“ഡോക്ടർ ഇന്ന് ഇരുപത്തിരണ്ടാം തീയതി ആയി, ഇന്നും കൂടാതെ മൂന്ന് ദിവസം കൂടി കഴിഞ്ഞാൽ അനിയത്തിയുടെ കല്യാണം ആണ്, ഇരുപത്തിയാറാം തീയതി. എന്തായാലും അച്ഛൻ വെന്റിലേറ്ററിൽ അല്ലെ? കല്യാണം കഴിയുന്നത് വരെ അച്ഛനൊന്നും സംഭവിക്കില്ലല്ലോ?”, അച്ഛനെ ട്രീറ്റ് ചെയ്യുന്ന പൾമണോളജിസ്റ്റിനോട് ഒരു പൊട്ടിയെ പോലെ ഞാൻ ചോദിച്ചു. ഹരിയേട്ടൻ അടുത്തിരിക്കുന്നുണ്ടായിരുന്നു എങ്കിലും ഒന്നും പറഞ്ഞില്ല, ഡോക്ടറോട് ഒന്നും ചോദിച്ചുമില്ല, തന്റെ കൈവിരലുകൾ കൂട്ടി പിടിച്ചു അതിൽ തന്നെ കണ്ണും നട്ടിരുന്നു.
“സീ മിസിസ്. അഞ്ജലി, അഞ്ജലിയുടെ അച്ഛന്റെ ലങ്സിനെ ആണ് ക്യാൻസർ ബാധിച്ചിരിക്കുന്നത്. ലങ്സ് പ്രവർത്തനരഹിതമായപ്പോൾ ആണ് വെന്റിലേറ്റർ വേണ്ടി വന്നത്, അതും നൂറു ശതമാനവും മെക്കാനിക്കൽ, പക്ഷെ അത് അദ്ദേഹത്തിന്റെ ജീവൻ എക്കാലവും നിലനിർത്താൻ ഉള്ള മെഷീൻ അല്ല, ഹാർട്ടിന്റെ പ്രവർത്തനം നിലച്ചു പോയാൽ ഞങ്ങൾക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല, അതായത് ഫുള്ളി വെന്റിലേറ്റഡ് ആയിട്ടുള്ള പേഷ്യന്റ്സിന് എപ്പോൾ വേണമെങ്കിലും കാർഡിയാക് അറസ്റ്റ് സംഭവിക്കാം, അപ്പോൾ എന്ത് സംഭവിക്കുമെന്നു ഞാൻ പ്രത്യേകം പറയേണ്ടതില്ലല്ലോ?.”
“ശരി ഡോക്ടർ, ഇതും കൂടി പറയൂ, എന്തായാലും അച്ഛൻ വെന്റിലേറ്ററിൽ ആണ്, പരസഹായം വേണ്ട, അപ്പോൾ കല്യാണ ദിവസം ഇവിടെ നിൽക്കാൻ പുറമെ നിന്ന് പൈസ കൊടുത്ത് ഒരാളെ നിർത്താം, അത് മതിയാകുമല്ലോ? കല്യാണ ദിവസം ഞങ്ങൾ എങ്ങനെയാ ഇവിടെ നിക്കുന്നത്?”
“അപ്പോൾ അദ്ദേഹത്തിന് എന്തെങ്കിലും സംഭവിച്ചാലും ഈ വാടകയ്ക്കെടുത്ത ആളെ അറിയിച്ചാൽ മതിയല്ലോ, അല്ലെ?”, ഡോക്ടറുടെ പുച്ഛത്തോടെയും അമർഷത്തോടെയുമുള്ള ചോദ്യമൊന്നും എന്റെ മനസ്സിൽ തട്ടിയില്ല. അദ്ദേഹം ഒരു ഡോക്ടർ ആണ്, അത് കൊണ്ട് അതൊക്കെ ചോദിക്കാം, പക്ഷെ ഞങ്ങളുടെ കാര്യം ഞങ്ങൾക്കല്ലേ അറിയൂ.
