ചല്ലി

അദ്ധ്യായം 6
ആദ്യമായിട്ടാണ് ഒരു വണ്ടിയില്‍ കയറുന്നത്. അച്ഛന്‍ സൈക്കിളില്‍ ഇരുത്തിപോയ ഒരു പടം ഞാന്‍ അപ്പുവിനെക്കൊണ്ട് വരപ്പിച്ച് ഫ്രെയിം ചെയ്ത് ചുവരില്‍ വച്ചിട്ടുണ്ട്. പഴയ ടെബോ വണ്ടിയായാലും വിമാനമായാലും എനിക്ക് വിന്‍ഡോ സീറ്റ് വേണം. കാഴ്ചകളിലൂടെ ജീവിക്കണമെന്ന് വിനയന്‍ സാര്‍ പറഞ്ഞിട്ടുണ്ട്. അതിന്‍റെ ദൃശ്യാവിഷ്കരണമാകാം. എനിക്ക് വിന്‍ഡോ സീറ്റ് തന്നെ കിട്ടി. മുഖത്തേക്ക് ആദ്യമായി ഇങ്ങനെ കാറ്റടിക്കുന്നു.. കാഴ്ചകളുടെ ഓട്ടം എന്ത് വേഗത്തിലാണ്. പുറത്ത് നിന്ന് വണ്ടിയിലേക്ക് നോക്കുന്നവരോട് ജാഡയിട്ട് ചിരിച്ചു. നടന്ന് പോകുമ്പോള്‍ വീടിന്‍റെ അടുത്തുള്ള മുരുകന്‍ കോവിലും കുഞ്ഞിപ്പാപ്പാന്‍റെ പള്ളിക്കും തമ്മില്‍ നല്ല ദൂരമുണ്ടായിരുന്നു. പക്ഷെ ഇതില്‍ പോകുമ്പോള്‍ കോവിലുകളും പള്ളികളും അടുത്തടുത്തായി തോന്നും. യാത്രാനുഭവത്തില്‍ ഇതെല്ലാം കുറച്ചപ്പോള്‍ വിനയന്‍ സര്‍ പറഞ്ഞത് ഇതാണ്. യാത്രകള്‍ ചിതറിക്കിടക്കുന്ന ചിന്തകളുടെ ദൂരം കുറയ്ക്കും.
വണ്ടിയില്‍ പയ്യന്‍മാര് പാട്ടും ബഹളവും. പാടുന്ന പാട്ടിന്‍റെ താളത്തില്‍ ചല്ലി…ചല്ലി എന്ന് പാടുന്നുണ്ട്. അങ്ങോട്ടേക്ക് തിരിഞ്ഞില്ലെങ്കിലും ആ താളത്തിന് ഒരു രസമുണ്ടായിരുന്നു. കന്യാകുമാരിയുടെ വഴിയില്‍ കൂടി വരിവരിയായി യൂണിഫോം ഇട്ട് നടന്നുപോയപ്പോള്‍ അടുത്തുകൂടി സായിപ്പും മദാമ്മയും നടന്നുപോയി. അല്‍പവസ്ത്രധാരികളായ അവരെ ആണ്‍കുട്ടികളെല്ലാം അന്തംവിട്ട് നോക്കി. ഞങ്ങള്‍ നാണം കൊണ്ട് കൈ പൊത്തിചിരിച്ചു. കടലിന്‍റെ കരയിലെത്തി. ചുറ്റുമുള്ള എല്ലാവര്‍ക്കും വലിയ ആവേശം. ടീച്ചര്‍ ഞങ്ങളുടെ അവേശത്തെ അടക്കി.
”ആരും കൂട്ടം തെറ്റിക്കരുത്. കൈകള്‍ കൂട്ടിപ്പിടിക്കണം. പിന്നെ കടലിലേക്ക് ചാടി ഇറങ്ങരുത്….”
കൂട്ടുകാര്‍ കൂട്ടം കൂടി. വീമ്പടിക്കുന്നവരും അത് കേട്ട് അന്തം വിട്ട് നില്‍ക്കുന്നവരും ഒരു വശത്ത്. മദാമ്മമാരുടെ വെളുപ്പ് നോക്കി ഇമചിമ്മാതെ നില്‍ക്കുന്ന കുറച്ച് പേര്‍. ഞാനും ക്ഷണിക്കപ്പെടാത്ത ഒരു അതിഥിയായി ഒരു കൂട്ടത്തിനൊപ്പം ചേര്‍ന്നുനിന്നു കടല്‍ കണ്ടു.
