തരിപ്പ്

“ചെമ്പുകമ്പി മുളങ്കുഴലിൽച്ചുറ്റി രണ്ടറ്റവും തൊട്ടോണ്ട് കാന്തം കുഴലിലിടുമ്പോൾ ഉണ്ടാകുന്ന തരിപ്പ്,” electro magnetism അനന്തൻ സായിപ്പിന് വിവരിച്ചുകൊടുക്കുന്നതങ്ങനെയാണ്! തന്റെ കണ്ടുപിടിത്തം, മതിയായ ഗവേഷണ സൗകര്യങ്ങളോ സഹായങ്ങളോ ഇല്ലാതെ കൊല്ലൻവിളാകത്തു വീട്ടിൽ മാതുമേസ്തിരിയുടെ മകൻ അനന്തൻ എന്ന സാധാരണക്കാരൻ ശീമക്കാരുടെ മുന്നിലേക്കിട്ടുകൊടുത്ത ആ തരിപ്പ്, ഭാവിയിൽ ശാസ്ത്രത്തിന്റെ അനന്തസാധ്യതളിലേയ്ക്കാണ് വഴിതുറക്കാൻ പോകുന്നതെന്ന് സായിപ്പിനറിയാമായിരുന്നു. ചരിത്രവും ശാസ്ത്രവും അത്രമേൽ കെട്ടുപിണഞ്ഞുകിടക്കുന്നു പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയെ വായനക്കാരനു മുന്നിലെത്തിക്കുന്ന ഈ നോവൽ. ഡോ.അച്യുത് ശങ്കർ അദ്ദേഹത്തിന്റെ ഈ ആഖ്യായികയ്ക്ക് എന്തിനാവും ‘തരിപ്പ്’ എന്ന പേരിട്ടത് എന്ന് അധികം ആലോചിക്കേണ്ടിവന്നില്ല. എന്നുമാത്രമല്ല, വായന കഴിഞ്ഞും ഏറെനേരം തരിച്ചിരിക്കുന്ന അനുവാചകനെ സൃഷ്ടിക്കാനായി അദ്ദേഹത്തിന് ഈ നോവലിലൂടെ.
രുചിയറിഞ്ഞും മണം പിടിച്ചും സ്പർശനത്തിലൂടെയും നവരസങ്ങളെ അനന്തന് പരിചയമാക്കിയത് ഭവാനിയമ്മയാണ്; അവന്റെ അമ്മൂമ്മ. അവർക്ക് അനന്തനായിരുന്നു എല്ലാം. ആ പതിമ്മൂന്നുകാരന് പ്രായോഗികപാഠങ്ങളിലൂടെ വിദ്യയുടെ ആണിക്കല്ലുറപ്പിച്ച്‌ അവർ അവനെ ‘ഇംഗിരീസ്’ പള്ളിക്കൂടത്തിൽച്ചേർത്തു. വിദ്യാഭ്യാസം പൂർത്തിയാകും മുൻപ് നക്ഷത്രമംഗ്‌ളാവിലെ ജോലിയും സ്വന്തം കണ്ടുപിടിത്തങ്ങളുമായി അനന്തൻ കാലത്തിനു മുൻപേ നടക്കുന്നവനായി. ഗുരുസ്ഥാനീയരായ വിദേശികൾ പ്രോത്സാഹിപ്പിക്കുന്നവരായി അവനനുഭവപ്പെട്ടു; ‘ഇംഗ്ലണ്ടിലെ ശാസ്ത്രജ്ഞരുടെ ഇടയിൽ ചർച്ചാവിഷയമായ ഇലക്ട്രിസിറ്റി പരീക്ഷണം തനിയെ കണ്ടുപിടിച്ചവനെ’ന്ന് അവനെ വാഴ്ത്തിയ കാൽഡിക്കോട്ട് തന്നെയായിരുന്നു എങ്ങുമെത്താതിരുന്ന അവന്റെ ഇലക്ട്രോമാഗ്നെറ്റിക് കണ്ടുപിടിത്തങ്ങൾക്ക് ആധികാരിക വിവരങ്ങൾ അയാൾക്ക് അറിയുംവിധം കൈമാറിയിരുന്നത്. വൈദ്യുതിയുമായി ബന്ധപ്പെട്ട കണ്ടുപിടിത്തങ്ങളിൽ അക്കാലത്തെ മാന്ത്രികനായ മൈക്കേൽ ഫാരഡെയും ഒരു കൊല്ലന്റെ മകനായിരുന്നു എന്ന അറിവ്, അനന്തനിൽ നിറയ്ക്കുന്ന ആത്മവിശ്വാസം കാൽഡിക്കോട്ടു നേരിട്ടറിയുകയായിരുന്നു. ഒടുക്കം ഗ്രിഫിൻ ഹാമിൽട്ടൺ എന്ന വലിയ ശാസ്ത്രജ്ഞനെക്കൊണ്ട് “You have invented something significant; something of use too..” എന്ന് പണിപ്പെട്ടു സമ്മതിപ്പിക്കുന്നതിൽ അനന്തൻ വിജയിച്ചു; അതുപക്ഷേ, ഹാമിൽട്ടന്റെ ചതിയിൽപ്പെട്ട് കടലിലേക്കാഴ്ന്നുപോകുന്നതിനു തൊട്ടുമുൻപാണെന്നുമാത്രം!