കുവൈറ്റിൽ നിന്ന് ഭർത്താവ് ഹരിയേട്ടനുമായി രണ്ടു വർഷം കൂടിയിട്ടാണ് വന്നത്, എന്റെ അനിയത്തിയുടെ കല്യാണം നടത്താൻ.
അച്ഛൻ മദ്യത്തെ കൂട്ട് പിടിച്ചപ്പോൾ സ്വാഭാവികമായും അമ്മയായി ഞങ്ങൾക്കെല്ലാം, അച്ഛനോട് ഞങ്ങൾക്ക് സ്നേഹമോ മമതയോ ഇല്ലായിരുന്നു, അച്ഛൻ തിരിച്ചും കാണിച്ചിട്ടില്ല. ഞങ്ങളുടെ കുട്ടിക്കാലമെല്ലാം തീരെ നിറം മങ്ങിയതായിപ്പോയത് അച്ഛന്റെ മദ്യപാനം കാരണമാണ്. ബന്ധുക്കളെല്ലാം ഞങ്ങളെ പുച്ഛത്തോടെ കണ്ടതും ആ കാരണം ഒന്ന് കൊണ്ടു മാത്രമാണ്. ജീവിതമെന്നാൽ അദ്ദേഹത്തിന് ഉത്തരവാദിത്വമില്ലായ്മ മാത്രം ആയിരുന്നു.
മദ്യാസക്തിയും പുകവലിയും കൂടി അത് ലങ്സിനെ ബാധിച്ച് കാൻസർ തേർഡ് സ്റ്റേജിൽ എത്തിയപ്പോൾ മാത്രമാണ് അച്ഛൻ മദ്യവും സിഗറേറ്റും തൊടാതെ ആയത്. അച്ഛന് തീരെ വയ്യാതെ ഐ സി യുവിൽ ആയത് രണ്ടാഴ്ച്ചക്ക് മുൻപേ ഞങ്ങൾ കുവൈറ്റിൽ നിന്ന് നാട്ടിലേക്ക് തിരിക്കുന്നതിന്റെ തലേ ദിവസമാണ്. അപ്പോഴും അച്ഛന് എന്തെങ്കിലും പറ്റുമോ എന്ന വിചാരം മനസ്സിൽ തട്ടിയേ ഇല്ല, കുഞ്ചിയുടെ കല്യാണം മുടങ്ങുമോ എന്നോർത്തു മാത്രമായിരുന്നു ആവലാതി, അമ്മയും കുഞ്ചിയും ആയിരുന്നു എന്റെ ലോകം.
ഈശ്വരാ ഒരു തടസ്സവും കൂടാതെ കല്യാണം നടക്കണേ എന്ന് ഊണിലും, ഉറക്കത്തിലും, നടപ്പിലും, ഇരുപ്പിലും പ്രാർത്ഥിച്ചു കൊണ്ടേ ഇരുന്നു.
“ഞാൻ ഇരിക്കാം ഡോക്ടർ.” എന്റെ ചിന്തകൾക്ക് ഭഞ്ജനം ഏല്പിച്ചു കൊണ്ട് ഹരിയേട്ടൻ പറഞ്ഞു, എന്നിട്ട് ഡോക്ടറുടെ മുറിയിൽ നിന്നും ഇറങ്ങി നടന്നു എനിക്ക് വേണ്ടി കാക്കാതെ.
അമ്മ കഴിഞ്ഞാൽ അച്ഛനെ ആത്മാർത്ഥമായി സ്നേഹിച്ചത് ഹരിയേട്ടൻ ആണ്, അച്ഛൻ ഭാഗ്യം ചെയ്തത് ഈ ഒരു കാര്യത്തിൽ മാത്രം ആണ്, അച്ഛന്റെ മഹാഭാഗ്യം.
ഹരിയേട്ടൻ മരുമകനെക്കാൾ ഉപരി അച്ഛനും അമ്മയ്ക്കും ഒരു മകൻ തന്നെ ആണ്. അമ്മയെ സ്നേഹിക്കുന്നത് പോലെ തന്നെ അച്ഛനെയും സ്നേഹിക്കാൻ ഹരിയേട്ടനെ കൊണ്ടേ കഴിയൂ, എനിക്കും കുഞ്ചിക്കും കഴിയാത്തത്.
