എന്റെ നിഴൽച്ചിത്രത്തിന് ഏതാനും വരകൾ..

വിലാസം മാറിഎഴുതിപ്പോയ വരികളുടെ
ഗതിവിപര്യയം എന്നും നിനക്കായിരുന്നു
അപാരതയുടെ ഉൾത്തുടുപ്പിന്നന്വേഷണങ്ങളിൽ
മൊഴി തെരഞ്ഞിറങ്ങുമ്പോൾ
നിന്റെ , ഉറവ വറ്റാത്ത പെരുംപുണ്യത്തിന്റെ പാലം
സൗരദുഖത്തിന്റെ പേരിടാനാവാത്ത സമസ്യകൾ
ചോരവാർന്നുഴലുമ്പോൾ
ആകാശദൂത് മറന്ന് ലന്തപ്പഴം പറിക്കുന്ന
ബാല്യപ്പെരുമയുടെ മാമ്പഴസ്മൃതികൾ
ആരോ ഓതിത്തന്നുറപ്പിച്ച പഴഞ്ചൻ ഗുണകോഷ്ഠകങ്ങളിൽ
സൂര്യകാന്തിപ്പൂവിന്റെ , മഴയുടെ , മണ്ണിരയുടെ
ത്രിസന്ധ്യത്തിരിയുടെ,അമ്മയുടെ വിയർപ്പിന്റെ
പുണ്യംപെരുത്ത സുഗന്ധപൂരം

പൂതപ്പാട്ടിലലിഞ്ഞു ,
തോട്ടിന്കരയിൽ ഒന്നാമനായിക്കുളിച്ചു
കഞ്ഞിപ്പശയുള്ള വസ്ത്രചൂടിന്നടിയിൽ
കമുകിൻ മരം ചാരി ഞാനും ജീവിച്ചിരുന്നു
പിതൃസ്നേഹമായിപൊഴിഞ്ഞ മഞ്ഞു
എന്നും എന്റെ ധനമായിരുന്നു

ജലസമാധിയുടെ സമവായത്തിനായി
ഞാനൊരു മുത്തുച്ചിപ്പിയായി വായ് പിളർന്നു
ഉള്ളിലെത്തിയവയത്രയും
മുത്തായിമാറാതെയെന്നെ കൊത്തിപ്പതം വരുത്തി

ശരീരമൊടുന്ന വഴികളിൽ മനസ്സ് എത്താതിരിക്കുമ്പോൾ
ഉറക്കപ്പിച്ചിലിൽ കിടക്കമാറിയവന്റെ മൗഢ്യം
ആത്മരതിയുടെ അനുസ്യൂതതകളിൽ
മെഴുകിന്റെ ഏകത്വവും ഞാനറിയുന്നു
പുഴയിലൂടൊഴുകുന്ന കടലാസുവഞ്ചിയുടെ
ഒഴുക്കും നിശ്ചലാവസ്ഥയും
വല്ലാത്തൊരു സ്പന്ദവേഗതയായി എന്നിൽ ഉണരുന്നു
ആൾരൂപങ്ങളുടെ മങ്ങലിൽ , മായലിൽ
നീരൊച്ച നിലച്ച ഗംഗാതടത്തിൽ
നീ പാടിയെത്തിയ ദ്രുപദ്

വലിച്ചെറിഞ്ഞ ഹുക്കയിൽ നിന്നുയർന്ന
പുകച്ചുരുൾ വരച്ച നിന്റെ ഛായാചിത്രം
എന്നിൽ നിന്നും ഒരു കടലോളം ദൂരെയായിരുന്നു

കളിപ്പന്തുകൾ തിരഞ്ഞോടിയ
അനാഥ ബാല്യത്തിന്റെ ശീവേലികളിൽ
ആരോ കനിഞ്ഞുനല്കിയ കളിപ്പമ്പരം
അതിന്റെ ഗതികളിൽ , ഭ്രമണാന്തരങ്ങളിൽ
അറിഞ്ഞ ജിയോയിഡിന്റെ ഖരത്വം
കനിവാർന്ന കണ്ണായി അമ്മയറിഞ്ഞപ്പോൾ
കാളിപ്പെട്ടിയുടെ താക്കോൽ തെരഞ്ഞു
ഉണ്ണാതെ ഞാനലഞ്ഞു

ഊഷരമൗനത്തിന്റെ അറപ്പുരകളിൽ
ഞാനോർത്തിരിക്കുന്നു
പിന്നാമ്പുറങ്ങളിലൊന്നും തൂവിപ്പോകാത്ത
വെള്ളം ചുമട്ടുകാരന്റെ വിജയത്തെക്കുറിച്ചു
അജ്ഞാത ഗലികളിലെ തടവറകളിൽ
ശബ്ദം മരച്ച തടവുകാരന്റെ
ലിംഗതൃഷ്ണയുടെ മരവിപ്പിനെക്കുറിച്ച
കമ്മ്യൂണിസ്റ് പച്ചയുടെ തലകൊയ്ത് വിജയിച്ച
ഒരായിരം കുഞ്ഞു പടയാളികളുടെ ഗദ്ഗദത്തെക്കുറിച്ച
തലപിളർപ്പിക്കുന്ന ,ഗളം പിന്നിലെറിയുന്ന
ഗണനാന്തരങ്ങളിൽ
സ്കിസോഫ്രേനിയ പിടിച്ചവരെക്കുറിച്ച

എന്റെ മൗനങ്ങളുടെ മഹായാനങ്ങളിൽ
നിന്നെയോർത്തിരിക്കുവാൻ സുഖമാണ്
ഒരു മഞ്ഞിൻ പുതപ്പുമായി
മണലാരണ്യത്തിന്റെ അപാരതയിൽ
അച്ഛൻ വരുന്ന കുതിരയുടെ
താളപ്പെരുക്കത്തിന്റെ ഒച്ച കാതോർക്കുന്ന
ഭാരം കുറഞ്ഞൊരു പൈതലിന്റെ
ഉൾവലിയൽ പോലെ …
നെടുവീർപ്പുപോലെ…

ഡോ. ബിജു എസ് പദ്മനാഭൻ

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!