ഞാന്‍ ആദ്യമായല്ല കടല്‍ കാണുന്നത്. അപ്പുപ്പന്‍ മരിച്ചപ്പോള്‍ വര്‍ക്കല പാപനാശത്ത് കൊണ്ടുപോയി അസ്തി ഒഴുക്കി. മാമന്‍ എന്നെയും കൊണ്ടുപോയി. എന്നാലും ഇത് വേറെ കടലാണ്. നിറവും ഭാവവും മാറി തിരതുള്ളുന്ന കാഴ്ച്ച. അവിടെ തിട്ടപ്പുറത്ത് ഒരാള് നിപ്പുണ്ട്. എന്നെ നോക്കുന്നുണ്ട്. ഞാനും നോക്കി ചിരിച്ചു. തിരിച്ചും ചിരിച്ചു. പല്ലുകള്‍ക്ക് വൃത്തിയില്ല. പക്ഷെ നന്നായി ഒരുങ്ങിയിട്ടുണ്ട്. വാടാമല്ലി കളര്‍ പട്ടുസാരിയും നിറയെ മാലയും വളയും. ചുവന്ന വട്ടപ്പൊട്ട്. കാലില്‍ വലിയ പാദസരം. പക്ഷെ മുഖവും കൈയ്യും പെണ്ണിന്‍റെ മട്ടല്ല. അവര്‍ക്ക് പുറകില്‍ തിരമാല ഉയര്‍ന്ന് അടിക്കുന്നുണ്ടായിരുന്നു.
ആണിന്‍റെ ഉടലും പെണ്ണിന്‍റെ മനസ്സുമുള്ളവരെ കാലം പിന്നെ എനിക്ക് കാട്ടിത്തന്നു. അപ്പോള്‍ ഞാന്‍ ആ രൂപം ഓര്‍ത്തു. ഭാഗ്യ ജന്‍മങ്ങളാണ് അവര്‍. സമൂഹത്തിന്‍റെ കൊത്തിവലിക്കലുകള്‍ക്കിടയിലും അവര്‍ ജീവിക്കുന്നുണ്ട്. എന്‍റെ സൌഹൃദ വലയത്തിലെ വലിയ കണ്ണികളില്‍ അവരും ഉണ്ട്.
ദേവി കന്യാകുമാരിക്ക് ബാലഭദ്ര എന്നും ശ്രീബാലയെന്നും വിശേഷണമുണ്ട്. മനസ്സിന്‍റെ കഠിന്യം തീര്‍ക്കുന്ന ദേവി എന്ന് പറഞ്ഞ് ശോഭന ടീച്ചര്‍ നെഞ്ചില്‍ കൈ തൊട്ടു. എന്‍റെ കൂടെ നിന്നവരില്‍ കണ്ണടച്ചവരുണ്ട്. ടീച്ചര്‍ കൈവച്ചതുപോലെ നെഞ്ചില്‍ കൈവച്ചവരുമുണ്ട്. സാറിന് കൊടുത്ത യാത്രവിവരണത്തില്‍ കടലിന്‍റെ പശ്ചാത്തലത്തില്‍ മനോഹരമായി തോന്നിയ ആ ക്ഷേത്രത്തെപ്പറ്റി എഴുതി. മനസ്സിന്‍റെ കഠിന്യം തീര്‍ക്കുന്ന ദേവിയെ എന്തോ എഴുതാന്‍ തോന്നിയില്ല. ദൂരെയുള്ള വിവേകാനന്ദപാറയില്‍ പോകണം എന്ന് തോന്നി. കടലിന്‍റെ നടുക്ക് നിക്കാമായിരുന്നു. പക്ഷെ ബോട്ടില്‍ പോണം. ഞങ്ങളെ കൊണ്ടു പോകില്ല. വായനയുടെ ആഴം കൂടിയപ്പോള്‍ അന്ന് വെറും പേരായി തോന്നിയ വിവേകാന്ദനെ തിരിച്ചറിഞ്ഞു. വിധവയുടെ കണ്ണുനീര്‍ തുടയ്ക്കാനും അനാഥന് ആഹാരം കൊടുക്കാനും കഴിയാത്ത മതത്തിലും ഈശ്വരനിലും എനിക്ക് വിശ്വാസമില്ലെന്ന് പറഞ്ഞ യോഗിയെ തിരിച്ചറഞ്ഞു.