അച്ഛന്റെ ഒരു കാര്യവും ഞാൻ അന്വേഷിക്കാറില്ല, ദിവസവും അമ്മയെ വിളിക്കും എങ്കിലും അച്ഛന്റെ കാര്യം തിരക്കാറില്ല, അമ്മ ഇങ്ങോട്ടു പറഞ്ഞാൽ മിണ്ടാതെ കേട്ടു കൊണ്ടിരിക്കും. വയ്യാത്ത കാര്യം പറഞ്ഞാൽ ഞാൻ പറയും, വരുത്തി വെച്ചതല്ലേ അനുഭവിക്കട്ടെ.
പക്ഷെ ഹരിയേട്ടൻ അന്വേഷിക്കും, അച്ഛനെ ദിവസവും ഒരു നേരമെങ്കിലും വിളിക്കും, സംസാരിക്കും, മരുന്ന് കഴിച്ചോ ആഹാരം കഴിച്ചോ എന്നൊക്കെ ചോദിക്കും. തമാശകൾ പറയും, ചിരിക്കും.
എങ്ങനെ ഞങ്ങൾക്കില്ലാത്ത സ്നേഹം ഹരിയേട്ടന് അച്ഛനോട് ഉണ്ടായി എന്ന് ചോദിച്ചാൽ ഹരിയേട്ടൻ പറയും, “നിന്റെ അച്ഛൻ എന്നാൽ എനിക്ക് എന്റെ അച്ഛനെ പോലെ തന്നെ ആണ്, നിങ്ങൾക്ക് ഉണ്ടായ അനുഭവങ്ങൾ വെച്ചു നിങ്ങൾക്ക് അച്ഛനോട് അങ്ങനെ പെരുമാറാനെ കഴിയൂ, അതിൽ ഞാൻ ഒരിക്കലും തെറ്റ് പറയില്ല, പക്ഷെ എന്തോ എനിക്ക് അച്ഛനെ അങ്ങനെ കാണാൻ കഴിയില്ല, ഞാനും കൂടി അകൽച്ചയോടെ പെരുമാറാൻ പാടില്ല, അല്ല ശ്രമിച്ചാലും എനിക്കതിനു പറ്റുകയുമില്ല.”
കല്യാണം കഴിഞ്ഞ ദിവസങ്ങളിലും, ഞാൻ കുവൈറ്റിൽ പോകുന്നതിനു മുൻപേ ഹരിയേട്ടൻ രണ്ടു തവണ നാട്ടിൽ വന്ന സമയത്തും അച്ഛനും ഹരിയേട്ടനും കൂടി ചിരിച്ചു തമാശകൾ പറയുന്നത് കേട്ടു ഞാൻ അത്ഭുതപെട്ടിട്ടുണ്ട്, എത്ര പെട്ടെന്നാണ് ഹരിയേട്ടൻ അച്ഛന്റെ പ്രിയപെട്ടവനായത്, അതിലുപരി ഹരിയേട്ടൻ അച്ഛനെ സ്വന്തം പോലെ സ്നേഹിച്ചത്. അച്ഛന് ഇഷ്ടമുള്ളത് എന്താണെന്നു ചോദിച്ചു മനസിലാക്കി നടത്തി കൊടുത്ത ആൾ.
