ഖേലാ
ഋതുപർണോഘോഷ് സിനിമകളിൽ, ഒരുപക്ഷേ ഏറ്റവും ആഘോഷിക്കപ്പെടാതെ പോയ സിനിമയായിരിക്കും 2008 -ൽ പുറത്തിറങ്ങിയ ഖേലാ. പതിവ് രീതികളിൽ നിന്ന് തികച്ചും വ്യത്യസ്തമായ ഒരു സമീപനമായിരുന്നു ഈ സിനിമയ്ക്ക് ഘോഷ് കൈക്കൊണ്ടത്. സ്ത്രൈണമായൊരു രീതിയിൽ നിന്ന് മാറി ഒരു കുട്ടിയിലേയ്ക്ക് ഫോക്കസ് ചെയ്യുമ്പോൾ, കാവ്യാത്മകമായ കഥപറച്ചിൽ നിന്നും വൈചിത്ര്യത്തിലേയ്ക്കൊരു ചുവടുമാറ്റമാണ് കാണുന്നത്!
തന്റെ ജോലിയോട് അങ്ങേയറ്റത്തെ കൂറുപുലർത്തുന്ന ഒരു സിനിമാക്കാരെന്റെ കഥയാണിത്. കുടുംബസ്ഥനായ അയാൾക്ക് ഒരു കുഞ്ഞ് വേണം എന്ന ചിന്തപോലും ഇല്ല. സ്വന്തം കുഞ്ഞ് എന്നത് തന്റെ തിരക്കുപിടിച്ച ജീവിതത്തിന് ഒട്ടും അനുയോജ്യമല്ല എന്നാണ് അയാളുടെ നിലപാട്! രാജ (പ്രൊസേൻജിത് ചാറ്റർജി) തന്നെ ഒഴിവാക്കാനായെടുക്കുന്ന ന്യായീകരണമായി ഭാര്യ ഷീല ഭൗമിക് (മനീഷ കൊയ്‌രാള) തെറ്റിദ്ധരിക്കുന്നു. ആറുവർഷം നീണ്ട ദാമ്പത്യം അവസാനിപ്പിക്കാൻ, ഭർത്താവിനെ അയാളുടെ തിരക്കുകളിലുപേക്ഷിക്കാൻ അവർ തീരുമാനിക്കുന്നു. സ്വന്തമായൊരു ജീവിതം കെട്ടിപ്പടുക്കാനുള്ള പുറപ്പാടിലാണ് ഷീല. കുടുംബമെന്ന ആഗ്രഹത്തെ, സ്വന്തമായൊരു കുഞ്ഞിനെ നിരാകരിക്കുന്ന ഭർത്താവിൽ നിന്ന് വേർപെടുകയല്ലാതെ മറ്റൊരു ഉപായവും അവർക്കു മുന്നിലില്ല.
ഇതേ സമയം രാജ് തന്റെ പുതിയ സിനിമയായ ഗൗതമബുദ്ധയിലേയ്ക്ക്, ബുദ്ധന്റെ കുട്ടിക്കാലം അഭിനയിക്കാൻ ഒരു കുട്ടിയെ തേടുകയായിരുന്നു. സ്കൂൾ യൂണിഫോമിൽ സുഹൃത്തുമൊത്തു ഉല്ലസിച്ചുനടക്കുന്ന അഭിരൂപ് എന്ന സ്കൂൾകുട്ടി രാജിന്റെ കണ്ണിൽപ്പെടുന്നു. അവനിൽ സംവിധായകൻ, ബുദ്ധനെ കാണുന്നു. അഭിനയലോകത്തിലേയ്ക്ക് ചെറുപ്പത്തിലേ കുട്ടിയെ അയക്കാൻ ഇഷ്ടപ്പെടാത്ത മാതാപിതാക്കൾക്കു മുൻപിൽ നിരാശനാകുന്ന രാജയോട് കുട്ടിതന്നെ ഒരു ഉപായവുമായെത്തുന്നു. ആറാഴ്ചയിലേയ്ക്ക് അവനെ കിഡ്നാപ് ചെയ്യുക. ഷൂട്ടിങ് കഴിയുമ്പോൾ അവനെ മാതാപിതാക്കൾക്കടുത്ത് എത്തിയ്ക്കുക. ആ പ്ലാൻ അതേപടി നടത്താൻ ഇറങ്ങിപ്പുറപ്പെടുന്ന രാജയും മറ്റു സിനിമാപ്രവർത്തകരും അഭിരൂപും ഒക്കെയായി കാട്ടിനുള്ളിൽ ഇതൾ വിരിയുന്ന രസകരമായ കഥയാണ് ഖേലാ. സിനിമാ ചിത്രീകരണ വേളയിൽ കൂടെയുള്ളവരുടെ ഒന്നാകെ മനംകവരുന്ന അഭിരൂപ്, രാജയ്ക്കുള്ളിലെ കുട്ടിയെ തൊട്ടുണർത്തുന്നത് സ്വാഭാവികം! തന്റെ നിലപാടുകളെ പുനഃപരിശോധനയ്ക്ക് വിധേയമാക്കുന്ന രാജ!
സാഹസികതയും, തമാശയും നിഗൂഢതയുമൊക്കെയായി വ്യക്തിബന്ധങ്ങളുടെ, കുടുംബബന്ധങ്ങളുടെ കഥപറയുന്ന ‘ഖേലാ’ ആണ് ഇന്ന് ഞാൻ കണ്ട ഋതു!!
ബിന്ദു ഹരികൃഷ്ണൻ