോകാൻ തുടങ്ങുന്ന മെയ്‌ഡ്‌ സെർവെന്റിന്റെ മനം മാറ്റവും! സിനിമയുടെ മാസ്മരിക ലോകം, തന്റെ ചെറുപ്പക്കാരിയായ വേലക്കാരിയിലൂടെ ബനലതയ്ക്കു മുന്നിൽ തുറക്കപ്പെടുന്നു.

ദീപാങ്കുറിന്റെ വ്യക്തിത്വം ബനലതയിൽ ചലനങ്ങളുണ്ടാക്കുന്നുണ്ട്. അവർ അന്നുവരെ കണ്ടു ശീലിച്ചവയിൽ നിന്നൊരു മാറ്റം! അത് അവർ പോലുമറിയാതെ മനസ്സിൽ ചലനങ്ങളുണ്ടാക്കുന്നു. ദീപാങ്കുറുമായി അവർ അടുക്കുന്നു. അയാളുടെ വാക്കുകൾ വിശ്വസിച്ചു വീട് ഷൂട്ടിങ്ങിനായി തുറന്നുകൊടുക്കുമ്പോൾ ബനലത ഒരു പക്ഷെ തന്റെ ഹൃദയവും അയാൾക്ക് മുന്നിൽ തുറന്നിടുകയായിരിക്കാം. അയാളുടെ ബലഹീനതകളോ വ്യക്തിജീവിതത്തിലെ പോരായ്മകളോ അവർ ശ്രദ്ധിക്കുന്നില്ല. ബനലതയെ, അവർക്കനുയോജ്യമായ ഒരു റോളിൽ അയാൾ സിനിമയിൽ അഭിനയിപ്പിക്കുകയും ചെയ്യുന്നു.

ഷൂട്ടിംഗ് കഴിഞ്ഞു യൂണിറ്റ് മടങ്ങുമ്പോഴും ബനലതയിൽ, തന്റെ ജീവിതത്തിൽ പുത്തനൊരധ്യായം തുറന്നു കിട്ടുമെന്ന പ്രതീക്ഷകളായിരുന്നു. അതിനായി സംവിധായകന് കത്തെഴുതി ബനലത കാത്തിരുന്നു. അഭ്രപാളികളിൽ തന്നെ കാണാൻ, സിനിമയെന്ന് റിലീസ് ആവുമെന്ന് കത്തുകളിൽ അവർ വേവലാതികൊണ്ടു. ദീപാങ്കുറിന്റെ മറുപടി കാണാഞ്ഞു അവർ വീണ്ടും വീണ്ടും കത്തുകളയച്ചു. ഒടുവിൽ അവർ കാത്തിരുന്ന മറുപടി കിട്ടി. സിനിമ റിലീസ് ആവുന്നു; പക്ഷെ അതിൽ അവരുടെ ഭാഗം അനുയോജ്യമല്ലാത്തതിനാൽ വെട്ടിമാറ്റപ്പെട്ടിട്ടുണ്ട്. അയാളോട് ബനലതയ്ക്കുണ്ടായിരുന്ന മാനസിക അടുപ്പത്തിന് ഏറ്റ തിരിച്ചടി. അയാൾ തന്നെ ഉപയോഗിക്കുകയായിരുന്നു എന്ന തിരിച്ചറിവിൽ, ആ വഞ്ചനയിൽ നടുങ്ങിനിൽക്കുന്ന ബനലത!

ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ നെറ്റ്പാക്ക് ജൂറി അവാർഡ് ഫോർ ബെസ്റ് ഏഷ്യൻ ഫിലിം നേടിയ ഋതുപർണ്ണോഘോഷ് ചിത്രം ബരിവാലി, കിരൺ ഖേറിന് ബെസ്റ് ആക്ട്രസ്സ് അവാർഡും സുദിപ ചക്രവർത്തിയ്ക്ക് (മെയ്‌ഡ്‌ സെർവെൻറ് മാലതി) സപ്പോർട്ടിങ് ആക്ട്രസ്സ് അവാർഡും നേടിക്കൊടുത്ത ചിത്രമാണ്.

ബിന്ദു ഹരികൃഷ്ണൻ

വര: സംഗീത് ബാലചന്ദ്രൻ

Leave a Reply

Your email address will not be published.

error: Content is protected !!