രണ്ടാഴ്ചകൾക്ക് മുൻപേ നാട്ടിലേക്ക് വന്ന ദിവസം അച്ഛൻ ഐ സി യുവിൽ ആയിരുന്നു എങ്കിലും രണ്ടു ദിവസത്തിന് ശേഷം കുറച്ചൊന്നു ഭേദം തോന്നിയപ്പോൾ മൂന്ന് ദിവസത്തേക്കു റൂമിലേക്കു മാറ്റിയിരുന്നു അച്ഛനെ. ആ മൂന്ന് ദിവസവും അച്ഛനെ ശുശ്രുഷിച്ചതും, ഭക്ഷണം ഒന്നും ഇറക്കാൻ പറ്റാത്ത അവസ്ഥയിൽ നേർപ്പിച്ച ജ്യൂസ് ക്ഷമയോടെ വായിൽ ഓരോ തുള്ളി വീതം ഇറ്റിച്ചു കൊടുത്തതും, പുറം തടവി കൊടുത്തതും, ഒന്നും ഇങ്ങോട്ടു സംസാരിക്കാൻ വയ്യെങ്കിലും അച്ഛന് കേൾക്കാൻ സാധിക്കുമല്ലോ എന്ന് പറഞ്ഞു വാ തോരാതെ സംസാരിച്ചു കൊണ്ടിരുന്നതും, “അച്ഛാ നമുക്ക് കുഞ്ചിയുടെ കല്യാണം കൂടണ്ടേ, വേഗം അസുഖം മാറി വാ, എന്നാലല്ലേ പറ്റൂ” എന്ന് അച്ഛന്റെ ചെവിയിൽ ഓതി കൊണ്ടിരുന്നതും, കൈ നോട്ടക്കാരനെ പോലെ അച്ഛന്റെ കൈപ്പത്തി പിടിച്ച് “എന്റമ്മേ അച്ഛന് തൊണ്ണൂറ് വയസ്സ് വരെയാ ആയുസ്സ്” എന്നെല്ലാം പറഞ്ഞു അച്ഛന്റെ ചുണ്ടിൽ ചെറു ചിരി വരുത്തിച്ചതും, അച്ഛനെ ഉണർത്താൻ, മയക്കം വിടുവിക്കാൻ “അച്ഛാ..അച്ഛാ എന്ന് ആവർത്തിച്ചാവർത്തിച്ചു വിളിച്ച് കൊണ്ടിരുന്നതും എല്ലാം ഹരിയേട്ടനായിരുന്നു. അമ്മയേക്കാൾ ഭംഗിയായി ഒരു മുഷിപ്പുമില്ലാതെ അച്ഛനെ പരിചരിച്ചതും ഹരിയേട്ടൻ മാത്രം.
ഞങ്ങളെ ആരെയും പേര് വിളിച്ചില്ലെങ്കിലും അവ്യക്തമായി “ഹ..രി.” എന്ന് ഇടയ്ക്കിടയ്ക്ക് അച്ഛൻ വിളിച്ചു കൊണ്ടിരുന്നു.
അത് കൊണ്ട് “ഞാനിരിക്കാം” എന്നു ഡോക്ടറോട് ഹരിയേട്ടൻ പറഞ്ഞതിൽ എനിക്കൊരു അത്ഭുതവും തോന്നിയില്ല.
“അതെങ്ങനെ ശരിയാവും ഹരിയേട്ടാ?. ഹരിയേട്ടനല്ലേ ഒരു അച്ഛന്റെയും ചേട്ടന്റെയും സ്ഥാനത്തു നിന്ന് കുഞ്ചിയുടെ കല്യാണം നടത്തേണ്ടത്? അപ്പോൾ ഇവിടെ ഇരുന്നാൽ എങ്ങനെ ശരിയാവും, അതൊന്നും നടക്കില്ല.” ഞാൻ പുറകെ ചെന്ന് പറഞ്ഞു.
“കല്യാണം ഭംഗിയായി നടക്കും, ഞാനില്ലെങ്കിലും. പക്ഷെ ഇവിടെ ആരെങ്കിലും വേണ്ടേ അഞ്ജു?. ഞാനിവിടെ ഇരുന്നോളാം കല്യാണം കഴിയുന്നത് വരെ, എന്നെ എങ്കിലും അച്ഛൻ പ്രതീക്ഷിക്കില്ലേ വിസിറ്റിംഗ് ടൈമിൽ. വെന്റിലേറ്ററിൽ ആണെങ്കിലും അച്ഛൻ എല്ലാം അറിയുന്നുണ്ടാവും. നിങ്ങൾ സമാധാനമായി കല്യാണം കൂടണം, നമുക്ക് അതും നടക്കണ്ടേ?. എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ചെയ്യുന്നതാണ് ശരി.” ആ വാക്കുകൾ ഇടറുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു.