കൈതമുക്കിലെ തോട്ടിൻകരയിൽ, ദുരൂഹസാഹചര്യത്തിൽ തലയ്ക്കടിയേറ്റു മരിച്ച മാതുമേസ്തിരിയുടെ മകൻ, അവന്റെ സ്വതസിദ്ധമായ തർക്കുത്തരത്തിലൂടെ നാടുവാഴുന്ന തമ്പുരാനിൽനിന്നുവരെ സമ്മാനം വാങ്ങിയ അനന്തന്റെ വളർച്ചയും വളരെ ചെറുപ്പത്തിൽത്തന്നെ ലോകത്തിനുമുന്നിൽ ഒരു ‘തരിപ്പായി’ അവൻ അവതരിപ്പിച്ച വൈദ്യുതകാന്തികക്ഷേത്രവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങളുമാണ് തരിപ്പ് എന്ന നോവലിന്റെ ഇതിവൃത്തം. ബ്രിട്ടീഷുകാരന്റെ സർവ്വസന്നാഹങ്ങളുമുള്ള പരീക്ഷണശാലകളിൽ നാമ്പെടുക്കേണ്ടുന്ന നേട്ടങ്ങൾ, അവരുടെ അടിമത്വത്തിലുള്ള രാജ്യത്തിന്റെ ഇങ്ങു മൂലയിലുള്ള തിരുവിതാംകോട്ടെ കൊല്ലക്കുടിയുടെ ആലയിൽ കണ്ടുപിടിക്കപ്പെടുന്നത് ശീമക്കാരന്റെ അഭിമാനപ്രശ്‍നം മാത്രമായി ചുരുങ്ങുന്നില്ല. അതിൽനിന്നുള്ള കാതലായ അംശത്തെ എങ്ങനെ തങ്ങളുടെ പരീക്ഷണങ്ങളുമായി കൂട്ടിയോജിപ്പിക്കാമെന്നു ചിന്തിക്കാനുള്ള വക്രബുദ്ധിയും അവർക്കുണ്ടായിരുന്നു! അത്തരത്തിൽ കൊള്ളയടിക്കപ്പെട്ട പരീക്ഷണനിരീക്ഷണങ്ങളും ആഴക്കടലിലേയ്ക്കാണ്ടുപോയ പ്രതിഭാധനന്മാരും എത്ര എന്ന് ഈ വായനയ്ക്കിടയിൽ വന്നുകയറി വിഷമിപ്പിച്ച ചിന്ത!!
ബ്രിട്ടീഷ് അധീനതയിലായിരുന്ന തിരിവിതാംകോടിന്റെ പത്തൊൻപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലെ ദുരവസ്ഥ നോവലിൽ നന്നായി പ്രതിഫലിപ്പിക്കാനും അന്നത്തെ സാമൂഹിക ചുറ്റുപാടുകൾ ചരിത്രനിരീക്ഷണങ്ങളിലൂടെ പാകപ്പെടുത്തിയെടുക്കാനും ഡോ. അച്യുത്ശങ്കറിന് സാധിച്ചിട്ടുണ്ട്. ആ ഉദ്യമത്തിൽ അദ്ദേഹത്തിൻറെ വിജയം ഓരോ വായനക്കാരനും ഉറപ്പിച്ചുപറയുമെന്നതിൽ സംശയമില്ല.
