ഞാൻ കണ്ടനാർ കേളൻ..

പ്രകൃതിയോട് ഇണങ്ങി ജീവിച്ചിരുന്ന മനുഷ്യൻ മാറിച്ചിന്തിക്കാൻ തുടങ്ങിയപ്പോൾ അവനുള്ള താക്കീതാണ് തെയ്യക്കോലങ്ങളുടെ അലറിക്കൊണ്ടുള്ള കൽപ്പനകൾ എന്ന് തോന്നിയിട്ടുണ്ട്. വെറും തോന്നലാണ്; ശരിയാണോ എന്നറിയില്ല. ആ കലമ്പലുകളിൽ നിറയുന്നത് വ്യസനമാണെന്ന് കണ്ടിട്ടുണ്ട്. ഓരോ ചടുലതയ്ക്കുമപ്പുറം ദയനീയമായ നോട്ടങ്ങളുണ്ട്! അതുകണ്ട് കണ്ണു നിറയുന്ന പാവം മനുഷ്യരുമുണ്ട്. ഇങ്ങിനി വരാത്തവണ്ണം മറഞ്ഞുപോയൊരു കാലത്തെ, പ്രകൃതിതന്നെ മനുഷ്യനായിരുന്ന നാളുകളെ, വികസനത്തിന്റെ പേരിൽ നമ്മൾ നഷ്ടപ്പെടുത്തിയ നാട്ടുപഴമയുടെ ചൂടും ചൂരുമുള്ള ശീലങ്ങളെ ഓർമ്മപ്പെടുത്തുന്നു ഓരോ തെയ്യവും!
ശ്രീ. ഉപേന്ദ്രൻ മടിക്കൈയുടെ ആദ്യ നോവലായ ‘ഞാൻ കണ്ടനാർ കേളൻ’ വായിക്കാനെടുക്കുന്നത് വടക്കൻ കേരളത്തിൽ തെയ്യക്കാലമായ തുലാമാസത്തിലാണ് എന്നത് യാദൃശ്ചികം! പല അർത്ഥതലങ്ങളിലേക്ക് വായനക്കാരനെ വലിച്ചടുപ്പിക്കുന്ന നോവൽ, തികഞ്ഞ കൈയ്യടക്കത്തോടെയും ലാളിത്യമാർന്ന ഭാഷയിലൂടെയും അവതരിപ്പിക്കാനായിട്ടുണ്ട് എഴുത്തുകാരന്; വായനക്കാരന്റെ മനസ്സിൽ ആഴത്തിൽ പതിയുന്നു പ്രഭാകരന്റെ അന്തഃക്ഷോഭങ്ങളും നിസ്സഹായതയും. ഒരു നാടിന്റെ, നാട്ടുകാരുടെ കഥ! ഒരുവേള മനുഷ്യന്റെ ഉള്ളുരുക്കങ്ങളും വിഹ്വലതകളുമല്ലേ കടുംനിറങ്ങളും വാരിയണിഞ്ഞ് ഓരോ തെയ്യക്കോലങ്ങളും അലറിപ്പറയുന്നത് എന്നുതോന്നിപ്പിച്ചു.
‘എല്ലാ കണ്ടവും നീയെടുത്തോ, എന്റെ കുലവന്റെ ‘മറക്കള’ത്തിനുള്ള സ്ഥലം ബാക്കിവയ്ക്കണം’ എന്ന് പ്രഭാകരനിലൂടെ പറയുന്നത് കേളനാണ്‌, വയനാട് കുലവൻ എന്ന അയാളുടെ കുലദൈവത്തിന്റെ തോഴൻ. എന്നാൽ, കാലദേശങ്ങൾക്കപ്പുറം വിദൂരതയിലെ അനക്കങ്ങൾക്ക് വയലിലെ മൺകട്ടകളിൽ ചെവിയമർത്തി കാതോർത്തു കിടക്കുന്ന പ്രഭാകരന്റെ പരിദേവനം കേൾക്കാനാരുമുണ്ടായില്ല. വയനാട്ടു കുലവനും കണ്ടനാർ കേളനും കോരച്ചനും എഴുന്നള്ളിവന്നു കുടിയിരുന്ന തറവാട്ടുതാനവും തറയുമുൾപ്പെടെയുള്ള സ്വത്തുക്കൾ അയാളുടെ സഹോദരങ്ങൾ വിറ്റുപെറുക്കിപ്പോയിരുന്നു! ഭാഗം വച്ചപ്പോൾ അയാൾക്കായി നീക്കിവെച്ച, കുറെ തെയ്യങ്ങൾ ഉറങ്ങുകയും ഇടയ്ക്കിടെ കോപിക്കുകയും ചെയ്യുന്ന തറവാടും താനവും സ്വന്തംപേരിൽ കിട്ടിയിട്ടും പെങ്ങമ്മാരുടെ നിർബന്ധത്തിനു വഴങ്ങി അതവർക്കു തന്നെ കൊടുത്തതിനാലാണ്, അനുഷ്ഠാനങ്ങൾ മുടങ്ങാതിരിക്കാൻ അതിന്റെ ഇപ്പോഴത്തെ അവകാശികളോട് പ്രഭാകരന് കെഞ്ചേണ്ടിവരുന്നത്.