“എന്തായാലും കല്യാണം നടക്കണം, എന്ത് സംഭവിച്ചാലും കല്യാണം മാറ്റി വെക്കാൻ പറ്റില്ല. മാറ്റി വെച്ചാൽ അമ്മ അത് താങ്ങില്ല, ഞാനും. ഒരായുസ്സ് മുഴുവനുമുള്ള അമ്മയുടെ അധ്വാനമാണ് എന്റെയും കുഞ്ചിയുടെയും ജീവിതം, ഹരിയേട്ടന് അറിയാമല്ലോ.” അപ്പോൾ ഞാൻ വാശിയോടെ കരഞ്ഞു.
“എനിക്കറിയാം അഞ്ജു, എല്ലാം എനിക്കറിയാം. നീ സമാധാനപ്പെട്, എന്ത് വന്നാലും കല്യാണം നമുക്ക് നടത്താം, നടക്കും. പക്ഷെ അച്ഛനെ ഒറ്റയ്ക്കു ആക്കണ്ട. ഞാനിരിക്കാം. പ്ളീസ്.” ഞാൻ മറുത്തൊന്നും പറഞ്ഞില്ല, ആ കൈകൾക്കിടയിൽ എന്റെ കൈ ചേർത്ത് പിടിച്ചു വിസിറ്റർസ് ഏരിയയിൽ പോയി ഞങ്ങൾ തളർന്നിരുന്നു.
മനസ്സിൽ കുഞ്ചിയും അവളുടെ കല്യാണവും, അതൊന്നു നടന്നു കിട്ടിയാൽ മതി എന്ന പ്രാർത്ഥനയും ആലോചനയുമോടെ ഞാനിരിക്കെ അടുത്ത സീറ്റിൽ ഹരിയേട്ടൻ കണ്ണുകൾ അടച്ച് ചാരി കിടന്നു.
സമയം ഇഴഞ്ഞു നീങ്ങുന്നതിനിടയിൽ ഹരിയേട്ടൻ ഞെട്ടി ഉണർന്നത് അറിഞ്ഞു ഞാൻ ചോദിച്ചു, “എന്താ ഹരിയേട്ടാ, എന്ത് പറ്റി?”
“അച്ഛൻ ഇവിടെ വന്നു എന്റെ അടുത്ത്, എന്നെ തട്ടി വിളിച്ചു പറഞ്ഞു, “ഹരി ഞാൻ പോവാണെടാ” എന്ന്, ഞാൻ വ്യക്തമായി കേട്ടു, വാ നമുക്ക് അങ്ങോട്ടേക്ക് പോകാം”, എന്നെയും വലിച്ചു കൊണ്ട് ഹരിയേട്ടൻ ഇടനാഴിയിലൂടെ ഓടുകയായിരുന്നു ഐ സി യു ലക്ഷ്യമാക്കി.
അവിടെ എത്തിയപ്പോൾ തന്നെ കണ്ടു വേറെ രണ്ട് മൂന്ന് ഡോക്ടർമാർ ഐ സി യുവിനകത്തേക്ക് ഓടുന്നു. ഇതിനിടയിൽ ആരോ വിളിച്ചു പറയുന്നത് ഞാൻ കേട്ടു “കോഡ് ബ്ലൂ, ബെഡ് നമ്പർ 3”. അപ്പോൾ എന്തോ അച്ഛനെ ഓർത്തു എന്റെ നെഞ്ച് വിങ്ങി.
ഞാൻ ഹരിയേട്ടന്റെ കൈ പിടിച്ചു പറഞ്ഞു, “കോഡ് ബ്ലൂ, കാർഡിയാക് അറസ്റ്റ്..അച്ഛന്.”
ഹരിയേട്ടൻ ഏങ്ങലടിച്ചു കുഴഞ്ഞു തറയിൽ ഇരുന്നു പോയി.
