അദ്ധ്യായം 8
ഞാന്‍ ബസ് ഇറങ്ങുമ്പോള്‍ അമ്മ ചല്ലിയടി കഴിഞ്ഞ് പോയിട്ടുണ്ടാകും. വിശന്ന് ഇരച്ചാണ് വീട്ടിലേക്കുള്ള പോക്ക്. എനിക്ക് ചൂടായി ആഹാരം തരാന്‍ അമ്മ പണികഴിഞ്ഞ് ഓടും. വീടിന്‍റെ മുന്നിലെത്തിയപ്പോഴാണ് ഒരു ആള്‍ക്കൂട്ടത്തെ കണ്ടത്. ആദ്യം ഒന്ന് ഞെട്ടി. പിന്നെ മുഫ്താക്കിന്‍റെ കയ്യിലെ ചുവന്ന കൊടി കണ്ടപ്പോള്‍ കാര്യം മനസ്സിലായി. തുറന്ന് പിടിച്ച ചുവന്ന ബക്കറ്റിലെ കണക്കില്ലാത്ത കാശിനിടയിലേക്ക് ചല്ലിയടിച്ച് കിട്ടിയ 10 രൂപ അമ്മയും ഇട്ടു. എന്നെ നോക്കി ഒന്ന് ചിരിച്ച് അവര്‍ ഇറങ്ങിപ്പോയി. കരുണാകരന്‍ നോക്കിയത് എന്‍റെ മുഖത്തേക്കല്ല. അകത്ത് ചെന്ന് ഞാന്‍ അമ്മയെ ചോദ്യം ചെയ്തു
”രസീത് ഇല്ലാതെ പൈസ കൊടുക്കരുതെന്ന് ഞാന്‍ പറഞ്ഞതല്ലേ.”
”പെണ്ണ് തുടങ്ങി.”
”ഞാന്‍ പറഞ്ഞിട്ടില്ലെ എന്നാണ് ചോദിക്കുന്നത്. രസീത് ഇല്ലാത്ത ഈ ബക്കറ്റ് പരിപാടിക്ക് ഇനി പൈസ കൊടുത്താല്‍..”
വിനയന്‍ സര്‍ തെളിച്ച വായനയുടെ ലോകം അക്ഷരങ്ങളില്‍ നിന്നും അക്ഷരങ്ങളിലേക്ക് ആളിക്കത്തിയപ്പോള്‍ മനുഷ്യപക്ഷത്ത് നിന്ന ചുവപ്പിനോട് പ്രണയം തോന്നി. പിഞ്ച് മുതല്‍ വിറയ്ക്കുന്ന കൈകള്‍ വരെ ചെന്താരകത്തെ നോക്കി മുഷ്ടി ചുരുട്ടി ലാല്‍സാലാം പറഞ്ഞത് വായിച്ചപ്പോള്‍ രോമങ്ങള്‍ക്ക് പോലും വിപ്ലവത്തിന്‍റെ വികാരമായിരുന്നു. എന്നാല്‍ എന്‍റെ കണ്ണിലെ കാലം അതിന് ചില പരിണാമങ്ങള്‍ വരുത്തിയിരുന്നു. അമ്മ കൊടുത്ത പത്ത് കൂടി ചേര്‍ത്ത് കരുണാകരന്‍ കള്ള് കുടിക്കും. അവന്‍ ഇറങ്ങിപ്പോയപ്പോള്‍ അളന്നെടുത്ത എന്‍റെ മുല ഓര്‍ത്തെടുക്കും. എല്ലാവരും കരുണാകരനെ പോലെ അല്ല എന്ന് ഞാന്‍ മനസ്സില്‍ അടിവരയിട്ട് കുറിച്ചു.
ഗോപാലകൃഷ്ണന്‍ സാറിന് ഞാന്‍ പ്രിയപ്പെട്ട വിദ്യാര്‍ത്ഥിയാണ്. വിനയന്‍ സാറിന്‍റെ സുഹൃത്താണ് ഗോപാലകൃഷ്ണന്‍ സര്‍. സാറ് എന്നെ കൊണ്ട് പുസ്തകത്തിലെ കവികള്‍ ചൊല്ലിക്കും. എന്നിട്ട് പറയും
”നല്ല ശബ്ദമാണ്. ക്ലാവ് പിടിച്ച് മൂലയില്‍ ഒതുക്കരുത്. ചൊല്ലി ചൊല്ലി പഠിക്കണം.”