ഏകാന്തതയും അതുവരെ പരിചയിച്ചു വന്ന ചുറ്റുപാടുകളിലെ മാറ്റവും ഉൾക്കൊള്ളാനാവാതെ പ്രഭാകരൻ, താനേറെ ആരാധിക്കുന്ന കണ്ടനാർ കേളൻ എന്ന ദൈവത്തെയ്യത്തിന്റെ പ്രതിപുരുഷനാകാൻ ശ്രമിക്കുന്നു. കൃഷിക്കായി മലങ്കാടുകൾ തീയിട്ട് അതിനിടയിൽ സർപ്പദംശനമേറ്റ് താൻ കൊളുത്തിയ തീയിലേയ്ക്കു തന്നെ വീണുമരിക്കുന്ന കണ്ടനാർകേളനും സ്വപ്നങ്ങൾകൊണ്ടു കളച്ചെടികൾക്കു തീയിട്ട താനും ഒന്നാണെന്നു പ്രഭാകരൻ ചിന്തിക്കുന്നു. ‘നീയാണെന്റെ കണ്ടനാർ കേളൻ’ എന്ന് അയാളോടു കൊഞ്ചുന്ന, മനുഷ്യരിൽ അയാൾക്കേറ്റവും ഇഷ്ടമുള്ള ഭാരതിയ്ക്കുപോലും അയാളിലെ തീ കെടുത്താനാവുന്നില്ല. ഇനിയൊരു തെയ്യംകെട്ടിനും കളിയാട്ടത്തിനും വീണ്ടെടുക്കാനാവുന്നതാണ് നഷ്ടപ്പെട്ട തറവാട്ടുപ്രതാപവും നാടിന്റെ ഐശ്വര്യവുമെന്ന് കാൽച്ചിലമ്പൊച്ചയും അസുരവാദ്യവുമൊക്കെ പകലും സ്വപ്നംകാണുന്ന അയാൾ വിശ്വസിക്കുന്നു. എല്ലാം വെറും മോഹമായവശേഷിക്കുകയാണെന്നറിയാതെ..
‘ആഴത്തിലാണ്ടുപോയ പുഞ്ചക്കണ്ടത്തിന്റെ ജീവനിൽ നിന്നും മറക്കളത്തിൽ പണ്ടെരിഞ്ഞടങ്ങിയ കരിന്തിരി മണത്തെ’ ഇന്നും മണംപിടിച്ചെടുക്കുന്ന പ്രഭാകരൻ, അതേ പുഞ്ചക്കണ്ടം പോറ്റിയ പല മുഖങ്ങളും ഗന്ധമറിഞ്ഞു വേർതിരിച്ചെണ്ണുന്നു! ചെളിയുടെ മണമുള്ള കോരനും ഞാറിന്റെ മണമുള്ള കാരിച്ചിയും കന്നുകാലികളുടെ മണമുള്ള കുന്നുമ്മലമ്പാടിയും നാട്ടിപ്പാട്ടിന്റെ ഈരടിപോലുള്ള നാരായണിയുടെ മാദകഗന്ധവും ഇന്നുമോർക്കുന്ന പഴയകാലത്തെ കരിന്തിരി മണവും പ്രഭാകരനെ ഒരളവുവരെ സ്ഥലകാലഭ്രമത്തിനടിമയാക്കുന്നു എന്നുവേണം കരുതാൻ. ‘ഓർമ്മകൾ രുചിയായും ഗന്ധമായും വേദനയായും ചിലപ്പോഴൊക്കെ അടക്കിപ്പിടിക്കാനാവാത്ത സന്തോഷമായും മുന്നിൽ കളിച്ചുകൊണ്ടിരിക്കു’മെന്നു ഇലഞ്ഞിപ്പൂമണത്തെ സ്നേഹിക്കുന്ന, കരഞ്ഞുകൊണ്ട് കുന്നുകയറിപ്പോവുന്ന ആടുകളുടെ കണ്ണിലെ ദയനീയത കരുത്തനായ കുന്നുമ്മലമ്പാടിയിൽ കാണുന്ന പ്രഭാകരൻ പറയുന്നുണ്ട്. എഴുത്തുകാരന്റെ സൂക്ഷ്മത നന്നായി തെളിഞ്ഞുകാണുന്ന ഭാഗങ്ങളിൽ ചിലതുമാത്രം!