നെഞ്ചിലെ പെരുമ്പറ മുഴക്കം അരമണിക്കൂറോളം തുടർന്നതിനു ശേഷമാണു ഡോക്ടർ പുറത്തേക്ക് വന്നത്, അദ്ദേഹം ഹരിയേട്ടനോട് പറഞ്ഞു, “സോറി മിസ്റ്റർ ഹരിപ്രസാദ്, ഞങ്ങൾ പ്രോട്ടോകോൾ പ്രകാരം കഴിയുന്നതും റീസസിറ്റേറ്റ് ചെയ്യാൻ നോക്കി, പക്ഷെ..അദ്ദേഹം പോയി. അകത്തു കയറി കണ്ടോളു.”
ഹരിയേട്ടൻ വീഴാതിരിക്കാൻ, അദ്ദേഹത്തെ ചേർത്ത് പിടിച്ചാണ് ഞാൻ ഐ സി യുവിലേക്ക് കടന്നത്.
ബെഡ് നമ്പർ മൂന്നിൽ ദേഹിയൊഴിഞ്ഞു ദേഹം കിടപ്പുണ്ടായിരുന്നു.
അടക്കി വെച്ച വികാരങ്ങൾ എല്ലാം മലവെള്ളം കണക്കെ പൊട്ടിയടർന്നത് അപ്പോഴാണ്, അപ്പോൾ മാത്രം..അല്ലെങ്കിൽ തന്നെ മരിച്ചു കിടക്കുന്ന ആളോട് നമുക്കു സ്നേഹം മാത്രമല്ലേ തോന്നൂ. ആ കാലുകൾ ചേർത്ത് പിടിച്ചു നെറ്റിയിൽ വെച്ചു കരഞ്ഞു മതിയാവോളം.
“നമ്മുടെ കുഞ്ചിയുടെ കല്യാണം നടക്കും, നീ പ്രയാസപ്പെടാതെ, അമ്മയോടും പറയണം. ഞാൻ അതിനും മുൻപേ പോകുന്നു, കാണാമറയത്തിരുന്നു കണ്ടോളാം എല്ലാം , നിങ്ങൾക്ക് വേണ്ടി ഇത്രയെങ്കിലും ഞാൻ ചെയ്യണ്ടേ?. ഹരി എനിക്ക് പിറക്കാതെ പോയ മകൻ ആണ്, അവന്റെ സ്നേഹം കിട്ടാനും വേണ്ടി പുണ്യം ഞാൻ ചെയ്തോ എന്ന സംശയം മാത്രം ബാക്കി.” അച്ഛന്റെ വാക്കുകൾ ഒരു അശരിരി പോലെ എന്റെ ചെവിയിൽ മുഴങ്ങുന്നതായി തോന്നി.
ആ സമയം ഹരിയേട്ടൻ അച്ഛന്റെ കണ്ണിൽ നിന്നും എപ്പോഴോ ഒഴുകി പറ്റിപിടിച്ചിരുന്ന കണ്ണുനീർ കൈകൾ കൊണ്ട് തുടച്ച് മാറ്റാൻ ശ്രമിക്കുകയായിരുന്നു.
അന്ന് തന്നെ അച്ഛനെ ദഹിപ്പിച്ച്, ഒരു ജ്യോതിഷിയുടെ നിർദേശ പ്രകാരം പിറ്റേന്ന് തന്നെ സഞ്ചയനവും നടത്തി കുഞ്ചിയുടെ കല്യാണം നടത്താൻ നിശ്ചയിച്ചിരുന്ന മണ്ഡപത്തിന് അടുത്തായി ഒഴുകുന്ന ആറിൽ അച്ഛന്റെ അസ്ഥി ഒഴുക്കാൻ നിർബന്ധിച്ചത് നിശ്ചയിച്ച മുഹൂർത്തത്തിൽ തന്നെ നടത്താൻ തീരുമാനിച്ച കല്യാണം അച്ഛന്റെ അടുത്ത് വെച്ച് തന്നെ മതി എന്നും, അച്ഛൻ അത് തീർച്ചയായും കാണും എന്നും ഹരിയേട്ടന് ഉറപ്പുള്ളത് കൊണ്ടാവണം.
മഹാലക്ഷ്മി മനോജ്