സഹശയനം

അവൾ ഇടക്കിടെ കണ്ണിമക്കുന്നുണ്ട്.. കണ്ണുനീരും വരുന്നുണ്ട്… ലോകത്തോട് മുഴുവൻ ദേഷ്യം.. സങ്കടം. ചങ്കിൽ ഒരമ്മിക്കല്ലു കേറ്റി വെച്ചതുപോലെ.. വേണ്ടായിരുന്നു..

പക്ഷെ അവൾക്കറിയില്ല, എന്തിനാണിതെന്ന്. താനെന്തിനാണ് വേദനിക്കുന്നതെന്ന്. തന്റെ പ്രണയിതാവ് അവളെ ചുംബിച്ചു. ഒരുപാടു നാളായി അവൻ പറയുന്ന ആഗ്രഹമാണത്. പക്ഷെ അപ്പോൾ മുതൽ അവളനുഭവിക്കുന്നതാണ് ഈ മാനസ്സികസംഘർഷം. ഒരു ചുംബനത്തിൽ അവൾ തണുത്തുറഞ്ഞു മഞ്ഞു പ്രതിമയായതുപോലെ..

കോപത്തിൽ മാത്രമല്ല, പ്രണയത്തിലും നമ്മൾ ഒളിപ്പിച്ചുവെച്ച രോക്ഷത്തിന്റെ ആരണ്യങ്ങളും, വന്യമായ ഹിംസയും പുറത്തു വരുന്നുണ്ട്. ചിലപ്പോൾ വേട്ടമൃഗം ഇരയെ ആക്രമിച്ച് കീഴ്പെടുത്തുന്നതു പോലെ.. ഒരു സത്രം മറ്റൊരു സത്രത്തെ തേടുന്നതുപോലെ.. രതിതീവ്രതകളുടെ മുൾമുനകൾ.

ഒരു പൂവിതൾ വിരിയുന്നതുപോലെയോ ഒരു മഞ്ഞുതുള്ളി പതിക്കുന്നതു പോലെയോ ആവേണ്ടതല്ലേ ചുംബനങ്ങൾ.. എങ്കിലല്ലേ ഒരു ക്ഷേത്രം ക്ഷേത്രത്തെ തിരിച്ചറിയുന്നതുപോലെ സഹശയനത്തിന്റെ ശ്രീകോവിലിൽ തലകുനിച്ചു നമസ്കരിക്കാനാവൂ..

ഹൃദയത്തിലേയ്ക്കുപോലും പ്രവേശിക്കാത്ത ദൈവാന്വേഷണം പോലെയാണ്, ശരീരത്തെ മറന്നുള്ള ആത്മീയത.

റോബിൻ കുര്യൻ

error: Content is protected !!