കൈയ്യൂക്കിലൂടെയും പണക്കൊഴുപ്പിലും പിടിച്ചടക്കിയതൊന്നും ശാശ്വതമല്ലെന്ന സത്യം, കുന്നുമ്മലമ്പാടിയിലൂടെ, പ്രഭാകരനിലൂടെ വീണ്ടും തെളിയിക്കുകയാണ് എഴുത്തുകാരൻ. കേളനായി പകർന്നാട്ടം നടത്തുമ്പോഴും പ്രഭാകരൻ കാലത്തിനതീതനാവുന്നില്ല; മറക്കളത്തിനും ബപ്പിടീലിനും വേണ്ടുന്ന സ്ഥലം വീണ്ടെടുക്കലും തെയ്യംകെട്ടു മുടങ്ങിയ തറവാട്ടകവും എന്നിങ്ങനെയുള്ള പരാധീനതകൾ തന്നെയാണ് പ്രഭാകരനിലൂടെ കേളനും പറയുന്നത്! കേളന്റെ കന്നക്കത്തിയിലവസാനിക്കുന്ന അധിനിവേശവും പനിപ്പുംകുണ്ട് കണ്ടത്തിൽ ഉയരാൻപോകുന്ന മറക്കളവുമായി നോവൽ അവസാനിക്കുമ്പോൾ പ്രഭാകരന്റെ ശുഭാപ്തിവിശ്വാസം വായനക്കാരിലും പടരുന്നു; ‘വറ്റിയിട്ടില്ല ഒന്നും..!’
കലയും അനുഷ്ഠാനവും എന്നതിനപ്പുറം സ്നേഹവും നന്മയും നിറഞ്ഞ ഒരു കാലഘട്ടത്തിലേക്കുള്ള വാതിൽ തുറന്നുവയ്ക്കുകയാണ് ഓരോ തെയ്യംകെട്ടും കളിയാട്ടവുമെന്ന് തോന്നിയിട്ടുണ്ട്. അത് ഉറപ്പിക്കുംപോലെ ഒരു നല്ല വായന തന്നു ഈ കൃതി. കവിതപോലെ ഒഴുകുന്നൊരു ഭാഷാപ്രയോഗമാണ് ശ്രീ. ഉപേന്ദ്രൻ മടിക്കൈ തന്റെ നോവലിനു സ്വീകരിച്ചിരിക്കുന്നത്. ലളിതമായ ഭാഷ ഈ ആഖ്യായികയുടെ മുതൽക്കൂട്ടാണ്. ലാഭനഷ്ടങ്ങളുടെ കണക്കെടുപ്പിൽ നഷ്ടമായിക്കൊണ്ടിരിക്കുന്ന ഒരു സംസ്‌കൃതിയുടെ വീണ്ടെടുക്കൽ പോലെ ഒരു പുസ്തകം, അതാണ് ഉപേന്ദ്രൻ മടിക്കൈയുടെ ഞാൻ കണ്ടനാർ കേളൻ.

പുസ്തകം: ഞാൻ കണ്ടനാർ കേളൻ
(നോവൽ) by ഉപേന്ദ്രൻ മടിക്കൈ
ബുക്കർ മീഡിയ പബ്ലിക്കേഷൻ
വില : 140/-

ബിന്ദു ഹരികൃഷ്ണൻ

error: Content is protected !!