”നോക്കാം സര്‍. സര്‍ ലൈബ്രറിയില്‍ ഷെല്‍ഫില്‍ പൂട്ടിവച്ചിരിക്കുന്ന പുസ്തകങ്ങള്‍ ഉണ്ട്. അതില്‍ തോട്ടിയുടെ മകന്‍ ഉണ്ട്. ചോദിച്ചപ്പോ ആ ഷെല്‍ഫ് തുറക്കാന്‍ അനുമതി ഇല്ലാ എന്ന് പറഞ്ഞു”
”ആണോ…നമുക്ക് ഉച്ചയ്ക്ക് നോക്കാം”
എനിക്ക് കൂട്ട് പുസ്തകങ്ങളായിരുന്നു. അവരിലെ അക്ഷരങ്ങള്‍ പലതും എന്‍റെ കണ്ണുനീരിന് സാക്ഷിയായിട്ടുണ്ടെങ്കിലും അവരെന്നെ തള്ളിപ്പറഞ്ഞിട്ടില്ല. കോളേജിലെ ലൈബ്രറിയിലെ ഇരിപ്പിടങ്ങള്‍ ഒരിക്കലും വായനക്കാരനെ സ്വാഗതം ചെയ്തിട്ടില്ല. ആ ഇരിപ്പിടങ്ങള്‍ കാത്തിരുന്നത് പ്രണയം പങ്കിടാന്‍ വരുന്ന അവളെയും അവനെയും ആയിരുന്നു. മുന്നില്‍ പുസ്തകം തുറന്ന് വച്ച് കണ്ണും കണ്ണും നോക്കിയിരിക്കുന്നവര്‍, വായനാമുറിയുടെ നിയമം പാലിച്ച് ഒച്ചകുറച്ച് സംസാരിച്ച് അടക്കിച്ചിരിക്കുന്നവര്‍, ബുക്കിലെ എന്തോ തൊട്ട് കാണിക്കുന്ന മട്ടില്‍ വിരലുകള്‍ ഉരസി വികാരം അറിയിക്കുന്നവര്‍. മുന്നില്‍ ഇതൊല്ലം കണ്ട് ആസ്വദിക്കുന്ന ഞങ്ങള്‍ ആശാനെന്ന് വിളിക്കുന്ന ലൈബ്രേറേറിയനും. ബുക്ക് എടുത്ത് ഇറങ്ങും വഴിയാണ് ഇടനാഴിയില്‍ വെള്ളിക്കണ്ണനെ കണ്ടത്.
”ഇതാര്..എഴുത്തുകാരി തിരക്കാണല്ലോ…ഇത് എത്ര ബുക്കടേ.!”
”നിന്നെ അന്ന് പോലീസ് പിടിച്ചില്ലെ?”
”എന്ത് നീ പിടിക്കണേ എന്ന് പ്രാര്‍ത്ഥിച്ചാ?”
”പോടാ…നിനക്ക് ഇപ്പോ ക്ലാസ്സില്ലേ?”
”പിന്നെ..ഇവിടുന്ന് നേരെ പ്രിന്‍സിപ്പാളിനെ കാണണം. പേപ്പര്‍ വാങ്ങണം. ഗ്രൌണ്ടില്‍ പോണം.”
”എന്ത് പേപ്പര്‍?”
”ധീര സഖാവ് അനില്‍ മാത്യുവിന് കോളേജ് പ്രിന്‍സിപ്പള്‍ തത്ത മേരിവക ആറ് ദിവസം സസ്പെന്‍ഷന്‍.”
”നീ ഇത് എന്തിനുള്ള പുറപ്പാടാ?”
”വാണ്ട് ടു സ്മോക്ക്..അപ്പോ മോള് വിട്ടോ.”
ഞാന്‍ തിരിഞ്ഞ് നടന്നതും അവന്‍ എന്നെ വിളിച്ചു
” ഡീ…7ബി മുതല്‍ കാണുന്നത ആ നെറ്റിയിലെ കരിപ്പൊട്ട്. മാറ്റി ചെവലയില്‍ പിടിച്ച് നോക്ക്. വട്ടത്തില്‍..വാകച്ചോപ്പിന്‍റെ നിറത്തില്‍..”
അവന്‍ ചിരിച്ച് നടന്ന് പോയി.
ജീവിതത്തില്‍ ആദ്യമായി മതിമറന്ന് നിന്നു. അവന്‍ പറഞ്ഞിട്ട് പോയത് ഞാന്‍ വീണ്ടും വീണ്ടും ഓര്‍ത്തെടുത്തു. കൈയ്യിലിരുന്ന ബുക്കുകളെ ഞാന്‍ നെഞ്ചോട് ചേര്‍ത്ത് പിടിച്ചു. ചുണ്ടിലെ ചിരിയെ എനിക്ക് അടക്കാന്‍ പറ്റിയില്ല. നിലതെറ്റിയ ഞാന്‍ ഇടനാഴിയിലൂടെ ഇമവെട്ടാതെ നടന്നു. അവന്‍ പറഞ്ഞത് എന്‍റെ കാതുകളില്‍ കവിതപോലെ….
(തുടരും..)
അനൂപ് മോഹൻ