ചില സംഭാഷണങ്ങളും സന്ദർഭങ്ങളും വായനകഴിഞ്ഞും മനസ്സിൽ തങ്ങി നിൽക്കും.
എങ്ങനെ gentleman ആകണമെന്ന് ഇംഗ്ലീഷു പള്ളിക്കൂടത്തിൽ അനന്തനെ പഠിപ്പിക്കുന്ന അധ്യാപകൻ ജോൺ റോബെർട്സ് ഒരു താക്കീതിന്റെ രൂപത്തിൽ ഓർമിപ്പിക്കുന്നു, “ഈ 26 അക്ഷരം കൊണ്ടുള്ള ശാസന കേട്ടാണ് 51 അക്ഷരമുള്ള നിന്റെ തിരുവിതാംകോട്ടെ തമ്പുരാൻ വരെ വാഴുന്നത്” എന്ന്. അടിച്ചമർത്തലിന്റെ ഒരു കാലഘട്ടത്തെ എത്ര ലളിതമായി വരച്ചിടുന്നു!
മനുഷ്യന്റെ തൊലിയുടെ നിറത്തിലൂടെ ദൈവം തന്റെ ഇഷ്ടമറിയിക്കുന്നു എന്ന കാൽഡിക്കോട്ടിന്റെ ‘will of providence’ സിദ്ധാന്തം, തെംസ് നദിയിലെ അഴുക്കിൽ ഭാഗ്യംതേടുന്നവരും ചിമ്മിനി സ്വീപ്പുകളുമായ വെളുത്തവർഗ്ഗക്കാരെ ചൂണ്ടിക്കാട്ടി അനന്തൻ ഖണ്ഡിക്കുമ്പോൾ വായനക്കാർക്ക് അനന്തനോടുള്ള ഇഷ്ടം ഒന്നുകൂടെ കൂടിയോ?! ശീമയിലെത്തി തന്റെ പരീക്ഷണം തുടരാനുള്ള ആഗ്രഹവുമായി ഗ്രിഫിൻ ഹാമിൽട്ടനോടൊപ്പം യാത്രതിരിക്കുന്ന അനന്തനെ യാത്രാതുടക്കത്തിൽത്തന്നെ അയാൾ ആഴക്കടലിലേയ്ക്ക് ചവിട്ടിത്തള്ളുമ്പോൾ ഒരിട തരിച്ചിരിക്കുന്നത് വായനക്കാരനാവും! ആഴക്കടലിൽ നിശ്ചലനാകുന്ന അനന്തന്റെ കൈവിരലുകളിലെ തരിപ്പേറ്റു വിറച്ചു മീനുകൾ കടലിലേയ്ക്കുതന്നെ ഊളിയിട്ടുപോയി എന്നു വായിക്കുമ്പോൾ ആ ചതിയുടെ തരിപ്പ് വായനക്കാരിലും പടരുന്നു.
ഉപയോഗിച്ചു വികൃതമാക്കിയ ‘തിരുവന്തോരം സ്ലാങ്’ അതിന്റെ സ്വാഭാവികമായ ആവിഷ്കാരം കൊണ്ട് എടുത്തുപറയത്തക്കവിധം മനോഹരമാക്കിയിരിക്കുന്നു ഡോ. അച്യുത്ശങ്കർ ഈ പുസ്തകത്തിലൂടെ.. പത്തായപ്പുരയുടെ മൂലയിൽ, പ്രാണികൾ വീഴാതിരിക്കാൻഇരുട്ടത്തുമാത്രം തുറക്കുന്ന ചീനഭരണിയിലെ കണ്ണിമാങ്ങാമണം പോലെ ആ പദപ്രയോഗങ്ങൾ അതിഷ്ടപ്പെടുന്നവരിലേയ്ക്ക് ഗൃഹാതുരത്വമായി പെയ്തിറങ്ങുന്നു!
പുസ്തകം : തരിപ്പ് (നോവൽ)
by
ഡോ. അച്യുത് ശങ്കർ
ഒലിവ് പബ്ലിക്കേഷൻ
വില : 200/ –

ബിന്ദു ഹരികൃഷ്ണൻ

error: Content is protected !!