ചല്ലി

രണ്ടാം കാലം
മുഖത്ത് തണുപ്പടിച്ചപ്പോള്‍ കണ്ണു തുറന്നു. കറങ്ങി വീണതിന്‍റെ ഒരു ചൊരുക്ക് തലയില്‍ ഉണ്ടായിരുന്നു. ചുറ്റും പലവര്‍ണ്ണ വസ്ത്രങ്ങളും കണ്ണുമിഴിച്ച് നില്‍ക്കുന്നവരും. എന്നെ പിടിച്ച് ഇഴുന്നേല്‍പ്പിച്ച് ബഞ്ചില്‍ ഇരുത്തി. വെളളം തന്നു. കൂട്ടം കൂടി നിന്നതില്‍ ഒരു പെണ്‍കുട്ടി.

”ഞാന്‍ അപ്പോഴെ പറഞ്ഞത് വേണ്ടാത്ത പണിക്ക് നിക്കരുതെന്ന്”

”എനിക്ക് കുഴപ്പമൊന്നും ഇല്ല”

”ഹീറോയിസം കാണിച്ച് താഴെ വീണിരുന്നെങ്കിലോ”

”ചാകും..അങ്ങോട്ട് മാറ്.”

എല്ലാവരെയും തള്ളിമാറ്റി എഴുന്നേറ്റ് നടന്നു. ക്ലോക്ക് ടവറില്‍ കയറി അഞ്ച് മിനിട്ട് താഴേക്ക് നോക്കി നിക്കണം. അതായിരുന്നു പന്തയം. ഒരു മിനിട്ടിന് മുന്നേ ഞാന്‍ കറങ്ങി വീണു. ഇതാണ് എന്‍റെ കോളേജ്. നിറയെ കൂട്ടുകാരും നിറഞ്ഞ ചിരിയും സമ്മാനിച്ച കോളേജ്. ആഴത്തിലുള്ള മുറിവുകളിലൂടെ തിരിച്ചറിവിന്‍റെ പാഠവും ഈ ഇടനാഴികള്‍ സമ്മാനിച്ചിട്ടുണ്ട്. കോളേജിലും എന്നെ എല്ലാവരും ചല്ലി എന്നാണ് വിളിച്ചിരുന്നത്. ഞാന്‍ പറഞ്ഞിട്ട് തന്നെയാണ് ആ വിളി വന്നതും. കുഞ്ഞ് ക്ലാസ്സുകളില്‍ അത് എന്നെ വേദനിപ്പിച്ചെങ്കിലും ചുറ്റികല്ല് പിടിക്കുന്ന അമ്മയുടെ കൈയ്യിലെ തഴമ്പ് കൂടുന്നതിനനുരസിച്ച് ആ വിളിയെ ഞാന്‍ ഇഷ്ട്ടപ്പെടാന്‍ തുടങ്ങി. കോളേജിലെ അടുത്ത കൂട്ടുകാരികള്‍ രണ്ട് പേര്‍. നിമ്മിയും സജ്നയും. എന്‍റെ കാര്യങ്ങള്‍ അല്പമെങ്കിലും അറിയാവുന്നവര്‍. അപ്പോഴും കോളേജിന് പുറത്ത് ഇടയ്ക്ക് കാണാറുള്ള തലയാട്ടുന്ന വട്ടന്‍ ആരാണെന്ന് ആര്‍ക്കും അറിയില്ല.
കുന്നിന്‍റെ മുകളിലിരിക്കുന്ന കോളേജിലെ കൈവരിയില്‍ പിടിച്ച് ദൂരേക്ക് നോക്കി നില്‍ക്കും. നല്ല കാറ്റടിക്കും. പക്ഷെ അല്‍പ്പം കഴിഞ്ഞാല്‍ ഉയരങ്ങളുടെ പേടി തിരിച്ചു വിളിക്കും. മനസ്സില്ലാ മനസ്സോടെ തിരിഞ്ഞ് നടക്കും. മരച്ചുവട്ടിലെ സ്റ്റോണ്‍ ബെഞ്ചില്‍ ഇരിക്കുകയായിരുന്നു ഞാനും സജ്നയും നിമ്മിയും.
”ആറ് മാസമായല്ലെ നമ്മള് വന്നിട്ട്?”
”സത്യം..സമയം പോണത് അറിയുന്നില്ല. നിനക്ക് നമ്മുടെ ഡിപ്പാര്‍ട്ട്മെന്‍റ് ഇഷ്ടമായോ?”
ആ ചോദ്യത്തിന് ഉത്തരം പറയാന്‍ എനിക്ക് ഇഷ്ടമായിരുന്നു
”പിന്നില്ലാതെ…ഇവിടുത്തെ മലയാളം ഡിപ്പാര്‍ട്ട്മെന്‍റ് ആശിച്ച് മോഹിച്ച് വന്നതാ ഞാന്‍.”
നിമ്മി താടിയില്‍ കൈവച്ചു
”ഞാനൊക്കെ എന്ത് കണ്ടിട്ടാണോ..പഠിത്തത്തിന്‍റെ മഹത്വം കാരണം മാര്‍ക്ക് കുറഞ്ഞു. മലയാളം കിട്ടി. വന്നിരുന്നപ്പോഴോ മനുഷ്യന് മനസ്സിലാകാത്ത മലയാളം.” സജ്ന അത് ശരിവച്ചു
”രാധാകൃഷ്ണന്‍ സാറിന്‍റെ ക്ലാസ്സില്‍ മറ്റെ പുറത്ത് നിക്കണ വട്ടന്‍ തലയാട്ടുന്നപോലെ തലയാട്ടി ഇരിക്കാം. പരീക്ഷയ്ക്ക് എന്ത് ചെയ്യോന്നാ..”