നിറയെ ഭംഗിയുള്ള സാധനങ്ങള്‍ അടുക്കിവച്ചിരിക്കുന്ന ഒരു വലിയ കട. ശോഭന ടീച്ചര്‍ എല്ലാവരെയും അവിടെ നിര്‍ത്തി.
”എന്തെങ്കലും വാങ്ങുന്നുണ്ടെങ്കില്‍ ഇവിടുന്ന് വാങ്ങണം. കടകള്‍ തോറും കയറി ഇറങ്ങാന്‍ പറ്റില്ല.”
കടക്കാരന്‍ എല്ലാവരെയും ഉത്സാഹത്തോടെ വിളിച്ച് കയറ്റി. ഞാനും കേറി. ചിപ്പികള്‍ കൊണ്ട് ഉണ്ടാക്കിയ മനോഹരമായ വസ്തുക്കള്‍. എല്ലാത്തിലും തൊട്ട് തൊട്ട് പോയി. കൂടെയുള്ളവര്‍ വില ചോദിക്കുമ്പോള്‍ അതിന്‍റെ ആവശ്യം എനിക്കില്ല എന്ന് മനസ്സില്‍ പറഞ്ഞ് നടന്നു മുന്നോട്ട് പോയി. കാഴ്ചകണ്ട് ഇറങ്ങി പുറത്തെ പാറത്തിട്ടയില്‍ ചാരി നിന്നു. എല്ലാവരും ഓരോന്ന് എടുത്ത് പിടിച്ചുനില്‍ക്കുന്നത് പുറത്തുനിന്നാല്‍ കാണാം. കുട്ടികള്‍ മാത്രമല്ല ടീച്ചര്‍മാരും കയ്യിലെ പേഴ്സ് തുറന്ന് തന്നെ പിടിച്ചിട്ടുണ്ട്. അകത്ത് നിന്നും അനില്‍ പുറത്തേക്ക് വന്നു. സൂര്യന്‍റെ വെളിച്ചത്തില്‍ അവന്‍റെ വെള്ളിക്കണ്ണ് നന്നേ തിളങ്ങി.
”ഇങ്ങനെ പിശുക്ക് കാണിക്കാതെ എന്തെങ്കിലും വാങ്ങടി.”
ഞാന്‍ അവനെ നോക്കി ചിരിച്ചു. അവന്‍ എന്‍റെ നേര്‍ക്ക് ഒരു ചിപ്പിപ്പേന നീട്ടി.
”ഇത് നീ പിടിക്ക്. ഞാന്‍ ഇപ്പോ വരാം. വന്നിട്ട് വാങ്ങിച്ചോളം. കൊണ്ട് കളയരുത്.”
അവന്‍ വീണ്ടും അകത്തേക്ക് പോയി. എല്ലാവരും ഇറങ്ങിയപ്പോള്‍ ഞാന്‍ അവനെ നോക്കി. കണ്ടില്ല. പിന്നെ വരിയുടെ ഏറ്റവും പുറകില്‍ അവന്‍. പേന ഞാന്‍ പൊക്കി കാണിച്ചു. അവന്‍ കണ്ടില്ല. ലൈറ്റ് ഹൌസിലേക്ക് പോകും വഴി വരിയൊന്നും ആരും നോക്കിയില്ല. മണല്‍പ്പരപ്പില്‍ ചിതറി നടന്നു. ഞാന്‍ അവന്‍റെ അടുത്ത് ചെന്നു.
”ഡാ…പേന..”
”അപ്പോ ഇതോ” അലന്‍ അവന്‍റെ കയ്യിലെ ചിപ്പിപ്പേന പൊക്കിക്കാണിച്ചു. എന്‍റെ കൈയ്യില്‍ ഇരിക്കുന്ന അതെ പേന.
”ഇതും നിന്‍റെയാ…പിടിക്ക്.”
