എനിക്ക് കിട്ടിയതല്ലാതെ ഒന്നുമെനിക്ക് തരാനില്ല.. കാരണം, നിന്നെ കണ്ടപ്പോഴേയ്ക്കും എന്നിലെ ‘ഞാൻ’ പ്രസവം നിർത്തിയിരുന്നു..
എനിക്കിനി സഹശയനങ്ങളില്ല, ആത്മരതികളില്ല..
എനിക്കിനി മനോമലമില്ല, ആർത്തവ രാവുകളില്ല..
എന്റെ തുടയിൽ രക്തം കട്ടപിടിക്കില്ല..
എന്റെ ഹൃദയം പ്രണയാവേശത്തിൽ കൊതിപിടിപ്പിക്കില്ല..
ഞാൻ നീ ആയി.. നീ ഞാനായി.. നമ്മൾ ഒന്നായി..
നമ്മളിൽ നിന്നും വീണ്ടുമൊരു ഞാനുയിർക്കുന്നു!
നമുക്കൊന്നായി അവളുമായി ശയിക്കാം..
ജ്ഞാനത്തിന്റെ മൂശയിൽ കടഞ്ഞെടുക്കുന്ന മുത്തുകളാൽ നമുക്ക് മാല കോർക്കാം..
എത്ര രമിച്ചാലും തീരാത്ത ആഴങ്ങളിൽ, പരൽമീനുകളുടെ പൂമെത്തയിൽ, പവിഴപ്പുറ്റുകളുടെ അലങ്കാരങ്ങളിൽ, അവൾ വിരിയിട്ട വെള്ളാരങ്കല്ലിൽ ഒരുമിച്ചിരുന്നു ശാന്തിയുടെ തീരമണയാം..
ദേ നോക്ക്.., ദൈവവുമായി ശയിക്കുന്ന എന്നെനോക്കി പ്രപഞ്ചം നാണം കൊണ്ട് മുഖം മറയ്ക്കുന്നത്!
റോബിൻ കുര്യൻ