ഞാന്‍ മൌനത്തില്‍ പറഞ്ഞു. ആ വട്ടന്‍ എന്‍റെ അച്ഛനാണെന്ന്.
കോളേജിന് അകത്ത് വലിയ ബഹളം. പയ്യന്‍മാരെല്ലാം ഓടുന്നു. ഞങ്ങള്‍ എന്താണെന്ന് അറിയാന്‍ സ്റ്റോണ്‍ ബഞ്ചിന് മുകളില്‍ കയറി നിന്നു. ജീവിതത്തില്‍ ആദ്യമായാണ് ഒരു കൂട്ടയടി കാണുന്നത്. പയ്യന്‍മാര് അങ്ങോട്ടും ഇങ്ങോട്ടും അടിക്കുന്നു. അതിനിടയ്ക്ക് ഒരുത്തന്‍ ചാടി ഔഷധതോട്ടത്തില്‍ കയറി. കറുത്ത ഷര്‍ട്ടിട്ട മുണ്ടുടുത്ത ഒരു പയ്യന്‍. അവിടെ തോട്ടത്തില്‍ നിന്ന് അവന്‍ ഒരു മരത്തൈ ചവിട്ടി ഒടിച്ച് ആ കൂട്ടത്തിന് ഇടയിലേക്ക് കയറി. ആരുടെക്കയോ മുതുകില്‍ വീഴുന്ന ആ കമ്പിന്‍റെ ശബ്ദം എന്‍റെ കാതുകളില്‍ ഉണ്ട്. ഒടുവില്‍ എല്ലാവരും ചേര്‍ന്ന് പിടിച്ചുമാറ്റി. ദൂരെക്കാഴ്ച്ചയില്‍ ഞങ്ങള്‍ ഇതെല്ലാം ആസ്വദിക്കുന്നുണ്ട്. പോലീസ് ജീപ്പ് വരുന്നത് കണ്ട് എല്ലാരും ചിതറി ഓടി. ആ കറുത്ത ഷര്‍ട്ടിട്ട വെള്ള മുണ്ട് ഉടുത്ത വെള്ളിക്കണ്ണന്‍ എന്‍റെ നേര്‍ക്ക് വളരെ വേഗത്തില്‍ ഓടി വന്നു. എന്നെ കടന്ന് കൈവരിചാടി താഴേക്ക് ഓടി.
ഞാന്‍ അവനെ ആ അടിയില്‍ പ്രതീക്ഷിച്ചിരുന്നു. അതുകൊണ്ടാണ് സ്റ്റോണ്‍ ബഞ്ചില്‍ കയറി നിന്നതും. കണക്കില്‍ കണക്കായ 7 ബിയിലെ പിള്ളേര്‍ക്കിടയില്‍ കണക്കിലെ കില്ലാടിയായിരുന്നു അനില്‍. അത് കോളേജിലെത്തിയപ്പോള്‍ അവനെ ഗണിതശാസ്ത്ര വിഭാഗത്തിലെത്തിച്ചു. ആ ഡിപ്പാര്‍ട്ട്മെന്‍റില്‍ എല്ലാവരും ബുജികളാണ്. അതായത് നിബ്ബിൾ കുപ്പികള്‍. പക്ഷെ നഞ്ചെന്തിന് നാനാഴി എന്ന് പറയുമ്പോലെ ഇവന്‍ ഒരുത്തന്‍ മതി. നന്നായി പഠിക്കുമെങ്കലും എന്നും ഡിപ്പാര്‍ട്ട്മെന്‍റിന്‍റെ തലവേദനയായിരുന്നു വെള്ളിക്കണ്ണന്‍.
ഞങ്ങള്‍ സ്റ്റോണ്‍ ബെഞ്ചില്‍ നിന്നും താഴെ ചാടി. നിമ്മിയും സജ്നയും ആ കൈവരിയിലേക്ക് നോക്കുന്നുണ്ടായിരുന്നു.
”അവന്‍ മാക്സ് ഡിപ്പാര്‍ട്ട്മെന്‍റ് അല്ലേ?” ഉടന്‍ സജ്ന ഇടപെട്ടു.
”ആണെങ്കില്‍?”
”അല്ലാ…ആ ചെക്കന്‍റെ കണ്ണ് കണ്ടോ…എന്ത് തിളക്കം.” എനിക്കത് ഇഷ്ട്ടപ്പെട്ടില്ല
”അവന്‍റെ അടിക്ക് നല്ല ചൂടും കാണും. ഇപ്പോ കണ്ടല്ലോ..മിണ്ടാതിരുന്നോ അവിടെ.”
സാധാരണ കാണാറുള്ള അസൂയ ,കുശമ്പ് തുടങ്ങിയ ക്ലീഷേ വികാരങ്ങളൊന്നും എന്നെ ഭരിച്ചിരുന്നില്ല. പക്ഷെ വെള്ളിക്കണ്ണന്‍റെ കാര്യത്തില്‍ ഉള്ളറയിലെ എന്റേതെന്ന തോന്നല്‍ മറ്റ് വാക്കുകളെ കടമെടുത്ത് പുറത്തേക്ക് വന്നു. വെള്ളിക്കണ്ണന്‍ അല്ല അനില്‍ എന്ന് കൂട്ടുകാരെ പറഞ്ഞ് തിരുത്തിച്ചതില്‍ അതുണ്ട്. എന്‍റെതെന്ന് പറഞ്ഞ് സ്ഥാപിച്ച് സ്വയം ആശ്വസിച്ചവയെല്ലാം കണ്ണെത്താ ദൂരം അകലെയായിരുന്നു.

(തുടരും..)

അനൂപ് മോഹൻ

error: Content is protected !!