”എനിക്കൊന്നും വേണ്ട. നീ വച്ചോ.. വെറും കൈയ്യോടെ നടക്കണ്ട.”
വെള്ളിക്കണ്ണുള്ള രാജകുമാരന്‍റെ തുടക്കം ഇങ്ങനെയാണ്. കൈനിറയെ തിളങ്ങുന്ന നക്ഷത്രങ്ങളെ തന്ന് അറിയാത്ത ഭാവത്തില്‍ പറന്നുപോയ രാജകുമാരന്‍. ഇടയ്ക്ക് ഒന്ന് നിന്ന് തിരിഞ്ഞ് ചിരിച്ചു. ആ സമയം എന്‍റെ കയ്യിലെ നക്ഷത്രങ്ങള്‍ വെട്ടിത്തിളങ്ങി. അവന്‍റെ കണ്ണുകളെ പോലെ.
ലൈറ്റ്ഹൗസിലെ പടികള്‍ കയറിയപ്പോള്‍ പിള്ളേരുടെ ഒച്ച ഭയങ്കരമായിരുന്നു. ഇകോ മുഴച്ചു നിന്നു. താഴെ പടികള്‍ കേറുന്നവര്‍ മുകളില്‍ നിക്കുന്നവരെ കൂകി വിളിച്ചു. എന്‍റെ മുന്നില്‍ നിന്നവരെല്ലാം താഴേക്ക്‌ നോക്കി കൂക്കി വിളിക്കയും കളിയാക്കുകയും ചെയ്തു. ഞാന്‍ തിരിഞ്ഞു നോക്കിയില്ല. എന്തോ തിരിഞ്ഞു നോക്കിയപ്പോ നെഞ്ച് പട ..പട ഇടിച്ചു. മുകളില്‍ എത്തി. നല്ല കാറ്റ്. ടീച്ചര്‍ എല്ലാവരെയും നോക്കി
“എല്ലാവരും വളരെ സൂക്ഷിക്കണം. താഴേക്ക്‌ എത്തി വലിഞ്ഞു നോക്കരുത്. കമ്പിയില്‍ മുറുകെ പിടിക്കണം.”
ഞാനും മുകളിലെ കാഴ്ചകള്‍ കണ്ടു. ദൂരെ കാഴ്ച എന്‍റെ ഇഷ്ടങ്ങള്‍ക്ക് കൂട്ടായി. പക്ഷെ നെഞ്ഞിടിപ്പ്‌ കൂടുന്നതായി എനിക്ക് തോന്നി. താഴേക്ക് നോക്കിയതും തല കറങ്ങി. കണ്ണ് ചുമന്നു. വിറയ്ക്കാന്‍ തുടങ്ങി. ഉറക്കെ കരഞ്ഞു…നിലവിളിച്ചു. താഴേക്ക്‌ എന്നെ ഇറക്കാന്‍ അവര്‍ നന്നേ പണിപ്പെട്ടിട്ടുണ്ടാകും. കാരണം ബോധം പോയി.
ചല്ലിക്ക് അച്ഛന്റെ വീഴ്ച വലിയ ഷോക്ക്‌ ആയിരുന്നു. അത് പുറത്ത് കണ്ടത് ആ ലൈറ്റ് ഹൌസിന്റെ മുകളില്‍ വച്ചും.
ഉയരങ്ങളില്‍ സമാധാനമില്ല എന്ന് അറിഞ്ഞിട്ടാണോ കുഞ്ഞേ നീ അന്ന് നിലവിളിച്ചതെന്ന് എഴുത്തുകാരന്‍ ഗോവിന്ദന്‍ മാഷ് എന്നോട് ചോദിച്ചിട്ടുണ്ട്. അല്ല മാഷെ അത് മറ്റേ ആക്രോഫോബിയ ആണെന്ന് പറഞ്ഞു ഞാന്‍ ചിരിച്ചു. മാഷും. താഴെ ഇറക്കി..ബോധം ഇല്ലാത്ത എന്‍റെ മുഖത്ത് വെള്ളം തളിച്ചു. കണ്ണ് തുറന്നപ്പോള്‍..

(തുടരും..)

അനൂപ് മോഹൻ

error: Content is protected !!